Tuesday, July 18, 2006

ഉദയസൂര്യന്റെ നാട്ടില്‍ - കൈയ്യുറയും ഗവേഷണവും

URL:http://nilavathekozhi.blogspot.com/2006/07/blog-post_17.htmlPublished: 7/17/2006 5:33 PM
 Author: വക്കാരിമഷ്ടാ
കുട്ട്യേടത്തിക്ക് നന്ദി പറഞ്ഞുകൊണ്ട് തന്നെ തുടങ്ങട്ടെ. കുട്ട്യേടത്തികാരണം ഒരു പോസ്റ്റിനുള്ള വകുപ്പും കൂടിയായി.

ഗവേഷണത്തെപ്പറ്റിയുള്ള എന്റെ രണ്ടുമാസത്തെ ഗവേഷണഫലമായി രചിച്ച ആധികാരിക ലേഖനം വായിച്ചിരിക്കുമല്ലോ അല്ലേ. ഈ ഗവേഷണത്തില്‍, പ്രത്യേകിച്ചും ശാസ്ത്ര ഗവേഷണങ്ങളില്‍, ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു വസ്തുവാകുന്ന കൈയ്യുറ. ഈ കയ്യുറ ശരിക്കും ഒരു രക്ഷകനാണ്. നമ്മളെ മാരകങ്ങളായ രാസവസ്തുക്കളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന, വയറ്റിളക്കം മുതലായ ചിന്ന പ്രശ്‌നങ്ങള്‍ തൊട്ട് അതിഭീകരമായ പ്രശ്‌നങ്ങള്‍ വരെ നമുക്ക് വരാതെ, അതേ സമയം വളരെ ആസ്വാദ്യകരമായി ഗവേഷണം ചെയ്യാന്‍ നമ്മളെ സഹായിക്കുന്ന ഒരു ഗവേഷണമിത്രമാണ് കൈയ്യുറ. നമ്മള്‍ ഗവേഷണം ചെയ്യാന്‍ ഒരു ലബോറട്ടറി അല്ലെങ്കില്‍ ലാബ്രട്ടറിയില്‍ കയറിയാല്‍ ആദ്യം ചെയ്യേണ്ടത് കൈയ്യുറ അണിയുക എന്നതാണ്. അത് നമുക്ക് തരുന്നത് എന്തെന്നില്ലാത്ത അത്മവിശ്വാസമാണ്. വളരെയധികം അപകടം പിടിച്ച പരീക്ഷണങ്ങളും, കൈയ്യുറയുണ്ടെങ്കില്‍ വളരെ ആത്‌മവിശ്വാസത്തോടെ നമുക്ക് ചെയ്യാന്‍ പറ്റും. നോബല്‍ കിട്ടിയ ഏത് ശാസ്ത്രണ്ണന്മാരോടും ചോദിച്ചോ-അവരൊക്കെ കൈയ്യുറയും ധരിച്ചുതന്നെയായിരിക്കും ഗവേഷണങ്ങള്‍ നടത്തിയിരിക്കുന്നത്.

എന്റെ ഇപ്പോഴത്തെ ഗവേഷണത്തില്‍ (ഡാലി പറഞ്ഞതുപോലെ ആണുങ്ങളോട് ശമ്പളം, പെണ്ണുങ്ങളോട് വയസ്സ് ആണും പെണ്ണും കെട്ടവരോട് ഗവേഷണവിഷയം ഇവ ചോദിക്കരുതെന്നാണ്) ഞാനെപ്പോഴും കൈകാര്യം ചെയ്യുന്നത് കണ്ടാല്‍ തേന്‍‌പോലെയിരിക്കുകയും മണത്താല്‍ ചേനപ്പൂപോലെയിരിക്കുകയും ചെയ്യുന്ന കൊഴകൊഴാന്നിരിക്കുന്ന ഒരു രാസവസ്തുവാണ്. ഇത് കൈയ്യില്‍ പറ്റിയാല്‍ പിന്നെ നാല്പത് ലൈഫ്‌ബോയ് സോപ്പ് ഒന്നിച്ചിട്ട് തേച്ചാലും അതിന്റെ മണം പോവില്ല. മാത്രവുമല്ല, കൊഴ‌കൊഴാന്നിരിക്കുന്നത് കാരണം ഏതെങ്കിലും ശരീരഭാഗത്ത് പറ്റിയാല്‍ നമുക്ക് ആകെമൊത്തം ഒരു കൊഴകൊഴാ ഫീലിംഗായതുകാരണം കൈയ്യുറയില്ലാതെ ലെവനെ കൈകാര്യം ചെയ്യുന്ന പരിപാടിയേ ഇല്ല.

എന്റെ ഒരു ഗവേഷണദിനം ഇങ്ങിനെ ആരംഭിക്കുന്നു.

സ്വതേ സുന്ദരനാണെങ്കിലും ആത്‌മവിശ്വാസത്തിന് വേണ്ടി ഐക്യൂറാ പൌഡറും തേച്ച് പിടിപ്പിച്ച് തലമുടി ചീവി, പിന്നെ മാടി ഒതുക്കി ഷര്‍ട്ടെടുത്ത് പാന്റ്സിനകത്ത് കയറ്റി ഫുള്‍‌സ്ലീവില്‍, ഒരു പാര്‍ക്കര്‍ പെന്നൊക്കെ പോക്കറ്റില്‍ കുത്തി ഇടിവാള്‍ സ്റ്റൈലില്‍ ഷൂവൊക്കെ ഇട്ട് ഒരു മൂളിപ്പാട്ടൊക്കെ പാടി അടിവെച്ചടിവെച്ച് മന്ദം മന്ദം ഞാന്‍ ലാബിന്റെ കതക് സ്വല്പം മാത്രം തുറന്ന് മുകേഷ് സ്റ്റൈലില്‍ ഒന്നെത്തിനോക്കിയിട്ട് കതക് മൊത്തം തുറന്ന് ലാലേട്ടന്‍ സ്റ്റൈലില്‍ ഒരുവശം ചെരിഞ്ഞ് അകത്തുകയറും. ആദ്യം പണ്ട് വെളുത്തിരുന്ന ആ കോട്ടെടുത്തിടും. ഇപ്പോഴത്തെ കളര്‍ നമ്മുടെയൊക്കെ മനോധര്‍മ്മം പോലെ. എന്തായാലും വെളുപ്പല്ല. കറുപ്പും പിന്നെ വേറേ ഏഴഴകും കൂടി ചേര്‍ന്നതാണോ എന്ന് ചോദിച്ചാല്‍ ആവൂ, ആര്‍ക്കറിയാം എന്നേ പറയാന്‍ പറ്റൂ.

കോട്ടിട്ട് കഴിഞ്ഞാല്‍ അടുത്ത പടിയാണ് കൈയ്യുറ. ഗളുവു എന്ന് ആംഗലേയത്തില്‍ പറയും. എന്റെ ഗളുവുകളേ എന്നു കേട്ടിട്ടില്ലേ.. കൈയ്യുറ ഗവേഷണത്തില്‍ പ്രശ്‌നമൊന്നുമുണ്ടാക്കാതിരിക്കാന്‍ തമിഴ്‌മക്കള്‍ പ്രാര്‍ത്ഥിക്കുന്നതാണ്.

അങ്ങിനെ കോട്ട്, കൈയ്യുറ. ഗവേഷണത്തിന് അത്യന്താപേക്ഷിതമായ രണ്ട് സംഗതികളായി. ഇനി പരിപാടി ആരംഭിക്കുകയായി. ആദ്യമായി നമ്മുടെ അഴകൊഴമ്പന്‍ കൊഴകൊഴാ രാസവസ്തു എടുത്തു. ലെവനെ ഒരു ബീക്കറിലേക്ക് ഒഴിച്ചു. ഇനി അതിലേക്ക് വേറൊരു കെമിക്കല്‍ ഒഴിക്കണം. അതും ഒഴിച്ചു. ഇനി ലെവനെ ഒരു സ്പൂണ്‍ കൊണ്ട് ഇളക്കണം. ഇളക്കി. ഈ പ്രക്രിയകള്‍ക്കെല്ലാം ഇടയില്‍ നമ്മുടെ അഴകൊഴമ്പന്‍ രാസവസ്തു കൈയ്യുറയില്‍ ആകപ്പാടെ പറ്റിയിരിക്കും. സാരമില്ല. കൈയ്യുറയിലല്ലേ, കൈയ്യിലല്ലല്ലോ.

അങ്ങിനെ നാട്ടുകാര്യവും വീട്ടുകാര്യവും ഒക്കെ ആലോചിച്ച് നമ്മള്‍ ഇളക്കിക്കൊണ്ടിരിക്കുകയാണ്. ഇനി വേണ്ടത് മൂന്നാമതൊരു കെമിക്കല്‍ കൂടി ഈ മിശ്രിതത്തിനകത്തേക്ക് ഒഴിക്കണം. അപ്പോളാണ് ഓര്‍ത്തത്, ഓ, മൂന്നാം കെമിക്കല്‍ അലമാരയ്ക്കകത്താണല്ലോ.. അലമാര പൂട്ടിയിരിക്കുകയാണല്ലോ... താക്കോല്‍ പാന്റ്സിന്റെ പോക്കറ്റിലാണല്ലോ..

അതിനെന്താ, പോക്കറ്റീന്ന് താക്കോലെടുത്ത് പൂട്ടുതുറന്ന് കെമിക്കലെടുത്തൊഴിക്ക്... സിമ്പിള്‍

നമ്മള്‍ പോക്കറ്റില്‍ കൈയ്യിടുന്നു.. താക്കോലെടുക്കുന്നു.

കുഴപ്പമൊന്നുമില്ല. പക്ഷേ കൈയ്യില്‍ കൈയ്യുറയുണ്ടായിരുന്നു. ആ കൈയ്യുറയില്‍ അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്ന് പിടിച്ചിരുപ്പുണ്ടായിരുന്നു. അങ്ങിനെയുള്ള അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്ന് പിടിച്ചിരുന്ന കൈയ്യുറയിട്ട കൈയ്യാണ് നമ്മള്‍ പോക്കറ്റില്‍ കുത്തിക്കയറ്റിയത്.

കൊഴകൊഴാ കെമിക്കല്‍ പോക്കറ്റിലും, താക്കോലിലും....

സാരമില്ല. പറ്റാനുള്ളത് പറ്റി. ജാത്യാലുള്ളത് തൂത്താല്‍ പോകുമോ. ആശേ നിനക്ക് ദോശ തിന്നാന്നാശയുണ്ടെങ്കിലാശാന്റെ മേശതുറന്ന് കാശെടുത്ത് ദോശതിന്നാശയടക്കാശേ സ്റ്റൈലില്‍ കീശയില്‍ നിന്നും താക്കോലെടുത്ത് പൂട്ട് തുറന്ന് കെമിക്കലെടുത്തൊഴിച്ചു. പിന്നേം ഇളക്ക് തുടര്‍ന്നു.

ഇടയ്ക്കെപ്പോഴോ മൂക്കിനൊരു ചൊറി-എന്നുപറഞ്ഞാല്‍ മൂക്കൊന്ന് ചൊറിയണം. ലോകത്തിലെ ഏറ്റവും വലിയ വിഷമങ്ങളിലൊന്നാണല്ലോ, ചൊറിയാനുള്ള അടങ്ങാത്ത അഭിനിവേശം. അതുപോലെ ഏറ്റവും വലിയ ആശ്വാസങ്ങളിലൊന്നാണല്ലോ, ചൊറിയാന്‍ തോന്നുമ്പോള്‍ വിശാലമായിട്ടങ്ങ് ചൊറിയുന്നത്. നാട്ടുകാര്യവും വീട്ടുകാര്യവും ഒക്കെ ഓര്‍ത്ത് ഇളക്കുന്നതിനിടയില്‍ അറിയാതെ കൈകൊണ്ട് തന്നെ മൂക്കങ്ങ് ചൊറിഞ്ഞു.

കുഴപ്പമൊന്നുമില്ല. പക്ഷേ കൈയ്യില്‍ കൈയ്യുറയുണ്ടായിരുന്നു. ആ കൈയ്യുറയില്‍ അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്ന് പിടിച്ചിരുപ്പുണ്ടായിരുന്നു. അങ്ങിനെയുള്ള അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്ന് പിടിച്ചിരുന്ന കൈയ്യുറയുമിട്ട കൈ കൊണ്ടാണ് മൂക്കങ്ങ് ചൊറിഞ്ഞത്. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്ന് പറഞ്ഞത് എത്ര കറക്ട്. കൊഴകൊഴമ്പന്‍ കെമിക്കലിന്റെ മണം ആസ്വദിക്കാന്‍ മൂക്കിനോളം പറ്റിയ സ്ഥലം വേറേ ഉണ്ടോ.

അങ്ങിനെ പോക്കറ്റില്‍ കെമിക്കല്‍, താക്കോലില്‍ കെമിക്കല്‍, മൂക്കിലും കെമിക്കല്‍.

സാരമില്ല. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. എന്തായാലും ഗവേഷണം തുടരുക തന്നെ. എന്നുപറഞ്ഞാല്‍ ഇളക്കല്‍ തുടരുക തന്നെ. തുടര്‍ന്നു. ഇനി ഒരു നാലാം കെമിക്കലും കൂടി ആഡണം. പക്ഷേ അത് ആറ്റിക്കളഞ്ഞാലും അളന്നുകളയേണ്ട സാധനം. അളവെഴുതിയ കണക്കുബുക്ക് ആപ്പീസില്‍. അവിടെപ്പോയി എടുക്കണം.

അതിനെന്ത്...? എടുക്കുക തന്നെ. അതിന് കൈയ്യുറയൂരണം. ഊരണ്ടതെങ്ങിനെയെന്ന് ഇവിടുണ്ട് അതുപ്രകാരം ആദ്യം വലത്തെ കൈകൊണ്ട് ഇടത്തേ കൈയ്യിലേത് ഊരി. സാരമില്ല, കൊഴകൊഴാ കെമിക്കല്‍ ഉണ്ടെങ്കിലും വലതുകൈയ്യില്‍ കൈയ്യുറയുള്ളത് കാരണം ഇതൊന്നും കൈയ്യില്‍ പറ്റുന്ന പ്രശ്‌നമില്ലല്ലോ. ഇനി വലതു കൈയ്യിലെ ഊരണം. അതിനെന്താ, ഇടതുകൈകൊണ്ടങ്ങ് ഊരിയാല്‍ പോരേ. ഊരി. പക്ഷേ....

ഇടതുകൈയ്യില്‍ ഗളുവു ഇല്ലായിരുന്നു. വലുതുകൈയ്യില്‍ ഗളുവു ഉണ്ടായിരുന്നു. ആ ഗളുവില്‍ അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്ന് പിടിച്ചിരുപ്പുണ്ടായിരുന്നു. അങ്ങിനെയുള്ള അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്ന് പിടിച്ചിരുന്ന കൈയ്യുറയിട്ട കൈയ്യിലേക്കാണ് എന്റെ ഇടത് നഗ്‌നക്കൈ പിടുത്തമിട്ടത്. ഇടതുകൈ മുഴുവന്‍ അഴകൊഴമ്പന്‍ കെമിക്കല്‍ കൊഴകൊഴാ എന്നങ്ങ് പിടിച്ചു.

ഇടുക്കി ഡാമിറ്റ്. എന്തായാലും ഇനി കൈ കഴുകുക തന്നെ. ഒരു കൈയ്യില്‍ മാത്രം പിടിച്ചതു കാരണം നേരത്തെ പറഞ്ഞ നാല്‍‌പതില്‍ നിന്നും പകുതി കുറച്ച് ഇരുപത് ലൈഫ് ബോയ് സോപ്പിട്ട് കൈയ്യൊക്കെ കഴുകി, കോട്ടൂരി മേശപ്പുറത്തിട്ട്, ആപ്പീസിലേക്കോടി. കണക്കുബുക്കും കൊണ്ട് തിരിച്ചു വന്നു. കോട്ടിട്ടു. കോസ്റ്റ് സേവ് ചെയ്യാന്‍ നേരത്തത്തെ കൈയ്യുറ തന്നെയിട്ടു. പക്ഷേ...

അക്കോര്‍ഡിംഗ് റ്റു ദ തിയറി ഓഫ് കൈയ്യുറാസ്, വെന്‍ യു റിമൂവ് എ കൈയ്യുറ ഫ്രം യുര്‍ ഹാന്‍ഡ്, ഇറ്റ് വില്‍ ടേണ്‍ ഇന്‍സൈഡ് ഔട്ട്. ഇവിടുണ്ട് . ഈ തിയറി എഴുതുവാനുള്ള പ്രചോദനം, ഇടിവാളിന്റെ മിന്നല്‍ വേലായുധന്‍ പോസ്റ്റ്.

അതായത് കൈയ്യുറ കൈയ്യില്‍നിന്നും ഊരുമ്പോള്‍ അകവശം പുറത്തും, അങ്ങിനെ അകവശം പുറത്തായി എന്ന ഒറ്റക്കാരണം കൊണ്ട് നേരത്തെ പുറത്തായ വശം അകത്തും ആകും. അങ്ങിനെ നേരത്തെ പുറത്തായിരുന്ന വശത്തായിരുന്നല്ലോ അളിപിളി കൊഴകൊഴാ കെമിക്കലൊക്കെ ഉണ്ടായിരുന്നത്. ആപ്പീസിലേക്ക് കണക്കുബുക്കെടുക്കാന്‍ ഓടിയ സമയത്ത് കൈയ്യുറയൂരിയപ്പോള്‍ പുറവശം അകത്തായി. അങ്ങിനെ അളിപിളി കൊഴകൊഴാ കെമിക്കലൊക്കെ അകവശത്തായി. അങ്ങിനത്തെ കണ്ടീഷനില്‍ സ്മാര്‍ട്ടായി ഓടിവന്ന് അതേ കൈയ്യുറയെടുത്ത് കൂളായി കൈയ്യിലിട്ടാല്‍ അളിപിളി കൊഴകൊഴാ കെമിക്കലൊക്കെ കൈയ്യിലോട്ട് ഡയറക്ടായി പിടിക്കും. ഇടുമ്പോള്‍ തന്നെ നമ്മള്‍ വിവരമറിയും. കാരണം, പ്ലി‌ശ്‌ക് എന്നും പറഞ്ഞ് ലെവന്‍ വളരെ സ്മൂത്തായി തെന്നി കൈക്കത്തോട്ട് കയറും.

അങ്ങിനെ നമ്മുടെ കൈകളെ പരിശുദ്ധമാക്കാന്‍ നിയോഗിക്കപ്പെട്ട, പാപത്തിന്റെയും കെമിക്കലിന്റെയും ഒരു കറയും നമ്മുടെ കൈകളില്‍ പുരളാന്‍ അനുവദിക്കാത്ത ആ പരിശുദ്ധ കൈയ്യുറകള്‍ കാരണം നമ്മുടെ മൂക്ക്, പോക്കറ്റ്, അവസാനം കൈകള്‍ തന്നെയും അഴകൊഴ കെമിക്കല്‍ കൊണ്ട് മൊത്തത്തില്‍ അഴകൊഴയായി.

അതാണ് ഗവേഷണം. താഡിക്കേറ്റഡ് റിസേര്‍ച്ച് എന്ന് ആംഗലേയത്തില്‍ പറയും.

posted by സ്വാര്‍ത്ഥന്‍ at 8:10 PM

0 Comments:

Post a Comment

<< Home