Tuesday, August 01, 2006

കൂട് - ദേശീ ഇന്ത്യന്‍ ഫുട്ബോള്‍

URL:http://manjithkaini.wordpress....%ab%e0%b5%81%e0%b4%9f%e0%b5%8dPublished: 6/22/2006 8:31 AM
 Author: മന്‍‌ജിത് കൈനിക്കര

ചത്തകുതിരകളെക്കൊണ്ടെന്തു കാര്യം?

ലോകകപ്പ് ഫുട്ബോള്‍ വേദികളില്‍ ഇന്ത്യയുടെ ദേശീയ ഗാനം കേള്‍ക്കാനാഗ്രഹിക്കുന്നവരുടെ മനസില്‍ ആദ്യമേ വരുന്ന ചോദ്യമിതായിരിക്കും. ഇന്ത്യയിലെ പല ജില്ലകളുടെപോലും വലുപ്പമില്ലാത്ത ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്ന രാജ്യം പോലും ലോകകപ്പിനു യോഗ്യത നേടി, മനോഹരമായി കളിക്കുകയും ചെയ്തു. ഇന്ത്യയെപ്പോലെ ക്രിക്കറ്റ് പ്രധാന കായിക വിനോദമായ രാജ്യമാണതുമെന്നതും മറന്നുകൂടാ.

ലോകകപ്പു വേണ്ട ഫിഫയുടെ റാങ്കിംഗിലെങ്കിലും ഒരു നൂറിനുള്ളിലെത്താന്‍ ഇന്ത്യക്കാവുമോ? നമ്മുടെ മണ്ണില്‍ കളിച്ചുവളരുന്ന ഏറ്റവും മികച്ച താരങ്ങള്‍ നിറഞ്ഞ ടീമാണെങ്കില്‍‌പോലും ഈ സ്വപ്നം അസാധ്യമാകുമെന്നു കരുതുകയേ നിവര്‍ത്തിയുള്ളൂ.

ഇതര ടീമുകളോടു പിടിച്ചു നില്‍ക്കാനുള്ള കായിക ക്ഷമതയോ, കുറഞ്ഞ കായിക ക്ഷമതയ്ക്ക് അനുയോജ്യമായ കേളീശൈലിയോ നമ്മുടെ ടീമിനില്ല. രാജ്യാന്തര നിലവാരമുള്ള കളിക്കാര്‍ നന്നേ കുറവ്. ടീമില്‍ ഒരാള്‍ പന്തുകൊണ്ടു മുന്നേറുമ്പോള്‍ കളിക്കളത്തില്‍ നിശ്ചലരായി നില്‍ക്കുന്ന സഹകളിക്കാരെ വേറേ ഏതു ടീമില്‍ കാണാനൊക്കും?

ഏതായാലും ഇന്ത്യയിലെ ഫുട്ബോള്‍ ഭരണാധിപന്മാര്‍ മറ്റൊരുവഴി ചിന്തിക്കുകയാണ്. അതായത് ഒരു ദേശീ ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുത്ത് ഇന്ത്യയുടെ സാധ്യതകള്‍ മെച്ചപ്പെടുത്തുക. ഇന്ത്യയില്‍ കളിക്കുന്ന ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം വിദേശ ഫുട്ബോള്‍ ലീഗുകളില്‍ കളിക്കുന്ന ഇന്ത്യന്‍ വംശജരായ മികച്ച താരങ്ങളെയും അണിനിരത്തുക.

പല രാജ്യങ്ങളും ഈ വഴി തേടുന്നുണ്ട്. സ്വന്തം വംശം എന്നുപോലും നോക്കാതെ മികച്ച കളിക്കാരെ ടീമിലെത്തിക്കുന്ന രാജ്യങ്ങള്‍ ഏറെയാണിപ്പോള്‍. ജപ്പാനുവേണ്ടി കളിക്കുന്ന ബ്രസീലുകാരന്‍ അലക്സ്, പോര്‍ച്ചുഗലിന്റെ ബ്രസീലുകാരന്‍ മിഡ്‌ഫീല്‍ഡര്‍ ഡെക്കോ എന്നിവര്‍ ഉദാഹരണം. അമേരിക്കന്‍ ടീമിലെ മിക്ക കളിക്കാരും രക്തത്തില്‍ ഫുട്ബോളിന്റെ അംശമുള്ള മെക്സിക്കോയില്‍ നിന്നു കുടിയേറിയവരാണ്. മെക്സിക്കന്‍ ടീമിലാകട്ടെ അര്‍ജന്റീനക്കാരും ബ്രസീലുകാരും സ്ഥാനം നേടിയിരിക്കുന്നു.

ഫിഫയുടെ നിയമമനുസരിച്ച് 23 വയസില്‍ താഴെയുള്ളവരുടെ ടീമുകളില്‍ മാത്രം കളിച്ച ആര്‍ക്കും ഏതു രാജ്യത്തേക്കും കൂടുമാറാം. പക്ഷേ ആ രാജ്യത്തെ പൌരത്വം നേടിയിരിക്കണം. ഇരട്ട പൌരത്വ സാധ്യതകളുള്ള മിക്ക രാജ്യങ്ങളും ഈ നിയമത്തിന്റെ ആനുകൂല്യം മുതലാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ അടുത്തിടെ പാസാക്കിയ പി ഐ ഓ(പഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഓറിജിന്‍) ഭേദഗതിയിലൂടെ കുറേ ദേശീ ഇന്ത്യന്‍ കളിക്കാരെ കരയ്ക്കടിപ്പിക്കാമെന്നതാണ് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ കണക്കുകൂട്ടല്‍.

ഇത്രയ്കു കണക്കുകൂട്ടാന്‍ ദേശീയ ഇന്ത്യക്കാര്‍ എവിടെയെങ്കിലും ശ്രദ്ധനേടും വിധം കളിക്കുന്നുണ്ടോ? ഉണ്ടെന്നാണ് ഉത്തരം. ഫ്രാന്‍സ് നിരയില്‍ ഇപ്പോള്‍ കളിക്കുന്ന വികാഷ് ദിസോരൂ ഇവരുടെ പ്രതിനിധിയാണ്. വികാഷിനു പക്ഷേ പ്രായം 32 ആയി; ഫ്രാന്‍സ് ടീമില്‍ കളിക്കുകയും ചെയ്തു.

ഏതാനും വര്‍ഷം മുന്‍പ് അമേരിക്കയില്‍ ഒന്നാം ഡിവിഷന്‍ സോക്കര്‍ ലീഗില്‍ കളിക്കുന്ന എബി കൊടിയാട്ട് എന്ന മലയാളിയെ ഇന്ത്യന്‍ ടീമിലേക്കു പരിഗണിച്ചിരുന്നെങ്കിലും അന്നത്തെ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് എബിയെ അത്ര പിടിച്ചില്ല.

അയാക്സ് ആംസ്റ്റര്‍ഡാം എന്ന ഡച്ചു ക്ലബിലൂടെ കളിച്ചുവളര്‍ന്ന കിരണ്‍ ബച്ചന്‍, ഡച്ച് രാണ്ടാം ഡിവിഷനില്‍ കളിക്കുന്ന പ്രിന്‍സ് രാജ്കുമാര്‍ എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇന്ത്യ സ്വപ്നങ്ങള്‍ നെയ്യുന്നത്. വേറെയുമുണ്ട് ദേശീ താരങ്ങള്‍. ഇംഗ്ലീഷ് ലീ‍ഗിലെ ന്യൂകാസില്‍ യുണൈറ്റഡിനുവേണ്ടി കളിക്കുന്ന മൈക്കല്‍ ചോപ്ര, ദക്ഷിണാഫ്രിക്കന്‍ പ്രിമീയര്‍ ലീ‍ഗില്‍ കളിക്കുന്ന ഡിലന്‍ പിള്ള, ഡച്ച് ക്ലബായ ഫെയനൂര്‍ദിന്റെ റിസര്‍വ് താരം രെഷം സര്‍ദാര്‍, ബ്രസീല്‍ മൂന്നാം ഡിവിഷനില്‍ കളിച്ചുപരിചയമുള്ള രണ്‍‌വീര്‍ സിംഗ് എന്നിങ്ങനെ വേറെയും ദേശീ ഇന്ത്യക്കാര്‍ വിവിധ വിദേശ ലീഗുകളില്‍ ശ്രദ്ധനേടിയിട്ടുണ്ട്.

ഇന്ത്യാക്കാരുടെ ആഗ്രഹം കൊള്ളാം. പക്ഷേ ഇവരില്‍ പലരും ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ തയാറാകുമോ എന്നതാണു പ്രശ്നം. ഫുട്ബോളില്‍ ഒന്നുമല്ലാത്ത ഇന്ത്യക്കുവേണ്ടി കളിക്കുന്നതിനേക്കാള്‍ തങ്ങള്‍ ജനിച്ചുവളര്‍ന്ന വമ്പന്‍ രാജ്യങ്ങളുടെ ടീമിന്റെ സൈഡ് ബഞ്ചിലിരിക്കാനാവും ഇവരില്‍ പലരും ഇഷ്ടപ്പെടുക. മൈക്കല്‍ ചോപ്രയേയും കിരണ്‍ ബച്ചനെയുമെങ്കിലും കിട്ടിയാല്‍ മതിയാരുന്നു.

ഏതായാലും ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ സ്വപ്നങ്ങള്‍ നെയ്യുകയല്ലേ. ഒപ്പം നമുക്കും നെയ്യാം കുറേ സ്വപ്നങ്ങള്‍. ലോകകപ്പില്‍ ഇന്ത്യ എന്നെങ്കിലും കളിക്കുമെന്ന സ്വപ്നം.

ഇനി വല്യ കുഴപ്പമില്ലാത്ത ഈ ആശയം ഇന്ത്യന്‍ ഫുട്ബോള്‍ ഭരണാധികാരികളുടെ തലയിലുദിച്ചതാണോയെന്നു സംശയിക്കേണ്ട. കളിയേയും ടീമിനെയും മെച്ചപ്പെടുത്തുക എന്നതിനേക്കാള്‍ അവരുടെ ലക്ഷ്യങ്ങള്‍ മറ്റു പലതുമാണല്ലോ.

ജര്‍മ്മനി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ഡോട്ട് കോം എന്ന പോര്‍ട്ടലിന്റെ പ്രവര്‍ത്തകരാണ് ഫുട്ബോള്‍ ഫെഡറേഷന് ഈ ആശയം നല്‍കിയത്. ദേശീ കളിക്കാരെ തെരഞ്ഞുപിടിച്ചതും അവര്‍തന്നെ.

സ്വന്തം മണ്ണിലെ ഫുട്ബോള്‍ താല്പര്യംപൂര്‍വം നിരീക്ഷിക്കുന്ന ഈ പോര്‍ട്ടല്‍ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. പത്രങ്ങള്‍ നമ്മുടെ ദേശീയ ലീഗുപോലും കവര്‍ ചെയ്യാന്‍ മടിക്കുമ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന ഫുട്ബോള്‍ മത്സരങ്ങളുടെയെല്ലാം വിശദാംശങ്ങള്‍ ഈ പോര്‍ട്ടലില്‍ സമാഹരിക്കുന്നുണ്ട് എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു.

posted by സ്വാര്‍ത്ഥന്‍ at 2:19 AM

0 Comments:

Post a Comment

<< Home