Friday, June 16, 2006

ഉദയസൂര്യന്റെ നാട്ടില്‍ - ഗവേഷണം

URL:http://nilavathekozhi.blogspot.com/2006/06/blog-post_16.htmlPublished: 6/16/2006 12:51 PM
 Author: വക്കാരിമഷ്ടാ
എന്തെഴുതും, എങ്ങിനെയെഴുതും, എന്തിനെഴുതും എന്നൊക്കെ ആലോചിച്ച് വട്ടം ചുറ്റി വട്ടായി നില്‍‌ക്കുമ്പോഴാണ് കുട്ട്യേടത്തി ഒരു കച്ചീടെ ഇത്തിരി തുരുമ്പ് നീട്ടിത്തന്നത്. ഗവേഷണത്തെപ്പറ്റി എഴുതിക്കൂടേ എന്നു ചോദിച്ചു കുട്ട്യേടത്തി. “വോ“ എന്ന് ഞാനും പറഞ്ഞു. ചെയ്യാനുള്ള ഗവേഷണമൊക്കെ മാറ്റിവെച്ചിട്ട് ദോ എഴുതാനും തുടങ്ങി.

ഇതു കൈമള്‍ (ദിസ് കൈമള്‍ അതായത് disclaimer): ആശയങ്ങളും ആമാശയങ്ങളും എന്റേതായ ഒരു വീക്ഷണ കോണകത്തില്‍ക്കൂടി ഉരുത്തിരിഞ്ഞുവന്ന ഒരു സംഗതി മാത്രം. ആത്‌മാര്‍ത്ഥമായി ഗവേഷണം ചെയ്യുന്ന മറ്റു ബ്ലോഗണ്ണന്മാരും അണ്ണികളും ക്ഷമിക്കുക. ഇത് ഒരു ഗവേഷണത്തെപ്പറ്റിയുള്ള ആധികാരിക ലേഖനമൊന്നുമല്ല. ഇതു ചുമ്മാ ഒരു പോസ്റ്റ് :)

ഈ പോസ്റ്റ് ആരെങ്കിലും ഇടയ്ക്കുവെച്ച് നിര്‍ത്തിപ്പോയാല്‍ നഷ്ടം അവര്‍ക്കുതന്നെ. ഇതിന്റെ ഏറ്റവും അവസാനത്തേതിന്റെ മുമ്പിലത്തെ ഖണ്ഡികയിലും അതിനു മുകളിലത്തേതിന്റെ മുകളിലത്തെ ഖണ്ഡികയിലുമാണ് ഗോഡ്‌ഫാദര്‍ സിനിമയില്‍ ഇന്നസെന്റ് ബോബനും മോളീം വായിച്ചു ചിരിച്ചപോലെ ചിരിക്കാന്‍ പറ്റിയ കാര്യങ്ങളുള്ളത്.

പിന്നെ, ഇതിന്റെ അവസാനത്തെ ഖണ്ഡികയിലെ നാലാമത്തെ വരിയിലെ മൂന്നാമത്തെ വാക്കും അതിനു മുകളിനു മുകളിലത്തെ ഖണ്ഡികയിലെ മൂന്നാമത്തെ വരിയിലെ മൂന്നാമത്തെ വാക്കും നടുക്കത്തെ ഖണ്ഡികയിലെ നടുക്കത്തെ വാക്കും ഒടുക്കത്തെ ഖണ്ഡികയിലെ ഒടുക്കത്തെ വാക്കും കണ്ടുപിടിക്കുന്നവര്‍ക്ക് ഓരോ ഗ്രാം സ്വര്‍ണ്ണം സമ്മാനമായി നല്‍കു...

..മോ എന്ന് അറ്റ്‌ലസ് ജ്വല്ലറിയിലെ ആ കഷണ്ടിയുള്ള ചേട്ടനോട് ചോദിക്കാം. എന്തായാലും എല്ലാം തപ്പി വെച്ചേര്.

അപ്പോള്‍ തുടങ്ങാം.

എന്താണ് ഗവേഷണം?

Research is often described as an active, diligent, and systematic process of inquiry aimed at discovering, interpreting and revising facts.

അതായത് എന്താണ് മഴയെന്ന് ഒരു ഒന്നാം ക്ലാസ്സുകാരന്‍ ചോദിച്ചപ്പോള്‍ അന്തരീക്ഷത്തിന്റെ നിമ്‌നോന്നതങ്ങളില്‍ ഉണ്ടാകുന്ന താപവ്യതിയാനങ്ങളുടേ ഫലമായി ഉദ്ദീഭവിക്കുന്ന സ്നോഷബിന്ദുക്കളെയാണ് മഴ എന്നു സിമ്പിളായി അവനെ പറഞ്ഞു മനസ്സിലാക്കിയതുപോലെ. അതുകൊണ്ട് മുകളില്‍ പറഞ്ഞിരിക്കുന്നത് വിട്ടുകള (എന്താണെന്ന് എനിക്കും കിട്ടിയില്ല-വിക്കിയില്‍ കിടക്കുന്നതാ).

ഗവേഷണമെന്നാല്‍ റിസേര്‍ച്ച്-അതായത് റീ-സേര്‍ച്ച്. കണ്ടതു തന്നെ വീണ്ടും വീണ്ടും തപ്പിക്കണ്ടുപിടിക്കുന്ന മഹാപ്രതിഭാസം. കഷ്ടകാലമെന്നു പറയട്ടെ, അതിനെ അതിന്റെ ലിറ്ററല്‍ മീനിംഗില്‍ എടുത്തുള്ള കലാപരിപാടികളും ഗവേഷണ മേഖലയിലുണ്ട്. അന്റാര്‍ട്ടിക്കയില്‍ കണ്ടുപിടിച്ചതുതന്നെ ആഫ്രിക്കയിലും കണ്ടുപിടിക്കും. നമ്മുടെ നാട്ടിലും വല്ല പാവങ്ങളും കഷ്ടപ്പെട്ട് ചെയ്ത ഗവേഷണ പ്രബന്ധത്തിന്റെ പുറം ചട്ടയും അകത്തെ ഒന്നാം പേജും മാത്രം മാറ്റി വേറേ പ്രബന്ധമാക്കുന്ന കലാപരിപാടികള്‍ ഉണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഈയിടെയും അങ്ങിനെയെന്തോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഏതൊരു മേഖലയിലും വ്യാജനുള്ളതുപോലെ ഗവേഷണത്തിലും ഉണ്ടെന്ന് കരുതുക.

പക്ഷേ ഗവേഷണമെന്നാല്‍ എന്തെങ്കിലും വസ്തുവിന്റെ കണ്ടുപിടിക്കല്‍ മാത്രമല്ല. ഗവേഷണ സാഗരത്തിലോട്ട് മുങ്ങാംകുഴിയിട്ട് പോയി മൂന്നാം കൊല്ലം പൊങ്ങുമ്പോള്‍ വലതുകൈയ്യില്‍ എന്തെങ്കിലും കണ്ടുപിടുത്തം ഉണ്ടാവണമെന്നൊന്നുമില്ല. എന്തെങ്കിലും കണ്ടുപിടുത്തത്തിന്റെ കണ്ടുപിടിക്കാത്ത വശങ്ങളെപ്പറ്റിയുള്ള പഠനങ്ങളും എന്തുകൊണ്ട് അത് കണ്ടുപിടിച്ചു എന്നുള്ള അന്വേഷണവും, ഇനിയെന്തെങ്കിലും പറ്റുമോ എന്നുള്ള നോട്ടവും, എന്തുകൊണ്ടു പറ്റിയില്ലാ എന്നുള്ള ചിന്തയും എല്ലാം ഗവേഷണത്തില്‍ പെടുത്താം. പുതിയ ഒരു അറിവോ, അറിഞ്ഞതിന്റെ ഒന്നുകൂടി നല്ലരീതിയിലുള്ള അറിവോ, പഴയ നിയമത്തിന്റെ പുതിയ രീതിയിലുള്ള നിര്‍വ്വചനമോ, പുതിയ വീക്ഷണകോണകത്തില്‍ക്കൂടിയുള്ള നോട്ടമോ, പുതിയ സിദ്ധാന്തമോ, എന്തിന് ഇതൊന്നും തനിക്കുപറ്റിയ പണിയല്ലാ എന്നുള്ള ഏറ്റവും പ്രധാനമായ തിരിച്ചറിവോ എല്ലാം ഗവേഷണത്തിന്റെ ബാക്കിപത്രങ്ങളാവാം. ഗവേഷണമെന്നാല്‍ കുത്തിയിരുന്നുള്ള പഠനമെന്നുമാവാം (ഉവ്വ ഉവ്വേ).

എത്ര തരം ഗവേഷണങ്ങള്‍?

അടിസ്ഥാനപരമായി രണ്ടുതരം ഗവേഷണങ്ങളുണ്ടെന്നാണ്‌ വെയ്പ്പ്‌. ബേസിക്‌ ഗവേഷണവും അപ്ലൈഡ്‌ ഗവേഷണവും. ബേസിക് ഗവേഷണമെന്നാല്‍:

-ഭൂമി ഉരുണ്ടുതന്നെയാണോ, അതോ മുട്ടപോലെയാണോ?
-ഗുരുത്വാകര്‍ഷണബലം മൂലം തന്നെയാണോ മോങ്ങാനിരുന്ന നായരുടെ തലയില്‍ തേങ്ങാ വീഴുന്നത്?
-മനുഷ്യന്‍ ഉണ്ടായതെങ്ങിനെ?
-കാ‍ക്കയുടെ കാഷ്ടം താഴോട്ട് മാത്രം വീഴുന്നതെന്തുകൊണ്ട്?

ഇത്തരം കുഴയ്ക്കുന്ന ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തലാണ്‌ ബേസിക്ക്‌ റിസേര്‍ച്ചുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇത്തരം കാര്യങ്ങളൊക്കെ ചിലപ്പോള്‍ ഒരു മനുഷ്യജന്മം കൊണ്ടുപോലും കണ്ടുപിടിക്കാന്‍ പറ്റിയെന്നു വരില്ല. നമുക്കു ചോദിച്ചു ചോദിച്ചു പോകാം സ്റ്റൈലില്‍ അതിങ്ങനെ പോയിക്കൊണ്ടേയിരിക്കും. ഐന്‍‌സ്റ്റൈന്‍, ന്യൂട്ടന്‍ ഇവരൊക്കെ ബേസിക്‌ ഗവേഷണത്തിന്റെ ആള്‍ക്കാരാണ്‌. നമ്മുടെ സി.വി. രാമനേയും ആ ഗണത്തില്‍ പെടുത്താം. അദ്ദേഹത്തിന്റെ ബേസിക്‌ ഗവേഷണം, രാമന്‍ സ്പെക്ട്രോസ്കോപ്പ്‌ എന്ന ഒരു ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിനും വഴിതെളിച്ചു എന്നുള്ളത്‌ ചരിത്രം.

വേറൊന്നാണ്‌ അപ്ലൈഡ്‌ റിസേര്‍ച്ച്‌. നമുക്കൊക്കെ അത്യാവശ്യമോ ആവശ്യമോ ആയ കാര്യങ്ങളിലൊക്കെയുള്ള ഗവേഷണമെന്നു പറയാം.

-പച്ചവെള്ളത്തില്‍നിന്നും പെട്രോള്‍ ഉണ്ടാക്കാന്‍ പറ്റുമോ?
-കോള കുടിച്ചാല്‍ കിക്കാകുമോ?
-കാക്ക കുളിച്ചാല്‍ കൊക്കാകുമോ (അത്‌ ചിലപ്പ്പ്പോള്‍ ബേസിക്ക്‌ ഗവേഷണവുമാകാം),
-ചതുരച്ചക്രം കൊണ്ട് വണ്ടിയോടിക്കാമോ,
-കീബോര്‍ഡില്ലാതെ ടൈപ്പു ചെയ്യാമോ?
-പക്ഷിപ്പനിയുടെ മരുന്ന് ....

ഇതൊക്കെ അപ്ലൈഡ്‌ ഗവേഷണങ്ങളാണ്‌. അതുപോലെ ഒരൊറ്റ മരത്തില്‍നിന്ന് കൊല്ലത്തില്‍ ഒരു ടണ്‍ ഷീറ്റുകിട്ടുന്ന തരം റബ്ബര്‍ മരമോ, മണ്ടയ്ക്ക്‌ അരിപിടിക്കാത്ത തേങ്ങാമരമോ ഒക്കെ അപ്ലൈഡ്‌ ഗവേഷണം വഴി കണ്ടുപിടിക്കാമായിരിക്കുമെന്ന് തോന്നുന്നുണ്ടോ ആവോ?

മൊത്തത്തിലൊന്നെടുത്താല്‍ അപ്ലൈഡ്‌ ഗവേഷണത്തിനാണ്‌ ഡിമാന്റ്‌ കൂടുതല്‍. അതിന്‍ ഒരു കാരണം ബേസിക്ക്‌ ഗവേഷണത്തിന്‌ അപാരമായ തലയും ക്ഷമയും വേണം എന്നുള്ളതാണ്‌. ഗവേഷണത്തിന്‌ കാശുമുടക്കുന്ന മുതലാളിമാരും അപ്ലൈഡ്‌ ഗവേഷണത്തിന്‌ കാശുമുടക്കാനാണ്‌ കൂടുതല്‍ താത്പര്യം കാണിക്കുന്നത്‌-കാരണം വിറ്റു കാശാക്കാവുന്ന കണ്ടുപിടുത്തങ്ങളെല്ലാം കൂടുതലും അപ്ലൈഡ് വഴി കിട്ടും.

പക്ഷേ ഈ ബേസിക്കും അപ്ലൈഡും കെട്ടുപിണഞ്ഞ്‌ കിടക്കുന്ന സംഗതിയാണ്‌. ഭൂമി ഉരുണ്ടതല്ല, പകരം മുട്ടപോലെയാണെന്ന് കണ്ടുപിടിച്ചാല്‍ ചിലപ്പോള്‍ ഭൂമിയില്‍നിന്നും ഉത്ഭവിക്കുന്ന കാന്തിക തരംഗങ്ങളുടെ മാസ്മരികവികിരണം മൂലം ആവിര്‍ഭവിക്കുന്ന പ്രകാശരശ്മികള്‍ മൂലമുണ്ടാകുന്ന താപവ്യതിയാനങ്ങളുടെ ഫലമാണ്‌ സുനാമിയുണ്ടാകുന്നതെന്നോ മറ്റോ കണ്ടുപിടിച്ചാല്‍ പിന്നെ അതെങ്ങിനെ ഇല്ലാതാക്കാമെന്നും കണ്ടുപിടിക്കാന്‍ പറ്റുമായിരിക്കും. പക്ഷേ സുനാമണിയുണ്ടാകുമെന്നും പറഞ്ഞ്‌ വണ്ടിയെല്ലാം ഷെഡ്ഡില്‍ കയറ്റിയിടാനും പറ്റില്ല. പെട്രോളിനൊരു പകരക്കാരനെ കണ്ടുപിടിക്കണം. അത്തരം ഗവേഷണവും അത്യാവശ്യം. രണ്ടും വേണമെന്ന് സാരം.

എങ്ങിനെ ചെയ്യാം ഗവേഷണം?

എത്ര തരം ഗവേഷണമുണ്ടെന്ന് മനസ്സിലായില്ല്ലേ. പക്ഷേ എങ്ങിനെ ചെയ്യാം ഈ ഗവേഷണങ്ങളൊക്കെ? വേണ്ട സംഗതികളൊക്കെയുണ്ടെങ്കില്‍ സ്വന്തമായിത്തന്നെ ചെയ്യാം. പക്ഷേ പലപ്പോഴും നടക്കില്ല. പണം വേണം, സഹായിക്കാന്‍ വഴികാട്ടി വേണം, പുസ്തകങ്ങള്‍ വേണം.......പക്ഷേ, കുഴപ്പമില്ല. പല ഗവേഷണങ്ങളും നാടിനും നാട്ടാര്‍ക്കും ലോകത്തിനുമെല്ലാം ആവശ്യമായതുകൊണ്ട്‌ ഗവേഷണത്തിന്‌ സര്‍ക്കാര്‍ തന്നെ നല്ലപോലെ സഹായിക്കും. സര്‍ക്കാരിന്‌ ഗവേഷണത്തിനും ഗവേഷണങ്ങള്‍ ഏകോപിപ്പിക്കാനുമെല്ലാമുള്ള സംവിധാനങ്ങളുണ്ട്‌. കൂടാതെ പ്രത്യേകം പ്രത്യേകം ഗവേഷണസ്ഥാപനങ്ങളും ഉണ്ട്‌. യൂണിവേഴ്‌സിറ്റി മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സഹായങ്ങള്‍ ഗവേഷണത്തിനായി കിട്ടും. പിന്നെ പല സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും ഗവേഷണത്തെ സഹായിക്കും. സഹായിക്കും സഹായിക്കും എന്നു പറഞ്ഞാല്‍ പ്രധാനമായും ധനസഹായം തന്നെ. ഗവേഷണങ്ങള്‍, പ്രത്യേകിച്ചും ശാസ്ത്രഗവേഷണങ്ങള്‍ നല്ല കാശുചിലവുള്ള പരിപാടിയാണ്‌. എന്തിന്‌ കുമാരനാശന്റെ വീണപൂവ്‌ ശരിക്കും വീണതുതന്നെയാണോ എന്നുള്ള മേശമേല്‍ കുത്തിയിരുന്നുള്ള ഗവേഷണത്തിനുപോലും അത്യാവശ്യം കാശൊക്കെ വേണം-പുസ്തകം വാങ്ങിക്കണം, പേന വാങ്ങിക്കണം. ഇനിയെങ്ങാനും മാത്തമാറ്റിക്കലിയാണ്‌ ആ വീഴ്ച തെളിയിക്കേണ്ടതെന്നാല്‍ കമ്പ്യൂട്ടര്‍ വേണം. സോഫ്റ്റ്‌വയര്‍ വേണം...... അപ്പോള്‍പിന്നെ ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങളുടെയൊക്കെ കാര്യം പറയാനുണ്ടോ. സള്‍ഫ്യൂരിക്കാസിഡനകത്തേക്ക്‌ നൈട്രിക്ക്‌ ആസിഡൊഴിച്ചിട്ട്‌ അതു രണ്ടുംകൂടെ ഹൈഡ്രോക്ലോറിക്കാസിഡിനകത്തേക്ക്‌ കമഴ്‌ത്തിയാല്‍ എന്തു സംഭവിക്കുമെന്നുള്ള ഗവേഷണത്തിന്‌ ഈ ആസിഡുകള്‍ വാങ്ങാന്‍ തന്നെയാകും നല്ല കാശ്‌. ഇതെങ്ങാനും അമേരിക്കയില്‍ നിന്ന് വരുത്തണമെങ്കില്‍ പിന്നെ പറയുകയും വേണ്ട. പിന്നെ ഇതൊക്കെ കമത്തുന്ന പാവം ഗവേഷകനും കൊടുക്കേണ്ടേ വല്ലതും. മൊത്തം ചിലവു തന്നെ. അപ്പോള്‍ ഗവേഷണം ചെയ്യുന്നവര്‍ക്ക് മാസാമാസം ഫെലോഷിപ്പ് എന്ന പേരില്‍ വട്ടച്ചിലവിനുള്ള പൈസാ കിട്ടും. മാത്രവുമല്ല, സോപ്പ്-ചീപ്പ്-കണ്ണാടി ഇത്യാദി ഗവേഷണത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങാനും ധനസഹായം കിട്ടും. തികയുമോ എന്നത് വേറേ കാര്യം. വേണ്ട കെമിക്കല്‍‌സ്, മരുന്നുകള്‍ ഇവ വാങ്ങാനുള്ള കാശും കിട്ടും-അവിടേയും തികയുമോ എന്നുള്ളത് വേറേ കാര്യം.

എന്തൊക്കെയാണ്‌ ഒരു ഗവേഷണത്തില്‍ സംഭവിക്കുന്നത്‌?

എന്തും സംഭവിക്കാം.

സെരതെണ്ടിപ്പട്ടിക്ക് (serendipity) നല്ല സ്‌കോപ്പുള്ള മേഖലയാണ് ഗവേഷണം. ഉദാഹരണത്തിന് സള്‍ഫ്യൂരിക്കാസിഡനകത്തേക്ക് ഹൈഡ്രോക്ലോറിക്ക് ആസിഡ് ഒഴിച്ചിട്ട് ഇതു രണ്ടും കൂടി നൈട്രിക്ക് ആസിഡിലേക്ക് കമത്തിയാല്‍ എന്തു സംഭവിക്കും എന്ന ഗവേഷണത്തിനിടയ്ക്ക് സെരതെണ്ടിപ്പട്ടി കടിക്കാം. സള്‍ഫ്യൂരിക്ക് ആസിഡ് ദേഹത്തു വീണാല്‍ വിവരമറിയും-പൊള്ളും. നൈട്രിക് ആസിഡ് ദേഹത്തു വീണാല്‍ വീണവിവരം പോലുമറിയുന്നതിനു മുന്‍പ് ബോധം പോകും. ഹൈഡ്രോക്ലോറിക്കാസിഡും അങ്ങിനെ തന്നെ. യൂണിവേഴ്സിറ്റി ഓഫ് അലവലാതിയിലെ അക്കിടി പറ്റിയോ കുറോച്ച്യലായോ ഇതിനെപ്പറ്റിയൊക്കെ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കരുതുക. ഈ ആസിഡുകള്‍ പല പല അളവുകളില്‍ മാറിമാറി കമത്തി തുള്ളികള്‍ ദേഹത്ത് വീഴിച്ച് പൊള്ളിച്ചുകളിച്ച അദ്ദേഹം ഒരു പ്രാവശ്യം ഇതു മൂന്നും കൂടി ഒന്നിച്ച് കമത്തിയപ്പോള്‍ പൊള്ളുന്നതിനു പകരം കഞ്ചാവടിച്ചതുപോലെ കിറുങ്ങിപ്പോയാല്‍ അത് ആ ഗവേഷണത്തിലെ സെരണ്ടിപ്പട്ടി. ചിലപ്പോല്‍ അര ലിറ്റര്‍ സള്‍ഫ്യൂരിക്കാസിഡിനു പകരം ദേഹം എടുത്തത് ഒന്നര ലിറ്റര്‍ സള്‍ഫ്യൂരിക്കാസിഡായിരിക്കും. അതുപോലെ സള്‍ഫ്യൂരിക്ക് ആസിഡ് പൊള്ളുമെന്നു കണ്ടുപിടിച്ചതും ഇതുപോലുള്ള ഏതെങ്കിലും തെണ്ടിപ്പട്ടിവഴിയാകാം. ഷെല്‍ഫിന്റെ ഏറ്റവും മുകളിലിരിക്കുന്ന ബിസ്‌മില്ലാരി മിനറല്‍ വാട്ടര്‍ കുപ്പിയെടുക്കാന്‍ ആഞ്ഞാഞ്ഞു നോക്കുന്നതിനിടയില്‍ കൈതട്ടി ആ ആസിഡ് ദേഹത്തു വീണപ്പോളാണല്ലോ യൂറേക്കാ, പൊള്ളുന്നേ, എന്റമ്മോഅറ്റ്ജീമെയില്‍ഡോട്ട്കോമാ, എന്റച്ഛോഅറ്റ്യാഹൂ ഹൂഹൂ എന്നൊക്കെ വിളിച്ചുകൂവി തുണിയില്ലാതെ ആരക്കോമെഡീസ് എന്ന ഗവേഷണവിദ്യാര്‍ത്ഥി ഐ-20 ഇന്റര്‍‌സ്റ്റേറ്റ് വഴി ആയിരത്തിയെണ്ണൂറ്റിമുപ്പത്തിയാറില്‍ പാഞ്ഞത്.

ജോക്ക്‍സ് എപ്പാര്‍ട്ട് (അതെന്താ?) ശരിക്കും ഇത്തരം സംഗതികള്‍ ധാരാളം ഗവേഷണമേഖലയില്‍ നടക്കുന്നു-പല പല അടിപൊളി കണ്ടുപിടുത്തങ്ങളും അങ്ങിനെ ഉണ്ടാകുന്നു. ഉദാഹരണത്തിന് 2000 -ലെ രസതന്ത്രം (സിനിമയല്ല) നോബല്‍ സമ്മാനത്തിന് അലന്‍ മക്‍ഡയാമിഡ് (ഉച്ചാരണം അങ്ങിനെതന്നെ?), അലന്‍ ഹീഗര്‍, ഹിഡേകീ ഷിരകാവാ (ജപ്പാന്‍‌കാരനാ, കണ്ടോ കണ്ടോ വെറുതെയല്ല ഞാനിവിടെ) എന്നിവരെ അര്‍ഹരാക്കിയത് ഇങ്ങിനെയുള്ള ഒരു സെരെന്റിപിറ്റിയായിരുന്നു. അവര്‍ക്ക് നോബല്‍ സമ്മാനം ലഭിച്ചത് കണ്‍‌ഡക്റ്റിംഗ് പോളിമേഴ്‌സില്‍ (conducting polymers ) ഉള്ള അവരുടെ ഗവേഷണത്തിനും സംഭാവനകള്‍ക്കുമാണ്. പോളിമര്‍ സാധാരണഗതിയില്‍ ചാലകങ്ങളല്ല. അതുകൊണ്ടാണല്ലോ ചെമ്പുകമ്പിയൊക്കെ കറന്റടിക്കാതിരിക്കാന്‍ പ്ലാസ്റ്റിക്കുകൊണ്ട് പൊതിയുന്നത് (പ്ലാസ്റ്റിക് റബ്ബറും ഫൈബറും പോലെ ഒരു പോളിമറാണ്). പക്ഷേ ഈ പോളിമറുകളെ ചാലകങ്ങളാക്കിയാല്‍ ഒത്തിരി പ്രയോജനങ്ങളുണ്ട്. ഷിരകാവാ സാറിന്റെ ലാബില്‍ അതിനുവേണ്ടിയുള്ള ഗവേഷണങ്ങള്‍ കുറേനാളുകളായി നടന്നുകൊണ്ടിരിക്കുകയായിരുന്നു, ശരിക്കും പറഞ്ഞാല്‍ 1967 മുതല്‍. അക്കാലത്ത് ഒരു ദിവസം അദ്ദേഹം അദ്ദേഹത്തിന്റെ ഗവേഷണവിദ്യാര്‍ത്ഥിയോട് പറഞ്ഞു,

“മഹനേ, നീ ഈ പോളിമറിലേക്ക് ഈ “സാധനം“ ഇട്. അതിനാദ്യം പോളിമര്‍ ഒരു ഒരു ഗ്രാം എടുക്ക്. എന്നിട്ട് ഈ “സാധനം” ഒരു ഒരു മില്ലീഗ്രാം അതിലേക്ക് ഇട്”

“വ്വോ..ശരി സാര്‍”

ആ പാവം വിദ്യാര്‍ത്ഥി ഒരു കൊറിയക്കാരനായിരുന്നു. ഒരു മില്ലീഗ്രാമിനു പകരം അദ്ദേഹം മനസ്സിലാക്കിയത് ഒരു ഗ്രാമെന്നായിരുന്നു. അതുകൊണ്ട് ഒരു ഗ്രാം പോളിമറിലേക്ക് അദ്ദേഹം ഒരു ഗ്രാം “സാധനം” ഇട്ടു.

ഷിരക്കാവാ സാര്‍ വന്നു നോക്കിയപ്പോള്‍ നല്ല കറത്തു പിടച്ച് കുറുമനേപ്പോലെയിരിക്കേണ്ട സാധനം നല്ല മെറ്റലുപോലെ പളപളാ തിളങ്ങിയിരിക്കുന്നു. അളവു മാറിപ്പോയി എന്ന് ഷിരക്കാവാ സാറിന് മനസ്സിലായി.

നമ്മളാണെങ്കില്‍ എന്തു ചെയ്യും?

എടുത്ത് തോട്ടില്‍ കളയും. എന്നിട്ട് ആ കൊറിയക്കാരനെ പത്തു തെറിയും പറഞ്ഞ്, അവനെ മാത്രമോ, പാവത്തിന്റെ വീട്ടിലിരിക്കുന്നവരേയും പറഞ്ഞ് പിന്നേം ഒന്നേന്നു തുടങ്ങാന്‍ പറയും.

അതുകൊണ്ടാണല്ലോ നമുക്കൊന്നും ഇതൊന്നും കിട്ടാത്തത്-ഏത്? നോബലേ.

ഷിരക്കാവാ സാര്‍ അതെടുത്ത് തോട്ടില്‍ കളഞ്ഞില്ല. കണ്ടാല്‍ മെറ്റലുപോലിരിക്കുകയായിരുന്നു ആ കുളമായ സാധനം. കണ്ടാല്‍ മെറ്റലുപോലെയാണെങ്കില്‍ ഇനി മെറ്റലുപോലെ പെരുമാറുകയും ചെയ്യുമോ- ഉദാഹരണത്തിന് ലെവനില്‍ കൂടി കറന്റെങ്ങാനും കടത്തിവിട്ടാല്‍ ഷോക്കടിക്കുമോ? അങ്ങിനെ പോയി അദ്ദേഹത്തിന്റെ ചിന്ത. എന്തിനങ്ങിനെ പോയി എന്നു ചോദിച്ചാല്‍ ഒരു നോബല്‍ അദ്ദേഹത്തിന്റെ തലയില്‍ അന്നേ എഴുതിവെച്ചിട്ടുണ്ടായിരുന്നു എന്നേ എനിക്കു പറയാന്‍ പറ്റൂ.

അദ്ദേഹം അതെടുത്ത് സൂക്ഷിച്ചു വെച്ചു. പിന്നെ എഴുപതുകളുടെ പകുതിക്ക് ഒരു ദിവസം ഹീഗര്‍ സാറുമായിട്ട് ജപ്പാനില്‍ ചായകുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഷിരക്കാവാ സാര്‍ ഈ കാര്യം ഹീഗര്‍ സാറിനോടും പറഞ്ഞു. സാര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ഹീഗര്‍ സാറിന്റെ അമേരിക്കയിലെ ലാബിലേക്ക് ക്ഷണിച്ചു. അവിടെ മക്‌ഡയാമിഡ് സാറുമുണ്ട്. മൂന്നു സാറന്മാരും കൂടി കുത്തിയിരുന്ന് കുത്തിയിരുന്ന് ഗവേഷിച്ച് ഗവേഷിച്ച്.......... അവസാനം 2000-ല്‍ നോബല്‍ സമ്മാനം കിട്ടി.

അപ്പോള്‍ നോബല്‍ സമ്മാനം കിട്ടാന്‍:

1. ഒന്നുമെടുത്ത് തോട്ടില്‍ കളയരുത്.
2. ചായ കുടിക്കണം.

(അനുബന്ധം: ഷിരക്കാവാ സാര്‍ ഉള്‍പ്പെട്ടവര്‍ക്ക് 2000-ല്‍ നോബല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ നമ്മുടെ നാട്ടിലൊക്കെ വന്‍ പ്രതിഷേധങ്ങള്‍ നടന്നു. എന്ത്? ചാലകപോളിമറുകള്‍ക്ക് 2000ല്‍ നോബല്‍ സമ്മാനമോ? ഞങ്ങളുടെ ലാബില്‍ 1995-ല്‍ തന്നെ ഇതുണ്ടാക്കിയതാണ്. റബ്ബറില്‍ കൂടി വൈദ്യുതി കടത്തിവിടാമെന്ന് ഞങ്ങള്‍ 1994-ല്‍ കണ്ടുപിടിച്ചതാണ് എന്നൊക്കെ പറഞ്ഞ് വന്‍ ബഹളമായിരുന്നു. പലരും ഓര്‍ത്തത് 1999-ലെ കണ്ടുപിടുത്തത്തിനാണ് 2000-ല്‍ നോബല്‍ സമ്മാനം കൊടുക്കുന്നത് എന്നാണ്. നോബല്‍ സമ്മാനം അങ്ങിനെ കഴിഞ്ഞ കൊല്ലം മാത്രം ചെയ്യുന്ന ഒരു ഗവേഷണത്തിന് അതിനടുത്ത കൊല്ലം കൊടുക്കുന്ന ഓസ്‌കാറല്ല. 1995-ല്‍ കുണ്ടറയിലെ ലാബില്‍ അണ്ണന്മാര്‍ ചാലക പ്ലാസ്റ്റിക്കുകളുണ്ടാക്കിയത് 1985-ല്‍ ഷിരക്കാവാ സാറൊക്കെ പ്രസിദ്ധീകരിച്ച പേപ്പറുകളെ ആസ്പദമാക്കിത്തന്നെയായിരുന്നു. ഇതിപ്പോള്‍ പറഞ്ഞു വന്നത്, നിങ്ങള്‍ കുറച്ചു ക്ഷമിക്കണം. കുറഞ്ഞത് ഒരു 2015-ലെങ്കിലുമേ വക്കാരിയുടെ ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ഫോട്ടോ പത്രങ്ങളുടെയൊക്കെ മുന്‍‌പേജില്‍ വരൂ-വക്കാരിക്കും നോബലുകിട്ടി എന്ന തലക്കെട്ടുമായി-പ്ലീസ് അതുവരെയൊന്നു പിടിച്ചു നില്‍ക്കണം).

നമ്മുടെയൊക്കെ അടുക്കളയിലെ നോണ്‍-സ്റ്റിക് പാത്രങ്ങളിലെ ടെഫ്ലോണ്‍ എന്ന സാധനവും ഇങ്ങിനെ സെരിന്റിപിറ്റിവഴിയായിരുന്നു. അതുപോലെ മറ്റു പല കണ്ടുപിടുത്തങ്ങളും. പക്ഷേ സെരിന്റിപ്പിറ്റി ഇപ്പം വരും ഇപ്പം വരും എന്നും പറഞ്ഞ് ആരും അരക്കിലോ പോളിമറിലേക്ക് പത്തുകിലോ “സാധനം” കമത്തിയേക്കരുതേ. നോബല്‍ തലയില്‍ വരച്ചിട്ടില്ലെങ്കില്‍ മിക്കവാറും പൊട്ടിത്തെറിയും പോരാത്തതിന് പുളിച്ച തെറിയുമായിരിക്കും ഫലം!

എങ്ങിനെയാണ് ഗവേഷണങ്ങള്‍ വിലയിരുത്തുന്നത്?

കാശുമുടക്കുന്നവര്‍ കാലാകാലങ്ങലില്‍ അവലോകനങ്ങള്‍ നടത്തും. പിന്നെ പ്രസിദ്ധീകരണങ്ങള്‍. ആദ്യകാലങ്ങളില്‍ ഏതെങ്കിലും കോണ്‍‌ഫറന്‍സിനൊക്കെ നമ്മുടെ കണ്ടുപിടുത്തങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിച്ചാല്‍ തന്നെ വലിയ കാര്യമായിരുന്നു. പിന്നെ പിന്നെ നല്ല നല്ല ഗവേഷണങ്ങളാണെങ്കില്‍ ഫലങ്ങള്‍ അന്താരാഷ്‌ട്ര പ്രസിദ്ധീകരണങ്ങളില്‍ വരണമെന്നായി. കാക്കത്തൊള്ളായിരം പ്രസിദ്ധീകരണങ്ങളുണ്ട് ഇപ്പോള്‍. ചിലതിലൊക്കെ നമ്മള്‍ ചെയ്യുന്ന കലാപരിപാടികള്‍ പ്രസിദ്ധപ്പെടുത്താന്‍ വലിയ പാടാണ്. അടിപൊളി കണ്ടുപിടുത്തങ്ങളൊക്കെയാണെങ്കിലേ അവരൊക്കെ നമ്മളെ ചിരിച്ചുകാണിക്കൂ. ശാസ്ത്രമേഖലയില്‍ സെല്‍, നേച്ചര്‍, സയന്‍സ് മുതലായ പ്രസിദ്ധീകരണങ്ങള്‍ ഈ വിഭാഗത്തില്‍ പെടും. ഒരു ഗവേഷണ പ്രസിദ്ധീകരണത്തിന്റെ നിലവാരം അളക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം അതില്‍ പ്രസിദ്ധപ്പെടുത്തുന്ന ഒരു ലേഖനം ലോകത്തുള്ള ബാക്കി ഗവേഷകര്‍ എത്രമാത്രം ഉപയോഗിക്കുന്നുണ്ട് അവരുടെ ഗവേഷണത്തിന് എന്നെതിനെ ആസ്പദമാക്കിയാണ്. വളരെ നല്ല കണ്ടുപിടുത്തങ്ങള്‍ പില്‍‌ക്കാലങ്ങളിലുള്ള വളരെയധികം ഗവേഷണത്തിന് വളം വെക്കും. ഇപ്പോള്‍ പ്രസിദ്ധീകരണത്തേക്കാളും വില പേറ്റന്റിനാണ്. നല്ല നല്ല കണ്ടുപിടുത്തങ്ങളാണെങ്കില്‍ പേറ്റന്റെടുക്കാം. ഒരു പേറ്റന്റ് എങ്കിലും ക്ലിക്കായാല്‍ പൂത്ത കാശും കിട്ടും. പക്ഷേ പാടാണ്.

ഗവേഷിച്ച് ഗവേഷിച്ച് ഒന്നിലും എത്തിയില്ലെങ്കില്‍ പെട്ടിമടക്കേണ്ടി വരുമോ എന്നുള്ള ചോദ്യത്തിന് ഉത്തരം ശരിക്കങ്ങ് തരാന്‍ പറ്റില്ല എന്നാണ് തോന്നുന്നത്. അടിച്ച വഴിയേ പോയില്ലെങ്കില്‍ പോയ വഴിയേ അടിക്കാനുള്ള സ്കോപ്പ് ഉള്ളതുകാരണം പരമാവധി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ നോക്കും. പിന്നെ ഡിഗ്രിക്കു വേണ്ട ഗവേഷണമാണെങ്കില്‍ അവസാനം പ്രബന്ധം തയ്യാറാക്കി രണ്ടോ മൂന്നോ പരിശോധകരെക്കൊണ്ട് പരിശോധിപ്പിക്കും. നാട്ടിലെ ചില സ്ഥാപനങ്ങളില്‍ ആ പരിശോധകരില്‍ ഒരാളെങ്കിലും വിദേശിയായിരിക്കണമെന്നുമുണ്ട്. അവര്‍ വിലയിരുത്തും. കൊള്ളില്ല എന്നവര്‍ പറഞ്ഞാല്‍ കൊള്ളാവുന്ന രീതിയിലാക്കണം. പിന്നെ അവര്‍ നേരിട്ടും നമ്മള്‍ പറയുന്നത് കേള്‍ക്കാന്‍ വരും. അവരുടെ മുന്‍പില്‍ കാര്യങ്ങളെല്ലാം അവതരിപ്പിച്ച് ചോദ്യോത്തരങ്ങളെ നേരിടണം. പിന്നെ ഗവേഷണത്തിനിടയ്ക്കും ഗവേഷണക്കമ്മറ്റിക്കാരുടെ മുന്‍പില്‍ കാലാകാലങ്ങളില്‍ സംഗതികളൊക്കെ അവതരിപ്പിച്ച് “വെല്‍ ഡണ്‍ ബോയ്, കീപ്പിറ്റപ്പ്” വാങ്ങിക്കണം. ഇതെല്ലാം കഴിഞ്ഞാലേ ഗവേഷണബിരുദപ്പട്ടം നമുക്കു ചാര്‍ത്തിത്തരൂ. വലിയ പാടു തന്നെ.

അതായത് ഗവേഷണത്തിനെ കാലാകാലങ്ങളില്‍ വിദഗ്‌ദര്‍ വിലയിരുത്തുന്നുണ്ടെന്ന് ചുരുക്കം.

കളിപ്പീരുണ്ടോ?

ഉണ്ടോന്ന്!

പച്ച വെള്ളത്തില്‍ നിന്ന് പച്ചിലകള്‍ ചേര്‍ത്ത് പച്ചയായി പെട്രോള്‍ ഉണ്ടാക്കാമെന്ന് പച്ചയ്ക്ക് ചിരിച്ച് രാമര്‍ പിള്ളേച്ചന്‍ പച്ചയായി പറഞ്ഞപ്പോള്‍ അഞ്ഞൂറിന്റെ എത്ര പച്ചനോട്ടുകളാ കരുണയോടെ കരുണ്‍‌നിധി എടുത്തുകൊടുത്തത്. ആ പച്ചനോട്ടുകളെല്ലാം വാങ്ങിച്ച പിള്ളേച്ചന്‍ ഇപ്പോള്‍ പച്ചവെള്ളം പച്ചയ്‌ക്കുതന്നെയാണോ കുടിക്കുന്നതെന്നുപോലും അറിയില്ല. അദ്ദേഹം ഏതായാലും യൂണിവേഴ്‌സിറ്റിയില്‍ ഒന്നും പോയി ഗവേഷിക്കാതെതന്നെയായിരുന്നു പച്ചയായ ആ കണ്ടുപിടുത്തങ്ങള്‍.

സ്റ്റെം സെല്‍ റിസേര്‍ച്ച് എന്ന ഒരു ഗംഭീരന്‍ ഗവേഷണം ലോകമെങ്ങും നടക്കുന്നുണ്ട്. അമേരിക്കയില്‍ മതപരമായ ഇടപെടലുകള്‍ മൂലം ആ ഗവേഷണം അത്രയ്ക്കങ്ങ് അടിപൊളിയാക്കാന്‍ പറ്റുന്നില്ല. ദക്ഷിണ കൊറിയയിലൊക്കെ വളരെയധികം ഗവേഷണം ആ മേഖലയില്‍ നടക്കുന്നുണ്ട്. അതിന്റെ ചക്രവര്‍ത്തിപ്പട്ടം ഉണ്ടായിരുന്ന ഒരു ദക്ഷിണകൊറിയന്‍ ഗവേഷകന്റെ പട്ടമൊക്കെ ഈയിടെ ഊരിവാങ്ങി. സയന്‍‌സിന്റെ ഏറ്റവും പ്രധാന പ്രസിദ്ധീകരണമായ സയന്‍സ് എന്ന മാസികയില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച പ്രബന്ധം തട്ടിപ്പായിരുന്നത്രേ. ലബോറട്ടറിയില്‍ ചെയ്യുകപോലും ചെയ്യാത്ത കാര്യങ്ങള്‍ അദ്ദേഹം ചെയ്‌തൂ എന്നും പറഞ്ഞ് പ്രസിദ്ധീകരിച്ചു!.

തട്ടിപ്പ് കൊറിയയില്‍ മാത്രമല്ല, പലയിടത്തുമുണ്ട്. പറഞ്ഞിട്ട് കാര്യമില്ല, വലിയ പാടാണെന്നേ..

നാട്ടിലെങ്ങിനെ?

തട്ടിപ്പോ?

അല്ല ഗവേഷണം മൊത്തത്തില്‍?

പൈസയുടെ പ്രശ്നമുണ്ട്. പൈസയുടെ പ്രശ്നം ഗവേഷണം ചെയ്യുന്നവര്‍ക്കുമുണ്ട്. അതുകൊണ്ട് ഒരു ജോലികിട്ടുന്നതുവരെയുള്ള ഇടക്കാലാശ്വാസമായാണ് കുറേപ്പേരെങ്കിലും നാട്ടില്‍ ഗവേഷണം ചെയ്യുന്നത്-അല്ലെങ്കില്‍ ഒരു ജോലി കിട്ടാന്‍ വേണ്ടി. എല്ല്ലാവരുമല്ല കേട്ടോ. പേരുകേട്ട ഗവേഷണ സ്ഥാപനങ്ങളും ഗവേഷകരും ഉള്ള നാടുതന്നെ നമ്മുടെ നാട്.

ഒരു ദിവസം ഹോസ്റ്റലില്‍ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏതോ ഒരു സ്കോളര്‍‌ഷിപ്പിനര്‍ഹനായ ഷാനവാസ് അ സ്കോളര്‍‌ഷിപ്പ് വേണ്ടെന്നു വെച്ചു-കാരണം പഠനം കഴിഞ്ഞ് മൂന്നുകൊല്ലം ആ സ്കോളര്‍‌ഷിപ്പ് തരുന്ന അള്‍ക്കാരുടെ അടുത്ത് ജോലി ചെയ്യണം. ഷാനവാസാണെങ്കില്‍ ഗള്‍ഫില്‍ പോകാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്, കോഴ്സ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ. മെസ്സില്‍ വെച്ച് ഗവേഷണം ചെയ്യുന്ന ലാലേട്ടന്‍ ഷാനവാസിനോട് ചോദിച്ചു,

“എടാ, ഷാനവാസേ, നീയെന്തിനാടാ ആ സ്കോളര്‍ഷിപ്പ് വേണ്ടെന്ന് വെച്ചത്? ഇനിയെങ്ങാനും ഗല്‍ഫിനു പോകാനും പറ്റിയില്ല, നാട്ടില്‍ ഒരു ജോലീം കിട്ടിയില്ല എന്നായാല്‍ പ്രശ്നമായില്ലേ?”

ഷാനവാസ് ഒരു നിമിഷം ആലോചിച്ചു-എന്നിട്ട് പറഞ്ഞു-

“ഒരു പണിയും കിട്ടിയില്ലെങ്കില്‍ ഞാനിവിടെ വന്ന് ലാലേട്ടനെപ്പോലെ ഗവേഷണം തുടങ്ങും”

അതാണ് നാട്ടിലെ ഒരു സ്ഥിതി. സമ്പൂര്‍ണ്ണ ഗവേഷണത്തിനായി ജീവിതം ഉഴിഞ്ഞുവെക്കാന്‍ പറ്റിയ ഒരു സ്ഥിതിവിശേഷമല്ലല്ലോ നാട്ടില്‍ പലരുടേയും. അരിയേപ്പറ്റി ഗവേഷിക്കാം. പക്ഷേ അരിവാങ്ങാന്‍ കാശുവേണ്ടേ? പക്ഷേ ഇപ്പോള്‍ സര്‍ക്കാര്‍ ഗവേഷണത്തിന് പണ്ടത്തേതിനേക്കാളും മുന്‍‌ഗണന കൊടുക്കുന്നുണ്ട്.

ഗവേഷണം കഴിഞ്ഞാല്‍?

ഒരു ചോദ്യമാണ്. ജോലി അല്ലെങ്കില്‍ തുടര്‍ ഗവേഷണം.... തുടര്‍ ഗവേഷണത്തിന് നാടിനേക്കാള്‍ നാടിനു വെളിയിലാണ് ആള്‍ക്കാരുടെ നോട്ടം. കുറച്ചുകൂടി സൌകര്യങ്ങള്‍, ലൈബ്രറി, കിട്ടുന്ന ഡോളര്‍-യൂറോ-യെന്ന്. തുടര്‍ ഗവേഷണത്തെ പോസ്റ്റ് ഡോക്ടറല്‍ റിസേര്‍ച്ച് എന്നാണ് വിളിക്കുന്നത്. റിസേര്‍ച്ച് അസോസ്സിയേറ്റെന്നും ചിലപ്പോള്‍ ഇവരെ വിളിക്കും. കുറച്ച് മൂക്കുന്നവരെ റിസേര്‍ച്ച് പ്രൊഫസര്‍ എന്നും വിളിക്കും. മിക്കവാറും സ്ഥിരം പോസ്റ്റാവില്ല. ഓരോ പ്രൊജക്റ്റിനെ അനുസരിച്ചിരിക്കും. ഗവേഷണാനന്തര ഗവേഷകര്‍ക്ക് ധനസഹായം തരുന്ന സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികള്‍ പല രാജ്യത്തുമുണ്ട്. പലതും വളരെ പേരുകേട്ട ഫെലൊഷിപ്പാണ് തരുന്നത്. മിക്കവാറും നമ്മള്‍ വിദേശത്തെ നമ്മുടെ മേഖലയില്‍ ഗവേഷണം നടത്തുന്ന ഒരു സാറിനെ കണ്ടുപിടിച്ച്, അവരോട് ആശയവിനിമയം നടത്തിയാണ് സംഗതി ഒപ്പിച്ചെടുക്കുന്നത്. പ്രസ്ഥാനങ്ങള്‍ വഴിയുള്ള ഫെലോഷിപ്പാണെങ്കില്‍ നമ്മള്‍ ഒരു റിസേര്‍ച്ച് പ്രൊപ്പോസലും കൊടുക്കണം. കുറേപ്പേര്‍ ചേര്‍ന്ന് അത് വിലയിരുത്തിയതിനു ശേഷം അവര്‍ തീരുമാനിക്കും, ലെവന് കൊടുക്കണോ വേണ്ടയോ എന്ന്. അവിടേയും വലിയ പാടു തന്നെ.

ജോലി കിട്ടുമോ?

നോക്കണം.

അപ്പോള്‍ ഇതു താന്‍‌ടാ ഗവേഷണം. ആര്‍ക്കെങ്കിലും ഈ സാഗരത്തില്‍ ഒന്ന് നീന്തിക്കുളിക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ വരൂ, മുങ്ങൂ, പൊങ്ങൂ............

ഞാന്‍ മടുത്തൂ............ ദാ.. എന്റ്.

Would RSS advertising help your business? If you don't know, Squeet would like to invite you to find out...

We deliver over 2,500,000 syndicated feed articles each month to users like you. Smart, tech savvy, ahead of the curve, and not afraid to try new things or make purchases online. We'd like to encourage you to try advertising with us by offering you 5,000 free ads. That way there's no risk to you -- no strings or obligations whatsoever -- and success is ensured. We'll even give you the tools you need to track your ad, so you can make an informed decision as to whether you'd like to continue sponsoring Squeet emails or not.

Good advertising never costs money...it makes money.
5,000 Free Ads - Learn More

posted by സ്വാര്‍ത്ഥന്‍ at 11:27 AM

0 Comments:

Post a Comment

<< Home