Thursday, May 18, 2006

വെള്ളാറ്റഞ്ഞൂര്‍ - വിജയന്റെ തലമുറകളും സംവരണവും

നിലങ്ങളും കളപ്പുരകളും പശുക്കളും സ്ത്രീകളും - നചികേതസ്സിന് ധര്‍മ്മദേവന്‍ വാഗ്ദാനം ചെയ്ത ഭോഗസാധനങ്ങള്‍, പൊന്‍‌മുടിത്തറവാട് ഇവകൊണ്ടും വിദ്യകൊണ്ടും നിറഞ്ഞു. എന്താണ് ഞങ്ങള്‍ക്ക് കുറവ്, പൊന്‍‌മുടിക്കാരണവന്മാര്‍ ഓരോ തലമുറയിലും ചോദിച്ചു. പിച്ചവാങ്ങാന്‍ വരുന്ന മുണ്ടച്ചിയമ്മിയാരെ പുറത്തളത്തില്‍ പതിവുപോലെ പായിട്ടിരുത്തി ഒരു പൊന്‍‌മുടിക്കാരണവര്‍ പണ്ട് ചോദിച്ചുപോല്‍, “തമ്പുരാട്ടി, എനിക്കെന്താ കുറവ്?” പിച്ചപ്പാത്രത്തില്‍ പൊന്‍‌മുടിയുടെ ധാരാളിത്തം ഏറ്റുവാങ്ങി മുണ്ടച്ചിയമ്മിയാര്‍ പറഞ്ഞു,

നിനക്ക് എന്തിന്റെ കുറവാണെടാ അപ്പൂ?”

“എന്താണെടാ അപ്പൂ,” ആ വാക്കുകള്‍ തന്നെ ഉത്തരമായിരുന്നു. അപ്പുക്കാരണവര്‍ ഏറെനേരം ആ മദ്ധ്യവയസ്കയുടെ ദൈന്യമോര്‍ത്ത് വേദനിച്ചു.
എന്നിട്ട് അവളോട് ചോദിച്ചു, “തമ്പുരാട്ടിക്ക് ഒരു മകളില്ലേ?”
“ഉണ്ട്.”
“എന്താ പേര്?”
“ശിവകാമി.”
“ശിവകാമിയെ ഇവിടെ ദേഹണ്ണത്തിന് അയയ്ക്കൂ. എനിക്ക് ഈഴവന്റെ ചക്കരപ്പാല്‍ കുടിച്ച് മതിയായി. ബ്രാഹ്മണന്റെ പായസവും പ്രഥമനും കഴിക്കണം.”
അമ്മിയാര്‍ ചീറിയെണീറ്റു, “എടാ അധര്‍മ്മീ!”
അപ്പുകാരണവര്‍ സൌ‌മ്യമായി കൈയുയര്‍ത്തി. അയാള്‍ പറഞ്ഞു, “ഞാനൊന്നു അകത്തുപോയി വരട്ടെ, ഒരു നിമിഷം.....”അയാള്‍ ക്രുദ്ധമായ കാല്‍‌വെപ്പോടെ തിരിച്ചുവന്നു. അടച്ചുപിടിച്ച കൈപ്പടവുമായി.

“എവിടെടീ നിന്റെ പൊക്കണം?” അയാള്‍ ചോദിച്ചു.

അമ്മിയാരുടെ പഴഞ്ചേല മുറിച്ചുതുന്നിയ സഞ്ചിയിലേക്ക് ഒരുപിടി ആമാടക്കാശ് എറിഞ്ഞുകൊടുത്തു. ചെമ്പു ചേര്‍ക്കാത്ത ശുദ്ധമായ തങ്കം, അതിന്റെ വിളര്‍ത്ത തിളക്കത്തില്‍ അമ്മിയാരുടെ കണ്ണുകള്‍ വിടര്‍ന്നു.. ഏറെനാള്‍ക്കുമുമ്പ് പതിനേഴുകാരിയായ ശിവകാമി അപ്പുകാരണവരുടെ വെപ്പാട്ടിയായി പൊന്‍‌മുടിയുടെ കളപ്പുരകളിലൊന്നില്‍ കുടിയേറി.


(ഒ.വി. വിജയന്റെ തലമുറകളിലെ 31, 32 താളുകള്‍)

സാമൂഹിക, സാംസ്കാരിക, ജാതീയ, സാമ്പത്തിക ഘടകങ്ങള്‍ ഒക്കെത്തന്നെ സംവരണത്തിന്റെ അടിസ്ഥാനങ്ങളാവണം എന്നാണ് എന്റെ കാഴ്ചപ്പാട്. സാമ്പത്തിക അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം സംവരണം എന്ന വാദം ഒരു തരത്തിലും അംഗീകരിക്കത്തക്കതല്ല.

posted by സ്വാര്‍ത്ഥന്‍ at 9:57 PM

0 Comments:

Post a Comment

<< Home