Friday, August 18, 2006

അശ്വമേധം - സിനിമ സിനിമ

ഒന്നു രണ്ടു ദിവസമായി സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലയിടത്തു നിന്നുമായി കേള്‍ക്കുന്നു. എനിക്കിഷ്ടപ്പെട്ട ചില ‘വ്യത്യസ്ത’ ചിത്രങ്ങളെപ്പറ്റി അല്‍പ്പം.

Diarios de motocicleta
ഇംഗ്ലീഷ് സബ്‌ടെറ്റില്‍ ഉള്ള സ്പാനിഷ് പടമാണ് ഞാന്‍ കണ്ടത്. ഏര്‍ണെസ്റ്റോ ഗുവെര എന്ന വൈദ്യവിദ്യാര്‍ത്ഥി സുഹൃത്ത് ആല്‍ബെര്‍ട്ടോ ഗ്രന്‍ഡോയൊടൊപ്പം 1952-ല്‍ ദക്ഷിണ അമേരിക്ക മുഴുവന്‍ ഒരു പഴഞ്ചന്‍ ബൈക്കിലും പിന്നെ കാല്‍നടയായും പര്യടനം നടത്തിയതിന്റെ അതി മനോഹരമായ ചലച്ചിത്രാവിഷ്‌കാരം. നയനാന്ദകരമായ ദക്ഷിണ അമേരിക്കന്‍ പ്രകൃതി ഭംഗിയും ത്രസിപ്പിയ്കുന്ന പശ്ചാത്തല സംഗീതവും ചിത്രത്തിലുടനീളം ഉടനീളം നമ്മെ അമ്പരപ്പിക്കുന്നു. യാത്രയ്ക്കിടയില്‍ ഏര്‍ണെസ്റ്റോ തന്റെ പെണ്ണ് ചെച്ചീനയെ കാണാന്‍ അവളുടെ വില്ലയില്‍ എത്തുന്നതും പിന്നെ സാന്‍പാബ്ലോയിലെ കുഷ്ടരോഗ കേന്ദ്രത്തില്‍ ഏര്‍ണെസ്റ്റോയും രോഗികളും തമ്മിലുള്ള ആത്മബന്ധവും എല്ലാം വളരെ ഹൃദയസ്പര്‍ശിയായി പകര്‍ത്തിയിരിയ്ക്കുന്നു. ‘ചെ’ എന്ന മഹാപ്രസ്ഥാനമായി ഏര്‍ണെസ്റ്റോ വളരുന്നതിന്റെ ആരംഭം ഈ യാത്രയില്‍ നിന്നാണെങ്കിലും ചലച്ചിത്രം ഒരു രാഷ്ട്രീയ ചിത്രമല്ല.

Schindler's List
ഒരുപാട് രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കിയ ഒരു നല്ല ചിത്രം. ആദ്യം കണ്ടു തുടങ്ങി കുറെ നേരത്തേക്ക് എനിക്ക് ഇഷ്ടപ്പെടാതിരുന്ന ചിത്രം. ഒടുവില്‍ ലയിച്ചിരുന്ന് മൂന്നു മണിക്കൂറില്‍ കൂടുതലുള്ള ഈ ചിത്രം കുറെയധികം തവണ കണ്ടത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പോളണ്ടില്‍ നടന്ന കഥ. നാസി അനുയാ‍യിയായിരുന്ന ഓസ്‌കാര്‍ ഷിന്‍ഡ്‌ലര്‍ പിന്നീട് മനസ്സുമാറി, 1000-ഓളം പോളിഷ് ജൂതന്മാരെ രക്ഷിച്ച കഥ. ഷിന്‍ഡ്‌ലറുടെ ഫാക്‌ടറിയിലെ തൊഴിലാളികളുടെ ലിസ്റ്റില്‍ ഈ ജൂതന്മാരെ ഉള്‍ക്കൊള്ളിച്ച് അവരെ പീഡനങ്ങളില്‍ നിന്ന് രക്ഷിച്ച് തന്ത്രം. ആ ലിസ്റ്റ് പോലെ തന്നെ മഹത്തായ വെളുപ്പിലും കറുപ്പിലും എടുത്ത ചിത്രം.

Forrest Gump
ഒരു മന്ദബുദ്ധി ജീവിതമാകുന്ന ഓട്ടമത്സരം ഓടിത്തീര്‍ക്കുന്ന പ്രചോദനദായക കഥ. റ്റോം ഹാങ്ക്സ്-ന്റെ ‘മാരക’ അഭിനയം. ചെറുപ്പത്തില്‍ പലപ്പോഴും സഹപാഠികളാല്‍ പരിഹസിയ്ക്കപ്പെടുന്ന ഫോറസ്റ്റ് ഗമ്പ് എന്ന നായകകഥാപാത്രം പിന്നീട് യാദൃശ്ചികമായി 1950 മുതല്‍ 1970 വരെ അമേരിക്കയുടെ പല ചരിത്രപ്രധാന സംഭവങ്ങളിലും ഭാഗഭാക്കാവുന്നതും, പല പ്രമുഖരെയും മുഖാമുഖം കാണുന്നതും എല്ലാം മനോഹരമായി ചിത്രീകരിച്ചിരിയ്ക്കുന്നു. പക്ഷെ ഫോറസിന്റെ പ്രാണനായിരുന്ന ജെന്നി മാത്രം എപ്പോഴും അവന് കിട്ടാക്കനി ആയിരുന്നു. ജീവിതം അന്ധമായി ഓടിത്തീര്‍ത്ത ഒരു മന്ദന്‍.

Memento
ഇതിന്റെ കഥ എനിക്ക് അത്ര മെച്ചപ്പെട്ടതായി തോന്നിയില്ല, എന്നാല്‍ എടുത്തിരിയ്ക്കുന്ന രീതി എന്നെ വല്ലാതെ ആകര്‍ഷിച്ചു. ചെറിയ ചെറിയ ഓര്‍മ്മ ഇടവേളകള്‍ മാത്രം ഉള്ള ഒരു മനുഷ്യന്റെ പ്രതികാരത്തിന്റെ കഥ പറയുന്ന ഒരു ത്രില്ലര്‍. നായകന്റെ ഓര്‍മ്മ ഇടവേളകളുടെ അത്ര തന്നെ നീളമുള്ള ഷോട്ടുകള്‍, അതും സമയത്തിന്റെ അവരോഹണക്രമത്തില്‍ അടുക്കിയിരിയ്ക്കുന്നു. തികച്ചും ഒരു വ്യത്യസ്ത ചിത്രം.

Bedazzled
“കാണുന്ന സ്വപനങ്ങളൊക്കെ ഫലിച്ചാല്‍
കാലത്തിന്‍ കല്‍പ്പനയ്ക്കെന്തു ...” എന്ന കവിയുടെ സന്ദേഹത്തിന് ഒരു മറുപടി. ബ്രെന്‍ഡന്‍ ഫ്രെയ്സറുടെ വളരെ നല്ല അഭിനയം. ഒരു ഫാന്റസി ചിത്രമാണിത്. ചോദിച്ച വരങ്ങളൊക്കെ ലഭിച്ചിട്ടും അതിലൊന്നും തൃപ്തനാവാതെ പ്രയാണം തുടരുന്ന നായകന്‍. ഓരോ വരത്തോടുമൊപ്പം അയാള്‍ക്ക് പുതിയ ഒരു വ്യക്തിയായി ജീ‍വിക്കേണ്ടി വരുന്നു. ഓരോന്നിലുമുള്ള രൂപമാറ്റങ്ങളും അഭിനയവും സ്പെഷ്യല്‍ ഇഫക്‌സും എല്ലാം അത്യുഗ്രന്‍ എന്നേ പറയാനുള്ളു. യഥാര്‍ത്ഥ സന്തോഷം മനുഷ്യന്റെ ഉള്ളില്‍ നിന്നു വരുന്നു എന്ന പ്രാഥമിക തത്ത്വം ഒരിയ്ക്കല്‍ കൂടി.

(ഇനിയും കൂട്ടണമെന്നുണ്ട്. മടി :)

posted by സ്വാര്‍ത്ഥന്‍ at 9:53 AM

0 Comments:

Post a Comment

<< Home