Saturday, July 15, 2006

തുളസി - നിങ്ങള്‍ ക്യൂവിലാണു്

നിങ്ങള്‍ ഗള്‍ഫില്‍ വന്നിട്ടു് ഒരുപാടു കാലമായി, പക്ഷേ വളരെ ഉയര്‍ന്ന നിലയില്‍ ജോലിയും ശമ്പളവും എല്ലാം ഉള്ള നിങ്ങളോടു് ഇങ്ങനെ ഒരു ലേബര്‍ അക്കോമഡേഷനില്‍ കുത്തിയിരിക്കാന്‍ പറഞ്ഞു പോയ കമ്പനിശകടത്തിന്റെ തേരാളിയായ ഉറ്റസുഹൃത്തിനെ നിങ്ങള്‍ക്കിപ്പോള്‍ ചവിട്ടിക്കൂട്ടാന്‍ തോന്നുന്നതു് സ്വാഭാവികം.

ഇതൊരു കൊച്ചു മുറി. അകത്തേയ്ക്കുള്ള വാതില്‍ പകുതിയേ തുറക്കുകയുള്ളൂ. അത്രയും സ്ഥലമേ വാതില്‍ തുറക്കുന്നതിലേക്കായി ആ മുറിയില്‍ വകയിരുത്തിയിട്ടുള്ളൂ. ഇരിയ്ക്കുവാനും കിടക്കുവാനും കട്ടിലുകള്‍ ധാരാളം. അടിയില്‍ നാലു്, മേലെ നാലു്, മേലേയ്ക്കുമേലെ അട്ടിയിട്ട കട്ടിലുകളുടെ ‍കാലുകളിലും കൈയുകളിലും തോരണങ്ങള്‍ തൂക്കിയ പോലെ, അലക്കിയതും അലക്കാനുള്ളതുമായ തുണിത്തരങ്ങളും തൂക്കിയിട്ടിരിക്കുന്നു. ഫൂള്‍കൈഷര്‍ട്ടും പാന്റും കൂടിചേര്‍ന്ന നീളന്‍ നീലകളാണു് കൂടുതലും. ഇരിക്കാന്‍ ഒരു കസേരയില്ല, അതിനുള്ള സ്ഥലമില്ലാത്തതു കൊണ്ടാണേ, നിങ്ങള്‍ക്കീ കട്ടിലില്‍ ഇരിക്കാം. മറ്റുള്ള കട്ടിലുകളിലെല്ലാം മുകള്‍നിലയിലും താഴെയുമായി ഓരോരുത്തര്‍ ഇരിക്കുകയും കിടക്കുകയുമൊക്കെയുണ്ടു്.

നിങ്ങള്‍ എന്തോ തിരിച്ചറിയാന്‍ പറ്റാത്തൊരു വല്ലായ്മയോടെ പതുക്കെ ഇരിക്കുന്നു. ഈ ഒരു കട്ടില്‍ ഒരാളുടെ സങ്കേതമാണു്, സാമ്രാജ്യമാണു്, സ്വകാര്യമാണു്. അയാള്‍ പണികഴിഞ്ഞു വന്നാല്‍ ഇരുന്നു വിശ്രമിക്കുന്നതും കിടന്നുറങ്ങുന്നതും, ദിവാസ്വപ്നങ്ങള്‍ കാണുന്നതും, ഭാര്യയയച്ച കത്തെടുത്തു് പിന്നെയും പിന്നെയും വായിച്ചു നെടുവീര്‍പ്പിടുന്നതും എല്ലാം ഈ ഒരു കട്ടിലില്‍ കിടന്നാണു്. സ്വപ്നങ്ങളുടെ ഭാണ്ഡം താങ്ങി തളരുമ്പോള്‍ ഇറക്കിവയ്ക്കാനുള്ള ആ കട്ടിലില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്കു് തീര്‍ച്ചയായും ഒരു വല്ലായ്മ തോന്നും. പക്ഷേ വേറെ വഴിയില്ലാത്തതു കൊണ്ട് നിങ്ങളിരിക്കുന്നു. കുറച്ചു പേരെ പരിചയപ്പെടാമെന്ന ഉദ്ദ്യേശത്തോടെയാണല്ലോ നിങ്ങള്‍ വന്നതു്.

സ്വഭാവികമായി നിങ്ങള്‍ ആ കുടുസ്സുമുറിയിലെ ജനനിബിഢമായ അന്തരീക്ഷത്തോടു് പെട്ടെന്നു തന്നെ ഇണങ്ങുന്നു, കാരണം നിങ്ങളുടെ സ്വഭാവം അങ്ങിനെയാണു്. ആരോ ഒരു വെട്ടുഗ്ലാസു നിറയെ മഞ്ഞജ്യൂസു നിങ്ങള്‍ക്കു തരുന്നു. ഫൃജ്ജില്‍ നിന്നെടുത്തതായതിനാല്‍ കടുത്ത തണുപ്പുണ്ടതിനു്, എന്നാലും പുറത്തെ ചൂടില്‍ നിന്നും കയറിവന്ന നിങ്ങള്‍ക്കതു് ആശ്വാസമേകുമെന്നു ആത്മാര്‍ത്ഥമായി കരുതിയതിനാലാണു് നിങ്ങളെ അവര്‍ ആ നാരങ്ങജ്യൂസിനാല്‍ സല്‍ക്കരിക്കുന്നതു്. നിങ്ങള്‍ക്കറിയാം അതിനു് തണുപ്പു മാത്രമല്ല അസഹനീയമായ കയ്പും ഉണ്ടെന്നു്, എന്നാലും നിങ്ങള്‍ അന്തരീക്ഷത്തിന്റെ ഔപചാരികതയ്ക്കു വേണ്ടി വിദേശികള്‍ മദ്യം രുചിച്ചു നോക്കുന്നതു പോലെ പതുക്കെ ചുണ്ടില്‍ ചേര്‍ക്കുന്നു. ഒരു ഐസുകട്ട വിഴുങ്ങിയതു പോലെ ആ ദ്രാവകത്തിന്റെ ഒരിറക്കു അന്നനാളത്തിലൂടെ താഴേക്കിറങ്ങിപോയി.

അന്നേരമാണു് നിങ്ങളതു് ഗൌരവപൂര്‍വ്വം ശ്രദ്ധിക്കുന്നതു്. ആദ്യതവണ നിങ്ങളതു കണക്കാക്കിയില്ല. പക്ഷേ ഇപ്പോള്‍ ശ്രദ്ധിക്കാതിരിക്കാന്‍ നിങ്ങള്‍ക്കു പറ്റില്ല, കാരണം കുറച്ചു വേദനയും കൂടി ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. തുടയുടെ അടിയില്‍ നിങ്ങള്‍ മൂടമര്‍ത്തി ഇരിക്കുന്ന കിടക്കയില്‍ നിന്നു് എന്തോ കുത്തുന്ന പോലെ, ഒരു സൂചി? അതൊന്നുമല്ലെന്നു് പെട്ടെന്നു് നിങ്ങളുടെ പരിചയം വിളിച്ചു പറയുന്നു, മൂട്ടയാണതു്. ശരി തന്നെ മൂട്ടയാണു് കിടക്കയ്ക്കുള്ളില്‍ ഇരുന്നുകൊണ്ടു് നിങ്ങളുടെ സമൃദ്ധമായ തുടയിറച്ചിയില്‍ നിന്നു് ചോര വലിച്ചു കുടിയ്ക്കുകയാണു്. നിങ്ങള്‍ തുട ഒന്നു അമര്‍ത്തിനിരക്കുന്നു, അതില്‍പെട്ടു് മൂട്ട ചതഞ്ഞുപോകും എന്ന വിശ്വാസത്തില്‍. കുറച്ചു നേരത്തേയ്ക്കു് കുഴപ്പമില്ല.

പലരും നിങ്ങളോടു പലകാര്യങ്ങളും പറയുന്നു, ജോലിസംബന്ധമായും ഭക്ഷണസംബന്ധിയായും ഒക്കെ, പലതും നിങ്ങളും അനുഭവിക്കുന്നവയും, ചിലതു നിങ്ങള്‍ കേട്ടിട്ടില്ലാത്തവയുമൊക്കെ. നിങ്ങളുടെ നേരെ മുന്നിലുള്ള കട്ടിലിലുള്ളയാള്‍ പറയുന്നു, നിങ്ങളെല്ലാം ഭാഗ്യവാന്മാരാണെന്നു്. ശരിയാണു്, പക്ഷേ നിങ്ങള്‍ യാതൊന്നും അതിനു മറുപടിയായി പറയുന്നില്ല. അയാള്‍ തുടര്‍ന്നു, ഈ മുറികണ്ടോ, ഇവിടെ എട്ടുപേരാണു് കിടക്കുന്നതു്. നാലു കട്ടിലിന്റെ സ്ഥലം കഴിഞ്ഞാ പിന്നെ ഒന്നു തുണിമാറാനുള്ള സ്ഥലം പോലുമില്ല. ആ മൂലയ്ക്കുള്ള മേലത്തെ കട്ടിലു കണ്ടോ, കാലൊടിഞ്ഞിട്ടു രണ്ടുമാസായി, വച്ചുകെട്ടാണു്, എപ്പഴാ രണ്ടും കൂടി മറഞ്ഞു വീഴാന്നറിയില്ല. അപ്പോഴാണു് നിങ്ങള്‍ ആ മൂല ശ്രദ്ധിയ്ക്കുന്നതു്, തുണികള്‍ ഞാന്നുകിടക്കുന്നതിനിടയിലൂടെ മൂടിപുതച്ചു കിടക്കുന്ന ഒരാളെ നിങ്ങളപ്പോളവിടെ കണ്ടെത്തുന്നു. അയാളെ എത്തിനോക്കാനെന്ന വ്യാജേന, തുടയില്‍ കടിച്ചുപിടിച്ചിരിക്കുന്ന മൂട്ടയെ ഒന്നു അമര്‍ത്തിയരക്കുകയെന്ന വ്യര്‍ത്ഥശ്രമത്തില്‍ നിങ്ങള്‍ ഏര്‍പ്പെടുന്നു.

അന്നേരം നിങ്ങളെ അവിടെ കൊണ്ടുവിട്ടിട്ടു പോയ കമ്പനിശകടത്തിന്റെ തേരാളി വിജയാശ്രീലാളിതനായി കൈയിലൊരു നീളന്‍ കുപ്പിയുമായി തിരിച്ചെത്തുന്നു. വാതില്ക്കല്‍ പ്രത്യക്ഷപ്പെട്ട അയാളെ കണ്ടയുടന്‍ നിങ്ങള്‍ ചാടിയെഴുന്നെല്ക്കുന്നു, കാരണം തുടയുടെ അടിയില്‍ നിന്നു മൂട്ടയുടെ കടിവിടുവിച്ചു് ഒന്നെണീറ്റു നില്ക്കാന്‍, ഇരുന്നപ്പോള്‍ മുതല്‍ നിങ്ങളാഗ്രഹിക്കുകയാണു്. അപ്പോ തുടങ്ങുകയല്ലേ, ഗുരുക്കന്മാരു് തന്നെ ഒഴിച്ചാട്ടെ. പെട്ടെന്നു തന്നെ കാര്‍പെറ്റില്‍ വിരിച്ച കുനുകുനാന്നറബിയച്ചടിച്ച ദിനപത്രത്തില്‍ ഒരു വശത്തു നിരനിരയായി ഗ്ലാസ്സുകള്‍ നിരന്നു. മിച്ചറിന്റെ രണ്ടുകൂടു പൊട്ടിച്ചു് അതും കൂന്നുകൂട്ടിയിട്ടു. ഒരേ ഉയരത്തില്‍ എല്ലാ ഗ്ലാസ്സിലും പൊക്കം കുറഞ്ഞു തടിച്ച ഒരു ഗ്ലാസ്സില്‍ മാത്രം കുറച്ചു കൂടുതലും ഒഴിച്ചപ്പോള്‍ തന്നെ കുപ്പിയുടെ കാല്‍ഭാഗത്തിലധികം തീര്‍ന്നു.

ചിയേഴ്‍സെന്ന വാക്കിന്റെ അര്‍ത്ഥരാഹിത്യം നല്ലപോലെ മനസ്സിലാക്കിയിരുന്നതിനാല്‍ ചിലര്‍ ഒറ്റവലിക്കും ചിലര്‍ രണ്ടു പ്രാവശ്യമായും, വിദേശത്തിരുന്നുകൊണ്ടു് മറ്റൊരു വിദേശത്തുന്നു് വന്ന യഥാര്‍ത്ഥ വിദേശമദ്യം വലിച്ചു കുടിച്ചു് ഗ്ലാസ്സിന്റെ ആന്തരികസൌന്ദര്യം വെളിവാക്കി വച്ചു.

നിങ്ങളുടെ ഗ്ലാസ്സും പിടിച്ചു് നിങ്ങള്‍ ഏതോ അത്ഭുതകാഴ്ച കാണുന്നതു പോലെ ഇരിക്കുകയാണു്, കാരണം നിങ്ങള്‍ക്കിതു ശീലമില്ലല്ലോ. എങ്കിലും പതുക്കെ അന്തരീക്ഷത്തിലെ ആഹ്ലാദകുമിളകള്‍ നിങ്ങളെയും തീര്‍ത്തും ലഘുചിത്തനാക്കി മാറ്റുകയും പതുക്കെ നിങ്ങളുടെ ഗ്ലാസു കാലിയാവുന്നതും നിങ്ങള്‍ തിരിച്ചറിയുന്നു. അന്തരീക്ഷം വളരെ ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞതായി നിങ്ങള്‍ മനസ്സിലാക്കുന്നു, നിങ്ങളും എന്തൊക്കെയോ സംസാരിക്കുന്നുണ്ടു്, ഊന്നിയൂന്നി പറയുന്നുണ്ടു്, ഗവണ്മെന്റിനെയും രാഷ്ട്രീയക്കാരേയും സര്‍വ്വോപരി ഒരു ജനനസര്‍ട്ടിഫിക്കറ്റിനു വേണ്ടി നിങ്ങളെ രണ്ടാഴ്ച നടത്തിച്ച പഞ്ചായത്തോഫീസറേയും നിങ്ങള്‍ ആത്മാര്‍ത്ഥമായി തെറി പറയുന്നു. നിങ്ങളുടെ പ്രകടനം എല്ലാരേയും സംതൃപ്തരാക്കി, നിങ്ങളുടെ ഗ്ലാസ് മൂന്നും നാലും വട്ടം നിറച്ചു്, അവരുടെ അഭിനന്ദനം സൂചിപ്പിച്ചപ്പോള്‍ നിങ്ങള്‍ നിര്‍വ്യാജം എതിര്‍ക്കുകയും ആ സ്നേഹനിറകുടങ്ങള്‍ക്കു മുന്നില്‍ നിങ്ങള്‍ മുട്ടുകുത്തി നമസ്ക്കരിക്കുകയും ചെയ്യുന്നു.

എത്രയോ മാസങ്ങള്‍ക്കു മുമ്പോ മറ്റോ അന്തരിച്ച കോഴിയുടെ ശവശരീരം കൊണ്ടുണ്ടാക്കിയ ചില ചാറുകറികള്‍ കൂട്ടി ചപ്പാത്തിയെന്നു വിളിക്കുന്നതിനേക്കാള്‍ ഇരുമ്പടയെന്നു വിളിക്കാവുന്ന പറോട്ടയും ഇതിനിടയില്‍ നിങ്ങള്‍ തിന്നുന്നതു് സത്യത്തില്‍ വിശപ്പുമൂലമല്ലെന്നു നിങ്ങള്‍ക്കറിയാം, നിങ്ങളുടെ ആമാശയത്തില്‍ നില്ക്കക്കള്ളിയില്ലാതെ രക്തക്കുഴലുകള്‍ വഴി ശരീരം മുഴുവന്‍ ഓടിക്കിതച്ചെത്തിയ ആള്‍ക്കഹോള്‍, ഓരോ രോമകൂപ്പത്തിലും പിടിച്ചു വലിക്കുന്നതു് നിങ്ങള്‍ ശരിക്കും അറിയുന്നുണ്ടു്, തലച്ചോറിലും കണ്‍പോളകളിലുമാണു് ഈ പ്രതിഭാസം തീവ്രമായി അനുഭവപ്പെടുന്നതെന്നു് എല്ലാ പ്രാവശ്യത്തേയും പോലെ ഇപ്പോഴും നിങ്ങള്‍ മനസ്സിലാക്കിയെന്നതു് അത്ഭുതമല്ല. തല പിന്നാക്കം എറിയുമ്പോള്‍ ഏതോ കുഴിയിലേയ്ക്കു ആണ്ടു പോകുന്നതു പോലെയും നിങ്ങള്‍ക്കു തോന്നുന്നുവെന്നതും അത്ഭുതമല്ല, കാരണം നിങ്ങളുടെ ശരീരം തറയില്‍ വെട്ടിയിട്ട വാഴപോലെ കിടക്കുമ്പോള്‍ മനസ്സുമാത്രം നേരെനില്ക്കുകയെന്നതു് അസംഭവ്യമാണല്ലോ. ഇപ്പോള്‍ നിങ്ങളുടെ ചുറ്റും ആരൊക്കെ എന്തൊക്കെ പറയുന്നു എന്നതു് നിങ്ങളെ ബാധിക്കുന്നില്ല, നിങ്ങളുടെ മനസ്സു് ശാന്തമായ ഒരു യാത്രയിലാണു്, നിങ്ങളുടെ മുഖത്തുനിന്നറിയാം നിങ്ങളനുഭവിക്കുന്ന നിര്‍വൃതി, ഇടയ്ക്കിടയ്ക്കു വരുന്ന ഏമ്പക്കവും ശര്‍ദ്ദിയും മാത്രമേ അതിനിടയില്‍ നിങ്ങള്‍ക്കൊരു കരടായി തോന്നുന്നുള്ളൂ.

………………………………………………………………………………………………………………………………………………

………………………………………………………………………………………………………………………………………………

………………………………………………………………………………………………………………………………………………

………………………………………………………………………………………………………………………………………………

നിങ്ങളിങ്ങനെ വെള്ളടിച്ചു വാളുവച്ചു കൊതംകുത്തിമറിഞ്ഞു കെടന്നാല്, ഞാനെങ്ങന്യാ ഇതൊന്നെഴുതി തീര്‍ത്തിട്ടു് ബ്ലോഗുന്നേ, ശ്ശെടാ, ഇതു വല്ല്യ പുലിവാലായല്ലോ…………..

posted by സ്വാര്‍ത്ഥന്‍ at 4:51 AM

0 Comments:

Post a Comment

<< Home