Wednesday, June 21, 2006

സമകാലികം - ഭാഷാസംക്രമണം

URL:http://samakaalikam.blogspot.com/2006/06/blog-post.htmlPublished: 6/22/2006 3:26 AM
 Author: ദേവരാഗം
(സുധീറിന്റെ ലേഖനത്തിന്‌ ഒരടിക്കുറിപ്പ്‌)

എല്ലാ നാടിനും പല കാലങ്ങളിലായി തദ്ദേശീയ മനുഷ്യഭാഷകള്‍ മെല്ലെ രൂപപ്പെട്ടു വന്നു, തലമുറതോറും പരിഷ്കരിക്കപ്പെട്ടും വന്നു. ഒരു പുതിയ കാഴ്ച കാണുമ്പോള്‍ അതു കാണിച്ചു തന്നവന്‍ പറയുന്ന പേര്‍ കേള്‍ക്കുന്നവന്റെ ഭാഷയിലെ പുതിയൊരു വാക്കാവുന്നത്‌ സ്വാഭാവികം (ഉദാ: കക്കൂസ്‌ എന്ന ഡച്ച്‌ പദം - ലന്തന്‍ ബത്തേരിയില്‍ നിന്ന്. കണ്ട തോട്ടുവരമ്പില്‍ ശോധന നടത്തിക്കൊണ്ടിരുന്ന മലയാളിക്ക്‌ ഡച്ചുകാരന്‍ കാട്ടിക്കൊടുത്ത ശൌചഗേഹത്തിന്‌ ഡച്ച്‌ ഭാഷയിലല്ലേ പേര്‍ വരൂ)

എന്നാല്‍ ശക്തമായി ഒരു ഭാഷ തദ്ദേശീയ ഭാഷയില്‍ കടന്നു കയറണമെങ്കില്‍ മറ്റെന്തെങ്കിലും തരം ഒരധിനിവേശവും കൂടി വേണമെന്ന് തോന്നുന്നു. മറ്റാരു വരുന്നതിലും മുന്നേ ചൈനക്കാര്‍ നമ്മുടെ കേരളത്തില്‍ സ്ഥിരം കച്ചവടക്കാര്‍ ആയിരുന്നെങ്കിലും ഇംഗ്ലീഷ്‌ വാക്കുകളുടെ നൂറിലൊന്ന് ചൈനീസ്‌ വാക്കുകള്‍ നമുക്കില്ല. കാരണം ഭരണം ബ്രിട്ടീഷുകാരന്‍ ഭരണം കയ്യാളി അത്‌ ഇംഗ്ലീഷില്‍ നടത്തി എന്നതാണ്‌.

കേരളത്തിന്റെ തദ്ദേശീയ ഭാഷ ഏതാണെന്ന് എനിക്കറിവില്ല. ആദി ദ്രാവിഡന്റെ ഭാഷയായ സംഘത്തമിഴ്‌ പോലും എവിടെ നിന്നെങ്കിലും വന്നതായിരിക്കാം. വിവരങ്ങളില്ലാത്തതു മൂലം സംഘത്തമിഴ്‌ ആയിരുന്നു കേരളത്തിന്റെ തനത്‌ ഭാഷ എന്ന് അനുമാനിക്കാം (അതിനു മുന്നേയുള്ള കണ്ണികള്‍ അഥവാ ഉണ്ടെങ്കില്‍ തന്നെ പില്‍ക്കാലത്തെ assimilation നില്‍ അതു പ്രസക്തവുമല്ല.)

ബ്രഹ്മി കോലെഴുത്തും പിന്നെ വട്ടെഴുത്തുമായി നമ്മുടെ സംഘത്തമിഴ്‌ ഭാഷ പുരോഗമിക്കവേ ദൈവത്തിന്റെ കണ്‍സൈന്‍മന്റ്‌ ഏജെന്റ്‌ എന്ന് അവകാശപ്പെട്ട്‌ നമ്പൂരിശ്ശനും ആയുധവ്യാപാരി നായരും ബൌദ്ധധര്‍മ്മ മോക്ഷദായകര്‍ ഈഴവരും പലദിക്കില്‍ നിന്നും പലകാലത്ത്‌ എത്തി. ഈ കടന്നുകയറ്റക്കാര്‍ക്കാര്‍ക്കും സംസ്കൃതത്തിന്റെ വേരിയന്റുകളല്ലാതെ വട്ടെഴുത്തിന്റെ ഭാഷ അറിയില്ലായിരുന്നു. സംസ്കാരത്തിന്റെയും, അറിവിന്റെയും, അവകാശത്തിന്റെയും അടിച്ചേല്‍പ്പിക്കലിനൊപ്പം സംഘത്തമിഴും ബലാത്സംഗം ചെയ്യപ്പെട്ട്‌ മലയാളമെന്ന സങ്കര ശിശുവിന്റെ അമ്മയായി.

[അധിനിവേശം എന്നും ബലാത്സംഗമായിരുന്നു. ഭാഷയൂം , സംസ്കാരത്തിന്റെയും, ജീവിത രീതിയുടെയും, അവകാശങ്ങളുടേയും, തത്വശാസ്ത്രങ്ങളുടേയും, മത/ദൈവ വിശാസങ്ങളുടേയുമൊപ്പം വിസമ്മതാവസ്ഥയില്‍ വഴങ്ങി. രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യം- മംഗോള്‍- നിരന്തര ബലാത്സംഗത്തിലൂടെ നേടിയതാണ്‌. പതിനാറു മില്ല്യണ്‍ കൊച്ചുമക്കളുമായി ജെങ്കിസ്‌ ഖാന്‍ ലോകം കണ്ട ഏറ്റവും വലിയ ആല്‍ഫാമെയില്‍
ആയിഭവിച്ചു.]

കടന്നു കയറ്റത്തിന്റെ അനുസരിച്ച്‌ ഭാഷാമാറ്റത്തിന്റെയും തോത്‌ മാറുന്നു എന്ന് ഞാന്‍ വിശ്വസിക്കാനിഷ്ടപ്പെടുന്നു. പുത്തന്‍ മതവും, വിദ്യയും ഭരണവുമായി വന്ന ആര്യന്‍ ഹാരപ്പന്‍ ഹാരപ്പന്‍ ഭാഷയെ സംസ്കൃതവും, ഇതേ അജെന്‍ഡയുമായി പിന്നെ വന്ന അറബി/കാബൂളി അധിനിവേശകര്‍ള്‍ സംസ്കൃതത്തെ urdu/ഹിന്ദിയും, ബ്രാഹ്മണന്‍ ഗോത്രങ്ങളില്‍ നടത്തിയ അധിനിവേശം പ്രാദേശിക ഭാഷകളെ വലിയൊരു പരിധിവരെ സംസ്കൃതസമവും ആക്കിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പിന്നീടുള്ള അധിനിവേശങ്ങള്‍ ഭാഗികമായിരുന്നു. അതില്‍ ഏറ്റവും വലിയത്‌-ബ്രിട്ടീഷ്‌ അധിനിവേശം- പോലും ഭരണാവകാശങ്ങള്‍ പിടിച്ചെടുത്ത്‌ നമ്മെ കോളനികള്‍ ആക്കിയെന്നല്ലാതെ നശിപ്പിച്ച്‌ മറ്റൊന്നാക്കാന്‍ ശ്രമിച്ചിട്ടില്ലാത്തതിനാല്‍ ഇംഗ്ലീഷിന്‌ മറ്റൊരു ഉറുദുവോ സംസ്കൃതമോ ആകാന്‍ കഴിഞ്ഞില്ല.

സ്വാംശീകരണമെന്നും നടന്നിരുന്നു. ഒരു പ്രത്യയശാസ്ത്രം മാറുമ്പോള്‍ കമ്യൂണിസ്റ്റിനേയും ഒരു പ്രതിഷേധമുറ മാറുമ്പോള്‍ അത്‌ ഇങ്ക്വിലാബിനെയും, ഒരു അധികാരി മാറുമ്പോള്‍ മദാമ്മയേയും കാര്‍ഷിക രീതി മാറുമ്പോള്‍ കൊപ്രയും മലയാളത്തിനു ലഭിച്ചു. സാങ്കേതികമായ വാക്കുകള്‍ മലയാളിക്കെനും ആധുനിക ജീവിതം ആദ്യം കാട്ടിത്തന്ന സായിപ്പിന്‍ന്റേതാണ്‌, മൊബൈലും കാറും കമ്പ്യൂട്ടറും കാല്‍ക്കുലേറ്ററുമെല്ലാം.

posted by സ്വാര്‍ത്ഥന്‍ at 8:10 PM

0 Comments:

Post a Comment

<< Home