Tuesday, July 25, 2006

തുളസി - ഇല്ലാത്തവര്‍ക്കു് സൌജന്യങ്ങള്‍

ആരോഗ്യം കച്ചവടവസ്തുവായിരിക്കുന്നതു് കേരളത്തിലെ ഒരു പുരോഗമനാശയക്കാരനേയും ചൊടിപ്പിക്കാത്തതെന്തേ? മനുഷ്യന്റെ ജീവന്‍ വച്ചു വിലപേശുന്ന കഴുത്തറപ്പന്‍ രീതിയേക്കാളും മോശമായിട്ടാണോ വിദ്യാഭ്യാസം കച്ചവടം ചെയ്യുന്നതു്. ഇന്നു് മൂന്നു് വയസ്സായ കുഞ്ഞിനു വരെ വിദ്യാഭ്യാസം കൊടുക്കാന്‍ പണംചെലവാക്കുന്ന മലയാളി സമൂഹം നിസ്സംഗതയോടെ നോക്കിനില്‍ക്കുകയാണു്. വിദ്യാഭ്യാസ കച്ചവടത്തെ മലയാളമണ്ണിന്റെ കാതലായ പ്രശ്നമാക്കി മാറ്റാന്‍ ഇങ്ങനെയുള്ള ഈ കാലഘട്ടത്തില്‍ സാദ്ധ്യമല്ല.

ആയുഷ്ക്കാലവിദ്യാഭ്യാസം സൌജന്യമാക്കാന്‍ ഒരു കാലത്തും ഒരു സര്‍ക്കാരിനും സാദ്ധ്യമല്ല. അതിനു് ജപ്പാനിലെ പോലെ താഴോട്ടു വളരുന്ന ജനസംഖ്യാനിരക്കു വേണം. സൌദിയിലെ പോലെ അധികം ചെലവില്ലാതെ സര്‍ക്കാരില്‍ പണം കുന്നുകൂടണം. അങ്ങിനെയൊന്നും വിദ്യാഭ്യാസം സൌജന്യമായി നല്‍കാന്‍ ഭരണകൂടത്തിനു കഴിയാത്ത രാജ്യത്തു്, ആ ജോലി ചെയ്യാന്‍ അതില്‍ മിടുക്കുള്ളവരെ തന്നെ ഏല്പിക്കണം. ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം നിശ്ചയിക്കാന്‍ ഏതു രാജ്യത്തും ഭരണകൂടത്തിനു് അധികാരമുണ്ടു്. ആ അധികാരം പ്രയോഗിക്കാന്‍ ഭരണകൂടവും തയ്യാറാകണം. പ്രതിഫലം വാങ്ങി വിദ്യാഭ്യാസം കൊടുക്കുമ്പോള്‍ കൊടുക്കുന്ന സാധനത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തേണ്ട ചുമതല ഭരണകൂടത്തിനാണു്, അതില്‍ തട്ടിപ്പും വെട്ടിപ്പും നടത്തുന്നവരെ പിടിച്ചകത്തിടേണ്ട ചുമതല നല്ലവണ്ണം നിര്‍വ്വഹിക്കേണ്ടതിനു പകരം നിങ്ങളങ്ങനെ കച്ചവടം ചെയ്യുന്നതൊന്നു കാണട്ടേയെന്നു പറഞ്ഞു വെല്ലുവിളിക്കുന്ന ഭരണപാപ്പരത്തമാണു്, വിദ്യാര്‍ത്ഥികളുടെ സ്വാഭാവിക പ്രതികരണമെന്ന പേരില്‍ sfi എസ് എഫ് ഐ അവതരിപ്പിച്ചത്.

ഒരു വശത്തു് എത്ര കൊടുത്തിട്ടായാലും പഠിക്കാന്‍ തയ്യാറെന്നും പറഞ്ഞു് പണക്കാര്‍. മറുവശത്തു് ഞങ്ങളുടെ കൈയില്‍ പണമില്ല, ഞങ്ങള്‍ക്കു് പതിനായിരങ്ങള്‍ ചിലവാക്കി പഠിക്കാന്‍ കഴിവില്ല എന്നു വിലപിക്കുന്ന ദരിദ്രര്‍. യഥാര്‍ത്ഥത്തില്‍ ഇവര്‍ തമ്മിലൊരേറ്റുമുട്ടലിവിടെ നടക്കുന്നുണ്ടോ. രണ്ടു കൂട്ടരുടേയും പേരില്‍ വേറെ ചിലര്‍ നാടകമാടുകയല്ലേ ചെയ്യുന്നതു്? സ്വന്തം നിലനില്പിനു വേണ്ടിയുള്ള അവരുടെ നാടകങ്ങള്‍ക്കിടയില്‍ ശരിയായ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനങ്ങളെ കുറിച്ചിവിടെ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഇല്ലാത്തവര്‍ക്കെല്ലാം സൌജന്യമായി നേടിക്കൊടുക്കുന്നതിനാണിവിടെ സമരങ്ങളെല്ലാം. ഇല്ലാത്തവരെ അല്പമെങ്കിലും ഉള്ളവരാക്കുന്നതെങ്ങിനെ എന്നു ചിന്തിക്കാനോ അതിനു വേണ്ടി പ്രവര്‍ത്തിക്കാനോ ആര്‍ക്കും ഇവിടെ സമയമില്ല, അങ്ങിനെയൊരു ചിന്തയുമില്ല. ഇല്ലാത്തവരില്ലാതായാല്‍ പിന്നെ കൊടിപിടിക്കാന്‍ മുഴുവനാളെയും വാടകയ്ക്കു വിളിയ്ക്കേണ്ടി വരുമല്ലോ എന്ന ചിന്തയായിരിയ്ക്കും ഇപ്പോള്‍ നേതാക്കളുടെ മനസ്സിലുള്ളതു്.

posted by സ്വാര്‍ത്ഥന്‍ at 7:55 AM

0 Comments:

Post a Comment

<< Home