Tuesday, June 06, 2006

Ente Malayalam - നീലനിറമുള്ള ചില്ലുകള്‍

“ങ്ഹും.. ശരി..!!”

ഭാഗ്യം. കൊച്ചച്ചന്‍ മതിയാക്കിയെന്ന് തോന്നുന്നു.

ഇനി പുസ്തകങ്ങളും പേനയുമൊക്കെ എടുത്തു വെയ്ക്കാം.

പാരലല്‍ കോളേജില്‍ പഠിപ്പീരാണ് കൊച്ചച്ചന്. സന്ധ്യയാകുമ്പോളേക്കും ഇങ്ങെത്തും, തന്നെ വലയ്ക്കാന്‍. പിന്നെ ഒരൊന്നൊന്നര മണിക്കൂറോളം ട്യൂഷനാണ്.

ഒരു വടിയും കൊണ്ടിവിടെ വച്ചിട്ടുണ്ട്, സ്ഥിരമായി ഉപയോഗിക്കാ‍ന്‍.

കാപ്പിയുടെ ശിഷ്ടം ഒറ്റവലിക്ക് കുടിച്ച് തീര്‍ത്തിട്ട് ഗ്ലാസ്സു മാറ്റി വെച്ചു, കൊച്ചച്ചന്‍.

“ഏടത്തിയേ... ഞാനിറങ്ങുവാ...!”

“ശരി രാഘവാ.. നീ കൈയ്യില് വെട്ടം കൊണ്ട്വന്നായിരുന്നോ?..”

അമ്മ വാതില്‍ക്കലെത്തി ചോദിച്ചു. കൈയ്യിലൊരു തവിയുമുണ്ട്, അതില്‍ നിന്ന് ആവി പറക്കുന്നു.

“ബാറ്ററി വീക്കാ... ന്നാലും ഇതു മതി..” കൊച്ചച്ചന്‍ തന്റെ ടോര്‍ച്ചെടുത്ത് കാണിച്ചു.

കൈയ്യിലിരുന്ന ചൂരല്‍വടി മാറ്റിവെയ്ക്കുന്നതിന് മുമ്പേ ഇങ്ങോട്ടതു വീശിക്കൊണ്ട് പറഞ്ഞു:

“ഡാ..!! നാളെ സാമൂഹികപാഠമാരിക്കും...!! അതൊക്കെയൊന്ന്‌ വായിച്ചു വെച്ചേക്കണം...!!”

“ങ്ഹും..” ഒന്ന് മൂളി.

“ങാ...! കും..!! അവന്‍ വായിച്ചു...!! നിനക്കെന്താ രാഘവാ...?”

ഈയമ്മയുടെ ഒരു കാര്യം.! തല്ലുകൊള്ളിച്ചേ അടങ്ങുവെന്നാണോ?

“അല്ലാ.. ഞാന്‍ വായിച്ചോളാം..”

“ങ്ഹും..!!” ഒന്നിരുത്തി മൂളിയിട്ട് കൊച്ചച്ചന്‍ ഇറങ്ങിനടന്നു.



ജനാലയിലൂടെ, തെക്കേലോട്ട് നോക്കി.

അവര് ടീവി വെച്ചിട്ടുണ്ട്, അവരുടെ ജനാലകളില്‍ നീല‌വെളിച്ചം മിന്നിമറയുന്നു.

ഇന്ന് വ്യാഴാഴ്ചയാണ്, സ്ട്രീറ്റ് ഹോക്ക് എട്ടിനേ തുടങ്ങും.

ഇന്നിപ്പോ, അയ്യോ, എട്ടേകാലായി..! ചതിച്ചല്ലോ കൊച്ചച്ചന്‍..!!




ഓടി അടുക്കളയിലെത്തി. മുറത്തിലേക്ക് ചക്കക്കുരു ചിരണ്ടിയിടുകയാണ് അമ്മ.

“അമ്മേ, ഞാന്‍ തെക്കേ പൊക്കോട്ടേ..? ഇന്ന്, സ്ട്രീറ്റ് ഹോക്കുണ്ട്...!!”

അമ്മ മുറവും പിച്ചാത്തിയും മാറ്റിവെച്ചിട്ട് എഴുന്നേറ്റു.

ആവി പറക്കുന്ന ഒരു ഗ്ലാസ്സ് പാലൊഴിച്ചു തന്നിട്ട് പറഞ്ഞു:

“ഇന്നാ, ദ് കുടിച്ചിട്ട് പൊക്കോ...!!”

അതാറിവരുമ്പോഴേക്കും സ്ട്രീറ്റ് ഹോക്ക് തീരും.

“ആ, അതു ഞാന്‍ വന്നിട്ട് കുടിച്ചോളാം...!”

“ആങ്ഹാ...? ഇത് കുടിച്ചിട്ട് പോയാല്‍ മതി... അല്ലേലാരും ഇന്നിനിയെങ്ങും പോവുന്നില്ലാ...!!”

പോണോ? തോറ്റേ പറ്റൂ...

നയത്തില്‍ ഗ്ലാസ്സു് പിടിച്ച് വാങ്ങി ഊതിയൂതി കുടിക്കുന്നവന്റെ പാരവശ്യം കണ്ടിട്ടമ്മയ്ക്ക് ചിരിവന്നു.

“ഇങ്ങ് കൊണ്ടാ..! ഞാനാറ്റിത്തരാം..!”

പാലൊരു ടം‌ബ്ലറില്‍ നിന്നും മറ്റൊരെണ്ണത്തിലേക്ക് പകര്‍ന്നത് ആറ്റുന്നതിനിടയില്‍ ടോര്‍ച്ച് തപ്പിയെടുത്തു. പിന്നെ, അതിനായിട്ട് കളയാന്‍ സമയമില്ല.

കുടിച്ചെന്ന് വരുത്തി അടുക്കള വാതിലില്‍ പുറത്തേക്ക് ചാടാനൊരുങ്ങി നില്‍ക്കുന്നവന്റെ മുഖം അമ്മ തന്റെ ചേന്തിലയാല്‍ തുടച്ചു.

“ഞാന്‍ പോവ്വാ...!!!”

“സൂക്ഷിച്ച് പോണേ..!”



ഓ..!!

തിടുക്കത്തില്‍ ഓടുന്നതിനിടയില്‍ ടോര്‍ച്ച് തെളിക്കാനൊന്നും സാവകാശം കിട്ടിയില്ല, അതും പിടിച്ചും കൊണ്ടോടി.

മരത്തലപ്പുകള്‍ക്കിടെയിലൂടെ ഇപ്പോഴും കാണാം അവരുടെ ജനാലചില്ലുകളിലെ നീലത്തിരയിളക്കം.

ശ്ശെ. ചെരുപ്പെടുത്തില്ല..

ടീവി കാണാന്‍ അവിടെ ചെല്ലുമ്പോള്‍ സുജയ്ക്കെന്തൊരു പത്രാസ്സാണെന്നോ..!! ഇക്കുറി പരീക്ഷയിങ്ങടുക്കട്ടെ, ആ പെണ്ണിന് ഒരു വക പറഞ്ഞു കൊടുക്കുന്ന പ്രശ്നമില്ല...

തണുത്തതെന്തിലോ ചവിട്ടിയോ? നീറ്റലുമുണ്ട്..

തെക്കേലമ്മയുടെ ചാവാലിപ്പശു, തൊട്ടാവാടിക്ക്‌ മേലേയിട്ട ചാണകമാവും. അവരതിനേ വളര്‍ത്തുന്നത്, ചാണകത്തിനു വേണ്ടി മാത്രമാണെന്ന് തോന്നിപ്പോവും, ചിലനേരത്തേയതിന്റെ തൂറ്റല്‍ കണ്ടാല്‍.

നീലനിറമുള്ള ജനാലച്ചില്ലുകള്‍...



എത്തിപ്പോയ്. കഴുകാനൊന്നും നേരമില്ല, മുറ്റത്തെ പറങ്കാവിന്റെ തായ്ത്തടിയിന്മേല്‍ കാല്പാദങ്ങള്‍ ഉരച്ച് വൃത്തിയാക്കിയെന്ന് വരുത്തി. ചാണകം നാറാതിരുന്നാല്‍ മതിയായിരുന്നു.

ലളിതാമ്മ കറിക്കരിയുകയാണ്. സുജ ഗമയോടെ സെറ്റിയില്‍ ചാരിയിരിക്കുന്നു.

ധിടുതിയില്‍, സെറ്റിയുടെ പിന്നില്‍ചെന്ന്, ഭിത്തിയില്‍ ചാരിയിരുപ്പായി. ടോര്‍ച്ച് തറയില്‍ കുത്തിനിര്‍ത്തി.

ഇനി, തന്നെ ചാണകം നാറാതിരുന്നാല്‍ മതിയേ...

വ്രൂം...വ്രൂം..!

അതാ വരുന്നു, സ്ട്രീറ്റ് ഹോക്ക്...!




പരിപാടി കഴിഞ്ഞ് സുജ ടീവി ഓഫാക്കിയിട്ടും അവനെണീറ്റില്ല.

“എടോ കൊച്ചേ...?? വീട്ടില്‍ പോടോ...!!” സുജ വിളിച്ചു നോക്കി.

അവനുണരുന്നില്ല.

വിളക്കുകള്‍ തെളിച്ച്, ആളുകള്‍ കൂടിയപ്പോഴേക്കും അവന് നീലനിറമോടിയിരുന്നു.
EasySearchASP.NET is an easy-to-install, easy-to-use and super powerful search engine that can be incorporated into any ASP.NET web site in minutes. Automatically indexes sites in seconds and provides auto-complete for users. Try it now on your site using our Live Demo.

Use Discount Code "squeet" for 20% off until May 31st!

posted by സ്വാര്‍ത്ഥന്‍ at 10:53 PM

0 Comments:

Post a Comment

<< Home