Tuesday, May 30, 2006

മഴനൂലുകള്‍... - യാത്ര - ഒന്ന്‌

URL:http://mazhanoolukal.blogspot.com/2006/05/blog-post_30.htmlPublished: 5/30/2006 2:36 PM
 Author: മഴനൂലുകള്‍...

മാര്‍ച്ച്‌ മാസത്തിലെ നിസ്സംഗമായ ഒരു മധ്യഹ്നത്തിലാണ്‌ ഞാന്‍ മടക്കയാത്ര ആരംഭിച്ചത്‌...
റിക്ഷയില്‍, പിന്നിടുന്ന പാതയോരങ്ങളിലേയ്ക്കുറ്റുനോക്കി ഞാന്‍ നിശബ്ദനായിരുന്നു. വേപ്പുമരങ്ങള്‍ കടന്ന്‌ എന്നെ തഴുകി അകന്നു പോവുന്ന കാറ്റിന്‌ നേര്‍ത്ത തണുപ്പുണ്ടായിരുന്നു...

യാത്രയാവുകയാണ്‌. ഇനിയൊരു മടക്കയാത്ര ഇല്ലാത്തവണ്ണം... സ്നേഹത്തിന്റെ, സന്തോഷത്തിന്റെ, ദു:ഖത്തിന്റെ, പിന്നെ വേര്‍പാടിന്റെയും അപരിചിതമായ തീക്ഷ്ണതകള്‍ എനിക്കു മനസ്സിലാക്കിതന്ന ഈ കൊച്ചു നഗരത്തിലേക്ക്‌ ഇനിയെന്നെങ്കിലും ഞാന്‍ തിരികെ വരുമോ? അസാധാരണമായ ഒരു വേദന എന്റെ ഹൃദയത്തില്‍ നിറയുന്നത്‌ ഞാന്‍ അറിഞ്ഞു...

പ്ലാറ്റ്‌ഫോമിലെ തിരക്കില്‍ നിന്നും യാത്ര പറയാതെ ട്രെയിനിലേയ്ക്കു കയറിയ എന്റെ കൈകളില്‍ സുഹൃത്ത്‌ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. എങ്കിലും അതു തീരെ ദുര്‍ബ്ബലമായി എനിക്കു തോന്നി. പതുക്കെ ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ അവന്റെ വിരലുകള്‍ ഒന്നുകൂടി മുറുകിയതു പോലെ... പിന്നെ പതുക്കെ അയഞ്ഞ്‌... പിന്നെ വേര്‍പെട്ട്‌... കണ്ണുകള്‍ തുളുമ്പിയത്‌ അവന്‍ കാണാതെ മുഖം തിരിച്ച്‌ ഞാന്‍ എന്റെ ക്യാബിനുള്ളിലേയ്ക്കു കയറി.

ജാലകത്തിന്റെ മറ നീക്കി ഞാന്‍ പതുക്കെ കണ്ണുകളടച്ചു. തണുത്ത കാറ്റ്‌ ആഞ്ഞു വീശുന്നുണ്ട്‌. ആകലെയെങ്ങോ മഴപെയ്യുന്നുണ്ടാവാം...
ട്രെയിന്റെ തൊട്ടിലാട്ടത്തിനു കാതോര്‍ക്കുമ്പോള്‍ അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍, എന്നോ ഒളിപ്പിച്ചു വച്ച ആ നീല നയനങ്ങള്‍ ഞാന്‍ കണ്ടു. പോരുമ്പോള്‍ തിരശീലക്കു പിന്നില്‍ തെളിഞ്ഞ ആ കണ്ണുകളിലെ നനവ്‌ എന്റെ കണ്ണുനീരായിരുന്നോ? ഞാന്‍ കണ്ണുകള്‍ ഒന്നു കൂടി മുറുക്കിയടച്ചു. എന്റെ കണ്‍പീലികളില്‍ അരിച്ചിറങ്ങുന്ന ഈ നനവ്‌ ആ കണ്ണുകളിലേതാണോ...?

ഒഴിഞ്ഞ ഗോതമ്പു പാടങ്ങള്‍ക്കു നടുവിലൂടെ ട്രെയിന്‍ പായുകയാണ്‌. വരണ്ട മണ്ണില്‍, അകലെയായി ഒരു ഉണങ്ങിയ വൃക്ഷം ഞാന്‍ കണ്ടു. ഇപ്പോള്‍ തുറന്നിട്ട ജാലകത്തിലൂടെ മഴത്തുള്ളികള്‍ എന്റെ കൈകളില്‍ പതിക്കുന്നുണ്ട്‌. അകലെ ആകാശത്തിന്റെ ഏതോ വിദൂരതയില്‍ നിന്നും കൊച്ചു മഴത്തുള്ളികള്‍ പെയ്തിറങ്ങുകയാണ്‌. ഒരു നനഞ്ഞ കാറ്റ്‌... ഇപ്പോള്‍ മഴ പെയ്യുന്നത്‌ എന്റെ മനസ്സിലാണ്‌... ഞാന്‍ വീണ്ടും കണ്ണുകളടച്ചു. നേര്‍ത്ത തണുപ്പ്‌ എന്നെ നെഞ്ചോടടക്കി പിടിച്ചിരിക്കുന്നതുപോലെ...

സുഹൃത്തിന്റെ അമ്മയുടെ പാദങ്ങള്‍ വന്ദിച്ചു നിവരുമ്പോള്‍ എന്നെ ചേര്‍ത്തുപിടിച്ചു പറഞ്ഞ വാക്കുകള്‍ കാതുകളില്‍ വീണ്ടും നിറയുകയാണ്‌-

'അമ്മയോടു പറയണം, നിന്റെ ദേശത്തിനുമൊരുപാടു ദൂരെയുള്ള നിന്റെ ഈ അമ്മ നിന്നെ ഏറെ സ്നേഹിച്ചിരുന്നെന്ന്‌... ഇനി നിന്നെയോര്‍ത്ത്‌ എന്നും വേദനിയ്ക്കുമെന്ന്‌...'

ആ തേങ്ങല്‍ നിശബ്ദമായ മറ്റൊരു തേങ്ങലിനൊടൊപ്പം അകന്നുപോയതു കണ്ണുനീരാണോ എന്നില്‍ നിന്നും മറച്ചത്‌? ട്രെയിന്റെ താളത്തിനും മീതെയായ്‌ ശബ്ദമില്ലാത്ത ഒരു തേങ്ങല്‍ ഞാന്‍ കേട്ടുവൊ...?

മഴ ശക്തിയായ്‌ പെയ്യുന്നുണ്ടിപ്പോള്‍. അകലെ മഴയില്‍ കുതിര്‍ന്ന മലനിരകള്‍ അവ്യക്തമായ്‌ കാണാം... എന്തോ ഞാന്‍ ഓര്‍ത്തുപോയി, എന്നാണ്‌ ഞാന്‍ അവളുടെ നിശബ്ദതയെ ഇത്ര ഗാഢമായ്‌ സ്നേഹിച്ചു തുടങ്ങിയതെന്ന്‌. പക്ഷേ ഒന്നും മിണ്ടാനാവാത്ത ആ ഏകാന്തതക്ക്‌, ഇനി എന്റെ മൌനത്തിന്റെ കൂട്ടില്ല... ഒരിക്കലും എനിക്കു കേള്‍ക്കാന്‍ കഴിയാതെ പോയ ആ സ്വപ്നങ്ങളും, പറയാതെ പോയ മോഹങ്ങളും ഇനി ഏതു വേനല്‍ മഴയായാണ്‌ പെയ്തൊഴിയുക...? നിഷ്കളങ്കമായ ആ കണ്ണുകളില്‍ ഒരു മഴപെയ്യുന്നുണ്ടാവാം... ഒരു പക്ഷേ അതു കണ്ടാവാം ഈ മേഘങ്ങള്‍ കരയുന്നത്‌...

എന്റെ കണ്ണുകളില്‍ വേദന നിറയുന്നതു ഞാന്‍ അറിഞ്ഞു. മഴയുടെ തണുത്ത സാന്ത്വനത്തിലേയ്ക്ക്‌ ഞാന്‍ വീണ്ടും കണ്ണുകളടച്ചു.

(തുടരും...)

Visit the Squeet Publisher "Promote" page to generate HTML that will Squeet-Enable your blog. Give your blog's visitors a chance to subscribe via email and watch your new subscriptions zoom! Then, be sure to visit Squeet Publisher to register your feed and gain access to your feed's aggregate Squeet statistics. Your new, loyal Squeet readers will be able to "Buzz" your articles and help you gain even more reach.

It's Free. It's Smart. And it's Right Here.

posted by സ്വാര്‍ത്ഥന്‍ at 10:55 AM

0 Comments:

Post a Comment

<< Home