Friday, July 14, 2006

കൊടകര പുരാണം - കോഴിമുട്ടകള്‍

URL:http://kodakarapuranams.blogsp....com/2006/05/blog-post_08.htmlPublished: 5/8/2006 4:20 PM
 Author: വിശാല മനസ്കൻ
കുട്ടികളുടെ വളര്‍ച്ചക്കാവശ്യമായ ആവശ്യ പോഷകങ്ങളും വിറ്റമിനുകളും ധാതുക്കളും ലവണങ്ങളും കിട്ടാന്‍ ആഹാരത്തിനു പുറമേ കോമ്പ്ലാനും ഹോര്‍ലിക്സുമൊക്കെ പാലില്‍ കലക്കി ദിവസേനെ കഴിക്കണമെന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അതൊന്നും സ്വപ്നം കാണാന്‍ പോലും പറ്റിയിരുന്ന കാര്യങ്ങളേ അല്ലായിരുന്നു. എന്നിരിക്കിലും എടക്കെടക്കോരോ കോഴിമുട്ട കിട്ടിയാല്‍ തരക്കേടില്ലായിരുന്നു എന്ന് തോന്നിയിരുന്നു.

സാധാരണ വീട്ടിലുള്ളവര്‍ കഴിക്കുന്ന ഭക്ഷണത്തിന് പുറമേ, ഈവക സാധനങ്ങളൊക്കെ കൊടുക്കുന്നതാണ് കാശുള്ള വീട്ടിലെ പിള്ളേരുടെ സ്വഭാവം വഷളായിപ്പോകുന്നതിന്റെ മെയിം കാരണമെന്നും പകരം എല്ലാം പോഷക ഗുണവുമടങ്ങിയ നല്ല ഡീസന്റ് പെടകള്‍ ആവശ്യാനുസരണം കൊടുത്താല്‍ മാത്രം മതി എന്നുമായിരുന്നു നമ്മുടെ കാര്‍ന്നമാരുടെ സ്റ്റാന്റ്.

സമയാസമയത്തിന്‌ മുട്ടയിട്ടിരുന്ന; അല്ലെങ്കില്‍ ഞാന്‍ ഇടീച്ചിരുന്ന, ആരോഗ്യവതികളും യജമാനനോട്‌ കൂറുമുമുള്ള രണ്ടുമൂന്ന് കോഴിപ്പിടകള്‍ എല്ലാകാലത്തും വീട്ടിലുണ്ടായിരുന്നിട്ടും, അന്താരാഷ്ട്രമാര്‍ക്കറ്റില്‍ നല്ല ഡിമാന്റുണ്ടായിരുന്ന നാടന്‍ കോഴിമുട്ടകള്‍ വിപണനം നടത്താതെ, ദിവസേന പിള്ളേര്‍ക്ക് ഓരോന്നെങ്കിലും വച്ച് കഴിക്കാന്‍ കൊടുക്കാന്‍ വരെ ഇവര്‍ തീരെ താല്പര്യം കാണിച്ചില്ല.

ഈ മുട്ട കമ്പം തീരാന്‍ ഗള്‍ഫുകാരനാവേണ്ടി വന്നു എന്നതാണ്‌ പരമസത്യം.

ഇവിടെ വന്ന കാലത്ത്‌, വീട്ടുകാരെയും നാട്ടുകാരെയും പിരിഞ്ഞ് ജീവിക്കുന്നതിന്റെ ദുഖം കുറച്ചെങ്കിലും മറക്കാനായി, ഡെയിലി ചിക്കന്‍ കാല്‍ ഫ്രൈ ചെയ്ത്‌ കഴിക്കുന്നതോടൊപ്പം രാവിലെയും ഉച്ചക്കും വൈകീട്ടും കോഴിമുട്ടകള്‍ പല പല രീതിയില്‍ എണ്ണം നോക്കാതെ ഇന്‍ടേക്കിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഒരിക്കല്‍ താഴെ വീണ്‌ പൊട്ടിയ ഒരു ഫൂള്‍ ട്രേ മുട്ടകള്‍ കളയാന്‍ മനസ്സുവരാതെ, വീഴചയില്‍ വലിയ അപകടം സംഭവിക്കാത്ത 'കുറച്ച്‌' മുട്ടകള്‍ കൊണ്ട്‌ ഒരിഞ്ച്‌ കനത്തില്‍ മൂന്ന് ഓംലെറ്റുണ്ടാക്കി ടിവിയില്‍ ശ്രദ്ധിച്ച് കഴിച്ച വകയില്‍, 'ഒരു ട്രേ മുട്ടകള്‍ കൊണ്ട്‌ ആമ്പ്ലെയിറ്റുണ്ടാക്കിയവന്‍' എന്ന്‌ മുട്ടകഴിച്ചുകൂടാത്ത ചില ഹതഭാഗ്യരുടെ സത്യവിരുദ്ധമായ ദുഷ്‌വിശേഷണത്തിന് ഞാന്‍ പാത്രമാവുകയുമുണ്ടായി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. കാലം എന്നെ കണ്ട്രോള്‍ ഉള്ളവനാക്കി, പലതിലും!

ഒരു തവണ വെക്കേഷന്‌ നാട്ടില്‍ പോയപ്പോള്‍ തോളൂരുള്ള എന്റെ സഹമുറിയലു ശ്രീ അശോകന്റെ വീട്ടിലേക്ക്‌ അവന്‍ തന്നുവിട്ട ടോര്‍ച്ചും പുള്ളിമുണ്ടും പ്രഷറിന്റെ വളയും നെയില്‍ കട്ടറും കൊണ്ട്‌ ഞാന്‍ പോവുകയുണ്ടായി.

എന്നെ അവരുടെ വീടിന്റെ സിറ്റൌട്ടിലിരുത്തി പ്രാഥമിക വര്‍ത്താനങ്ങള്‍ക്കിടക്ക്‌, എനിക്ക്‌ കഴിക്കാന്‍ ഒരു പ്ലേറ്റില്‍ 6 പുഴുങ്ങിയ കോഴിമുട്ടകള്‍ കൊണ്ടുവച്ച്‌ എന്നെ ഞെട്ടിച്ചുകൊണ്ട്‌ അശോകന്റെ അമ്മ ഇങ്ങിനെ പറഞ്ഞു.

'ചായ എടുക്കുമ്പോഴേക്കും മോന്‍ ഇത്‌ കഴിച്ചോളൂ.. മുട്ട വല്യ ഇഷ്ടമാണെന്ന് അശോകന്‍ പറഞ്ഞിരുന്നു..!'

അപ്പോള്‍ 'ഒരു ട്രേ' വിശേഷം ഇവിടെയും എത്തിയിട്ടുണ്ട്‌! അശോകനെ അവന്റോടെ വച്ച്‌ അവന്റെ അമ്മയുടെ സല്‍കാരം സ്വീകരിച്ചുകൊണ്ട്‌ ഞാന്‍ മനസ്സില്‍ തെറി വിളിച്ചു..

മുട്ടയോടെനിക്ക്‌ വല്യ താല്‍പര്യമൊന്നും ഇല്ലെന്നും അതൊക്കെ അവര്‍ ചുമ്മാ പറയുന്നതാണെന്നും തെളിയിക്കാനെന്ത്‌ വഴി? ഞാന്‍ ആലോചിച്ചു.

ഒന്നും കഴിക്കാതിരുന്നാലോ?
അതെ, വല്ലാതെ നിര്‍ബന്ധിച്ചാല്‍ ഒരെണ്ണം. അത്രമാത്രം കഴിക്കാം.

പക്ഷെ വീണ്ടും നിര്‍ബന്ധിച്ചാലോ?
സംസാരത്തിനിടക്ക്‌ ഞാന്‍ ഓട്ടോമാറ്റിക്കായി കഴിച്ചുപോയാലോേ?

എന്ത്‌ ചെയ്യും? ഞാന്‍ കൂലങ്കഷമായി ചിന്തിച്ചു.

അപ്പോഴാണത്‌ ശ്രദ്ധിച്ചത്‌. അവിടെ മുറ്റത്ത്‌ കുറച്ച്‌ കുട്ടികള്‍ കളിക്കുന്നു. ഐഡിയ. അവരെ വിളിച്ച്‌ അവര്‍ക്ക്‌ കൊടുക്കാം. എന്റെ ദാനധര്‍മ്മാദി കലകളെക്കുറിച്ചും മുട്ടപ്രാന്ത്‌ നിലച്ചെന്നും ഒറ്റടിക്ക്‌ തെളിയിക്കാം! ഹോ എന്തൊരു കലക്കന്‍ ഐഡിയ.

പക്ഷെ, 'മക്കളേ വാ, വന്ന്‌ മുട്ട എടുത്തോളൂ' എന്ന് പറഞ്ഞ്‌ തീരും മുന്‍പേ, അവര്‍ മൂന്ന് പേരും ഈരണ്ട്‌ മുട്ടകള്‍ എടുക്കുമെന്നും അത്‌ അവിടെ നിന്ന് കഴിക്കാതെ അടുത്ത വീട്ടിലേക്ക്‌ ഓടുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്തതായിരുന്നു.

'പോല്ലടാ, പോല്ലടാ മക്കളേ... 'എന്ന് പൊലും പറയാന്‍ കഴിയാതെ, ലേഡീസ് ഓണ്‍ലിയില്‍ ചാടിക്കയറിയപോലെ ‘എന്താ പറയാ, എന്താ ചെയ്യാ‘ എന്നറിയാതെ പകച്ചുപോയി.

ചായയുമായി വരുമ്പോള്‍ അശോകന്റെ അമ്മ ഒറ്റ മുട്ടയും പാത്രത്തില്‍ കാണാതിരുന്നാല്‍ എന്ത്‌ വിചാരിക്കും? ഈശ്വരാ... ഇനി എന്തു ചെയ്യും. എന്റെ തലച്ചോറ് മെല്‍റ്റാകുന്ന പോലെ എനിക്ക് തോന്നി.

വെറും മിനിട്ടുകള്‍ക്കുള്ളില്‍ ഞാന്‍ ആറ്‌ മുട്ടയും തിന്നെന്നോ! അതോ സദ്യക്ക്‌ പോകുമ്പോള്‍ ശര്‍ക്കരപുരട്ടിയും ടീ പാര്‍ട്ടിക്ക്‌ പോകുമ്പോള്‍ ലഡുവും കേയ്ക്കും 'വഴിക്കുവച്ച്‌ തിന്നാം' എന്ന് പറഞ്ഞ്‌ പോക്കറ്റിലിടും പോലെ, മുട്ട കമ്പ്ലീറ്റ്‌ ഞാന്‍ എന്റെ കയ്യിലുള്ള മറ്റൊരു കവറിലിട്ടെന്നോ!

കൊടും മാനഹാനി. പുഴുങ്ങിയ മുട്ട ഒന്നിന്‌ ആയിരം രൂപ വരെ വച്ച്‌, അപ്പോള്‍ കിട്ടിയാല്‍ വാങ്ങി പ്ലേറ്റില്‍ വക്കാന്‍ അന്നേരം ഞാന്‍ ഒരുക്കമായിരുന്നു.

പ്രതീക്ഷിച്ചപോലെ, അശോകന്റെ അമ്മ ചായയും ചക്കുപ്പേറിയും കൊക്കുവടയുമായി വന്നപ്പോള്‍ കാലിയായ മുട്ടപ്ലേറ്റ്‌ കണ്ട്‌ അമ്പരന്ന് രണ്ടടി പിറകോട്ട് മാറി പ്ലേയ്റ്റിനെയും എന്നെയും മാറിമാറി നോക്കി. വിശ്വാസം വരാത്ത പോലെ, പ്ലേറ്റ് കൊണ്ട് വച്ചപ്പോള്‍ മുട്ടകള്‍ താഴേക്കെങ്ങാനും ഉരുണ്ടുവീണോ എന്നറിയാന്‍ താഴോട്ടും ഒന്ന് നോക്കി.

‘അത്..അത്..’ എന്ന് പറയാന്‍ ട്രൈ ചെയ്യുന്ന എന്നെ ‘എല്ലാം മനസ്സിലായി’ എന്ന ഭാവത്തില്‍ ഒന്നുകൂടെ നോക്കി ഒന്നും പറയാതെ ആ പ്ലേറ്റെടുത്ത്‌ അകത്ത്‌ പോയി, ആര്‍ക്കോ വേണ്ടി മാറ്റി അടുക്കളയില്‍ വച്ചിരുന്ന മൂന്ന് മുട്ടയും കൂടെ കൊണ്ട്‌ വന്ന് ടീപ്പോയിയില്‍ വച്ചു!!

എന്നിട്ട്‌ ഒന്നും സംഭവിക്കാത്ത പോലെ എന്നോട്‌ അശോകന്റെ ജോലിയെപ്പറ്റിയും നാട്ടില്‍ വരുന്നതിനെപ്പറ്റിയും ചോദിച്ചു. കഷായത്തില്‍ വീണപോലെയിരുന്ന ഞാന്‍ എങ്ങിനെയെങ്കിലും അവിടന്നൊന്ന് പോകാന്‍ കൊതിച്ചു. എന്ത്‌ ചെയ്യാം, 'അശോകന്റെ അച്ഛന്‍ വന്നിട്ട്‌' പോയാല്‍ മതിയെന്ന് ആ അമ്മ പറഞ്ഞതനുസരിച്ച്‌ ഞാന്‍ അച്ഛനുവേണ്ടി കാത്തിരുന്നു.

അധികം താമസിയാതെ, അച്ഛന്‍ വന്നു.

വന്നപാടെ എന്നോട്‌ 'മോന്‍ കുറേ നേരായോ വന്നിട്ട്‌? അശോകന്‍ പറഞ്ഞിരുന്നു ഇന്ന് വരുമെന്ന്. കൃഷിഭവന്‍ വരെയൊന്നു പോകേണ്ട അത്യാവശ്യമുണ്ടായിരുന്നൂ' എന്നൊക്കെ പറയുന്നതിനിടക്ക്‌ മുട്ട വച്ച പാത്രം നോക്കിക്കൊണ്ട്‌ ഇങ്ങിനെ പറഞ്ഞു.

'അല്ലാ, എന്താ മുട്ടയൊന്നും കഴിക്കാത്തത്‌??'

അതുകേട്ടതും അത്രയും നേരം കണ്ട്രോള്‍ ചെയ്ത്‌ നിന്ന ആ സാധു അമ്മ, വായ്‌ പൊത്തിപിടിച്ച്‌ അകത്തേക്ക്‌ സ്കൂട്ടായി.

'ആറെണ്ണത്തില്‍ കൂടുതല്‍ ഒരു നേരം ഒരാള്‍ എങ്ങിനെ കഴിക്കും' എന്നാണോ അതോ 'ദോ കയ്യിലുള്ള പ്ലാസ്റ്റിക്‌ കവറിനകത്ത്‌ ആറെണ്ണമാ കെടക്കുന്നത്‌' എന്നാണോ ആ അമ്മ ചിന്തിച്ചിരിക്കുക?

യാത്രപറയാന്‍ നേരവും ആ അമ്മയുടെ മുഖത്തെ പുഞ്ചിരിമാഞ്ഞിരുന്നില്ല!

posted by സ്വാര്‍ത്ഥന്‍ at 8:30 AM

0 Comments:

Post a Comment

<< Home