Tuesday, June 20, 2006

മണ്ടത്തരങ്ങള്‍ - വഴിമാറിപ്പോയ ഒരു പാര്‍ട്ടി

നെറ്റ്വര്‍ക്കിക്ക് വിസ കിട്ടിയേ !!!

വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ആക്ച്വലി ഈ കാട്ടുതീ പടരുന്നത് ഞാന്‍ കണ്ടിട്ടില്ല. അങ്ങിനെ ഒരു പഴഞ്ചൊല്ല് ഉള്ളത്, അവസരം കിട്ടിയപ്പോള്‍ പ്രയോഗിച്ചതാണ്.

നെറ്റ്വര്‍ക്കി എന്റെ സഹപാഠിയാണ്. കുറേയേറെ നാളുകളായി എന്റെ കൂടെ ബാംഗ്ലൂരില്‍ ഉണ്ട്. മറ്റൊരു ഓഫീസില്‍ ജോലി ചെയ്യുന്നു. ഇദ്ദേഹം എന്റെ കൂടെ പഠിക്കുന്ന സമയത്ത് മൂന്നാം സെമസ്റ്റര്‍ അല്‍ഗോരിതം പരീക്ഷയ്ക്ക്, നാലാം സെമസ്റ്ററിലെ നെറ്റ്വര്‍ക്കിങ്ങ്, പുസ്തകം മാറി പഠിച്ച് പരീക്ഷ എഴുതിയതില്‍പ്പിന്നെയാണ് ആ പുസ്തകത്തിന്റെ പേര്‍ പാവത്തിന് വീണ് കിട്ടിയത്. അല്‍ഗോരിതം ചോദ്യങ്ങള്‍ക്ക് കൃത്യമായി നെറ്റ്വര്‍ക്കിങ്ങ് ഉത്തരങ്ങള്‍ ടിയാന്‍ എഴുതിയെങ്കിലും വാഴ്സിറ്റി കനിഞ്ഞില്ല. അത് കൊണ്ട് അടുത്ത് സെമസ്റ്ററിന് നെറ്റ്വര്‍ക്കിങ്ങ് കൂടാതെ അല്‍ഗോരിതവും ടിയാന് പഠിക്കേണ്ടി വന്നു. രണ്ടാം അങ്കത്തിന് പരീക്ഷ പാസ്സായെങ്കിലും, നെറ്റ്വര്‍ക്കിങ്ങ് ഭൂതം പാവത്തിനെ പിരിഞ്ഞില്ല, പിന്നീടൊരിക്കലും.

പറഞ്ഞ്‌വന്നത് നെറ്റ്വര്‍ക്കിക്ക് വിസ കിട്ടിയ കാര്യം. മാഗസിനുകളിള്‍ കാണുന്ന പുതിയ കുറെ ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാനും, എന്നും കൊതിച്ചിരുന്ന വിമാനയാത്ര നടത്തുവാനും, വിദേശികളുടെ തോളത്ത് കൈയിട്ട് നടക്കുവാനും, സര്‍വ്വോപരി ഇവിടെ തിരിച്ച് വന്ന് അവിടത്തെ വിശേഷങ്ങളും, അവിടുന്ന് സമ്പാദിച്ച് കാശും കൊണ്ട് ഷോ കാണിക്കാനും എല്ലാത്തിനുമായി അവന്‍ ഒരുപാട് ആഗ്രഹിച്ചതായിരുന്നു ഈ വിദേശയാത്ര. അതിതാ യാദാര്‍ത്ഥ്യമാകാന്‍ പോകുന്നു.

എല്ലാം പെട്ടെന്നായിരുന്നു. ഇന്നലെ ഉച്ച തിരിഞ്ഞാണ് അറിയിപ്പ് വന്നത്. നാളെ വൈകുന്നേരം ആണ് ഫ്ലൈറ്റ് . അവനും ഞങ്ങള്‍ക്കും ഒരുങ്ങാനും പ്ലാന്‍ ചെയ്യാനും ചുരുങ്ങിയ സമയം മാത്രം. ഇന്നലെ അവന്‍ ചില തിരക്കുകള്‍മൂലം വരാന്‍ വൈകി. പോരാണ്ട് ഒരു പാര്‍ട്ടി അറേഞ്ച് ചെയ്യാന്‍ ഞങ്ങള്‍ക്ക് സമയവും ഉണ്ടായിരുന്നില്ല. പക്ഷെ അത് നന്നായി. വൈകിയുള്ള അറിയിപ്പായതിനാല്‍ ക്ഷണിതാക്കള്‍ക്ക് വിശപ്പോമീറ്റര്‍ ലെവല്‍ നല്ലോണം താഴ്ത്താനുള്ള സമയവും ഉണ്ടായിരുന്നില്ല.

ഇന്നലെ വൈകുന്നേരം തൊട്ട് വിവരസാങ്കേതിക വിദ്യ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു എന്റേത്. പരിപാടിയുടെ സംഘാടകനാകാന്‍ ഉള്ള അപേക്ഷാഫോറം ഞാന്‍ തന്നെ ഉണ്ടാക്കി, എനിക്ക് തന്നെ കൊടുത്ത്, ഞാന്‍ തന്നെ പൂരിപ്പിച്ച്, ഞാന്‍ തന്നെ ഫയലില്‍ സ്വീകരിച്ചു. അതിനാല്‍ ഇ-മെയില്‍, ഫോണ്‍, എസ്.എം.സ്. എന്നീ ഇലക്ടോണിക്ക് മാധ്യമങ്ങളില്‍ എന്റെ പ്രപഞ്ചം ഒതുങ്ങി. ബാംഗ്ലൂരില്‍ ഉള്ളവരെ എല്ലാവരേയും ഇന്നലെത്തന്നെ വിളിച്ച് ഇന്ന് വൈകുന്നേരമുള്ള പാര്‍ട്ടിക്ക് മുടങ്ങാതെ എത്താനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കി. അങ്ങിനെ സന്തോഷത്തോടെ അവന്‍ ഞങ്ങളെ പിരിയണ്ട, കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോക്കുന്ന വധുവിനെപ്പോലെ പോയാല്‍ മതി എന്ന് ഉറപ്പാക്കാനുള്ള എല്ലാം ഞാന്‍ ചെയ്തു.

ഇവിടെ ഉള്ള ചിക്കന്‍ കൌണ്ടി എന്ന റെസ്റ്റോറന്റില്‍ പോകാം എന്ന് ഞാന്‍ മനസ്സില്‍ പ്രമേയം അവതരിപ്പിച്ച്, അവിടെത്തന്നെ വച്ച് പാസ്സാക്കി. ദേശികള്‍ക്ക് താങ്ങാനാകുന്ന മെനു അല്ല അവര്‍ വിശക്കുന്നവര്‍ക്ക് കൊടുക്കുന്നതെങ്കിലും വിദേശത്തേക്ക് പോകുന്ന ഒരാള്‍ക്ക് അത് താങ്ങാവുന്നതേയുള്ളൂ എന്നാണ് പറയപ്പെടുന്നത്. അവിടത്തെ ഒരു വലിയ ടേബിള്‍ തന്നെ വിളിച്ച് ഞാന്‍ ബുക്ക് ചെയ്തു. എന്തായാലും വിളിച്ചതല്ലേ എന്ന് വിചാരിച്ച് അവിടത്തെ വിഭവങ്ങളെക്കുറിച്ചും, അതിന്റെ വിലയെക്കുറിച്ചും ഒക്കെ വിശദമായി ചോദിക്കുകയും ചെയ്തു. നാളെ അത്താഴപ്പണിക്ക് പോകുന്ന എല്ലാവരുമായി ആ അറിവ് ഒരു വിക്കി ലേഖനം‌പോലെ വിശദീകരിച്ച് പറഞ്ഞ കൊടുത്ത്, അപ്രത്യക്ഷമാക്കേണ്ട വിഭഗങ്ങളെക്കുറിച്ചുള്ള ഒരു ഡ്രാഫ്റ്റ് പ്ലാന്‍ റെഡിയാക്കി. എല്ലാം കഴിഞ്ഞ് ജീവിതത്തിലെ ഒരു വലിയ ആഗ്രഹം സഫലീകരിച്ച സന്തോഷത്തില്‍ നാളെ എന്റെ വയറ്റിനുള്ളില്‍‍ നിന്ന് കൂവാനുള്ള കോഴികളുമായി സ്വപ്നത്തില്‍ ചാറ്റ് ചെയ്ത് സുഖസുഷുപ്തിയില്‍ ഏര്‍പെട്ടു.

കോഴികളുമായുള്ള സരസസംഭാഷണത്തിന് അറുതി വരുത്തിയത് എനിക്ക് അതിരാവിലെ വന്ന ഫോണ്‍കോളാണ്. ദേഷ്യത്തില്‍ ഫോണ്‍ എടുത്തപ്പോള്‍ മറുതലയ്ക്കല്‍ അമ്മ. എന്താ ഇന്നത്തെ പരിപാടികള്‍ എന്ന് അമ്മ ചോദിച്ചപ്പോള്‍, വരാനിരിക്കുന്ന സുന്ദരചിക്കണ്‍ദിനങ്ങളെ ഞാന്‍ വിവരിച്ച് കേള്‍പ്പിച്ചു. അമ്മ ഞെട്ടി. എടാ, ഇന്ന് നോണ്‍-വെജ് കഴിക്കാന്‍ പാടില്ല എന്ന് അമ്മ.

ഇതെന്തൊരന്യായം? ഞാന്‍ കഷ്ടപെട്ട്, ബുദ്ധിമുട്ടി, പാട്പെട്ട് ഒപ്പിച്ചതാണ് ഈ ഒരു പാര്‍ട്ടിയുടെ അവസരം. ചിക്കനല്ലാണ്ട് മറ്റൊന്നും കിട്ടാത്ത ഒരു ഹോട്ടലില്‍ ഞാന്‍ എല്ലാ അറേഞ്ച്മെന്റ്സും തയ്യാറാക്കിയിട്ട് ഇപ്പോള്‍ ഒന്നും കഴിക്കാന്‍ പാടില്ലെന്നോ? അരുത് മാതാശ്രീ, അങ്ങിനെ ഒരു പുത്രനോട് ഒരുക്കലും പറയരുത് .

ഞാന്‍ കരുതി ചിലപ്പോള്‍ കൃഷ്ണന്റേയോ, രാമന്റേയോ പിറന്നാളോ അല്ലെങ്കില്‍ ഹിന്ദുസംഘടനകള്‍ പുതിയതായി ഇറങ്ങിയ വല്ല വ്രതങ്ങളോ ആയിക്കും കാരണമെന്ന്. ചോദിക്കാതെ പറ്റില്ലല്ലോ. ഏത് ദൈവത്തിന്റെ ബര്‍ത്ത്ഡേ ആയാലും ഞാന്‍ ഇന്ന് ചിക്കണ്‍‍ കഴിക്കും, നാളെ ബിലേറ്റഡ് പിറനാള്‍ ആഘോഷിക്കാം എന്ന് ഞാന്‍. ഭക്ഷണം കൊതിച്ച്പോയ ഒരു വയറിനെ ദൈവത്തിന് മനസ്സിലാകാതിരിക്കുമോ? അമ്മ നയം വ്യക്തമാക്കണം. ഇന്ന് കലന്ററില്‍ ദിവസം ചുവപ്പിലല്ല എന്ന് ഞാന്‍ ആദ്യമേ ശ്രദ്ധിച്ചു. അമ്മ എന്നെ പറ്റിക്കണ്ട.

തായ്‌മൊഴി തുടര്‍ന്നു. “എടാ മണ്ടാ, ഇന്നത്തെ തിയതിയുടെ അടിയില്‍ കൂടെ നീ ഒന്ന് നോക്ക്. ഇന്ന് മിഥുനത്തിലെ രേവതി നാള്‍. ഇന്ന് നിന്റെ പിറന്നാള്‍.”

***

അതിന്‍പിന്നാലെ നടന്ന സംഭവങ്ങള്‍ ഊഹിക്കാന്‍ കഴിയാത്തവര്‍ക്ക്: ആ പാര്‍ട്ടി ഒരു സെന്റോഫ് പാര്‍ട്ടി എന്നത് മാറി ഒരു ബര്‍ത്ത്ഡേ പാര്‍ട്ടി ആയി മാറാന്‍ അധികനേരം വേണ്ടി വന്നില്ല. വിദേശത്ത് പോകുന്നതിന്റെ പാര്‍ട്ടി അവിടുന്ന് വന്നിട്ടും ആകാം, പിറന്നാള്‍ പാര്‍ട്ടി ഇന്ന് തന്നെ വേണം എന്ന് നെറ്റ്വര്‍ക്കി പറഞ്ഞതിനെ എതിര്‍ക്കാന്‍ ഇരുപതിനെതിരെ ഒറ്റയ്ക്കായ എന്റെ ദുര്‍ബലകണ്ഠത്തിന്‍ കഴിഞ്ഞില്ല. അതിനാല്‍ ഇന്ന് ഞാന്‍ കുഴിച്ച് കുഴിയില്‍ ഞാന്‍‍ തന്നെ അടക്കപ്പെടുന്നു. മണ്ണിടാന്‍ വന്ന ജനങ്ങള്‍ക്കും പെട്ടിക്കും മാറ്റമില്ല. അവര്‍ മുന്‍പേ ഉറപ്പിച്ച കാര്യപരിപാടികളും മെനുവുമായി മുന്നോട്ട് പോകുമെന്ന് സംയുക്തപ്രസ്ഥാവന ഇറക്കിക്കഴിഞ്ഞു. ഒരുപക്ഷെ ഈ മാസം അവസാനിപ്പിക്കാന്‍ എനിക്ക് നല്ലവരായ എന്റെ സുഹൃത്തുക്കളുടെ ഉദാരമായ സംഭാവന ആവശ്യമായി വന്നേക്കാം. പ്രത്യേക ശ്രദ്ധയ്ക്ക്, ഇതൊരു ഭീഷണിയല്ല, ഒരു മുന്നറിയിപ്പ് മാത്രം. എന്നെ ചാറ്റില്‍ ചേര്‍ത്തിട്ടുള്ളവര്‍ എന്റെ ഐഡി ബ്ലോക്ക് ചെയ്യരുതെന്ന് അപേക്ഷ. അല്ലേലും സ്നേഹമല്ലേ എല്ലാത്തിലും വലുത് ...

posted by സ്വാര്‍ത്ഥന്‍ at 8:19 AM

0 Comments:

Post a Comment

<< Home