Wednesday, June 07, 2006

നെടുമങ്ങാടീയം - പുകച്ചുരുളുകള്‍.

"ഗെള്‌ഫില്‍ പോയ രവിയണ്ണന്‍ തിരിച്ച് വന്ന്‌."
അതെ, ശാരദചേച്ചി കാത്തിരുന്ന രവിയണ്ണന്‍ വന്നു.
ഒരു തിങ്കളാഴ്ചയുടെ ശാന്തതയ്ക്ക്‌ മുകളിലൊരു പിരിമുറുക്കത്തിന്റെ കുളിരില്ലാക്കാറ്റുപോലെ ഈ വാര്‍ത്ത പരന്നു.

"ഒറ്റയ്ക്കാണോ വന്നത്‌?"

വാര്‍ത്ത കേള്‍ക്കുമ്പോള്‍ നാടുമുഴുവന്‍ ആകാക്ഷയോടെ ചോദിക്കേണ്ടതാണ്‌ ഈ ചോദ്യം.
പക്ഷെ ആരും ചോദിക്കാതെ അതും കാറ്റിനൊപ്പം അലഞ്ഞു. ഇടവഴിയില്‍, വേലിക്കരുകില്‍, മേലാംകോട്‌ ഏലായില്‍, ഒക്കെ ആ ചോദ്യം വിമ്മിഷ്ടപ്പെട്ട്‌ കിടന്നു.


സുധാകരയണ്ണനാണ്‌ അത്‌ പറഞ്ഞത്‌, "എടേയ്‌ അവയ്‌ പെണ്ണും കെട്ടികൊച്ചിനേം കൊണ്ടാണ്‌ വന്നത്‌"
"നീ ചുമ്മാ ഇല്ലാത്തത്‌ ഒണ്ടാക്കി പറയല്ലേ സുധാരാ" പ്രഭാകരന്‍പിള്ള എതിര്‍ത്തു.
"എടേയ്‌ പ്രവാരാ രാവിലെ അവന്റെ തള്ള ഇവ്‌ടെ വന്നിരിന്ന് അവന്റെ പിള്ളരിക്ക്‌ രണ്ട്‌ വാഴക്കേപ്പവും വാങ്ങിച്ചോണ്ടല്ലീ അവര്‌ പോയത്‌. അവരല്ലീ പറഞ്ഞത്‌ എന്റൂടെ. ഞായ്‌ എന്തരിനു ഒണ്ടാക്കി പറയിനത്‌" സുധാകരയണ്ണന്‍ തറപ്പിച്ചു പറഞ്ഞു.
വാര്‍ത്ത കേട്ടവര്‍ അവിടെ തരിച്ചിരുന്നു. അവര്‍ അങ്ങനെ സുധാകരയണ്ണന്റെ ചായക്കടയില്‍ തരിച്ചിരിക്കുമ്പോള്‍ വാര്‍ത്ത ഒരു മിന്നായം പൊലെ പാഞ്ഞുപോയി. അതു നാടുമുഴുവന്‍ ഞെട്ടലിന്റെ ഇടിമുഴക്കി, പ്രതിക്ഷേധത്തിന്റെ തീ കത്തിച്ചു.


നാട്ടുകാരില്‍ ചോരതിളച്ചവരില്‍ ചിലര്‍ രവിയണ്ണന്റെ വീട്ടിലേക്ക്‌ ഒന്നു പോകുന്നതിനെക്കുറിച്ച്‌ ആഴത്തില്‍ ചര്‍ച്ച ചെയ്തു.
"നമ്മടെ ചാരദയോട്‌ കാത്തിരിക്കാന്‍ പറഞ്ഞിറ്റ്‌ അവയ്‌ എന്തരിനു ഈ മറ്റേപ്പണി കാണിച്ചത്‌" എരപ്പന്‍ ദിവാകരയണ്ണന്റെ ചോരതിളച്ചു.
വര്‍ഷാപ്പ്‌ മുരളി തിളച്ച ചോരയില്‍ വീണ്ടും തീ വച്ചു."ഇത്‌ ചോദിച്ചില്ലെങ്കി നമ്മളെന്തരിനെടേയ്‌ അവളെ നാട്ട്‌ കാരെന്നും പറഞ്ഞോണ്ടിരിക്കിനത്‌"


സുധാകരയണ്ണന്റെ കടയില്‍ നിന്നിറങ്ങിയവര്‍ രവിയണ്ണന്റെ വീട്ടിലേക്ക്‌ നടന്നു. വഴിയരുകില്‍ കഥയറിഞ്ഞവര്‍ വഴിയരുകുവിട്ട്‌ ഈ കൂട്ടത്തോടൊപ്പം നടന്നു. കൂട്ടം വലുതായി. അതൊരുസംഘമായി. അതിനു വേഗത കൈവന്നു.
മേലേതടത്തിനരുകില്‍ രണ്ടാമത്തെ വളവുതിരിഞ്ഞുവരുന്നു കണ്ണന്‍ കോവി. കഥയൊന്നും കേള്‍ക്കാന്‍ നിന്നില്ല ഗോപി, അവരൊട്ട്‌ പറയാനും. പതിവുപോലെ ബുദ്ധിമുട്ടി ഗോപി യൂ ടേണ്‍ അടിച്ചു സംഘത്തിനൊപ്പം നടന്നു. പുരുഷാരത്തിന്റെ വേഗത്തിനനുസരിച്ചു നടക്കാന്‍ ഗോപിയുടെ ഉള്ളില്‍ തിരയിളക്കുന്ന മദ്യം അദ്ദേഹത്തെ അനുവദിച്ചില്ല. ഗോപി ഇടത്തോട്ടും വലത്തോട്ടും തെറിച്ചുകൊണ്ടിരുന്നു, വേഗത്തില്‍ ഓടുന്ന സംഘത്തിനു ആടുന്ന ഒരു വാല്‍ എന്ന പോലെ. പുഷ്പാംഗദയണ്ണന്റെ കള്ളുഷാപ്പിനടുത്ത്‌ എത്തിയപ്പോള്‍ ആ വാല്‍ മുറിഞ്ഞു ഇടത്തേക്ക്‌ മാറി. 'ഗോപിവാല്‍' ഇല്ലാതെ സംഘം രവിയണ്ണന്റെ വീടിന്റെ അടുത്തെത്തി. ആടുന്ന വാല്‍ പോയാലെന്താ അവര്‍ക്ക്‌ അവിടെ നിന്നും ഒരു നല്ല ഉറപ്പുള്ള തലകിട്ടി. ആറുമുഖന്‍ ചെട്ടി, റിട്ടയേര്‍ഡ്‌ 'കാണ്‍സ്റ്റബിള്‍'.


പാടത്തേക്കുള്ള ഒരു ഇറക്കത്തിലാണ്‌ രവിയണ്ണന്റെ വീട്‌. മണ്‍കട്ടകെട്ടിയ വീട്ടില്‍ വര്‍ഷങ്ങളായി കമലമ്മയക്കന്‍ ഒറ്റയ്ക്കായിരുന്നു താമസം.
വീടിന്റെ വാതില്‍ക്കല്‍ പാടത്തേക്ക്‌ നോക്കി, വെളുത്ത പെറ്റിക്കോട്ട്‌ ഇട്ട ഒരു കൊച്ചു പെണ്‍കുട്ടി ഇരിക്കുന്നു.

നാട്ടുക്കൂട്ടത്തെ കണ്ടതും "ദേ ആരാണ്ടും വന്നിരിക്കണു" എന്നു പറഞ്ഞവള്‍ അകത്തേക്ക്‌ ഓടി.
അവളുടെ ആക്സന്റ്‌ കേട്ട്‌ പുരുഷാരം ഒന്ന് അമ്പരന്നു.

അവരുടെ കണ്ണുകള്‍ അവിടെ മുറ്റത്ത്‌ ഫോറിന്‍ മിഠായികളുടെ കവറുകള്‍ ഒട്ടിക്കിടക്കുന്നോ എന്ന് തിരഞ്ഞു. അവരുടെ മൂക്ക്‌ ബ്രൂട്ടിന്റെ രൂക്ഷഗന്ധത്തിനായി തപ്പുന്നു. കാതുകള്‍ കാസറ്റ്‌ റിക്കോര്‍ഡറില്‍ നിന്നുള്ള ഗാനത്തിനായി വട്ടം പിടിക്കുന്നു.

അവരുടെ മുന്നില്‍ രവിയണ്ണന്‍.
കഷണ്ടികയറി നശിപ്പിച്ച തല. നരകയറിയ മീശ. കാഴ്ച മടുപ്പിക്കുന്ന വസൂരിക്കലകള്‍. കുഴിയിലേക്ക്‌ ആണ്ടുപോയ കണ്ണുകള്‍. അതിനുള്ളിലെ കറുത്ത ഗോളത്തില്‍ ഒളിപ്പിച്ചുവച്ച ദൈന്യത.
അതിനെയും ഒളിപ്പിച്ച്‌ വച്ച്‌ രവിയണ്ണന്‍ ചിരിച്ചു.

സംഘത്തിലെ യുവ ജനത ഓര്‍ത്തു, തങ്ങള്‍ അന്നു ആരാധനയോടെ കണ്ടിരുന്ന കട്ടമീശ, ചീകി ഒതുക്കിയ ചുരുണ്ട മുടി. സിന്തോള്‍ സോപ്പിന്റെ മണം. സൂപ്പര്‍ വൈറ്റ്‌ മുക്കിയ വലിയ കരമുണ്ട്‌. അതിങ്ങനെ അരയിലെക്ക്‌ മടക്കി ഉടുത്ത്‌ കീഴേവീട്ടുനടയിലെ കയറ്റം കയറിവരുന്ന രവിയണ്ണന്‍.

അതെ, എല്ലാം ഒളിപ്പിച്ച്‌ വച്ച്‌ രവിയണ്ണന്‍ ചിരിച്ചു.
"എന്താ എല്ലാവരും അവിടെ നിന്നുകളഞ്ഞത്‌ അകത്തേയ്ക്ക്‌ ഇരിക്കിന്‍" രവിയണ്ണന്റെ ഭാഷയിലും മാറ്റം. ചിലര്‍ പരസ്പരം മുഖത്തോട്‌ മുഖം നോക്കി. പിന്നാം പുറത്തുനിന്നും ആടിനു കൊടുക്കാനുള്ള കാടിയുമായി കനകമ്മയക്കന്‍ വന്നു. പുരുഷാരം കണ്ട്‌ അവര്‍ വാ പൊളിച്ചു.


സംഘം ആറുമുഖം ചെട്ടി എന്ന തലയിലേക്ക്‌ നോക്കി. ആറുമുഖംചെട്ടി ഒരു സ്റ്റെപ്പ്‌ മുന്നോട്ട്‌ വന്നു. പിന്നെ ആധികാരികമായി പറഞ്ഞു.
"ഞങ്ങള്‌ പരിചയം പുതുക്കാനക്കൊണ്ട്‌ വന്നതല്ല. വളച്ച്‌ കെട്ടില്ലാതെ പറയാം. നിന്നെ കാത്ത്‌ വൊരു പെണ്ണ്‌ വര്‍ഷങ്ങളായി ഇവടെ ഇരിക്കേര്‌ന്ന്‌. നെനക്ക്‌ വോര്‍മ്മ ഒണ്ടാന്നറിഞ്ഞൂട. ചാരദ. കെഴക്കേപണയിലെ ചാരദ. നീ വന്ന് അവള കെട്ടും എന്നും നിരുവിച്ച്‌ അവള്‌ ഇവടെ കെടന്ന് തീ തിന്നേര്‌ന്ന്. അത്‌ നെനക്ക്‌ അറിയാമോ?" ആറുമുഖംചെട്ടി ഒന്നു നിര്‍ത്തി.
ബാക്കി എല്ലാവരേയും ഒന്നു നോക്കി, താന്‍ പറഞ്ഞതെല്ലം പെര്‍ഫെക്റ്റ്‌ ആണെന്നു ഉറപ്പുവരുത്തി. പിന്നെ തുടര്‍ന്നു
"എന്നിറ്റ്‌ നീ ഗെളുഫീന്ന് വേറേ പെണ്ണും കെട്ടി കൊച്ചുങ്ങളുമായി സുഖിക്കേരിന്ന് അല്ലീ"
പറയുമ്പോള്‍ ആറുമുഖംചെട്ടിയുടെ ചീര്‍ത്ത കണ്ണുകള്‍ വാതിലിനുള്ളിലൂടെ അകത്തേക്ക്‌ അറിയാതെ പാളിപ്പോകും.
രവിയണ്ണന്‍ മുറ്റത്തേക്കിറങ്ങിവന്ന് ചെട്ടിയുടെ കൈപിടിച്ച്‌ അകത്തേക്ക്‌ ഇരുത്തി.
രവിയണ്ണന്‍ തന്റെ കഥ പറഞ്ഞുതുടങ്ങി.
ഗള്‍ഫിലേക്കെന്നു പറഞ്ഞു പോയിട്ട്‌ ബോംബൈയില്‍ യാത്ര നിന്നതും അവിടെ കിടന്നു കഷ്ടപ്പെട്ടതും വസൂരി പിടിപെട്ടപ്പോള്‍ നാട്ടിലേക്ക്‌ കള്ളവണ്ടി കയറിയതും, തിണര്‍ത്തുപൊട്ടലില്‍, തിളച്ചു പൊന്തലില്‍ യാത്ര പാലക്കാടെത്തിയതും.
കഥ കേട്ടു നിന്നവരില്‍‍ ചിലരൊക്കെ വരാന്തയുടെ അരികില്‍ ഇരുന്നു.

രവിയണ്ണന്റെ കഥ കഴിഞ്ഞില്ല. അവിടെ പരിചയപ്പെട്ട മാതുമുത്തനൊപ്പം ഇഷ്ടികക്കളത്തിലെ പണി. മാതുമുത്തന്‍ മരിച്ചപ്പോള്‍ അയാളുടെ അന്ധയായ മകളെയും ഒപ്പം കൂട്ടേണ്ടിവന്നു. അവളുടെ ജീവിതത്തില്‍ വെളിച്ചവും അവന്റെ ജീവിതതില്‍ ഇരുട്ടും കടന്നുവന്നു.
കഥപറയലിന്റെ ഒരു തിരിവില്‍ രവിയണ്ണന്‍ മിണ്ടാതെ ഇരുന്നു കുറേനേരം.
വാതില്‍ക്കല്‍ ആ പെണ്‍കുട്ടിവന്നു. അവളുടെ തോളില്‍ കൈവച്ച്‌ രവിയണ്ണന്റെ ഭാര്യയും വന്നു.
അവരുടെ കൃഷ്ണമണികള്‍ കണ്ണിന്റെ പൊയ്കയില്‍ ചത്തു മലര്‍ന്നു കിടന്നു. അവര്‍ അനന്തയില്‍ നോക്കാതെ നോക്കി ചിരിച്ചു.


ആരും ഒന്നും മിണ്ടിയില്ല. ഇളകി മറിഞ്ഞുവന്ന സമുദ്രം ഒരു പൊട്ടക്കണ്ണിന്റെ വറ്റിയ കുഴിക്കരുകില്‍ നിശ്ചലമായി നിന്നു. ആദ്യം ആറുമുഖന്‍ ചെട്ടി എണിറ്റു. ഇരുന്നവരൊക്കെ ഒരോരുത്തരായി എണീറ്റു.
അവസാനം പടിയിറങ്ങിയത്‌ അസനാര്‌ ആയിരുന്നു. ഇറങ്ങുമ്പോള്‍ അയാളുടെ മടിക്കുത്തില്‍ പത്രക്കടലാസില്‍ പൊതിഞ്ഞുവച്ചിരുന്നതില്‍ നിന്നും ഒരു പാരീസ്‌ മിഠായി ഏടുത്ത്‌ ആ കുട്ടിക്ക്‌ കൊടുത്തു. അവള്‍ രവിയണ്ണനെ നോക്കി. എന്നിട്ട്‌ ആ മിഠായി വാങ്ങി. അവള്‍ അത്‌ പോളിച്ച്‌ വായിലേക്കുവച്ചു. ഒരു നിയമത്തിന്റെ തുടര്‍ച്ചപോലെ അതിന്റെ പ്ലാസ്റ്റിക്‌ പേപ്പര്‍ മുറ്റത്തേയ്ക്ക് എറിഞ്ഞു. പാടത്തുനിന്നും വന്നകാറ്റില്‍ അത് പറന്നു പറന്ന് എവിടേയ്ക്കൊ മറഞ്ഞു.


അധികം അകലെയല്ലാത്ത ഒരു അംഗന്‍വാടി. അതിന്റെ പിന്നിലെ ചായ്പ്പില്‍ ഉപ്പുമാവ്‌ വേവുന്ന അടുപ്പില്‍ തീകെട്ടു. പുകഉയര്‍ന്നു. പുകചുറ്റി. പുകയുടെ നീറ്റലില്‍ രണ്ടു കണ്ണുകള്‍ നിറഞ്ഞുകിടന്നു.


(ചില കഥാപാത്രങ്ങളെക്കുറിച്ചറിയാന്‍ നിറം മാറിക്കിടക്കുന്ന അതാത് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.)

Yahoo! Web Hosting Design & build your site • Room to Grow • Great Pricing • Simplified Management • 24-Hour Support • Free Domain Name • Scripting & Database Tools • Commerce Sites • Reliability • Security • Matching Email Address • Blogging • Marketing Discounts • Enhancements

Reliable hosting from Yahoo!
Tools, Features, Comparison Chart...

posted by സ്വാര്‍ത്ഥന്‍ at 5:00 AM

0 Comments:

Post a Comment

<< Home