Sunday, May 14, 2006

സര്‍വകലാശാല - ഗോപീ പരിണയം.

URL:http://sarvakalasala.blogspot.com/2006/05/blog-post.htmlPublished: 5/14/2006 3:21 PM
 Author: കണ്ണൂസ്‌
വീടുപണി തുടങ്ങിയ കാലം മുതല്‍ കോളേജിലേക്കെന്നല്ല എങ്ങോട്ട്‌ ബസ്സില്‍ പോവുമ്പോഴും, അടുത്തിരിക്കുന്നവന്റെ ഉത്തരക്കടലാസ്സ്‌ എത്തി നോക്കുന്ന വിദ്യാര്‍ത്ഥിയെപ്പോലെ, ഇടക്കിടക്ക്‌ തല വെളിയിലിട്ട്‌ രണ്ട്‌ സൈഡിലുമുള്ള നല്ല വീടുകളുടെ പേരു നോക്കി വെക്കുകയായിരുന്നു ലതികയുടെ ഇഷ്ട വിനോദം. അങ്ങിനെ നോക്കി നോക്കി പണി കഴിയാറാവുമ്പോഴേക്കും ശ്രീപദ്‌മം, ശ്രീവത്‌സം, കൃഷ്ണകൃപ തുടങ്ങി പത്തറുപത്‌ ഗൃഹനാമങ്ങളുടെ ഒരു ലിസ്റ്റ്‌ തന്നെ ഉണ്ടാക്കി വെച്ചിരുന്നു പെങ്ങളും ആങ്ങളമാരും കൂടി. പക്ഷേ, സംഭവം ചര്‍ച്ചക്ക്‌ വന്നപ്പോള്‍ ഗൃഹനാഥനും ലതിക, സാബു, ഗോപിമാരുടെ ഹെഡ്‌ ഓഫീസും ആയ കുട്ടന്‍ നായര്‍ അവര്‍ക്ക്‌ ദയാപൂര്‍വം അവസാന സെലക്ഷ്‌നായി അനുവദിച്ചു കൊടുത്ത ഷോര്‍ട്ട്‌ ലിസ്റ്റില്‍ മൂന്നേ മൂന്നു പേരുകളെ ഉണ്ടായിരുന്നുള്ളു. അവ ഇങ്ങനെ ആയിരുന്നു.

കുട്ട നിവാസ്‌.
കുട്ടാലയം.
കുട്ട കോട്ടേജ്‌.

തന്തപ്പടി കനിഞ്ഞനുവദിച്ചു തന്ന സെലക്ഷന്‍ ലിസ്റ്റില്‍ ആകെ നിരാശനായി സര്‍വകലാശാലയില്‍ പ്രശ്നം അവതരിപ്പിച്ച സാബുവിനു വേണ്ടി ഞങ്ങള്‍ കുട്ടന്‍ നായരോട്‌ സംസാരിച്ചു നോക്കിയെങ്കിലും " പത്തു മുപ്പത്‌ കൊല്ലം കേരളാ പോലീസില്‍ വെയിലും മഞ്ഞും കൊണ്ട്‌ ഞാന്‍ ഉണ്ടാക്കിയ വീടിന്‌, എന്റെ അല്ലാതെ വല്ല ദൈവങ്ങളുടെ കാലിന്റേയും മാറിന്റേയും പേരിടണോടാ" എന്ന ന്യായം പറഞ്ഞ്‌ കുട്ടന്‍ നായര്‍ നിരാകരിച്ചു കളഞ്ഞു. കുട്ട എന്നതിന്‌ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ അമേധ്യം തിന്നുന്ന ഒരു മൃഗം എന്നു കൂടി അര്‍ത്ഥമുണ്ടെന്നും, അതു കൊണ്ട്‌ ഈ പേരുകളില്‍ ഏതു തെരഞ്ഞെടുത്താലും അത്‌ ശോഭനമായിരിക്കില്ല എന്നു കൂടി ഞങ്ങള്‍ വാദിച്ചു നോക്കിയെങ്കിലും " അത്‌ തെക്കല്ലെ, നമ്മള്‍ പാലക്കാടല്ലേ" എന്നായിരുന്നു കുട്ടന്‍ നായരുടെ ഉത്തരം.

അങ്ങനെ മനസ്സില്ലാമനസ്സോടെ മക്കള്‍ തെരഞ്ഞെടുത്ത "കുട്ടാലയ"ത്തിന്റെ ഗേറ്റിനു വെളിയില്‍, പഴയ ബി.എസ്‌.എ. എസ്‌.എല്‍. ആര്‍. ചവിട്ടി നിര്‍ത്തി ബാലന്‍സ്‌ പോവാതെ അതില്‍ നിന്ന് ചാടിയിറങ്ങി, സ്റ്റാന്‍ഡ്‌ ഇടാതെ സൈക്കിള്‍ വേലിക്കല്‍ ചാരിവെച്ച്‌, അതില്‍ പട്ടി മൂത്രമൊഴിക്കാതിരിക്കാന്‍ വേലിയില്‍ നിന്ന് ഒരു കൈ മുള്ള്‌ കൂടി ഊരി വെച്ച്‌, പടി കടന്നപ്പോള്‍ തന്നെ വേലായുധന്‍ മാഷ്‌ ഉമ്മറക്കോലായില്‍ ചുരുണ്ട്‌ കിടക്കുന്ന പൊതിക്കെട്ട്‌ കണ്ടു. പരിചയം കൊണ്ട്‌, അത്‌ വേറൊന്നും അല്ല, നായരുടെ രണ്ടാമത്തെ മകന്‍ ഗോപിയാണെന്ന് മനസ്സിലാക്കിയ മാഷ്‌ പൊതിക്കെട്ട്‌ ചവിട്ടാതെ ശ്രദ്ധിച്ച്‌ കോലായില്‍ കയറി നിന്ന് ഉറക്കെ വിളിച്ചു.

" കുട്ടന്നാരേ.. ടീച്ചറേ.. ആരൂല്ല്യേ ഇബ്ഡെ..?"

" ഐ.. ആരാദ്‌, മാഷോ.. വരിന്‍ വരിന്‍.." എന്ന ഉത്തരത്തോടെ വെളിയിലേക്ക്‌ ഇറങ്ങി വന്ന കുട്ടന്‍ നായരോട്‌ പൊതിക്കെട്ട്‌ ചൂണ്ടി മാഷ്‌ ചോദിച്ചു.

" നോക്കിന്‍, ഇബനെ ഇങ്ങനങ്ങ്‌ട്‌ വിട്ടാ മത്യോ? ആണൊരുത്തനല്ലേ.. മണി 11 ആയി.. ഇങ്ങനെ കിടന്നൊറങ്ങിയാ ഇബന്റെ ഭാവ്യെപറ്റി നിങ്ങളെന്താ വിചാരിച്ചിരിക്കണ്‌?"

" ഐ.. ചെക്കന്‍ ഇനീം എണീച്ചില്ല്യേ.. ആ കള്ള നായിനെ ഞാനിന്ന് കൊല്ലും" എന്ന ആക്രോശത്തോടെ കുട്ടന്‍ നായര്‍ ചാടിയെഴുന്നേറ്റപ്പോള്‍ മാഷ്‌ വേഗം ഇടപെട്ടു.

" ഔ.. പത്തിരുപത്‌ വയസ്സായ വാല്യക്കാര്‌ കുട്ടികളെ ഇങ്ങനൊന്നും വിളിക്കണ്ടാട്ടോളിന്‍.. കാലം പഴയതൊന്നുവല്ല.. തനിക്കൊപ്പം എത്തിയാ താന്‍ എന്ന് വിളിക്കണന്നല്ലേ.. നിങ്ങള്‌ തരം പോലെ സൌമ്യായിട്ട്‌ ഒന്ന് ഉപദേശിക്കിന്‍.. അതു മതി.."

ഐ.. അതിന്‌ ഞാന്‍ കുട്ടിയെ അല്ല മാഷെ കള്ള നായ്‌ എന്ന് വിളിച്ചത്‌.. ഇബ്ഡെ ഒരു നായ്‌ ഇണ്ടാര്‍ന്നേ.. ആരു വന്നാലും കൊരക്‌ക്‍ണതാണ്‌.. അതു കേട്ടാ കുട്ടി എണീക്കും.. ഇന്ന് അതിനെ കാണാനില്ല്യ.. അത്‌ണ്ടാര്‍ന്നെങ്കില്‌ ഇപ്പോ മാഷ്‌ പറഞ്ഞത്‌ കേള്‍ക്കണ്ടാല്ലോ.. ഡാ..ഗോപ്യേ.. കുട്ട്യേ.. മണി 11 ആയടാ.. ഒന്നെണീച്ച്‌ ഉള്ള്‌ പോയ്‌ കെടക്കടാ.."

ഇതായിരുന്നു കുട്ടന്‍ നായരും ഗോപിയും കൂടിയുള്ള പിതൃ-പുത്ര ബന്ധം. ചെറുപ്പത്തില്‍ തന്നെ ഒരു അസുഖക്കാരനായതു കൊണ്ടാനത്രേ ഗോപിയെ വളരെ ലാളിച്ചാണ്‌ അച്ഛനമ്മമാര്‍ വളര്‍ത്തിയത്‌. അതു കൊണ്ട്‌ ഉണ്ടായ ഗുണമെന്താണെന്ന് വെച്ചാല്‍ പയ്യന്‍ 10 വയസ്സില്‍ ബീഡി വലിയും 13 വയസ്സില്‍ കള്ളു കുടിയും തുടങ്ങി. 20 വയസ്സായപ്പോഴെക്കും ഈ വിഷയങ്ങളില്‍ പി.എച്ച്‌.ഡി എടുക്കുകയും ചെയ്തു.

കുറ്റം പറയരുതല്ലോ.. ഇതൊക്കെ ആണെങ്കിലും സര്‍വകലാശാലയിലെ എന്നല്ല ആലത്തൂര്‍ താലൂക്കിലെ തന്നെ ഗ്ലാമറസ്‌ ഫിഗര്‍ ആയിരുന്നു ഗോപി. 6 അടി പൊക്കം. നല്ല തുടുത്ത നിറം. കട്ടി മീശ. (ഇടക്ക്‌ മീശ എടുത്താലും ഒടുക്കത്തെ ഗ്ലാമര്‍ തന്നെ). കള്ളും പുകയും വാട്ടിയിട്ടില്ലാത്ത ഉറച്ച ദേഹം.. അങ്ങിനെ ഗോപി രാവിലെ വീടിന്‌ വെളിയിലിറങ്ങിയാല്‍ റോഡരികിലുള്ള വീടുകളിലെ ലലനാമണികള്‍ കടക്കണ്ണെറിയാന്‍ അലസവിലാസിനികളായി തൊടിയിലും ഉമ്മറത്തുമൊക്കെയായി ചുറ്റിത്തിരിയുന്നുണ്ടാവും എന്നത്‌ പരസ്യമായ ഒരു രഹസ്യമായിരുന്നു. പക്ഷേ, രാവിലെ പോകുന്നതു പോലെയല്ല കക്ഷിയുടെ വൈകുന്നേരത്തെ തിരിച്ചുവരവെന്നതു കൊണ്ട്‌, ഗോപിക്ക്‌ എത്ര ഷഡ്ഡിയുണ്ടെന്നും അതിന്റെ കളര്‍ എന്തൊക്കെയാണെന്നുമുള്ളതും പരസ്യമായ മറ്റൊരു രഹസ്യമായി ഈ വീരാംഗനമാര്‍ക്കിടയില്‍ നിറഞ്ഞു നിന്നിരുന്നു.

അങ്ങിനെ ഇരിക്കുന്ന കാലത്തിങ്കല്‍, എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട്‌, ഗോപി പഠിത്തം പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ഇത്‌, മറ്റുള്ള സുഹൃത്തുക്കള്‍ ഒക്കെ ദിവസവും വൈകുന്നേരം വന്ന് കോളേജ്‌ വിശേഷങ്ങള്‍ പറയുന്നതിന്റെ ചൊറിച്ചില്‍ സഹിക്കാന്‍ വയ്യാതെയാണെന്നും, അതല്ല കടക്കല്‍ നിന്ന് കുറ്റിയും പറിച്ച്‌ ആലത്തൂരില്‍ എത്തിപ്പെട്ട മോഹനന്‍ മാഷുടെ സ്ഥാപനത്തിന്‌ തൊട്ടടുത്തായി COOL TODDY എന്ന് കറുത്ത ബാക്‌ ഗ്രൌണ്ടില്‍ വെളുത്ത അക്ഷരങ്ങളില്‍ എഴുതിയ ഒരു ബോര്‍ഡ്‌ ഉണ്ടായിരുന്നത്‌ കൊണ്ടാണെന്നും രണ്ടഭിപ്രായങ്ങള്‍ ഉണ്ടായി. എന്തായാലും രണ്ട്‌ പുസ്തകവും കയ്യില്‍ വെച്ച്‌ രാവിലെ ഇറങ്ങുന്ന ഗോപിയെ പാലക്കാട്‌ ബസ്‌ സ്റ്റാന്‍ഡ്‌, യാക്കര കള്ള്‌ ഷാപ്പ്‌, എരിമയൂര്‍ ആരാം ബീര്‍ പാര്‍ലര്‍, നരിപ്പറ്റയില്‍ ഗായത്രി പുഴയോരത്ത്‌ അങ്ങിനെ കോളേജ്‌ അല്ലാത്ത എല്ലാ സ്ഥലങ്ങളിലും കണ്ടു പോന്നു.

അങ്ങിനെ ഒരു ദിവസം മെനക്കെട്ട്‌ പാലക്കാട്ടേക്ക്‌ വണ്ടി കയറിയിട്ടും നൂണ്‍ ഷോക്ക്‌ എവിടേയും ടിക്കറ്റ്‌ കിട്ടാത്തതിന്റെ വിഷമത്തിനു മുകളില്‍ ഒരു ബീര്‍ അടിക്കാന്‍ പോലും സാമ്പത്തികം സമ്മതിക്കുന്നില്ല എന്ന വിഷമവും പേറി മൂപ്പന്‍ കോംപ്ലക്സിനു മുന്നില്‍ ഗോപി നില്‍ക്കുമ്പോഴാണ്‌ കൂറ്റന്റെ വരവ്‌. കൂറ്റന്‍ കാവശ്ശേരിയിലെ ഒരു സകലകലാവല്ലഭന്‍ ആയിരുന്നു. കയ്യിലില്ലാത്ത ബിസിനസ്സുകള്‍ ഇല്ല. പതിനെട്ടു മുഴം നാവും കമഴ്ന്നു വീണാല്‍ കാല്‍പ്പണം എന്ന ഫിലോസഫിയുമായി നടക്കുന്ന കൂറ്റന്‌ കാവശ്ശേരിയിലെ പിള്ളേര്‍ മുഴുവന്‍ മരുമക്കള്‍ ആണ്‌.

" എന്താണ്ടാ മരുമകനെ ഇവടെ" എന്നായി അങ്ങേര്‍ ഗോപിയുടെ നില്‍പ്പ്‌ കണ്ടപ്പോള്‍.

" എന്താ ചിയ്യണ്ട്‌ പറഞ്ഞിട്ട്‌ നില്‍ക്കാണ്‌ന്ന്.. വീട്ട്‌പ്പോയ്ട്ട്‌ എന്ത്‌ ചിയ്യ്‌ണ്‌? ടൈം കളയാന്‍ ഒരു വഴീം ഇല്ല്യ".

" അത്രേള്ളു.. നീ എന്റെ കൂടെ വാട.. എനിക്ക്‌ റെയില്‍വെ കോളനീല്‌ ഒരു വീട്ടില്‌ പൂവാന്‌ണ്ട്‌.. അത്‌ കഴിഞ്ഞിട്ട്‌ നമ്‌ക്ക്‌ രണ്ടെണ്ണം വിട്ടിട്ട്‌ വീട്ട്‌പ്പൂവ്വാ"..

ഗോപിക്ക്‌ പെരുത്ത്‌ സന്തോഷം.. നേരേ വിട്ടു കോളനിയിലേക്ക്‌ കൂറ്റന്റെ കൂടെ.. ബന്ധു വീട്ടില്‍ പോയി.. ചായയും പലഹാരവും കിട്ടി.. നല്ല മര്യാദയുള്ള വീട്ടുകാര്‍ നന്നായി സത്‌കരിക്കുകയും ചെയ്തു.. പ്ലാന്‍ പോലെ അതു കഴിഞ്ഞ്‌ കല്ല്യാണില്‍ കയറി ഒന്ന് കുളിര്‍പ്പിച്ചിട്ട്‌ രണ്ടാളും കൂടി തിരിച്ചെത്തുകയും ചെയ്തു.

രണ്ട്‌ ദിവസം കഴിഞ്ഞ്‌ കുട്ടന്‍ നായര്‍ പതിവുള്ള മോര്‍ണിംഗ്‌ വാക്കിന്റെ ദിശ മാറ്റി വേപ്പിലശ്ശേരി വഴി പോയി തങ്കുവമ്മയുടെ ചായക്കടയില്‍ കയറുന്നത്‌ വരെ പ്രത്യേകിച്ച്‌ ഒന്നും സംഭവിച്ചില്ല.

" നായരേ.. നിങ്‌ക്ക്‌ എത്രയാണ്‌ന്ന് മക്കള്‌..?" കുട്ടന്നായരുടെ മുന്നില്‍ ടിക്കേഷന്‍ കൂടിയ ഒരു ചായ വെച്ചു കൊടുത്തിട്ട്‌ തങ്കുവമ്മ ചോദിച്ചു.

" മൂന്നാള്‌.. ഒരു പെണ്ണും രണ്ടാണും.. എന്താ തങ്കുവമ്മേ ചോയ്ക്കാന്‍..?"

" നിങ്ങടെ രണ്ടാമത്തെ ചെക്കന്‍ എന്താ ചിയ്യ്‌ണ്‌?"

" ഐ.. അവന്‍ പഠിക്കാണ്‌ന്ന്.. നിങ്ങള്‌ കാര്യം പറയിന്‍.."

" പെണ്ണൊന്ന് പെര നെറഞ്ഞ്‌ നിക്‌ക്‍ണു.. മൂത്ത ഒരു ചെക്കനും ഇണ്ട്‌.. നിങ്ങളെന്താ പുത്തീം പോതൂം ഇല്ല്യാത്ത ആ മൂന്നാമത്തെ കുരുപ്പിനെ കല്ല്യാണം കഴിപ്പിക്ക്യാണ്‌? എന്താ ഇതിന്റെ ന്യായം? "

" എന്താ നിങ്ങള്‌ പറയ്‌ണ്‌ തങ്കോമ്മേ.. അവന്‌ 21 വയസ്സ്‌ ആവ്‌ണേള്ളു.. കല്ല്യാണം ഒന്നും ആലോചിക്കിണ്‌ല്ല്യ.. ആരാ ഈ വേണ്ടാത്തതൊക്കെ നിങ്ങടടുത്ത്‌ പറഞ്ഞ്‌?"

" ഇന്നിട്ടാണ്‌ ആ കൂറ്റന്‍ @#*&%^ നിങ്ങടെ മകനീം കൊണ്ട്‌ റെയില്‍വെ കോളനീല്‌ എന്റെ അനിയത്തിടെ വീട്ടില്‌ പെണ്ണ്‍ കാണാന്‍ പോയത്‌? 150 ഉറുപ്പീം വാങ്ങി ആ *&^%$#. അവരെറങ്ങണ സമയത്ത്‌ എന്റെ മകള്‌ എത്തിയ കാരണം വിവരം മനസ്സിലായി. മക്കളെ അടക്കി ഒതുക്കി വളര്‍ത്തണം നായരെ. കള്ളു കുടിക്കാന്‍ കാശില്ലെങ്കി ചെക്കന്‌ ഗോമൂത്രം വാങ്ങിച്ചു കൊടുക്കിന്‍.. മറ്റ്‌ള്ളോരെ പറ്റിച്ചിട്ടല്ല ജീവിക്കണ്ട്‌"..

ഗോപിയുടെ പഠിത്തം അവിടെ അവസാനിച്ചു എന്നു മാത്രമല്ല വെളിയിലിറങ്ങുമ്പോള്‍ 50000-ത്തിന്‌ ജാമ്യം നില്‍ക്കാന്‍ പോവുന്ന പോലെയുള്ള വേഷഭൂഷാദികള്‍ അവന്‍ ഉപേക്ഷിക്കുകയും ചെയ്തതില്‍ അവന്റെ ഒടുക്കത്തെ ഗ്ലാമറില്‍ അസൂയാകുക്ഷികള്‍ ആയിരുന്ന ഞങ്ങള്‍ ചില സര്‍വകലാശാലക്കാര്‍ ആഹ്ലാദിക്കുകയും ചെയ്തു.

posted by സ്വാര്‍ത്ഥന്‍ at 3:53 AM

0 Comments:

Post a Comment

<< Home