Monday, July 31, 2006

Durga here... - കര്‍ക്കിടകമെത്തി...


ഇന്ന് കര്‍ക്കിടകം ഒന്ന്.പഞ്ഞം കടത്തലൊക്കെ നാമമാത്രമായെങ്കിലും വൃത്തിയാക്കലൊക്കെ രണ്ടു ദിവസം മുന്‍പേ തുടങ്ങി.
വെളുപ്പിന് കുളിച്ച്, രാമായണവായനയോടെ കള്ളക്കര്‍ക്കിടകത്തിനെ എതിരേറ്റു. അതിനു ശേഷം ഏതാണ്ട് അഞ്ചേമുക്കാലായപ്പോള്‍ ഇടവഴിയില്‍ വെളിച്ചം വീണുതുടങ്ങി..അമ്പലത്തിലേയ്ക്കിറങ്ങി.ഇരു ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി.
വണ്ടിയില്‍ നിന്നു വീണു കിടപ്പിലായ മേല്‍ശാന്തി തിരിച്ചെത്തീരുന്നു. പതിവുഭക്തജനങ്ങളൊക്കെയുണ്ടായിരുന്നു-ഒന്നാം തിയതി ആയതിനാല്‍ കുറച്ച് തിരക്കുണ്ടായിരുന്നു.. നന്ത്യാര്‍വട്ടപ്പൂക്കളും ശംഖുപുഷ്പവും അമ്മായിയുടെ വീട്ടില്‍ നിറയെ ഉണ്ട്..ഒരിലക്കീറില്‍ കുറച്ച് പറിച്ചെടുത്ത് ശിവക്ഷേത്രത്തിലേയ്ക്ക്...അഞ്ജു തിണ്ണയിലിരുന്ന് രാമായണം വായിക്കുന്നുണ്ട്..ക്ഷണനേരം കൊണ്ട് തൊഴലും കഴിഞ്ഞു അവളോടൊത്ത് മടങ്ങി. ഇനീപ്പോ ദശപുഷ്പം പറിക്കാന്‍ സമയമില്ലല്ലോ..അച്ഛമ്മയുടെ സഹായം ചോദിക്കാമെന്നുവെച്ചാല്‍ പാവം കയ്യൊടിഞ്ഞിരിക്ക്യേം ആണ്..അവസാനം ഗേറ്റിനടുത്തു കണ്ട മുക്കുറ്റി പറിച്ചെടുത്ത് പൂജാമുറിയില്‍ വെച്ചു. ചടങ്ങു മുടക്കണ്ടാലോ..
കര്‍ക്കിടകമങ്ങനെ നീണ്ടുനിവര്‍ന്നു കിടക്കുന്നു..മുപ്പെട്ടുചൊവ്വാഴ്ചത്തെ മൈലാഞ്ചിയിടല്‍, ഉലുവാക്കഞ്ഞി കുടിക്കല്‍..ഒരു റിലേ പോലെ ഒരാള്‍ നിര്‍ത്തിയിടത്തുനിന്ന് അടുത്ത ആള്‍ തുടങ്ങുന്ന രാമായണവായന..

ഉലുവാക്കഞ്ഞിയുടെ ഔഷധഗുണങ്ങള്‍ അറിഞ്ഞുതുടങ്ങുന്നതിനു മുന്‍പു എനിക്കതു കാണ്ന്നതേ ചതുര്‍ത്‍ഥിയായിരുന്നു...ഞങ്ങളെ അതു കടിപ്പിക്കുക എന്ന ഭഗീരഥപ്രയത്നത്തില്‍ അമ്മയും അച്ഛമ്മയും അമ്മായിമാരും ഒക്കെ വിജയിക്കാറുള്ളത് അച്ഛച്ഛന്റേയും അച്ഛന്റേയും ഒക്കെ കണ്ണുവെട്ടിച്ചു കുറച്ചു പഞ്ചസാരയോ ശര്‍ക്കരയോ ചേര്‍ത്തിട്ടാവും..;-)
ദശപുഷ്പങ്ങളെല്ലാം തറവാട്ടിലെ അറയ്ക്കകത്തുണ്ടാവും-അച്ഛമ്മയ്ക്ക് ഈ പ്രായത്തിലും ഇതൊക്കെ ഒരു ജ്വരം പോലെയാണ്‍.
ഞാന്‍ പത്തെണ്ണത്തിന്റേം പേരുമറന്നു....മുക്കുറ്റി, മുയല്‍ച്ചെവിയന്‍, ക്രിഷ്നക്രാന്തി, തിരുതാളി, കയ്യുണ്യം(കയ്യോന്നി), നിലപ്പന, ഉഴിഞ്ഞ, കറുക,ചെറൂള, പൂവാങ്കുരുന്നില..അങ്ങനെ പോകുന്നു ദശപുഷ്പങ്ങള്‍...ഇവയില്‍ ചിലതൊക്കെ കണ്ടാല്‍ തിരിച്ചറിയാന്‍ ഇന്നും എനിക്കാവില്ല...പഴയ തലമുറയില്‍ നിന്ന്‍ എന്തൊക്കെ സ്വായത്തമാക്കേണ്ടിയിരിക്കുന്നു.......?!
എന്റെ മനസ്സില്‍ കര്‍ക്കിടകം എന്നും നിഗൂഢതകളുടെ മാസമായിരുന്നു. ദാരിദ്ര്യദുഖത്തിനു പേരുകേട്ട കര്‍ക്കിടകത്തിലും‍ ഇല്ലാത്ത ‘ട്രീറ്റുകള്‍” ഉണ്ടാക്കി പിസാ ഹട്ടിലും മറ്റുമിരുന്നു വെട്ടി വിഴുങ്ങുമ്പോള്‍ മനസാ ചിരിച്ചു-സാമ്പത്തികപുരോഗതിയും പാശ്ചാത്യവല്‍ക്കരണവും ഒരു ശരാശരി മലയാളിയില്‍ തീര്‍ത്ത വിരോധാഭാസമോര്‍ത്ത്...!

posted by സ്വാര്‍ത്ഥന്‍ at 4:44 PM

0 Comments:

Post a Comment

<< Home