Tuesday, June 06, 2006

മഴനൂലുകള്‍... - യാത്ര - രണ്ട്‌

URL:http://mazhanoolukal.blogspot.com/2006/06/blog-post.htmlPublished: 6/6/2006 3:15 PM
 Author: മഴനൂലുകള്‍...


മഴ എപ്പോഴോ നിലച്ചിരുന്നു. എങ്കിലും തണുത്ത കാറ്റില്‍ ഞാന്‍ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. ആരോ എന്റെ ജാലകത്തിന്റെ മറ നീക്കിയിടുമ്പോഴാണു ഞാന്‍ വീണ്ടും കണ്ണുകള്‍ തുറന്നത്‌. പുഞ്ചിരിയോടെ എന്നെ ഉറ്റുനോക്കുന്ന ഒരു പെണ്‍കുട്ടിയിലാണ്‌ കണ്ണുകള്‍ പതിഞ്ഞത്‌...
എനിയ്ക്കെതിരെ ജാലകത്തിനരികിലാണ്‌ അവളിരിയ്ക്കുന്നത്‌. എന്തേ ഞാനിത്ര നേരവും അവളെ കണ്ടില്ല!! അവളുടെ അടുത്തായി പ്രൌഢയായ ഒരു മദ്ധ്യവയസ്ക. അമ്മയായും; ഞാന്‍ കരുതി. അവരെ നോക്കി ചിരിക്കാന്‍ ശ്രമിച്ചെങ്കിലും എനിയ്ക്കതിന്‌ കഴിയാതെ പോയി...

അവര്‍ സംഭാഷണം തുടരുകതന്നെയാണ്‌. അതു ശ്രദ്ധിയ്ക്കുന്നതിലെ അനൌചിത്യം മനസ്സിലാക്കും മുന്‍പേ അവള്‍ വൈശാഖിലേക്കുള്ള തന്റെ മടക്ക യാത്രയിലാണെന്നും ആ സ്ത്രീ അവളുടെ ആരുമല്ലെന്നും ഞാന്‍ അറിഞ്ഞു കഴിഞ്ഞിരുന്നു. ഞാന്‍ പതുക്കെ എന്റെ പ്രിയപ്പെട്ട ഗസലുകളിലേയ്ക്കു മനസ്സുതിരിച്ചു. ഇപ്പോള്‍ എന്റെ കാതുകളില്‍ മന്ദ്രമധുരമായ ഗാനം പെയ്തിറങ്ങയാണ്‌...

"തും ന ബദ്‌ലോഗെ ബദല്‍തെ ഹുവെ മൌസം കി തരഹ്‌...
ബീത്‌നെ വാലി ഹെ ബര്‍സാത്‌ യെ വാദാ കര്‍ലോ...
അബ്‌ ന ഛോഡൊഗെ കഭി സാത്‌ യെ വാദാ കര്‍ലോ...
ഹാഥ്‌ മെ ലേകെ മേരാ ഹാഥ്‌ യെ വാദാ കര്‍ലോ..."

ട്രെയിന്‍ എതോ സ്റ്റേഷനില്‍ നിറുത്തുമ്പോഴാണു ഞാന്‍ വീണ്ടും കണ്ണുകള്‍ തുറന്നത്‌. എന്റെ കണ്ണുകള്‍, എന്തോ, ആദ്യം തിരഞ്ഞതു ആ പ്രസന്നമായ മുഖമാണ്‌. വാതില്‍ കമ്പിയില്‍ പിടിച്ച്‌ പ്രസരിപ്പോടെ അവള്‍ ആ സ്ത്രീയെ യാത്രയാക്കയാണ്‌. ഞാന്‍ പതുക്കെ ക്യാബിനു പുറത്തിറങ്ങി ഒരു സിഗരറ്റിനു തീകൊളുത്തി, കമ്പാര്‍ട്ട്‌മെന്റിലൂടെ നടന്നു.
അത്‌ ഏറെക്കുറേ വിജനമായിരുന്നു. രണ്ടു ക്യാബിനപ്പുറം, വിദ്യാര്‍ഥികളാവാം ഒരു സംഘം ചെറുപ്പക്കാര്‍ ഉച്ചത്തില്‍ പാട്ടുപാടി ആഹ്ലാദപൂര്‍വം യാത്ര ചെയ്യുന്നുണ്ട്‌. പിന്നെ മറ്റൊന്നില്‍ ഒരു ഉത്തരേന്ത്യന്‍ കുടുംബവും.

ഞാന്‍ വാതില്‍പ്പടിയില്‍ ചെന്നിരുന്ന് പുറത്തു സന്ധ്യമയങ്ങുന്നതും, വയലേലകളുടെ ശൂന്യതകള്‍ക്കപ്പുറത്ത്‌ കൊച്ചു മിന്നാമിനുങ്ങുകള്‍ പോലെ വിളക്കുകള്‍ കത്തുന്നതും നോക്കി പുക ആഞ്ഞു വലിച്ചുകൊണ്ടിരുന്നു. എന്തോ ഒരൊറ്റപ്പെടലിന്റെ തീക്ഷ്ണത എന്നെ വരിയുന്നതറിയവെ. ഞാന്‍ തിരികെ ക്യാബിനിലേക്കു നടന്നു...

അവിടെയവള്‍ എന്റെ ഗസലുകള്‍ കേട്ടുകൊണ്ടിരിക്കുകയാണ്‌. വീണ്ടും സുന്ദരമായൊരു പുഞ്ചിരി... അപ്പോള്‍ മാത്രമാണ്‌ ഞാനവളെ ശ്രദ്ധിച്ചു നോക്കിയത്‌. ആ മുഖം സുന്ദരമായിരുന്നു. കണ്ണുകള്‍ ചെറുത്‌; ആഴമേറിയതും... ചുരുണ്ട മുടിയിഴകള്‍ നെറ്റിയിലേക്കു പാറി വീണിട്ടുണ്ട്‌. പെണ്‍കുട്ടിയേക്കാളേറെ ഒരു മുതിര്‍ന്ന സ്ത്രീയുടെ പക്വതയും.
പെട്ടെന്നു മുഖമുയര്‍ത്തി, എന്റെ കണ്ണുകളുടെ ആഴങ്ങളിലേയ്ക്കവള്‍ നോക്കിയത്‌ എന്നെ തെല്ലസ്വസ്ഥനാക്കിയോ...?

പിന്നീടെപ്പോഴോ ഞങ്ങള്‍ സംസാരിച്ചു തുടങ്ങി. ഗസലുകളെക്കുറിച്ചുള്ള ആ സംഭാഷണം വളരെ പെട്ടെന്നാണ്‌ ഒരു സൌഹൃദത്തിനു തുടക്കം കുറിച്ചത്‌.

പുറത്തു രാത്രി വളരുകയായിരുന്നു. അതോടൊപ്പം ഞങ്ങളുടെ സൌഹൃദവും... അവളുടെ പതിഞ്ഞ, ഒരു പുഴയൊഴുകും പോലുള്ള സംസാരത്തില്‍ ഞാന്‍ തികച്ചും ഒരു കേള്‍വിക്കാരനായി... കണ്ടുകൊണ്ടിരിക്കുന്തോറും എനിക്കു തോന്നി, ഞങ്ങള്‍ വര്‍ഷങ്ങളായി സുഹ്രുത്തുക്കളാണോ എന്ന്...

ഏറെ കഴിഞ്ഞ്‌ ഞാന്‍ വാതിലിനരികില്‍ വന്ന് ഒരു സിഗരറ്റിനുകൂടി തീ പറ്റിച്ചു. ഇരുളിനെ വകഞ്ഞകറ്റി ട്രെയിന്‍ കുതിക്കുകയാണ്‌. അകലെ ആകാശത്തില്‍ അങ്ങിങ്ങായി ചില നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നുണ്ട്‌. അവള്‍ എനിയ്ക്കരികിലേക്കു വന്നു. തണുത്ത കാറ്റില്‍ ആ ചുരുണ്ട മുടിയിഴകള്‍ ഇരുളിലേയ്ക്കൊഴുകി. ഏതോ ഓര്‍മ്മകളില്‍ സ്വയം നഷ്ടപ്പെട്ടുനിന്ന എന്നെയവള്‍ തട്ടിയുണര്‍ത്തി.
കാബിനുള്ളിലേയ്ക്കു കയറുമ്പോള്‍ അവളെന്റെ വിരലുകളില്‍ മുറുകെപ്പിടിച്ചിട്ടുണ്ടായിരുന്നു...

( തുടരും... )

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 10:56 AM

0 Comments:

Post a Comment

<< Home