Thursday, August 03, 2006

Gurukulam | ഗുരുകുലം - ഹൈസ്കൂള്‍ അദ്ധ്യാപകരുടെ ഹാന്‍ഡ്‌ബുക്ക്

ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തു് മലയാളാദ്ധ്യാപകര്‍ക്കു പഠിപ്പിക്കാന്‍ (മറ്റു വിഷയങ്ങള്‍ക്കും ഉണ്ടായിരുന്നോ എന്നറിയില്ല) വിദ്യാഭ്യാസവകുപ്പു് ഒരു ഹാന്‍ഡ്‌ബുക്കു കൊടുക്കുമായിരുന്നു. (ഇപ്പോഴുണ്ടോ എന്നറിയില്ല) അതില്‍ നോക്കിയാണു് അവര്‍ ഓരോന്നിന്റെയും വൃത്തമേതു്, അലങ്കാരമേതു്, വ്യാകരണനിയമമേതു്, ഏതു പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണിയാണു്, സൂചിതകഥയെന്താണു് എന്നൊക്കെ മനസ്സിലാക്കുന്നതു്. (മലയാളം മാഷന്മാരൊക്കെ സര്‍വ്വജ്ഞരാണെന്നാണു നിങ്ങള്‍ വിചാരിച്ചതു്, അല്ലേ? :-) )

ഇതിലെ അബദ്ധങ്ങള്‍ കണ്ടുപിടിക്കുന്നതു് സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ വിനോദമായിരുന്നു. അമ്മ മലയാളാദ്ധ്യാപികയായിരുന്നതുകൊണ്ടു് ഈ ഹാന്‍ഡ്‌ബുക്കു വായിക്കാന്‍ എനിക്കു് അവസരം കിട്ടിയിരുന്നു. ശരിയായ അലങ്കാരങ്ങള്‍ പറയുന്നതിലും, ഉദ്ധരണികളുടെ യഥാര്‍ത്ഥപ്രഭവസ്ഥാനം കണ്ടുപിടിക്കുന്നതിലും അതു ഭീമാബദ്ധങ്ങള്‍ വരുത്തിയിരുന്നു. ഉദാഹരണങ്ങള്‍ താഴെ:

  1. ഒമ്പതാം ക്ലാസ്സിലെ ഒരേ ഈണത്തിലുള്ള രണ്ടു കവിതകളില്‍ (താണവരും വ്യഥിതരും മര്‍ദ്ദിതര്‍…, തൂമ തേടും തന്‍ പാള കിണറ്റിലിട്ട്…) ആദ്യത്തേതു ദ്രുതകാകളിയാണെന്നും രണ്ടാമത്തേതു സര്‍പ്പിണിയാണെന്നും അതില്‍ കൊടുത്തിരുന്നു. വിശദവിവരങ്ങള്‍ക്കു് ഈ പോസ്റ്റു കാണുക.
  2. പത്താം ക്ലാസ്സില്‍ ഉള്ളൂരിന്റെ പ്രേമസംഗീതം (“ഒരൊറ്റ മതമുണ്ടുലകിന്നുയിരാം…”) പഠിക്കാനുണ്ടായിരുന്നു. അതില്‍ “പരാര്‍ദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും…” എന്നുണ്ടു്. ഇതില്‍ ‘പരാര്‍ദ്ധം’ എന്ന വാക്കിനു ഹാന്‍ഡ്‌ബുക്കിലെ അര്‍ത്ഥം ഇങ്ങനെയാണു്:

    നാല്പത്തിമൂന്നുകോടി ഇരുപതുലക്ഷം മനുഷ്യവര്‍ഷമാണു് ദേവന്മാരുടെ ഒരു ചതുര്‍‌യുഗം. ആയിരം ദേവചതുര്‍യുഗം ചേര്‍ന്നതിനെ ഒരു മഹായുഗമെന്നു പറയുന്നു. ഒരു മഹായുഗം ബ്രഹ്മാവിന്റെ ഒരു പകലാണു്. ബ്രഹ്മാവിന്റെ ആയുസ്സു നൂറു വര്‍ഷമാണു്. ബ്രഹ്മാവിന്റെ ആയുസ്സിന്റെ പകുതിയാണു പരാര്‍ദ്ധം.

    പരാര്‍ദ്ധം എന്ന വാക്കിനു് ഈ അര്‍ത്ഥമുണ്ടെന്നതു ശരി തന്നെ. എന്നാല്‍ ഇവിടെ ഉള്ളൂര്‍ ഉദ്ദേശിച്ചിരിക്കുന്നതു് ഒരു സംഖ്യയാണു്. ഒന്നെഴുതി പതിനേഴു പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യയെ പരാര്‍ദ്ധം (ഇതു നോക്കുക) എന്നാണു പറയുന്നതു്. അനന്തമെന്നര്‍ത്ഥത്തിലാണു് ഉള്ളൂര്‍ ഉപയോഗിച്ചിരിക്കുന്നതു്. ഇവിടെ സംഖ്യാവാചിയായി പറഞ്ഞിരിക്കുന്ന ഈ വാക്കിനെ കാലവാചിയാക്കി അര്‍ത്ഥം പറഞ്ഞതു് “കല്യാണം കഴിഞ്ഞിട്ടു ഒരുപാടു പ്രകാശവര്‍ഷങ്ങള്‍ കഴിഞ്ഞതുപോലെ തോന്നുന്നു” എന്നു പറയുന്നതു പോലെയാണു്. ഒരു കൊല്ലം കൊണ്ടു പ്രകാശം സഞ്ചരിക്കുന്ന ദൂരമാണു പ്രകാശവര്‍ഷം (light year). അതു ദൂരത്തിന്റെ അളവാണു്, സമയത്തിന്റെയല്ല.

  3. ഒന്‍‌പതാം ക്ലാസ്സില്‍ കുമാരനാശാന്റെ “ചണ്ഡാലഭിക്ഷുകി”യില്‍ നിന്നൊരു ഭാഗം പഠിക്കാനുണ്ടായിരുന്നു. അതിലെ
    ഒരു ഭാഗത്തിലെ അലങ്കാരം “അന്യാനിദര്‍ശന” ആണെന്നായിരുന്നു ഹാന്‍ഡ്‌ബുക്കില്‍ ഉണ്ടായിരുന്നതു്. ലക്ഷണവും കൊടുത്തിരുന്നു:

    ഒന്നിന്റെ ധര്‍മ്മം മറ്റൊന്നില്‍
    ചൊന്നാലന്യാനിദര്‍ശന

    “അന്യാനിദര്‍ശന” എന്ന അലങ്കാരം ‘ശബ്ദതാരാവലി’യില്‍ ഒരു വാക്കായോ ‘ഭാഷാഭൂഷണ’ത്തിന്റെ സൂചികയിലോ കാണാന്‍ കഴിയാതെ ഞാന്‍ ഭാഷാഭൂഷണം വായിച്ചുനോക്കിയപ്പോഴാണു കാര്യം പിടികിട്ടിയതു്. ‘നിദര്‍ശന’ എന്നൊരു അലങ്കാരമുണ്ടു്. അതിന്റെ ലക്ഷണവും ഉദാഹരണങ്ങളും എഴുതിയതിനു ശേഷം ഏ. ആര്‍. മുകളില്‍ കൊടുത്ത ലക്ഷണം കൊടുത്തിട്ടു് ഇങ്ങനെ പറയുന്നു.

    ഒന്നിന്റെ ധര്‍മ്മം മറ്റൊന്നില്‍
    ചൊന്നാലന്യാ നിദര്‍ശന
    വെണ്മതിക്കുള്ള സൌഭാഗ്യം
    കാണ്മതുണ്ടിഹ നിന്മുഖേ

    ഉപമാനധര്‍മ്മം ഉപമേയത്തില്‍ കാണുന്നതായി പറയുന്നതു മറ്റൊരു മാതിരി നിദര്‍ശന. ഇതിനു ‘പദാര്‍ത്ഥവൃത്തിനിദര്‍ശന’ എന്നു പേര്‍. ജയദേവന്‍ ഇതിനെ ഉപമയുടെ വകഭേദമായി ഗണിച്ചു് ‘ലളിതോപമ’ എന്നു വിളിക്കുന്നു…

    അപ്പോള്‍ “അന്യാ നിദര്‍ശന” എന്നു വച്ചാല്‍ “വേറേ ഒരു തരം നിദര്‍ശന” എന്നര്‍ത്ഥം. അലങ്കാരം നിദര്‍ശന തന്നെ. അന്യാനിദര്‍ശന അല്ല. വേണമെങ്കില്‍ പദാര്‍ത്ഥവൃത്തിനിദര്‍ശന എന്നോ ലളിതോപമ എന്നോ വിളിക്കാം. ഹാന്‍ഡ്‌ബുക്കെഴുതിയ പണ്ഡിതനു ഭാഷാഭൂഷണം വായിച്ചിട്ടു മനസ്സിലായില്ല എന്നര്‍ത്ഥം.

  4. സംസ്കൃതവ്യാകരണത്തിലേക്കു കൂടുതല്‍ കടന്നാല്‍ അബദ്ധങ്ങളും കൂടും. ഉദാഹരണത്തിനു്, നിശ്ശേഷം, ദുശ്ശീലം തുടങ്ങിയവയെ നിഃ+ശേഷം, ദുഃ+ശീലം എന്നു പിരിച്ചാണു് ഈ പുസ്തകങ്ങള്‍ കൊടുത്തിരുന്നതു്. സംസ്കൃതത്തില്‍ നിഃ, ദുഃ എന്നൊന്നും വാക്കുകളില്ല. നിസ്, നിര്, ദുസ്, ദുര് എന്നീ ഉപസര്‍ഗ്ഗങ്ങളുണ്ടു്. നിസ് + ശേഷം = നിശ്ശേഷം, ദുസ് + ശീലം = ദുശ്ശീലം എന്നാണു ശരി.
  5. കാലാനുസൃതമല്ലാത്ത പല വിവരങ്ങളും അതിലുണ്ടായിരുന്നു. ഉദാഹരണത്തിനു്, ഒമ്പതാം ക്ലാസ്സില്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനെപ്പറ്റിയുള്ള പാഠത്തിന്റെ വിശദീകരണത്തില്‍ മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം അദ്ദേഹത്തിന്റെ മയൂരസന്ദേശം ആണെന്ന വിവരം ഉണ്ടായിരുന്നു. ഉണ്ണുനീലിസന്ദേശം എന്ന പ്രാചീനമലയാളസന്ദേശകാവ്യം കണ്ടെടുക്കുന്നതിനു മുമ്പുള്ള ഏതോ പുസ്തകത്തില്‍ നിന്നായിരിക്കാം ഈ വിവരം കിട്ടിയതു്.

    രസകരമായ വസ്തുത, ഉണ്ണുനീലിസന്ദേശത്തിലെ കുറേ ശ്ലോകങ്ങള്‍ (ആറ്റിന്‍ നേരായ് കരിവരമദം…) ഹൈസ്കൂളില്‍ത്തന്നെ പഠിക്കാനുണ്ടായിരുന്നു (എട്ടാം ക്ലാസ്സിലായിരുന്നു എന്നു തോന്നുന്നു) എന്നതാണു്.

സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന ഹാന്‍ഡ്‌ബുക്കിലെ സ്ഥിതി ഇതാണെങ്കില്‍ ഗൈഡുകളുടെ കാര്യം പറയേണ്ടല്ലോ. പല അദ്ധ്യാപകരും അവയെയും അവലംബിക്കാറുണ്ടായിരുന്നു. കുട്ടികളുടെ കാര്യം ബഹുകഷ്ടം!

posted by സ്വാര്‍ത്ഥന്‍ at 8:50 PM

0 Comments:

Post a Comment

<< Home