Tuesday, June 06, 2006

നോട്ടങ്ങള്‍ - പന്തുരുളുമ്പോള്‍

URL:http://notangal.blogspot.com/2006/06/blog-post.htmlPublished: 6/7/2006 11:49 AM
 Author: മന്‍ജിത്‌ | Manjith
പന്തുരുളാന്‍ ഇനി മണിക്കൂറുകളേ ബാക്കിയുള്ളൂ. അപ്പോഴെങ്കിലും ഒരു കളിപ്രേമി അവന്റെ ബൂലോക താളില്‍ ഒരംശം പന്തു തട്ടിക്കളിക്കാന്‍ വിട്ടുകൊടുക്കേണ്ടിയിരിക്കുന്നു.

പത്തു വയസുള്ളപ്പോള്‍ കൂടെക്കൂടിയതാണ് കാല്‍പ്പന്തു പ്രേമം. 1986ലെ ലോകകപ്പോടെ. അന്നു വീട്ടില്‍ പത്രം ദീപിക. അക്കാലത്ത് ഏറ്റവും മനോഹരമായി സ്പോര്‍ട്സ് പേജ് കൈകാര്യം ചെയ്തിരുന്നത് അവരാണ്. ലോകകപ്പിനോടനുബന്ധിച്ച് അവര്‍ പുറത്തറിക്കിയ ലേഖനങ്ങളും നാലു പേജു സപ്ലിമെന്റുകളുമൊക്കെ ടി വിയില്‍ കളികണ്ടിട്ടു പോലുമില്ലാത്ത എന്നെപ്പോലും കൊതിപ്പിക്കാന്‍ പോന്നതായിരുന്നു.

ഭാഗ്യത്തിന് അത്തവണത്തെ ഫൈനല്‍ മാത്രം ചെറുചതുരത്തില്‍ കാണാനൊത്തു. ഫുട്ബോളിന്റെ വായിച്ചറിഞ്ഞ സൌന്ദര്യം ആദ്യമായി ‘നേരിട്ടുകണ്ട’ നിമിഷം. 1986-ല്‍ ഇന്ത്യയിലെത്താന്‍ തീരുമാനിച്ച പോപ്പിനും പ്രത്യേകം നന്ദി പറയണം. അതുകൊണ്ടാണല്ലോ നാട്ടില്‍ കുറച്ചുപേരെങ്കിലും ടെലിവിഷന്‍ എന്ന കോപ്പു വാങ്ങാന്‍ തീരുമാനിച്ചത്. പിന്നീടങ്ങോട്ട് ലോകകപ്പെന്നല്ല, ഒട്ടുമിക്ക രാജ്യാന്തര ഫുട്ബോള്‍ മത്സരങ്ങളും ശ്രദ്ധിക്കുന്നുണ്ട് ഈയുള്ളവന്‍.

മൊത്തത്തില്‍ നോക്കുമ്പോള്‍ 1986-ല്‍ ഞാന്‍ വായിച്ചും ഒടുവില്‍ വിഢിപ്പെട്ടിയില്‍ കണ്ടും അനുഭവിച്ച ഫുട്ബോളിന്റെ സൌന്ദര്യം പിന്നീടൊരു ലോകകപ്പിലും കാണാനൊത്തില്ല. അര്‍ജന്റീന ജേതാക്കളായതുകൊണ്ടാണോ അതെന്നു ചോദിച്ചാല്‍ അല്ല.

എന്റെ നോട്ടത്തില്‍ ഫുട്ബോളിന്റെ കളിനിലവാരം താഴാന്‍ തുടങ്ങിയത് 86ലെ ലോകകപ്പിനു ശേഷമാണ്. ഇതിനുശേഷമാണ് ലോകോത്തര താരങ്ങളെല്ലാം ക്ലബ് ഫുട്ബോളിന്റെ പണക്കൂത്തിലേക്ക് കൂപ്പുകുത്തുന്നത് എന്നെനിക്കു തോന്നുന്നു. ഫലമോ മിക്ക ടീമുകല്‍ക്കും തദ്ദേശീയമായ കേളീശൈലി നഷ്ടപ്പെട്ടു തുടങ്ങി.

ഉദാഹരണത്തിന് ബ്രസീലിന്റെ സാംബാ താളത്തിനൊപ്പമുള്ള കേളീശൈലി എന്നൊക്കെ ആലങ്കാരികമായി പറയുമെങ്കിലും അങ്ങനെയൊരു ശൈലിയില്‍ ബ്രസീല്‍ കളിച്ച അവസാന ലോകകപ്പാണ് 1986ലേത്. കേരളത്തിലെ കളിപ്രേമികളുടെ മനസില്‍ ഫുട്ബോള്‍ അടിവരയിട്ടു സ്ഥാനം പിടിച്ചത് മെക്സിക്കോ ലോകകപ്പിലെ ഈ തനതു ശൈലികളുടെ സമ്മേളനവും ഗാലറികളെ ആവേശഭരിതമാക്കിയ മെക്സിക്കന്‍ തിരമാലകളുമാണ്.

ഒന്നോര്‍ക്കണം, 1986-ല്‍ ജര്‍മ്മനിക്കെതിരേ ഫൈനല്‍ കളിച്ച അര്‍ജന്റൈന്‍ ടീമില്‍ 'ഫുട്ബോള്‍ ദൈവം' മറഡോണയും വാള്‍ദനോയുമൊഴികെ ഭൂരിഭാഗവും അവരുടെ ക്ലബ് ഫുട്ബോള്‍ ജീവിതം ചെലവഴിച്ചത് ലാറ്റിനമേരിക്കന്‍ മണ്ണില്‍ത്തന്നെയായിരുന്നു. എതിരാളികളുടെ പാളയത്തിലേക്ക് ഇരച്ചുകയറുന്ന ആക്രമാണാത്മക ഫുട്ബോളിന്റെ സൌന്ദര്യം അവരുടെ കാലുകളില്‍ നിറഞ്ഞു നിന്നതിന്റെ കാരണവും മറ്റൊന്നുമല്ല.

1990ലെ ലോകകപ്പെത്തിയപ്പോള്‍ നേരെതിരിച്ചായി കാര്യങ്ങള്‍. അര്‍ജന്റൈന്‍ ടീമില്‍ അത്തവണ ലാറ്റിനമേരിക്കന്‍ ക്ലബുകളില്‍ കളിക്കുന്നവര്‍ വിരളമായിരുന്നു(എങ്കിലും തപ്പിത്തടഞ്ഞവര്‍ ഫൈനല്‍ വരെയെത്തിയത് വേറേ കാര്യം).

പിന്നീടുള്ള ലോകകപ്പുകളൊക്കെ കാണുമ്പോള്‍ ഒരു സത്യം മനസില്‍ തെളിയുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ടീമുകളും ഏറ്റവും മികച്ച കളിക്കാരും ഏറ്റുമുട്ടുന്ന വേദിയാണ് ഇതെന്ന് പറച്ചില്‍ മാത്രമേയുള്ളൂ. ഫലത്തില്‍ ക്ലബ് ഫുട്ബോളില്‍ കളിച്ചു തളര്‍ന്ന് ചണ്ടിക്കുതുല്യമായ കളിക്കാരുടെ സമ്മേളനം മാത്രമാണിത്.

ഫുട്ബോളിന്റെ ഏറ്റവും സൌന്ദര്യാത്മക ശൈലിയില്‍ കളിക്കുന്ന ടീമുകളാണല്ലോ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേത്. സ്വാഭാവികമായും ഏറ്റവുമധികം താരങ്ങള്‍ യൂറോപ്യന്‍ ക്ലബ് ഫുട്ബോളിന്റെ വിരസ ശൈലിയിലേക്കു പറിച്ചു നടപ്പെടുന്നതും ഇവിടെ നിന്നാണ്. ഒരുദാഹരണമെടുത്താല്‍ ഇത്തവണ ലോകകപ്പിനെത്തുന്ന ബ്രസില്‍, അര്‍ജന്റൈന്‍ ടീമംഗങ്ങളെല്ലാവരും ആദ്യമായി ഒത്തു ചേരുന്നത് ലോകകപ്പിന്റെ വേദിയിലായിരിക്കും. അതിനു തൊട്ടുമുന്‍പു വരെ യൂറോപ്പിലെ പല ക്ലബുകളിലായി കളിച്ചു തളര്‍ന്ന് പരസ്പരം അറിയാതെ എത്തുന്നു കളിക്കാരുടെ കൂട്ടമാണീ ടീമുകള്‍.

ഈ ക്ലബ് ഫുട്ബോള്‍ കൊലപാതകത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികാളാണ് യഥാര്‍ത്ഥത്തില്‍ അര്‍ജന്റൈന്‍ ടീം. 1970കള്‍ മുതല്‍ ലോക യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമാണവരുടേത്. എന്നാല്‍ ഈ പ്രകടനം നിലനിര്‍ത്താന്‍ അവര്‍ക്കാകുന്നില്ല. കളിക്കളത്തില്‍ മിന്നല്‍പ്പിണറുകളാകുന്ന യൂത്തന്മാരെ അപ്പൊള്‍ത്തന്നെ യൂറോപ്യന്‍ ക്ലബുകള്‍ റാഞ്ചി വരിയുടയ്ക്കുന്നതാണിതിനു കാരണമെന്ന് നിസ്സംശയം പറയാം.

അപ്പോള്‍ പറഞ്ഞുവരുന്നത്, ഈ ലോകകപ്പിലും എനിക്കു വലിയ പ്രതീക്ഷയൊന്നുമില്ല. ഇഷ്ടതാരങ്ങളും ഇഷ്ടടീമുകളും ഏറെയുണ്ടെങ്കിലും അവര്‍ക്കൊക്കെ എത്രകണ്ടു ശോഭിക്കാനാകുമെന്ന് എനിക്കറിയില്ല.

താരനിബിഡമായ ടീമുകളേക്കാള്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നു എന്ന മേന്മ മാത്രമുള്ള പുതുടീമുകള്‍ അട്ടിമറി സൃഷ്ടിച്ച് ശ്രദ്ധേയരാകുന്നു എന്നതാണ് ഇതുപോലെയുള്ള കപ്പുകള്‍ക്കൊണ്ടുള്ള മെച്ചം. അത്തരം അട്ടിമറികളോടെ അവരും ക്ലബ് ഫുട്ബോളിന്റെ മേച്ചില്‍പ്പുറങ്ങളിലേക്ക് നയിക്കപ്പെടുന്നു; കളിച്ചു മരിക്കുന്നു. പോയ ലോകകപ്പിലെ അട്ടിമറി വീരന്മാര്‍ സെനഗല്‍ ഉദാഹരണം. ഇത്തവണ അവര്‍ യോഗ്യത നേടിയിട്ടുപോലുമില്ല!

കാര്യമിതൊക്കെയായാലും ലോകകപ്പല്ലേ. ടി വിക്കു മുന്നില്‍ കുത്തിയിരിക്കാന്‍ ഞാനുമുണ്ട്. ബ്രസീല്‍, അര്‍ജന്റീന, പരാഗ്വേ എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ കളികാണാനാണ് ഏറ്റവുമിഷ്ടം. പിന്നെ സുന്ദരമായ ഫുട്ബോള്‍ കളിക്കുന്ന പോര്‍ച്ചുഗല്‍, ചെക് റിപബ്ലിക് എന്നീ യൂറോപ്യന്മാരുടെ കളിയും. അര്‍ജന്റീനയ്ക്കും ബ്രസീലിനും കൈമോശം വന്ന ശൈലി നടപ്പാക്കുന്ന ടീമുകളാണിവ.

പിന്നെ ആഫ്രിക്കയിലെ കറുത്ത മുത്തുകള്‍ കളിക്കളത്തില്‍ നടത്തുന്ന പൊരിഞ്ഞ പോരാട്ടങ്ങളും കാണാനെനിക്കു കൊതിയുണ്ട്.

എല്ലാമായാല്‍ ലോകകപ്പായി. അപ്പോള്‍ ഇനി ജീവിതം 27 ഇഞ്ചു പെട്ടിക്കു മുന്നില്‍ത്തന്നെ.
കടവുളേ, കാപ്പാത്തുങ്കോ!

I am a regular and consistent reader of Soundview Executive Book Summaries and thoroughly enjoy this powerful way to digest extremely valuable books.
- Stephen R. Covey

Sign up now for a subscription to Soundview Executive Book Summaries and receive 5 of our most popular summaries FREE!

posted by സ്വാര്‍ത്ഥന്‍ at 11:36 PM

0 Comments:

Post a Comment

<< Home