Tuesday, June 06, 2006

കല്ലേച്ചി - "മന്ത്‌ വലത്തുകാലില്‍, അല്ലെങ്കില്‍ ഇടത്ത്‌"

വി. ടി. രാജശേഖറോട്‌ എനിക്ക്‌ വിയോജിപ്പുണ്ട്‌. അദ്ദേഹം ബ്രാഹ്മണ്യാധിപത്യത്തെ തലതിരിച്ചിടാന്‍ ശ്രമിക്കുന്നു എന്നു തോന്നുന്നതുകൊണ്ടാണത്‌. അത്‌ രണ്ടും ഒന്നുതന്നെയാണ്‌. ആധിപത്യം ഏതിന്റേതായാലും അംഗീകരിക്കാനാവില്ല.(അതുകൊണ്ടു തന്നെയാണ്‌ തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തെ എതിര്‍ക്കേണ്ടി വരുന്നതും. സമൂഹത്തിന്റെ ചിലനേട്ടങ്ങളുടെ പേരുപറഞ്ഞ്‌ നടപ്പില്‍ വരുത്തുന്ന ഈ ആധിപത്യങ്ങള്‍ എവിടെ തുടങ്ങുന്നെന്നോ എവിടെ അവസാനിക്കുന്നെന്നോ പറയാനാവില്ല. എന്റെ തന്നെ ആധിപത്യത്തിന്റെ വികസിതരൂപം എന്ന നിലയ്ക്കുമാമ്രാണ്‌ തകരാറുകളേറെയുണ്ടായിട്ടും ജനാധിപത്യത്തെ ഞാനംഗീകരിക്കുന്നത്‌) മന്ത്‌ വലത്തുകാലിലോ ഇടത്തുകാലിലോ എന്നതല്ല പ്രശ്നം മറിച്ച്‌ മന്ത്‌ എന്ന അവസ്ഥയാണ്‌. രാജ്ശേഖര്‍ ബെന്നിക്ക്‌ നല്‍കിയ അഭിമുഖം, "സമൂഹത്തെ വഴിതെറ്റിക്കു` വ്യാജ ബുദ്ധിജീവികള്‍" സമകാലിക മലയാളത്തിന്റെ 2006 മാര്‍ച്ച്‌ ലക്കത്തില്‍ വായിക്കാം.

മാര്‍കിസ്റ്റ്‌ പ്രസ്ഥാനത്തില്‍ ബ്രാഹ്മണ്യാധിപത്യം ഉണ്ടാവാം. അല്ലെങ്കില്‍ അതിലുള്ള ചില ബ്രാഹ്മണരിലെങ്കിലും പഴയകാല ജാതി വ്യവസ്ഥയുടെ ചില സ്വഭാവങ്ങള്‍ അവശേഷിക്കുന്നുമുണ്ടാവാം. അത്‌ പക്ഷെ അദ്ദേഹം കരുതുമ്പോലെ ബ്രാഹ്മണന്‍മാര്‍ അവരുടെ ആധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടി അനുകൂലന സിദ്ധാന്തപ്രകാരം വികസിപ്പിച്ചെടുത്തതൊന്നുമല്ല. അതിനെ മാര്‍ക്സിസത്തിന്റെ പൊതിയുള്ള ബ്രാഹ്മണ്യാധിപത്യമെന്നു പറയുന്നത്‌ ഒരു കെറുവിച്ചു ചീത്തപറയുന്ന അനുഭവമാണ്‌ എന്നിലുണ്ടാക്കുന്നത്‌. അല്ലാതെ വിമര്‍ശനത്തിന്റെ സ്വരമല്ല. ഇന്ത്യയിലെ അടിസ്ഥാന തൊഴിലാളി വര്‍ഗങ്ങള്‍ ദളിതരാണെന്നും അതിനാല്‍ അവരുടെ മുന്നേറ്റങ്ങള്‍ക്ക്‌ മാര്‍കിസ്റ്റ്‌പാര്‍ടി നേതൃത്വം കൊടുക്കണമെന്നുമുള്ള വാദത്തെ ഇ. എം. എസ്‌ അനുകൂലിച്ചില്ല എന്ന കാരണം കൊണ്ട്‌ സഖാവ്‌ ഇ. എം ഇനെ അദ്ദേഹം ബ്രാഹ്മണാധിപത്യത്തിന്റെ പ്രതിനിധിയാക്കി. തൊഴിലാളിവര്‍ഗം എന്ന കണ്‍സെപ്റ്റില്‍ ജാതി കുത്തിത്തിരുകുന്നത്‌ എത്രമാത്രം അപകടമാണ്‌. മാര്‍കിസ്റ്റ്പാര്‍ടി നേതൃത്വം കൊടുക്കുന്ന തൊഴിലാളിവര്‍ഗത്തില്‍ അടിസ്ഥാന തൊഴിലാളികളെന്ന നിലയ്ക്ക്‌ ദളിതരുണ്ടാവേണ്ടതുണ്ട്‌. കാരണം ഇന്ത്യയിലെ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗം ദളിതരായിരുന്നു. ഇതില്‍ പാര്‍ട്ടി പരാജയപ്പെട്ടിട്ടുണ്ടോ എന്ന ചര്‍ച്ച വേറെയാണ്‌. പക്ഷെ, പാര്‍ട്ടി ഒരു കാരണവശാലും ബ്രാഹ്മണരെ അടുപ്പിക്കരുത്‌ എന്ന് പറയുന്നത്‌ ശരിയല്ല. പിന്നെ നേതൃത്വം എന്നത്‌ ഉയര്‍ന്നുവരേണ്ടതാണ്‌.അങ്ങനെ ഉയര്‍ന്നുവന്നതധികവും ബ്രാഹമണരില്‍ നിന്നാകണം. അതിനു ചരിത്രമരമായ കാരണങ്ങളുണ്ട്‌. ബോധപൂര്‍വമുള്ള കെട്ടിയെഴുന്നള്ളിക്കലിലൂടെ നേതൃത്വതെ ഉണ്ടാക്കാനാവില്ല.

പിന്നീട്‌ മറ്റു ചില കാരണങ്ങളാല്‍ ഗാന്ധിയെ അദ്ദേഹം ജാതിവ്യവസ്ഥയുടെ വക്താവാക്കുന്നുണ്ട്‌. ഗാന്ധിയുടെ ചിന്തകളില്‍ ജാതിയുണ്ടായിരുന്നു എന്നത്‌ ശരിയായിരിക്കാം. അത്‌ ശ്രീനാരായണ ഗുരുവുമായുള്ള കൂടിക്കാഴ്ചയിലും വ്യക്തമാക്കിയിട്ടുള്ളതാണ്‌. ഗാന്ധിജിയില്‍ ജാതി ചിന്ത എന്നത്‌ രാജ്ശേഖര്‍ പറയുമ്പോലെ അതിന്റെ എല്ലാ ഭീകരതയോടും കൂടിയല്ല. പാരമ്പര്യത്തെ അത്ര കാര്യമായി ഇടപെട്ടു മാറ്റേണ്ടതുണ്ടെന്ന്‌ അദ്ദേഹം കരുതിയിരുന്നില്ല. അപ്പോള്‍പോലും ഒരു യഥാര്‍ഥ തോട്ടി അനുഭവിക്കുന്ന ദുരിതങ്ങളെ പങ്കുവെയ്ക്കാന്‍, അവരുടെ ജോലി ഏറ്റെടുത്തു ചെയ്യാന്‍ അദ്ദേഹം മാത്രമേ താല്‍പര്യം കാണിച്ചിരുന്നുള്ളൂ. കൂടാതെ ഗാന്ധിയുടെ ചിന്തകളില്‍, പ്രവര്‍ത്തികളില്‍ ഇടപെടേണ്ട രീതിയനുസരിച്ച്‌ അദ്ദേഹത്തിന്റെ മൊത്തം ജീവിതം അപഗ്രഥിക്കേണ്ടതുണ്ടെന്ന് ഗാന്ധി തന്റെ`1948-ല്‍ "തന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുഖവുര" യില്‍ പറഞ്ഞിട്ടുണ്ട്‌. ഒരു കാര്യത്തില്‍ എന്നില്‍ നിങ്ങള്‍ക്ക്‌ സംശയം ജനിച്ചാല്‍ അതു സംബന്ധിച്ച്‌ അവസാനം വന്ന നിഗമനമാവും ശരി എന്ന്. ഗാന്ധിക്ക്‌ ജാതി വിചാരമുണ്ടായിരുന്നു എന്നത്‌ അദ്ദേഹത്തെ മഹാനാക്കുന്നതില്‍ നിന്നു വിലക്കുന്നു തുടങ്ങിയ രാജ്ശേഖറിന്റെ വാദങ്ങള്‍ അദ്ദേഹം പുനപ്പരിശോധിക്കേണ്ടതുണ്ട്‌.

അതുപോലെ ആയിരം പൂജ നടന്നിരുന്ന ഒരു യാഥാസ്ഥിക ഇല്ലത്തുനിന്ന് ഇറങ്ങിത്തിരിച്ച്‌ അധ്വാനിക്കുന്ന വര്‍ഗത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരാള്‍ ബ്രാഹ്മണാധിപത്യത്തിന്റെ ചാരനായിരുന്നു എന്നു പറഞ്ഞാല്‍ അത്‌ അസഹിഷ്ണുതയില്‍ നിന്നുണ്ടായ തീവ്രവാദമാണ്‌. ഇത്‌ തികഞ്ഞ മതസമീപനമാണ്‌. മാര്‍കിസ്റ്റുകാരുപയോഗിക്കുന്ന വിലയിരുത്തല്‍ രീതി തന്നെ പഴയ മാര്‍കിസ്റ്റു ബുദ്ധിജീവിയായ രാജ്ശേഖറിന്‌ മാര്‍കിസ്റ്റല്ലാതായിട്ടും ഉപയോഗിക്കേണ്ടിവരുന്നു. മാര്‍കിസ്റ്റുകാര്‍ എല്ലാത്തിനേയും നോക്കിക്കാണുന്നത്‌ എല്ലാകാര്യങ്ങളും, സ്വന്തം നിഴല്‍പോലും, മുതലാളിത്തം നമ്മെ ശരിപ്പെടുത്താന്‍ കോലം മാറി വരുന്നതാണെന്ന രൂപത്തിലാണ്‌. ഇങ്ങനെ വിലയിരുത്തുന്നത്‌ പ്രശ്നത്തെ ശരിയായി സമീപിക്കുന്നതില്‍ നിന്ന്‌ അവരെ തടയുന്നു. പഴയ മാര്‍കിസ്റ്റുചവറുകള്‍ മാര്‍കിസ്റ്റല്ലായിരുന്നിട്ടും അദ്ദേഹത്തെ സ്വാധീനിക്കുന്നുവെങ്കില്‍ പാരമ്പര്യമായുള്ള ഒരു വിശ്വാസം മേല്‍പറഞ്ഞ മഹാന്‍മാരേയും സ്വാധിനിച്ചിട്ടുണ്ടാവാം. ഇത്‌ ഒരിക്കലും അവരെ അവര്‍ ഉപേക്ഷിച്ചതിന്റെ ചാരന്‍മാരാക്കുന്നതിന്‌ ഒരു ആരോപണമായെടുക്കരുത്‌. അത്‌ അവരുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യും. ദളിതരുടെ മുന്നേറ്റങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുമ്പോള്‍ പൂര്‍ണമായും അവരുടെ ജാതി ചിന്തയെ കുടഞ്ഞു കളയുന്നില്ലെങ്കില്‍ മന്ത്‌ മാറുകയില്ല. ഇതിനു കഴിയുന്നില്ല എന്ന്താണ്‌ ജാതിവാദിയായി രാജ്ശേഖറിനെ ഇ. എം എസ്‌ നിരീക്ഷിക്കുന്നതിനു കാരണം. ഒളിച്ചു കടത്താന്‍ ഇ. എം ശ്രമിക്കുന്നു എന്ന് ആരോപിക്കുന്ന് ജാതി വ്യവസ്ഥയ്ക്കുവേണ്ടി രാജ്‌ ശേഖര്‍ പരസ്യമായി നില്‍ക്കുന്നു.

കേരളത്തില്‍ ഒരു ദളിതനെ മുഖ്യമന്ത്രിയാക്കുന്നതിന്‌ ഇതുവരെ മാര്‍കിസ്റ്റുകാര്‍ ശ്രമിച്ചില്ല എന്നതാണ്‌ ബ്രാഹ്മണാധിപത്യത്തിനു തെളിവായുദ്ധരിക്കുന്നത്‌. പോളിറ്റ്ബ്യൂറോ ബ്രാഹ്മണാധിപത്യത്തിന്റെ കയ്യിലാണെന്നാണ്‌ മറ്റൊരു ആരോപണം. എന്നാല്‍, അദ്ദേഹത്തിന്റെ നിഗമനങ്ങളില്‍ നിന്ന്‌ ഇതു തെളിയിക്കാനദ്ദേഹത്തിനാവുന്നില്ല. ആകെ പോളിറ്റ്‌ ബ്യൂറോയിലള്ളവരില്‍ ചിലരുടെ ജാതി മാത്രമാണ്‌ അദ്ദേഹം ചുണ്ടിക്കാണിക്കുന്നത്‌. ഇങ്ങനെ നോക്കിയാല്‍ ജന്‍മം കൊണ്ടു ദളിതനല്ലാത്ത ഒരാളായ രാജ്ശേഖര്‍ ദളിതര്‍ക്കുവേണ്ടി വാദിക്കുന്നതിലും ഇതേ ആരോപണമുന്നയിച്ചുകൂടെ? മറ്റൊരു കാര്യം ഒരു ദളിതനെ മുഖ്യമന്ത്രിയാക്കിയാല്‍ തന്നെ കമ്മ്യൂണിസ്റ്റ്‌ ഭരണത്തില്‍ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത്‌ പാര്‍ട്ടിയായിരിക്കില്ലേ? പിന്നെ ആരായാലെന്ത്‌? ഒരു മുസ്ലിം ഇന്ത്യയിലെ പരമോന്നത പീഠമായ പ്രസിഡണ്ടുപദത്തിലിരിക്കുന്നു എന്നതുകൊണ്ട്‌ മുസ്ലിം ന്യൂനപക്ഷത്തിന്റെ പ്രശ്നങ്ങള്‍ മാറി എന്നു കരുതാമോ? ഇതേ പദവിയില്‍ നേരത്തെ ഒരു ദളിതനായിരുന്നു. ദളിതരുടെ പ്രശ്നങ്ങള്‍ മാറി എന്നു പറയാമോ? കൂടാതെ ജാതിയെ മൊത്തമായിട്ട്‌ കളയണമെന്ന് കരുതി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയ്ക്കെങ്ങനെ ജാതിയെ മാത്രം അടിസ്ഥാനമാക്കി ഒരാളെ നേതൃസ്ഥാനത്ത്‌ കൊണ്ടുവരാനാവും?

മേല്‍പറഞ്ഞ ചോദ്യങ്ങള്‍ക്കൊക്കെ എന്റെ വാദങ്ങള്‍ക്ക്‌ വിരുദ്ധമായ ഉത്തരങ്ങള്‍ ഒരാള്‍ക്ക്‌ നല്‍കാനായാലും ബാക്കിയാവുന്നതിതാണ്‌. നമ്മള്‍ ഒരു സിവില്‍ സമൂഹത്തെ വാര്‍ത്തെടുക്കാനാണ്‌ ശ്രമിക്കുന്നതെങ്കില്‍ ആളുകളുടെ ജാതി ഒരു മാനദണ്‍ഡമാക്കിക്കൂട, അയോഗ്യതയ്ക്കും യോഗ്യതയ്ക്കും.

വിടി രാജ്ശേഖര്
‍ദളിത്‌ മുന്നേറ്റങ്ങളുടെ വക്താവ്‌
ദളിത്‌വേയ്സിന്റെ പത്രാധിപര്‍
ആക്റ്റിവിസ്റ്റ്‌

Make it easy for readers to subscribe to your syndicated feed:

  1. Generate the code.
  2. Paste it on your Blog's web page
  3. Track growth
Your new, loyal Squeet readers will be able to "Buzz" your articles and help you gain even more reach.

It's Free. It's Smart. And it's Right Here.

posted by സ്വാര്‍ത്ഥന്‍ at 10:55 AM

0 Comments:

Post a Comment

<< Home