Monday, July 10, 2006

കൊടകര പുരാണം - ആന്റപ്പന്‍

URL:http://kodakarapuranams.blogsp....com/2006/06/blog-post_24.htmlPublished: 6/25/2006 9:23 AM
 Author: വിശാല മനസ്കൻ
ആത്മാര്‍ത്ഥത എന്നുവച്ചാല്‍ വല്ലപ്പാടി വര്‍തുണ്ണ്യേട്ടന്റെ മോന്‍ ആന്റപ്പന്റെ ആത്മാര്‍ത്ഥതയാണ്‌ ആത്മാര്‍ത്ഥത!

ഡോള്‍ബി ആന്റപ്പന്‍ എന്ന് പോപ്പുലര്‍ലി അറിയപ്പെടുന്ന, കായക്കച്ചോടക്കാരന്‍ വര്‍തുണ്യാപ്ലേടെ മൂന്നാമത്തെ ചെക്കന്‍ ആന്റു, എന്റെ; നിന്റെ; ഞങ്ങടെ; നിങ്ങടെ; എന്നീ ചേരിതിരിവുകളൊന്നുമില്ലാതെ, വീട്ടുകാരുടെയും നാട്ടുകാരുടെയും എന്തുകാര്യത്തിനും എപ്പോഴും മുന്നില്‍ നില്‍ക്കുന്നവനും പ്രായം, ഗ്ലാമര്‍ ഭേദമന്യേ എല്ലാ വല്ലപ്പാടിക്കാരും തന്റെ സഹോദരീ സഹോദരന്മാരുമാണെന്ന് കരുതി ഇടപെഴകുന്നവനുമാണ്‌.


'കല്യാണി വേലത്തിയുടെ 501 ബാറ്‌ സോപ്പ്‌ കിണറ്റില്‍ വീണപ്പോള്‍ അതെടുക്കാന്‍ ചാടിയവന്‍, സൈക്കിള്‍ ചവിട്ട്‌ പഠിച്ചകാലത്ത്‌, കുട്ടേട്ടന്റെ വാടക സൈക്കിള്‍ ചവിട്ടി എറണാകുളം റൂട്ടില്‍ പോയി പോയി 'റ റ റ' പോലെയുള്ള പാലം (ആലുവാ പാലമായിരുന്നു) വരെ പോയി പാലത്തിലിരുന്ന ഒരു ഇഷ്ടിക മുറി പുഴയിലേക്ക്‌ എറിഞ്ഞ്‌ തിരിച്ചുവന്നവന്‍, ഏറ്റുമീന്‍ പിടിക്ക്യാന്‍ ഒരു രാത്രി മഴേത്ത്‌ വീട്ടുകാരുടെ കൂടെ പോയപ്പോള്‍ 'ദേ ഒന്നരക്കിലോന്റെ ബ്രാല്‌' എന്ന് പറഞ്ഞ്‌ വെള്ളത്തില്‍ മീന്‍ തപ്പിക്കൊണ്ടിരിക്കുന്ന അപ്പന്‍, വര്‍തുണ്ണ്യേട്ടന്റെ കയ്യേല്‍ വെട്ടുകത്തികൊണ്ട്‌ വെട്ടിയവന്‍, ബോയ്സില്‍ പഠിക്കുമ്പോള്‍ 'മോളി ടീച്ചറും ഞാനും അടുത്ത മാസം പത്താം തിയതി രാത്രി ഒളിച്ചോടും' എന്ന് ഫ്രമ്മും റ്റുവും വച്ച്‌ ഗുരുകുലത്തില്‍ എഴുതിയിട്ടവന്‍... എന്നിങ്ങനെ ആന്റപ്പന്റെ ആത്മാര്‍ത്ഥത വെളിവാക്കിയ എത്രയെത്ര സംഭവങ്ങള്‍!

ഒരു പക്ഷെ, ഏത്‌ കാര്യത്തിലും ഇദ്ദേഹം കാട്ടുന്ന ആത്മാര്‍ത്ഥതക്കും അമിതാവേശത്തിനും ഭൂമിയില്‍ യാതൊന്നിനൊടുമില്ലാത്ത നിര്‍ഭയാവസ്ഥക്കും പിന്‍ബലമായത്‌, ദ മോസ്റ്റ്‌ റിക്വയേഡ്‌, ആ പത്തുപൈസായുടെ ആ കുറവായിരുന്നു.

ആന്റപ്പന്റെ ഈ കുറവിനെക്കുറിച്ച്‌ ആരെങ്കിലും ക്വോട്ട്‌ ചെയ്താല്‍ അന്ന് വറുതുണ്യേട്ടന്റെ വീട്ടില്‍ പൊരിഞ്ഞ അലമ്പ്‌ നടക്കും.

അല്ലെങ്കില്‍, ആന്റപ്പനുണ്ടായതിന്‌ ശേഷം വറുതിണ്ണ്യേട്ടനും ഭാര്യ ത്രേസ്യ ചേടത്ത്യാരും നടത്തി വിജയിപ്പിച്ച വഴക്കുകളിലും അടിയികളിലുമെല്ലാം പ്രധാന റൂട്ട്‌ കോസ്‌ ഇഷ്യൂ, 'ആന്റപ്പന്റെ മിസ്സിങ്ങ്‌ ടെന്‍' തന്നെയായിരുന്നു.

'വറുതുണ്യേട്ടന്റെ അപ്പന് പത്ത് കുറവല്ല, ആകെ പത്തേ ഉണ്ടായിരുന്നുള്ളൂവെന്നും', അദ്ദേഹത്തില്‍ നിന്നും തലമുറ തലമുറ കൈമാറി കിട്ടിയതാണ്‌ ആന്റപ്പനെന്നും ത്രേസ്യ ചെടത്താര്‌ ആര്‍ഗ്യൂ ചെയ്യുമ്പോള്‍,

'ഫ, പിശാശേ. നിന്റെ കുടുമ്മത്ത്‌ പൊട്ടന്മാരല്ലാതെ ആരുണ്ടെടീ, ഇവന്‍ നിന്റെ വരന്തരപ്പിള്ളീല്‌ ചാണം പെറുക്കിനടക്കുന്ന കുഞ്ഞാങ്ങളയുടെ തനിപ്പകര്‍പ്പാണെടീ' എന്നു പറഞ്ഞ്‌ ആന്റപ്പന്റെ മിസ്സിങ്ങ്‌ എലമന്റിന്റെ ഉത്തരാദിത്വം അമ്മവീട്ടുകാരുടെ മേല്‍ കെട്ടിവക്കാന്‍ മിസ്റ്റര്‍ വറുതു വും ശ്രമിക്കും.

മിക്കവാറും ആന്റപ്പന്റെ ബുദ്ധിമാന്ദ്യതയില്‍ ടോക്ക്‌ ഷോ തുടങ്ങ്യാല്‍, കപ്യാരുടെ മോന്റെ കൂടെ ഒളിച്ചോടിയ വര്‍തുണ്യേട്ടന്റെ വല്യപ്പന്റെ മോളെയും, കല്യാണം കഴിഞ്ഞിട്ട്‌ ഏഴാം മാസം പൂര്‍ണ്ണ വളര്‍ച്ചേയെത്തിയ കൊച്ചിനെ പെറ്റ നാത്തൂനെപ്പറ്റിയെല്ലാം പറഞ്ഞ്‌ പറഞ്ഞ്‌ വര്‍തുണ്ണ്യേട്ടന്റെ കയ്യീന്ന് രണ്ടെണ്ണം വാങ്ങി, ആത്മഹത്യാ ശ്രമവും നെഞ്ഞത്തടിയുമൊക്കെയായേ ത്രേസ്യച്ചേടത്ത്യാര്‌ 'നമ്മള്‍ തമ്മില്‍' അവസാനിപ്പിക്കുകയുള്ളൂ.

എന്തായാലും, ആന്റപ്പന്‌ ഇതൊന്നും കേള്‍ക്കാനും, കേട്ടാല്‍ തന്നെ ശ്രദ്ധിക്കാനും ടൈമുണ്ടായിരുന്നില്ല. ആന്റപ്പന്‍ ഫുള്‍ ബിസിയല്ലേ. ഗഡി, ആള്‍ടേതായ ലോകത്ത്‌ ഒരുമാതിരിപ്പെട്ടവരൊന്നും തന്നെ കാണാത്ത തരം സ്വപ്നങ്ങളും പ്ലാനുകളുമൊക്കെയായി കര്‍മ്മഫലം കര്‍ത്താവിന്റെ തീരുമാനത്തിന്‌ വിട്ട്‌, റ്റ്വോെന്റി ഫോര്‍ അവേഴ്സും കര്‍മ്മനിരതാനായി ഒരോന്ന് ചെയ്തു നടന്നു.

ഈ ആന്റപ്പന്‍ ചെയ്യാത്ത പണികള്‍ കുറവാണ്‌. പത്രമിടല്‍, മാട്‌ തരക്‌, ഇറച്ചിവെട്ടുകടയില്‍ അസിസ്റ്റന്റ്‌, ഇറച്ചിക്കോഴി ഡ്രസ്സ്‌ ചേയ്ഞ്ചിങ്ങ്‌, പാലക്കാടന്‍ വയ്ക്കോല്‍ ബിസിനസ്സ്‌, പലിശപ്പരിപാടി, ചങ്ങലക്കുറി, അങ്ങിനെ പോകുന്നു. എല്ലാപണിയിലും ഒരു ആന്റപ്പന്‍ ടച്ച്‌ വരുത്തി, ആറോ പത്തോ മാസം ചെയ്യും. അതുകഴിഞ്ഞാലടുത്ത പരിപാടിയായി. അതാണ്‌ ആന്റപ്പന്റെ ഒരു ലൈന്‍.

ഹവ്വെവര്‍, കെട്ട്‌ പ്രായമാകുമ്പേഴേക്കും ‘ഏതെങ്കിലുമൊരു ജോലിയില്‍ സ്ഥിരമായി ചെയ്തു, അവനാന്റെ കുടുമ്മത്തെ കാര്യങ്ങള്‍ നോക്കി നടക്കാന്‍’ ആരോ ഉപദേശിച്ചതിന്റെ ഫലമായി ഒരു ബായ്ക്കെഞ്ചിന്‍ ഓട്ടോ വാങ്ങി, കുറച്ചൊന്നു ഒതുങ്ങി ജീവിക്കാന്‍ തീരുമാനിച്ചു.

അക്കാലത്ത്‌ കൊടകര പേട്ടയിലെ ഏറ്റവും അത്യാന്താധുനിക ഓട്ടോ റിക്ഷയായിരുന്നു ഡോള്‍ബി ഡിജിറ്റല്‍ സൌണ്ട്‌ സിസ്റ്റം രണ്ട്‌ അലൂമിനീയം കലത്തില്‍ വച്ച ആന്റപ്പന്റെ 'കൊരട്ടി മുത്തി'

പഠാണികളുടെ പിക്കപ്പ്‌ പോലെ, ഫ്ലൂറസന്റ്‌ സ്റ്റിക്കറുകളും ഗ്ലിറ്ററിംഗ്‌ തോരണങ്ങളും ചാര്‍ത്തിയ കൊരട്ടിമുത്തിയില്‍, ആന്റപ്പന്റെ വീട്ടുപേര്‍ വളച്ചെഴുതി അടിയില്‍ ഒരു വരയും ഒരു കുത്തുമിട്ടു. കൂടാതെ ചേട്ടന്മാരുടെയും മാപ്രാണത്തേക്ക്‌ കൊടുത്ത പെങ്ങളുടെയുമടക്കം എല്ലാ കുട്ടികളുടെ വിളിപ്പേരുകളും, ദ്വയാര്‍ത്ഥപ്രയോഗങ്ങളുള്ള ഇക്കിളി വാചകങ്ങളും എഴുതി വച്ച്‌ ഓട്ടോയെ മാക്സിമം ഗ്ലാമറസ്സാക്കി.

ഓട്ടോയില്‍ കയറുന്ന യാത്രക്കാര്‍ക്ക്‌ മാത്രമായിട്ടായിരുന്നില്ല ആന്റപ്പന്‍ നല്ല ഗുമ്മൊള്ള ലേറ്റസ്റ്റ്‌ ഹിറ്റുകള്‍ ഒഴുക്കിയിരുന്നത്‌, ഓട്ടോ പോകുന്ന വഴിയിലുള്ള നാട്ടുകാര്‍ക്കും കൂടി വേണ്ടിയായിരുന്നു . ആന്റപ്പന്റെ മറ്റൊരു ആത്മാര്‍ത്ഥത.

ഒരു ദിവസം ഉച്ചക്ക്‌ ആന്റപ്പന്‍ ചോറുണ്ണാന്‍ വീട്ടിലേക്ക്‌ പോകവേയാണ്‌, സ്വന്തം എളേപ്പന്‍ ലോനപ്പേട്ടന്‍ വഴിയില്‍ ബസ്‌ കാത്ത്‌ നില്‍ക്കുന്നത്‌ കണ്ടത്‌. പല്ല് വേദനയായി ശാന്തിയില്‍ പോയി വരുന്ന വഴിയാണെളേപ്പന്‍. ആത്മാര്‍ത്ഥതയുള്ള ആന്റപ്പന്‍ വണ്ടി ചവിട്ടി 'കേറിക്കോ എളേോപ്പാ' എന്ന് പറഞ്ഞു.

നിവൃത്തിയുണ്ടെങ്കില്‍ പരിചയക്കാരാരും തന്നെ ആന്റപ്പന്റെ വണ്ടിയില്‍ കയറില്ല. എന്തോ, അന്ന് പല്ലെടുത്ത വയ്യായ കൊണ്ടാണോ അതോ ഇനി ബസിന്‌ കൊടുക്കേണ്ടുന്ന ഒന്നെ അമ്പത്‌ ലാഭിക്കാമന്നോര്‍ത്തിട്ടാണോ എന്നറിയില്ല, ഒരു ശപിക്കപ്പെട്ട നിമിഷത്തില്‍ ലോനപ്പേട്ടന്‍ ആന്റപ്പന്റെ ഇന്വിറ്റേഷന്‍ സ്വീകരിച്ചു. പാവം!

എളേപ്പന്‍ കേറി, ആന്റപ്പന്‍ അന്നത്തെ ഹിറ്റ്‌ 'മുക്കാല മുക്കാബല' പരമാവധി വോളിയത്തില്‍ വച്ച്‌, അറിയുന്ന പോലെയൊക്കെ കൂടെപ്പാടി പാട്ടില്‍ ലയിച്ചിരുന്ന്, ഊട്ടിയിലേക്കുള്ള റോഡ്‌ കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹെയര്‍ പിന്‍ വളവുകളുള്ള കൊടകര വല്ലപ്പാടി റോഡിലൂടെ ഓട്ടോ ചാട്ടുളി പോലെ നീങ്ങി.

പെടച്ച്‌ പെടച്ചങ്ങിനെ പോകുന്നേരം, രണ്ടാമത്തെ കലുങ്കിന്റെ അടുത്തുള്ള വേലത്തി വളവില്‍ ആന്റപ്പന്‍ എന്നത്തേയും പോലെ തന്റെ പ്രതിഭ തെളിയിച്ചുകൊണ്ട്‌ വണ്ടി വീശിയൊടിച്ചു.

പല്ലെടുത്ത്‌ വായ തുറക്കാന്‍ പറ്റാതെയിരുന്ന പാവം ലോനപ്പേട്ടന്‍, ആ നേരം ഒരു കയ്‌ വായ്ക്കകത്താക്കി പഞ്ഞിയൊന്ന്‌ റിപ്പൊസിഷന്‍ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. വളച്ചൊടിയുടെ ആ ഉലച്ചലില്‍, ലോനപ്പേട്ടന്ന് ദാ പോകുന്നു ഓട്ടോയില്‍ നിന്ന് തെറിച്ച്‌, പുറത്തേക്ക്‌., റോഡ്‌ സൈഡിലേക്ക്‌ ചക്ക തെറിച്ച്‌ പോകുമ്പോലേ...!

വീണവശം ലോനപ്പേട്ടന്‍ കൈ കുത്തി ഇരുന്ന് ആന്റപ്പനെയോ ആന്റപ്പന്റെ അപ്പനേയോ പേരായോ തെറിയായോ എന്തെങ്കിലുമൊക്കെ വിളിച്ചേക്കാമെന്ന് കരുതിയൊന്നുയര്‍ന്നെങ്കിലും, ഒരു വാക്കുപോലും പറയാനാകും മുന്‍പേ, ഭൂമിയുടെ ഗുരുത്വാകര്‍ഷണഫലത്തെ അതിജീവിക്കാന്‍ പറ്റാതെ പിറകിലോട്ട്‌ തന്നെ മറിഞ്ഞുവീണു.

ഓട്ടോയില്‍ മടങ്ങി ഇരുന്നിരുന്ന തന്റെ എളേപ്പനിപ്പോള്‍ റോഡ്‌ സൈഡില്‍ നിവര്‍ന്ന് കിടക്കുകയാണെന്നറിയാതെ, കേട്ട അപശബ്ദം റഹ്മാന്റെ പാട്ടിലെ ഓര്‍ക്കസ്റ്റ്രേഷനില്‍ സ്വാഭാവികം എന്ന് വിശ്വസിച്ച്‌ ആന്റപ്പന്‍ പാട്ടില്‍ ലയിച്ച്‌ വച്ച്‌ പിടിച്ചു.

എളേപ്പന്റെ വീടിന്റെ മുന്നിലെത്തി വണ്ടി ചവിട്ടി 'എന്നാ എളേപ്പന്‍ എറിങ്ങിക്കോ' എന്ന് പറയാന്‍ പിന്നിലേക്ക്‌ നോക്കിയപ്പോഴാണ്‌ ആന്റപ്പന്‍ അതറിയുന്നത്‌.

സീറ്റില്‍ എളേപ്പനില്ല!

'ഇദെവിടെപ്പോയി?' എന്ന് ചിന്തിച്ച ആന്റപ്പന്‍, വേഗം തന്നെ വണ്ടി യു ടേണ്‍ എടുത്ത്‌ എളേപ്പനെ അന്വേഷിച്ച്‌ പോകാന്‍ തീരുമാനിച്ചു.

ഒരു കീലോമീറ്ററോളം പോയിട്ടും എളേപ്പനെ കാണാനില്ല. പിന്നെയും കുറെ ദൂരം പോയപ്പോള്‍ അതാ എളേപ്പന്‍ വേലത്തി വളവിലേ കലുങ്കിലിരുന്ന് കാലും കയ്യും മാറി മാറി തിരുമ്മുന്നു!!

എളേപ്പനെക്കണ്ടതും ചെറിയ നീരസത്തോടെ ആന്റപ്പന്‍ ആളോട്‌ പറഞ്ഞു.

‘എളേപ്പന്‍ എന്ത്യേ ഇവിടെ എറങ്ങ്യേ? ഞാന്‍ വീട്ടീക്കൊണ്ട്‌ വിടാന്ന് പറഞ്ഞതല്ലേ.....'

posted by സ്വാര്‍ത്ഥന്‍ at 9:57 PM

0 Comments:

Post a Comment

<< Home