Gurukulam | ഗുരുകുലം - വസന്തതിലകം
| URL:http://malayalam.usvishakh.net/blog/archives/144 | Published: 6/22/2006 5:34 AM |
| Attachment: vt.mp3 Attachment: vt-1.mp3 Attachment: vaaraasi-one.mp3 Attachment: vt-2.mp3 Attachment: kantaal-one.mp3 Attachment: suprabhaatham.mp3 Attachment: 130-haajanya.mp3 Attachment: 120-kantaal.mp3 Attachment: 1136-kuttikkuramga.mp3 | Author: ഉമേഷ് | Umesh |
“ശ്രീവേങ്കടാചലപതേ, തവ സുപ്രഭാതം…”
എം. എസ്. സുബ്ബലക്ഷ്മി പാടിയ വേങ്കടേശ്വരസുപ്രഭാതം ഒരിക്കലെങ്കിലും കേള്‍ക്കാത്തവര്‍ കുറവായിരിക്കും. അതിലെ മിക്ക ശ്ലോകങ്ങളുടെയും വൃത്തമാണു് വസന്തതിലകം.
വളരെ പ്രചാരത്തിലുള്ള ഒരു വൃത്തമാണിതു്. മഹാകാവ്യങ്ങള്‍ മിക്കതിലും ഒരു സര്‍ഗ്ഗം ഈ വൃത്തത്തിലാണു്. മലയാളത്തില്‍, കുമാരനാശാന്റെ വീണ പൂവു്, വി. സി. ബാലകൃഷ്ണപ്പണിക്കരുടെ വിശ്വരൂപം തുടങ്ങി പല ഖണ്ഡകാവ്യങ്ങളുടെയും വൃത്തം ഇതാണു്. അക്ഷരശ്ലോകസദസ്സുകളില്‍ ശാര്‍ദ്ദൂലവിക്രീഡിതവും സ്രഗ്ദ്ധരയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വൃത്തവും ഇതു തന്നെ.
വസന്തതിലകത്തില്‍ ഗുരുക്കളും (-) ലഘുക്കളും (v) ഇങ്ങനെ ഒരു വരിയില്‍ വരും:
- - v - v v v - v v - v - - (ത ഭ ജ ജ ഗ ഗ)
വൃത്തമഞ്ജരിയിലെ ലക്ഷണം താഴെച്ചേര്‍ക്കുന്നു.
| ചൊല്ലാം വസന്തതിലകം തഭജം ജഗംഗം | |
| download MP3 |
സംസ്കൃതവൃത്തങ്ങളുടെ ലക്ഷണങ്ങള്‍ ഉദാഹരണങ്ങള്‍ കൂടിയാണു്. ലക്ഷണം അതാതു വൃത്തത്തില്‍ത്തന്നെയായിരിക്കും എന്നര്‍ത്ഥം. ഇവിടെ, മുകളില്‍ക്കൊടുത്തിരിക്കുന്ന ലക്ഷണം വസന്തതിലകവൃത്തത്തിന്റെ ഒരു വരി തന്നെയാണു്.
വസന്തതിലകം ഇങ്ങനെ ചൊല്ലാം:
| താരാര താരതര താരര താരതാരാ | |
| download MP3 |
ഉദാഹരണമായി,
| വാരാശി, തന്നൊടുവിലെശ്ശിശു കേരളത്തെ (ഉള്ളൂര്‍ - ഉമാകേരളം) | |
| download MP3 |
അല്ലെങ്കില്‍ ഇങ്ങനെയും ചൊല്ലാം:
| താരാ തരാരതരരാ തര താരതാരാ | |
| download MP3 |
ഉദാഹരണം:
| കണ്ടാല്‍ ശരിയ്ക്കു കടലിന്മകള്‍, നാവിളക്കി (ഉള്ളൂര്‍ - ഉമാകേരളം) | |
| download MP3 |
വേങ്കടേശ്വരസുപ്രഭാതത്തിന്റെ വൃത്തം വസന്തതിലകമാണെന്നു പറഞ്ഞല്ലോ. ഒരു ശ്ലോകം:
| മാതഃ സമസ്തജഗതാം മധുകൈടഭാരേര്‍- വക്ഷോവിഹാരിണി മനോഹരദിവ്യരൂപേ ശ്രീസ്വാമിനി ശ്രിതജനപ്രിയദാനശീലേ ശ്രീവേങ്കടേശദയിതേ തവ സുപ്രഭാതം! | |
| download MP3 |
യതി ആവശ്യമില്ലാത്തതു കൊണ്ടു്, ഒഴുക്കുള്ള ചെറിയ ശ്ലോകങ്ങള്‍ വാര്‍ക്കാന്‍ വസന്തതിലകത്തിനുള്ള കഴിവു് അന്യാദൃശമാണു്. ശയ്യാഗുണം തുളുമ്പുന്ന, ഒറ്റയടിക്കു ചൊല്ലേണ്ട
| ഹാ! ജന്യസീമ്‌നി പല യോധഗണത്തെയൊറ്റയ്– ക്കോജസ്സു കൊണ്ടു വിമഥിച്ച യുവാവു തന്നെ വ്യാജപ്പയറ്റില്‍ വിജയിച്ചരുളുന്ന ദൈത്യ– രാജന്നെഴും സചിവപുംഗവ, മംഗളം തേ! (വള്ളത്തോള്‍ - ബന്ധനസ്ഥനായ അനിരുദ്ധന്‍) | |
| download MP3 |
തൊട്ടു്, ആശയങ്ങള്‍ വരികളുടെ ഇടയ്ക്കുവെച്ചു മുറിയുന്ന
| കണ്ടാല്‍ ശരിയ്ക്കു കടലിന്മകള്‍, നാവിളക്കി– ക്കൊണ്ടാല്‍ സരസ്വതി, കൃപാണിയെടുത്തു നിന്നാല്‍ വണ്ടാറണിക്കുഴലി ദുര്‍ഗ്ഗ, യിവണ്ണമാരും കൊണ്ടാടുമാറു പല മട്ടു ലസിച്ചിരുന്നു. (ഉള്ളൂര്‍ - ഉമാകേരളം) | |
| download MP3 |
വരെ ഏതു രീതിയിലുള്ള ശ്ലോകത്തിനും ഇതു് അനുയോജ്യമാണു്. ശൃംഗാരം തൊട്ടു ശാന്തം വരെ എല്ലാ രസങ്ങളും വസന്തതിലകത്തില്‍ ശോഭിക്കും.
മലയാളത്തില്‍, ദ്വിതീയാക്ഷരപ്രാസം ഈ വൃത്തത്തിലുള്ള ശ്ലോകങ്ങള്‍ക്കു് ഒരു പ്രത്യേകഭംഗി നല്‍കും. മുകളിലുദ്ധരിച്ച മലയാളശ്ലോകങ്ങള്‍ ഉദാഹരണം. തൃതീയാക്ഷരപ്രാസവും വളരെ ഭംഗിയാണു്. രണ്ടുമുള്ള ഒരു ശ്ലോകം ഇതാ:
| കുട്ടിക്കുരംഗമിഴിയാമുമതന്റെ ചട്ട പൊട്ടിക്കുരുത്തിളകുമക്കുളുര്‍കൊങ്ക രണ്ടും മുട്ടിക്കുടിക്കുമൊരു കുംഭിമുഖത്തൊടൊത്ത കുട്ടിയ്ക്കു ഞാന്‍ കുതുകമോടിത കൈതൊഴുന്നേന്‍! (വെണ്മണി മഹന്‍ നമ്പൂതിരി) | |
| download MP3 |
ഇപ്പോള്‍ ശ്ലോകം കേട്ടാല്‍ വസന്തതിലകത്തിനെ തിരിച്ചറിയാന്‍ പറ്റുന്നില്ലേ?

0 Comments:
Post a Comment
<< Home