Friday, August 25, 2006

സമകാലികം - പിച്ചവെക്കുന്ന ബൂലോഗസ്വപ്നങ്ങള്‍

വളരെയൊന്നും പഴയതല്ലാത്ത ഒരു കാലത്ത് അഞ്ചോ പത്തോ ബ്ലോഗുകളില്‍ പരസ്പരം നാം സംവദിച്ചിരുന്നു. ആ അഞ്ചുപത്തുപേരല്ലാതെ മാദ്ധ്യമങ്ങളും നമ്മുടെ തന്നെ സുഹൃത്തുക്കളും അടക്കം പുറത്തുള്ള ലോകം ഇങ്ങനെയൊരു സംഭവം നടന്നുപോവുന്നത് അറിഞ്ഞിരുന്നതേ ഇല്ല.

ആ കാലം മാറിക്കൊണ്ടിരിക്കുന്നു. കൊച്ചുകൂട്ടായ്മക്കാരുടെ ചെറിയ സന്തുഷ്ടകുടുംബം വലിയൊരു കൂട്ടുകുടുംബമോ ഗ്രാമമോ ആയിത്തീര്‍ന്നിരിക്കുന്നു.


എല്ലാ ഘടകങ്ങളും ഒത്തുവന്നിരിക്കുന്നു ഇപ്പോള്‍. എന്റെ തോന്നലില്‍ ഇനി കുറച്ചുകാലത്തേക്ക് മലയാളം ബ്ലോഗുകളുടെ എണ്ണത്തില്‍ അതിശയകരമായ വളര്‍ച്ചയുണ്ടാവും. പലവിധത്തിലും തരത്തിലുമുള്ള ഉള്ളടക്കങ്ങള്‍ ഇവിടെയുണ്ടാവും. അതില്‍ കൊച്ചുകുട്ടികള്‍ മുതല്‍ വയോധികന്മാര്‍ വരെയാവാം. ഏറ്റവും അപ്രാപ്യമായ ഗ്രാമങ്ങളില്‍ നിന്നും പരിഷ്കൃതലോകത്തിന്റെ അങ്ങേയറ്റത്തുള്ള ദന്തഗോപുരങ്ങളില്‍ നിന്നും ഇനി മലയാളത്തില്‍ ബ്ലോഗുന്നവരുണ്ടാവാം.

എങ്കിലും ഇപ്പോള്‍ കാണുന്ന പുതുമഴയത്തെ തളിരുകള്‍ എല്ലാമൊന്നും പന്തലിച്ചുവളരണമെന്നില്ല. വെറുമൊരു കൌതുകത്തിന്റെ പുറത്തു തുടങ്ങിവെക്കുന്ന കുറേയധികം ബ്ലോഗുകള്‍ ഒരു ഘട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ടു പോയെന്നു വരും. എന്നിട്ടും ചിലതൊക്കെ നിലനില്‍ക്കുകയും ചെയ്യും.

ഒന്നോ രണ്ടോ വര്‍ഷം കൂടി കഴിയുമ്പോള്‍ ബൂലോഗം എങ്ങനെയിരിക്കും എന്ന് ആലോചിക്കാറുണ്ട്.

ചില സാദ്ധ്യതകള്‍:

1. കര്‍മ്മനിരതമായി, പതിവായി പോസ്റ്റുകള്‍ വെക്കുന്ന കുറേ ഒറ്റയാള്‍ ബ്ലോഗുകള്‍ കാണും. ഇരുപതുമുതല്‍ നൂറുവരെയാവാം ഇവയുടെ എണ്ണം.

2. വല്ലപ്പോഴും മാത്രം പോസ്റ്റുകള്‍ ഇടുന്ന, പക്ഷേ വളരെ ഗൌരവമുള്ള വിഷയങ്ങളുമായി മറ്റൊരു രണ്ടോ നാലോ ഡസന്‍ ഒറ്റയാള്‍ബ്ലോഗുകളും ഉണ്ടാവും.

3. സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, മാദ്ധ്യമങ്ങള്‍, രാഷ്ട്രീയ-മത-സാംസ്കാരികസംഘടനകള്‍, ഇവയുടെ ഒക്കെ പ്രതിനിധികള്‍ തുടങ്ങിയവരുടെ ബ്ലോഗുകള്‍ ഉണ്ടാവും. ഇവ മിക്കവാറും ആനുകാലികാടിസ്ഥാനത്തില്‍ പുതിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാം.

4.കവിത, കഥ, സംഗീതം തുടങ്ങിയ മണ്ഡലങ്ങളില്‍ മികവ് പുലര്‍ത്തുക എന്ന ഉത്തരവാദിത്തം എഴുതുന്നവര്‍ക്കു കൂടിക്കൊണ്ടിരിക്കും. അതനുസരിച്ച് ‘കൊള്ളില്ല’ എന്നു സ്വയം ബോദ്ധ്യമുള്ള കൃതികള്‍ സ്വയം പിന്‍‌വലിഞ്ഞുനില്‍ക്കും. ഒരു പരിധിവരെ ഫോട്ടോബ്ലോഗുകളിലും ഇങ്ങനെയുണ്ടാവും. മൊത്തത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കൃതികള്‍ ഏറും. അച്ചടിമാസികകള്‍ക്കും മറ്റും ഈ കൃതികളേയും എഴുത്തുകാരേയും അവഗണിക്കാനാവാതെ വരും.

5. ബ്ലോഗുകൂട്ടങ്ങള്‍ പല വഴികളായി സ്വയം തിരിഞ്ഞുമാറും. അതില്‍ തമാശക്കൂട്ടങ്ങളും ചര്‍ച്ചാവേദികളും വിജ്ഞാനവേദികളും തനതായ കൂട്ടായ്മകള്‍ കണ്ടെത്തും. സയന്‍സ്, സാങ്കേതികം, ഹോബികള്‍, സിനിമ തുടങ്ങി ഒരു പ്രത്യേക വിഷയത്തെ ആസ്പദമാക്കി ഉണ്ടാകുന്ന ബ്ലോഗുകള്‍ കൂടുതല്‍ ഉരുത്തിരിയും. പ്രത്യേക കൂറുള്ള ഒരു സ്ഥിരം പറ്റം വായനക്കാര്‍ ആ ബ്ലോഗുകളില്‍ പതിവായി ഇടപെടും.

6. ‘ആരെയും മുഷിപ്പിക്കാതെ’ എന്ന ഇപ്പോഴത്തെ അവസ്ഥ മാറി സ്ഥാപിതമായ അഭിപ്രായങ്ങളിലും വാദങ്ങളിലും ഊന്നിക്കൊണ്ടുള്ള ബ്ലോഗുകള്‍ വരും. രാഷ്ട്രീയം, മതം, പ്രദേശം എന്നീ തുറകളില്‍ എഡിറ്റോറിയല്‍ സ്വഭാവമുള്ള ബ്ലോഗുകള്‍ വന്നെന്നു വരാം.

7. തുടക്കത്തില്‍ തന്നെയോ പാതിവഴിയിലോ ഉപേക്ഷിക്കപ്പെട്ടുപോകുന്ന ഒരു വലിയ എണ്ണം ബ്ലോഗുകള്‍ എവിടെയെങ്കിലുമൊക്കെ അവശേഷിച്ചുകിടക്കും.


മാറിവരുന്ന സൌകര്യങ്ങള്‍ (ഉദാഹരണം ബ്ലോഗര്‍ സര്‍വീസ് ഫീച്ചറുകള്‍) ഈ സാദ്ധ്യതകളെ നന്നായോ മോശമായോ വല്ലാതെ ഉലച്ചുകളഞ്ഞെന്നു വരാം.

എങ്കിലും, എല്ലാത്തിനുമൊടുവില്‍ ബ്ലോഗുകളുടേതായ ഈ ചരിത്രഘട്ടം നല്‍കുന്ന കുറച്ചുനേട്ടങ്ങള്‍ ബാക്കി നില്‍ക്കും:

ഒരു ഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ എഴുത്തും വായനയും പ്രയോഗിക്കുന്നവരുടെ എണ്ണം തീരെയൊന്നും കുറഞ്ഞുപോകാതെ (കേരളത്തിലെ നഗരങ്ങളിലും കേരളത്തിനു പുറത്തും) നില്‍ക്കും.

ആശയപ്രകടനത്തിന് ഇങ്ങനെയുമൊരു വേദിയുള്ളത് നമ്മുടെ സമൂഹത്തിലെ ഭരണം,വാണിജ്യം, സാംസ്കാരികം, മാദ്ധ്യമം തുടങ്ങിയ തുറകളെ സ്വല്പമെങ്കിലും ഉത്തരവാദിത്തമുള്ളവരാക്കും.അവര്‍ ചെയ്യുന്ന അരുതായ്കകള്‍ സ്വതന്ത്രമായി വിളിച്ചുപറയാന്‍ ഇരകള്‍ക്ക് ഇതുപോലൊരവസരം മുന്‍പ് കിട്ടിയിട്ടില്ല.

ഇന്റര്‍നെറ്റില്‍ മൊത്തം മലയാളം content വളരെയേറെ വര്‍ദ്ധിക്കും. ബോധപൂര്‍വ്വമോ അല്ലാതെയോ ഒട്ടുമിക്ക മലയാളികളും അവരുടെ കമ്പ്യൂട്ടറുകളില്‍ മലയാളം വാക്കുകളില്‍ ചെന്നു മുട്ടും. കമ്പ്യൂട്ടറുകളില്‍ തന്നെ ഒരു ഭൂരിപക്ഷം ശരിയായ മലയാളം വായിക്കുവാന്‍ സജ്ജമാകും. യുണികോഡില്‍ അധിഷ്ഠിതമായ മലയാളമായിരിക്കും ഇതെന്നു പറയേണ്ടതില്ലല്ലോ.

ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുടെ ശ്രദ്ധ നമ്മുടെ ഭാഷകളിലേക്ക് ഇനിയും വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കും മലയാളവാക്കുകളുടെ ഇത്തരം പ്രസാരണം. അവരെത്തുടര്‍ന്ന് അഡോബ് പോലുള്ള മറ്റു സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കള്‍ക്കും ഇന്‍ഡിക് ഭാഷകള്‍ അവഗണിക്കാനാവാത്ത ഒരു മേഖലയായി മാറും.

കൂടുതല്‍ മലയാളികള്‍ യുണികോഡുമായി പരിചയപ്പെട്ടുവരുമ്പോള്‍ ഗവണ്മെന്റിനും ഓണ്‍-ലൈന്‍ മാദ്ധ്യമങ്ങള്‍ക്കും യുണികോഡ് വ്യവസ്ഥയിലേക്കുള്ള പരിണാമം ഒഴിച്ചുകൂടാനാവാത്തതായി വരും. അവരുടെ തന്നെ ആളുകള്‍ search, sort എന്നീ ജോലികളില്‍ യുണികോഡിനുള്ള മെച്ചം തിരിച്ചറിയുകയും ചെയ്യും. മലയാളം യുണികോഡ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡാറ്റാബേസ് സംഹിതകള്‍ക്ക് കൂടുതല്‍ പ്രചാരവും പ്രയുക്തതയും ലഭിക്കും.

ടെലഫോണ്‍ ഡയറക്റ്ററി, എലക്ട്രോറല്‍ പട്ടികകള്‍, സമയവിവരപ്പട്ടികകള്‍ തുടങ്ങിയ വെബ്സൈറ്റുകള്‍ യുണികോഡിലേക്കു മാറുകയും അവയുടെ ഉപയുക്തത പതിന്മടങ്ങേറുകയും ചെയ്യും.

OCR, Speech-to-Text, Text-to-Speech തുടങ്ങിയ പുതിയ വിദ്യകളില്‍ മലയാളത്തിനെ കൂട്ടിയിണക്കാന്‍ താരതമ്യേന എളുപ്പമാവും.അതനുസരിച്ച് ഒറ്റയ്ക്കും കൂട്ടായും പുതിയ സോഫ്റ്റ്വെയറുകള്‍/ മോഡ്യൂളുകള്‍ പലയിടങ്ങളില്‍നിന്നുമായി ഉണ്ടാവും.

പ്രാചീനവും ആനുകാലികവുമായ ഒട്ടനവധി മലയാളലിഖിതസമ്പത്ത് ഇന്റര്‍നെറ്റില്‍ ലഭ്യമാവും. OCR പോലുള്ള വിദ്യകള്‍ ഇതു ത്വരിതപ്പെടുത്തും. ആര്‍ജ്ജിതവിദ്യയും അക്കാഡമിക് ജ്ഞാനവും ഒത്തുനോക്കി നെല്ലും പതിരും വേര്‍തിരിക്കാന്‍ കൂടുതല്‍ എളുപ്പമാവും.

മറ്റ് ഇന്‍ഡിക് ഭാഷകളുമായും പ്രത്യേകിച്ച് ദ്രാവിഡഭാഷകളുമായും inter-indic transliteration സൌകര്യമുപയോഗിച്ച് കൂടുതല്‍ എളുപ്പത്തില്‍ സംവദിക്കാന്‍ മലയാളത്തിനാവും. ഉദാഹരണത്തിന് ഹിന്ദി നന്നായി വായിക്കാനറിയുന്ന (എന്നാല്‍ മലയാളം വായിക്കാനറിയാത്ത, സംസാരിക്കാനറിയാവുന്ന) ഒരു വടക്കേ ഇന്ത്യന്‍ മലയാളിപ്രവാസിക്കുട്ടിക്ക് ഒരു മലയാളം ചലച്ചിത്രഗാനം എളുപ്പത്തില്‍ ഹിന്ദിയിലാക്കി വായിക്കാന്‍ പറ്റും.


മൊബൈല്‍ ഫോണ്‍, കൌണ്ടര്‍ ക്യൂ മാനേജ്‌മെന്റ്, ആശുപത്രികള്‍, തെരഞ്ഞെടുപ്പുജോലികള്‍, റെയില്‍‌വേ സ്റ്റേഷനിലെ ഇലക്ട്രോണിക് സമയവിവരപ്രദര്‍ശിനികള്‍, ക്യാഷ് രെജിസ്റ്ററുകള്‍ തുടങ്ങി സാധാരണകമ്പ്യൂട്ടറുമായി നേരിട്ടു ബന്ധമില്ലെങ്കിലും ജനങ്ങളുമായി ഇടപഴകുന്ന യന്ത്രസംവിധാനങ്ങളില്‍ മലയാളം ലാഭകരമായിത്തന്നെ പ്രവര്‍ത്തനസജ്ജമാവും.

ID tags, CDDB, searchable video subtitles, RFID തുടങ്ങിയ സൌകര്യങ്ങളില്‍ മലയാളത്തിനു സുഗമമായി പങ്കുപറ്റാനാവും.

പ്രചാരമേറിയും വിലകുറഞ്ഞും വരുന്ന കമ്പ്യൂട്ടറുകളും ഏറ്റവും താഴെയുള്ള ജനങ്ങളും തമ്മിലുള്ള അകലം ഇനിയുമിനിയും ചുരുങ്ങിവരും. അടിച്ചമര്‍ത്തപ്പെട്ടുപോയ മാനുഷികതയ്ക്ക് സമൂഹവുമായി നേരിട്ട് സംവദിക്കാന്‍ കൂടുതല്‍ അവസരം വരും.

ഈ സ്വപ്നങ്ങളില്‍നിന്നും ഒരു പിടിയെങ്കിലും അക്കാലം കൊണ്ട് സാക്ഷാത്കാരത്തിലേക്കു പിച്ചവെക്കുമെന്നാണെന്റെ പ്രതീക്ഷ!

posted by സ്വാര്‍ത്ഥന്‍ at 1:44 AM

0 Comments:

Post a Comment

<< Home