Monday, July 10, 2006

Durga here... - കൊച്ചിയിലെ ബൂലോകസംഗമം.


ശനിയാഴ്ച പ്രഭാതം! തലേന്ന് വൈകി ഉറങ്ങിയതുകൊണ്ടും നേരിയ പനിയുടെ ശിങ്കിടികള്‍ കൂടെയുള്ളതുകൊണ്ടും എഴുന്നേല്‍ക്കാന്‍ മടി തോന്നി. പിന്നെ ആലോചിച്ചു-ഈ കിടപ്പ് കിടന്നാല്‍ ഒന്നും നടക്കില്ല..ദ്വാദശിയായതിനാല്‍, കുളിച്ച് തൊഴുത് ബ്രാഹ്മണന് ദക്ഷിണ നല്‍കി, തീര്‍ത്ഠം സേവിച്ച് പാരണ വീടേണ്ടതുണ്ട്..പിന്നെ ഇന്നല്ലേ കാത്തിരുന്ന ബൂലോകസംഗമം! പത്തുമണിക്ക് മുന്‍പേ കൊച്ചിയിലെത്തണമെങ്കില്‍ എട്ടരയ്കെങ്കിലും ഇവിടെനിന്ന് ഇറങ്ങണം.

വിചാരിച്ചപോലെ എട്ടേകാലിന്റെ ബസിന് എറണാകുളത്തേയ്ക്ക്..ആലുവയില്‍ നിന്നും “തോപ്പും പടി” ബസില്‍ കയറി ഒരു സൈഡ് സീറ്റില്‍ ഇരിപ്പായി.”ശിവക്ഷേത്രം” വരെയുള്ള ടിക്കറ്റുമെടുത്തു. നോര്‍ത്തിലെത്തീപ്പോള്‍ ശ്രീജിത്തിനെ വിളിച്ചു പറഞ്ഞു “ഞാനൊരു പതിനഞ്ചു മിനിറ്റിനകം എത്തൂട്ടോ..”
കുറേക്കഴിഞ്ഞു നോക്കിയപ്പോള്‍ ആ കണ്ടക്ടര്‍ എന്നെ ഒരു സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നു..(!! :-? )
ഞാന്‍ അയാളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചുനോക്കി....അപ്പോള്‍ എന്നോടൊരു ചോദ്യം-“എവിട്യാ തനിക്കിറങ്ങണ്ടെ?” “ ഞാന്‍ മൊഴിഞ്ഞു” ശിവക്ഷേത്രത്തിന്റെ മുന്നില്‍”..

“അതൊക്കെ കഴിഞ്ഞിട്ടു സമയം കുറച്ചായെടോ, തനിക്കറിയാംന്നല്ലേ ഞാന്‍ വിചാരിച്ചെ? അറിയില്ലെങ്കില്‍ ചൊദിക്കണ്ടേ?ഇനി ഇവിടെ ഇറങ്ങീട്ടു ജെട്ടി-മേനക ബസില്‍ കയറി ടി ഡി എം ഹാളിന്റെ മുന്നിലിറങ്ങിക്കോളൂ..”

ആരെയാണാ‍വോ ഇന്നു കണി കണ്ടത്?? ആ... വെറുതെയല്ല..ഇന്നു കണ്ണാടിയിലേക്കാണ് ആദ്യം നോക്കിയത്..:-))
മണ്ടന്‍ ശ്രീജിത്തിനെവിളിച്ചു പറ്റിയ മണ്ടത്തരം പറഞ്ഞു.....ഒരുവിധത്തില്‍ ടി ഡി എം ഹാളിനു മുന്നിലിറങ്ങി..സമയം പത്തുമണി കഴിഞ്ഞു....നാടകത്തിന്റെ അനൌണ്സ് മെന്റ് പോലെ പിന്നെയും ശ്രീജിത്തിനോട് പത്തുമിനിറ്റെന്ന്‍ പറഞ്ഞു....
ഞാന്‍ വിചാരിച്ചു...ശനിയാഴ്ചയല്ലേ, ക്ഷേത്രത്തിനുമുന്നിലിറങ്ങുകയും ചെയ്തു. ഇനീപ്പൊ എന്റെ ചിരകാലസ്വപ്നമായിരുന്ന എറണാകുളത്തപ്പദര്‍ശനം നടത്തീട്ടുതന്നെ ബാക്കി കാര്യം.....ധൃതിയില്‍ അകത്തുകയറി തൊഴുതു..എന്താ തിരക്ക്!!! അഭിഷേകസമയമായിരുന്നു......ജീവിതത്തിലാദ്യമായി അങ്ങനെ ഞാന്‍ അദ്ദേഹത്തെ(തെറ്റിദ്ധരിക്കണ്ടാ, ഭഗവാനെയാണുദ്ദേശിച്ചത്) കണ്‍കുളിര്‍ക്കെ കണ്ടു.

പുറത്തിറങ്ങി ബി ടി എച്ച് ലക്ഷ്യമാക്കി നടന്നു..
ഒരു പത്തടി നടന്നപ്പളേയ്ക്കും അതാ നിറഞ്ഞ ചിരിയോടെ മുന്നിലൊരു കുട്ടിച്ചാത്തന്‍!!! ബസിറങ്ങി അര മണിക്കൂറായിട്ടും ആളെ കാണാഞ്ഞ് തിരക്കി ഇറങ്ങിയതാണത്രേ! നമ്മുടെ മണ്ടന്‍ ശ്രീജിത്തായിരുന്നു അത്..രണ്ടുകൊല്ലം കഴിഞ്ഞു കാണുകയാണു...ജാഡയ്ക്ക് ഒരു മീശ (വെപ്പുമീശയാവാനാണു സാധ്യത) വച്ചിട്ടുണ്ടെന്നതല്ലാതെ ഒരു മാറ്റോം ഇല്ല...ചിരീം വര്‍ത്തമാനോം ഒക്കെ പണ്ടത്തേപ്പോലെ തന്നെ. എന്തായാലും ഞങ്ങള്‍ ബൂലോഗസംഗമവേദിയിലേയ്ക്ക് നടന്നു..

ഒരു മലയാളമങ്ക മുണ്ടും നേരിയതുമൊക്കെ ഉടുത്തു ഹാളിനകത്തു അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്നതുകണ്ട് അമ്പരന്ന എനിക്ക് ശ്രീജിത്ത് പരിചയപ്പെടുത്തിത്തന്നു-“ അതുല്യേച്ചിയാണ്..“

പിന്നെ പിങ്ക് നിറത്തിലുള്ള കുപ്പായമണിഞ്ഞ ഒരു സുന്ദരിയെ നോക്കി പറഞ്ഞു-“ഇതാണു സൂ”!

അവിടിരുന്ന ഉയരമുള്ള ഒരേട്ടനെക്കണ്ട് വിശ്വേട്ടനാണോന്നു ഞാന്‍ സൂവിനോട് ചോദിച്ചു...അയ്യോ അല്ല അതെന്റെ ഭര്‍ത്താവാണെന്നു സൂ..:-)
ചന്ദ്രേട്ടനെ മനസ്സിലായി, പരിചയപ്പെടുത്താതെ തന്നെ. കുഞ്ഞനിയനായി കണ്ണനും ഉണ്ടായിരുന്നു അവിടെ-ഒരു സ്കൂള്‍കുട്ടിയെപ്പോലെ , മനസ്സില്‍ കണ്ടതിലും നിഷ്കളങ്കത സ്ഫുരിക്കുന്ന മുഖം!:)
പിന്നെ അതുല്യേച്ചിയുടെമകന്‍ അര്‍ജുനും(ഈ ഒന്‍പതാം ക്ലാസുകാരന്‍ പയ്യന്‍സ് മലയാളം തരക്കേടില്ലാത്ത വിധം സംസാരിക്കും) ഞാനും കൂടി ബ്ലോഗുകളുടെ പേരുകള്‍ ചുവരില്‍ തൂക്കി...അപ്പോഴേയ്ക്കും ‘ഞാനും’ ,ചാത്തുണ്ണിയും ഒബിയും അവിടെയെത്തി.

തന്റെ കമ്പനിയില്‍ നിന്നുമുള്ള ആ അജ്ഞാതസുഹൃത്തു ആരാണാവോ?” ന്ന ചോദ്യം എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു..ശ്രീജിത്തും കൈവിട്ടു...”കാത്തിരുന്നു കാണൂ” എന്നായിരുന്നു ഉത്തരം...അതിനിടെ കര്‍ട്ടനിടയിലൂടെ എന്റെ നോട്ടം പുറത്തു റോഡ് ക്രോസ്സ് ചെയ്യുന്ന ശുഭ്രവസ്ത്രധാരിണിയായ, ഒരു മഹിളാരത്നത്തില്‍ പതിഞ്ഞു.”അമ്പടി ഭയങ്കരീ” എന്ന ഒരു ആത്മഗതത്തോടെ ഞാന്‍വിജിഗീഷുവായി പുന്നെല്ലു കണ്ട എലിയെപ്പോലെ ശ്രീജിത്തിനോട് ” എനിക്കാളെ പിടികിട്ടി”!!:-))))))
അങ്ങനെ കാലാകാലമായി മുല്ലപ്പൂ എന്ന പേരില്‍ എന്നെ പിന്തുടര്‍ന്നിരുന്ന ആ അജ്ഞാതജീവിയെ ഞാന്‍ പിടിച്ചുകെട്ടി.കമന്റുകളില്‍ നിന്നും, എന്നെ നന്നായറിയുന്ന ആരോ ആണെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു.:-) തന്നെപ്പോലെ ചാത്തുണ്ണിയും ഇപ്പോഴാണീ സത്യം അറിയുന്നത് എന്നത് ചമ്മലിന്റെ കാഠിന്യം തെല്ലു കുറച്ചു.

കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും വിശ്വേട്ടനും കുടുംബവും എത്തി. പരിചയപ്പെടുത്താതെ തന്നെ എന്നെ തിരിച്ചറിഞ്ഞു..”ദുര്‍ഗ അല്ലേ?” ന്നു ചോദിച്ചു.:) ഞാന്‍വിചാരിച്ചതിലുമൊക്കെ ലാളിത്യവും വിനയവും അദ്ദേഹത്തിന്റെ ഓരോ ചലനത്തിലും. സംഗീതേച്ചി വിനയത്തിന്റെയും ഒതുക്കത്തിന്റേയും കാര്യത്തില്‍ ഭര്‍ത്താവിനെ വെല്ലുന്നു. ആര്‍ച്ചിക്കുട്ടി പട്ടുപാവാടയും ബ്ലൌസും ധരിച്ചു പ്രസരിപ്പുള്ള ഒരു കുട്ടിയായി, മറുനാടന്‍ മലയാളിക്കുട്ടികളുടെ ജാഡകളൊന്നുമില്ലാതെ ഒരു പൂമ്പാറ്റയെപ്പോലെ..:)

‍സംഗീതേച്ചിയോടും ആര്‍ച്ചിയോടും ഞാന്‍ കുറച്ചു നേരം സംസാരിച്ചു..പിന്നീട് പണിക്കനേയും, യാത്രികനേയും ഇക്കാസിനേയും വില്ലൂസിനേയും സൂഫിയേയും ഒക്കെ പരിചയപ്പെട്ടു. തുടര്‍ന്ന് ചായ, വട, ചട്ണി....കുശലം പറച്ചില്‍...

അപ്പോഴേയ്ക്കും വിശ്വേട്ടന്റെ ലാപ് ടോപ് സജ്ജമായിക്കഴിഞ്ഞു. തുടര്‍ന്ന് കൂട്ടത്തില്‍ മുതിര്‍ന്ന ചന്ദ്രേട്ടനും ഏറ്റവും ഇളയ ആര്‍ച്ചിയും ‘ബൂലോകസംഗമം’ ഉദ്ഘാടനം ചെയ്തു!:)
യൂയേയീക്കാരുടെ ഫോണ്‍കാളുകളും അതിനെത്തുടര്‍ന്നുള്ള കയ്യടികളും ഇതിനിടെ തുടര്‍ന്നുകൊണ്ടിരുന്നു...

വില്ലൂസ് ഒരു പാട്ടുപാടി, പിന്നെ ഓരോരുത്തരും രണ്ടുവാക്ക് സംസാരിച്ചു....ഇതിനിടെ അതുല്യേച്ചി എന്നെ ഒരു ജോലി ഏല്‍പ്പിച്ചു- വന്നു ചേര്‍ന്ന ബ്ലോഗര്‍ മാരുടെയെല്ലാം പേരുകള്‍ ഒരോ സര്‍ട്ടിഫിക്കറ്റിന്റേയും പിന്നില്‍ തലങ്ങും വിലങ്ങും എഴുതുന്ന ജോലി. ഞാനെഴുതിത്തീര്‍ന്ന ഓരോ ഷീറ്റും കണ്ണന്‍ കുട്ടി അടുക്കിവച്ചുകൊണ്ടിരുന്നു.
ഇതിനിടെ എപ്പോഴോ ഞാനും വേദിയില്‍ ചെന്നു രണ്ടുവാക്ക് സംസാരിച്ചു.

ഇതിനിടെ വന്ന മാധ്യമപ്രവര്‍ത്തകര്‍ ബ്ലോഗര്‍മാരെ ഇന്റര്‍വ്യൂ ചെയ്തുകൊണ്ടിരുന്നു...
വിശ്വേട്ടന്റെ പ്രസംഗം തീര്‍ന്നതും ഊണുകാലായി. എല്ലാവരും സദ്യ ആസ്വദിച്ച് ഉണ്ടു.:) നാക്കിലയിലെ തുമ്പപ്പൂചോറ് , പപ്പടം, നെയ്യും പരിപ്പും, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, തോരന്‍, ഉപ്പേരി........അങ്ങനെ പോയി വിഭവങ്ങള്‍! ‍പാല്‍പ്പായസത്തെ ചവ്വരിപ്പായസമെന്ന് ഉദ്ഘോഷിച്ച എന്നെ പലരും കളിയാക്കി.:)
മുല്ലപ്പൂവും, കണ്ണനും, ഞാനും, കുമാറേട്ടനും, മനോരമ റിപ്പോര്‍ട്ടര്‍ കോഴിക്കോട്ടുകാരന്‍ നിഷാന്തും ഒരു മേശയ്ക്ക് ചുറ്റുമിരുന്നാണു കഴിച്ചത്. :)
വിശ്വേട്ടന്‍ ഓരോരുത്തരും ഊണുകഴിക്കുന്ന ഫോട്ടോ എടുത്തുകൊണ്ടു അതിലേ നീങ്ങുന്നുണ്ടായിരുന്നു..
ഭക്ഷണം കഴിഞ്ഞു കുറച്ചു സമയം ബി ടി എച്ചിന്റെ വടക്കേവരാന്തയില്‍ കുറച്ചുസമയം കുശലം പറച്ചില്‍...

ഉച്ചതിരിഞ്ഞ് ക്വിസ് മത്സരം തുടങ്ങി..മരമണ്ടന്‍ ശ്രീജിത്തും കുമാറേട്ടനും ഒരു ഗ്രൂപ്പിലായത് “ ഈ----------- മര----------------------- കൂട്ട്” എന്ന ഒരു പഴയ ചൊല്ലിനെ അനുസ്മരിപ്പിച്ചു....അവരുടെ കുഴലൂത്തു മത്സരവും ഇതിനിടെ അരങ്ങേറി.കണ്ണുമൂടിക്കെട്ടലും വരമൊഴി കേട്ടെഴുത്തും കൊണ്ട് സംപുഷ്ടമായ ഒരു ക്വിസ് ആയിരുന്നു അത്.:)
‘ദ ഹിന്ദു‘വും, ഏഷ്യാനെറ്റും, മനോരമ ന്യൂസും, മാധ്യമവും, മംഗളവും എല്ലാം അവരവരുടെ ജോലികള്‍ നിര്‍വഹിച്ചുകൊണ്ടിരുന്നു..’ദ ഹിന്ദു’ വിന്റെ പ്രതിനിധി രേണു രാമനാഥന്‍, പണ്ട് പൂമ്പാറ്റയില്‍ ‘അത്ഭുതവാനരന്മാര്‍’ എഴുതിയിരുന്ന രാമനാഥന്‍ സാറിന്റെ മകളാണെന്ന അറിവ് സന്തോഷം പടര്‍ത്തി.:) വൈകീട്ടത്തെ ചായ(+ബിസ്കറ്റ്) കഴിഞ്ഞതും ഉമേച്ചിയും അനന്തിരവള്‍ ഗായത്രിയും എത്തി. പിന്നെ ഫോട്ടോ സെഷന്‍, കുശലം പറച്ചില്‍, ഒക്കെയായി സമയം പോയി.സര്‍ട്ടിഫിക്കറ്റും ബിരിയാണിക്കുട്ടിയുടെ വക കീ ചെയിനും വാങ്ങി , ഓരോരുത്തരായി യാത്ര പറഞ്ഞിറങ്ങി, ഏതാണ്ട് അഞ്ചുമണിയോടെ ഞാനും..:)

ബൂലോഗക്ലബ്ബ് നീണാള്‍ വാഴട്ടെ!

Make it easy for readers to subscribe to your syndicated feed:

  1. Generate the code.
  2. Paste it on your Blog's web page
  3. Track growth
Your new, loyal Squeet readers will be able to "Buzz" your articles and help you gain even more reach.

It's Free. It's Smart. And it's Right Here.

posted by സ്വാര്‍ത്ഥന്‍ at 9:57 PM

0 Comments:

Post a Comment

<< Home