മഴനൂലുകള്‍... - നക്ഷത്രങ്ങള്‍ പെയ്യുവോളം...
URL:http://mazhanoolukal.blogspot.com/2006/06/blog-post_20.html | Published: 6/20/2006 11:33 AM |
Author: മഴനൂലുകള്‍... |
കറുത്ത വിരികളിട്ട ചില്ലുജാലകത്തിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം ആ മുറിയ്ക്ക് സ്വതവേയുള്ള അസാധാരണത്വം ഒന്നു കൂടി വര്‍ദ്ധിപ്പിയ്ക്കുന്നുണ്ടായിരുന്നു. എനിയ്ക്കെന്തോ, അതെന്നും, ഈര്‍പ്പം തങ്ങിനില്‍ക്കുന്ന, തണുത്തുറഞ്ഞ ഒരു മാളം പോലെയാണ് തോന്നിയിട്ടുള്ളത്. സുരക്ഷിതത്വവും ഭയാനകതയും ഒരേസമയം ജനിപ്പിയ്ക്കുന്ന ഒന്ന്. ഒപ്പം അശ്ലീലത കലര്‍ന്ന ഇരുളും.
.............
നഗരം ഗാഢമായ നിദ്രയിലാണ്. താഴെ, ആള്‍ത്തിരക്കൊഴിഞ്ഞ നിരത്തില്‍, നിസ്സഹായമായൊരൊറ്റപ്പെടല്‍ പോലെ വഴിവിളക്കുകള്‍ കാണാം. ഇവിടെ ഒറ്റപ്പെടലിന്റെ, അതില്‍നിന്നുള്ള രക്ഷതേടലിന്റെ മറ്റൊരു മുഖം...
വിളിയ്ക്കുമ്പോഴെല്ലാം, തിരക്കുകള്‍ മറന്നിവിടെ വന്നെത്തുന്നതെന്തെന്ന്, തെല്ലമ്പരപ്പോടെ ഞാനോര്‍ത്തു. പക്ഷേ, 'വാക്കുകള്‍ കൊണ്ടു മരണപ്പെടാതെ നിനക്കരികില്‍ കുറച്ചു നേരം തനിച്ചിരിയ്ക്കണം' എന്നവള്‍ പറയുമ്പോള്‍ എനിയ്ക്കിനിയും ഇവിടേയ്ക്കു വരാതിരിയ്ക്കാനുമാവില്ലല്ലോ...
ഗ്ലാസ്സില്‍ അലിയാതെ കിടന്ന മഞ്ഞുകട്ടകളെ ചുവരിലേയ്ക്കെറിഞ്ഞ് ഞാന്‍ പുറംകാഴ്ച്ചകളില്‍നിന്നും മുഖം തിരിച്ചു.
മുറിയുടെ കോണിലിരുന്ന് പുക ആഞ്ഞുവലിയ്ക്കുകയാണവള്‍... കണ്ണുകളടച്ച്... ഓരോശ്വാസവും ദീര്‍ഘമായെടുത്ത്...
ആ മുഖത്തുകണ്ട അവിശ്വസനീയമായ ശാന്തത ഏതു കൊടുങ്കാറ്റിനെയാണ് ഗര്‍ഭംധരിച്ചിരിയ്ക്കുന്നത്? നെറ്റിയിലെ, മാഞ്ഞുതുടങ്ങിയ മുറിപ്പാടിലൂടെ വിരലുകളോടിയ്ക്കുമ്പോള്‍ ഓര്‍ത്തുപോയി...
പെട്ടെന്നവള്‍ ധരിച്ചിരുന്ന ഒറ്റവസ്ത്രം അഴിച്ചെറിഞ്ഞെനിയ്ക്കരികിലേയ്ക്കു വന്നു. കൈകള്‍ കഴുത്തിലൂടെ കോര്‍ത്തിട്ട്, ലഹരിയേറുമ്പോള്‍ മാത്രമുള്ള ആ ഇടര്‍ച്ചയോടെ പറഞ്ഞു - 'നൃത്തം... നക്ഷത്രങ്ങള്‍ പെയ്യുവോളം...'
പുകയുടെ ലഹരികനത്ത ഗന്ധത്തിനും മീതെയായ് അവളുടെ തീക്ഷ്ണ സുഗന്ധം ഇപ്പോള്‍ എന്റെ നാസാരന്ധ്രങ്ങളിലേയ്ക്ക് തുളഞ്ഞിറങ്ങി. പാതികൂമ്പിയ ആ മിഴികളിലെ ചുവപ്പുരാശിയില്‍ നോക്കിനില്‍ക്കെ, ഹൃദയതാളങ്ങള്‍ക്കു ഒരുനിമിഷം ചുവടുതെറ്റിയോ...?
പിന്നെയെപ്പോഴോ, മഴനൂലുകള്‍ വൃക്ഷത്തലപ്പുകളില്‍ നൃത്തം തുടങ്ങിയപ്പോള്‍, നിശബ്ദമായ ഏതോ സംഗീതത്തിന് അവളും ചുവടുവച്ചു തുടങ്ങി.
ഒരു നേര്‍ത്ത ചാറ്റല്‍ മഴ പോലെ ഇടറിത്തുടങ്ങിയ അത് പെട്ടെന്നാണൊരു പെരുമഴയുടെ രൌദ്രത ആവാഹിച്ചത്. വന്യമായ ആ ആവേഗത്തോടൊപ്പം മഴമേഘങ്ങളും ഭ്രാന്തമായ് പെയ്തൊടുങ്ങി.
ചുവടുകളുടെ ചടുലതയില്‍, മുദ്രകളുടെ വശ്യതയില്‍ സമയസൂചികകള്‍ ലയിച്ചതുപോലെ തോന്നിയെനിയ്ക്ക്... തീക്ഷ്ണമായ ഏതോ ചൂടില്‍ അവിടമാകെ എരിയുന്നതു പോലെയും. മരവിച്ചുറഞ്ഞ ആ രാത്രിയിലും ഞാന്‍, വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങി.
എന്നെ ഉറ്റുനോക്കി അവളൊരു നിമിഷം നിശ്ചലയായി.
പിന്നെ കൈത്തണ്ടയില്‍നിന്നും വിയര്‍പ്പുതുള്ളികള്‍ നക്കിയെടുത്തുകൊണ്ട് എന്റെ കാതില്‍ മന്ത്രിച്ചു. 'എന്റെ സങ്കടങ്ങളുടെ ഉപ്പുണ്ട്, ഈ വിയര്‍പ്പില്‍... നിന്റെ സിരകളിലോടുന്ന മദ്യത്തെക്കാള്‍ ലഹരിയേറുമിതിന്...'
ആ കണ്ണുകള്‍ തിളങ്ങുന്നത് ഇരുട്ടിലും ഞാന്‍ വ്യക്തമായി കണ്ടു.
ബോധത്തിന്റെ അലിയുന്ന വരമ്പുകളില്‍ തരിച്ചിരുന്ന എന്നെ നോക്കി ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് അവള്‍ വീണ്ടും നൃത്തം തുടര്‍ന്നു.
പിന്നെ ഞാന്‍ മഴയുടെ സംഗീതം കേള്‍ക്കാതെയായി... മഴത്തുള്ളികള്‍ ചില്ലുജാലകത്തില്‍ വരച്ച ചിത്രങ്ങളും ഞാന്‍ പിന്നെ കണ്ടില്ല.
മരുഭൂമിയിലെ മണല്‍ക്കാറ്റിന്റെ ആരവമാണിപ്പോള്‍ കാതുകളില്‍...
ഒരോ ചുവടിലും പുതുതായ് ജനിയ്ക്കുന്ന മരീചികകളായിരുന്നു കണ്ണുമൂടിയത്...
ഏറെക്കഴിഞ്ഞ്, ആകാശത്തില്‍ നിന്നടര്‍ന്നു വീണൊരു നക്ഷത്രക്കുഞ്ഞുപോലെ, എന്റെ കൈകളിലവള്‍ തളര്‍ന്നുവീണു. വിയര്‍പ്പിലൊട്ടിക്കിടന്ന മുടിയിഴകളെ മുഖത്തുനിന്നും തുടച്ചുമാറ്റുമ്പോള്‍ എന്റെ വിരലുകള്‍ കൂടുതല്‍ നനഞ്ഞത് കണ്ണുനീരാലായിരുന്നു.
അച്ഛന്റെ പുതിയ കൂട്ടുകാരിയെക്കുറിച്ച് തികഞ്ഞ നിസ്സംഗതയോടെ പറഞ്ഞിട്ട് അവളൊന്നുകൂടി എന്റെ കൈകളിലേയ്ക്കു ചുരുണ്ടു.
ലഹരിയുടെ ബന്ധനങ്ങള്‍ ഓരോന്നായഴിഞ്ഞു പോകുന്നതറിയുന്നുണ്ടായിരുന്നു ഞാനപ്പോള്‍...
അവള്‍ക്കുള്ളതുപോലെ ഉണ്ടാവുന്നതിനേക്കാള്‍, നഷ്ടപ്പെടുവാനാണവളാഗ്രഹിയ്ക്കുന്നത് എന്ന് വിറയ്ക്കുന്ന ചുണ്ടുകളോടെ പറഞ്ഞപ്പോള്‍ എന്നത്തേയുംപോലെ എനിയ്ക്കു പറയാന്‍ തോന്നിയില്ല, നഷ്ടപ്പെടുമ്പോഴേ അതിന്റെ വേദന നീയറിയൂ എന്ന്.
പിന്നെ നിലാവുമയങ്ങുന്ന കണ്ണുകളോടെ, 'നിനക്കു മകളായ് ജനിയ്ക്കട്ടെ, വരും ജന്മം ഞാന്‍... കിട്ടാതെപോയ വാത്സല്യം മുഴുവന്‍ നേടിയെടുക്കാന്‍.' എന്ന് കളിയായ് ചോദിച്ചപ്പോഴും ഒന്നും മിണ്ടാനായില്ലെനിയ്ക്ക്...
...............
വിതുമ്പിക്കൊണ്ടിരുന്ന അവളെചേര്‍ത്തുപിടിച്ച്, ലഹരിമണക്കുന്ന, ഇരുളിന്റെ ആ മാളത്തില്‍ പുലരിതെളിയുന്നതും കാത്ത് ഞാന്‍ കിടന്നു, ഉറക്കമില്ലാതെ...
*****************************
ഇബ്രുവിന്; ഒരുപാടുനാളുകള്‍ക്കു ശേഷം എഴുതാന്‍ പ്രേരിപ്പിച്ചതിന്...
0 Comments:
Post a Comment
<< Home