ശാസ്ത്രലോകം - നാനോലോകാത്ഭുതങ്ങള്‍
URL:http://sasthralokam.blogspot.com/2006/05/blog-post.html | Published: 5/13/2006 9:07 PM |
Author: seeyes |
നാനോലോകത്തെ പുതിയ അത്‌ഭുതം നാനോകാറാണ്. ടെക്സാസിലെ റൈസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറ് ജെയിംസ് ടൂറിന്റെയും സഹപ്രവര്‍ത്തകരുടെയും സൃഷ്ടിയാണിത്.എട്ടു വര്‍ഷമെടുത്തു ഇതൊന്ന് ഉണ്ടാക്കിയെടുക്കുവാന്‍. ചേസിസ് ഇവര്‍ വെറും ആറുമാസം കൊണ്ടുണ്ടാക്കി. ചക്രം ഒന്നു ഘടിപ്പിച്ചെടുക്കുവാനാണ് ബാക്കി സമയം മുഴുവന്‍ എടുത്തത്. ഈ കാറ് മുഴുവന്‍ ഒരൊറ്റ തന്മാത്രയാണ്. കാറുപോലെയിരിക്കുന്ന പല തന്മാത്രകളും മുന്‍പ് പലരും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഈ കാറിന്റെ പ്രത്യേകത ഇത് തെന്നാതെ ഉരുണ്ട് തന്നെയാണ് നീങ്ങുന്നത് എന്നാണ്. അതെങ്ങനെ മനസ്സിലായി? ഒരു നാനോ കോലു കൊണ്ട് തള്ളിയപ്പോള്‍ അത് ഒരു നേര്‍ രേഖയില്‍ തന്നെ സഞ്ചരിച്ചു. തെന്നി നീങ്ങുന്ന വസ്തുവിനെ കൃത്യമായ നേര്‍ രേഖയില്‍ സഞ്ചരിപ്പിക്കുവാന്‍ അല്പം ബുദ്ധിമുട്ടാണ്. ഒരു സ്വര്‍ണ്ണപ്പാളിയുടെ മുകളിലിരിക്കുന്ന കാറിന്റെ, കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
തന്മാത്രാകരകൌശലമാണ് അടുത്തനാളില്‍ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരത്ഭുതം. വെറും ഡി.എന്‍.എ തന്മാത്രകള്‍ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടര്‍ ഗവേഷകന്‍ സൃഷ്ടിച്ചതാണ് ഈ കലാവസ്തുക്കള്‍. വസ്തുവിന്റെ യഥാര്‍ത്ഥ ചിത്രം തന്നെയാണിത്. നിറം മാത്രം കൃത്രിമം.
തന്മാത്രകളോളം കടന്നു ചെന്ന് പദാര്‍ത്ഥങ്ങളെ നിയന്ത്രിക്കുവാന്‍ സാധിച്ചാല്‍ മനുഷ്യന് പല അത്ഭുതങ്ങളും സൃഷ്ടിക്കാം. അല്പം അതിശയോക്തി കലര്‍ത്തി പറഞ്ഞാല്‍, പച്ചപ്പുല്ലില്‍ നിന്ന് പശുവില്ലാതെ പാല്‍ ഉണ്ടാക്കാം. സൂര്യപ്രകാശമുപയോഗിച്ച് സസ്യങ്ങളില്ലാതെ ജലവിഘടനം നടത്തി ഹൈഡ്രജനും ഓക്സിജനും ഉണ്ടാക്കാം (ഈ മേഖലയില്‍ ഇപ്പോള്‍ തന്നെ ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്). ഇത്തരം മോഹനസ്വപ്നങ്ങളാണ് നാനോലോകഗവേഷകരെ നയിക്കുന്നത്.
ചായക്കടക്കാര്‍ പരിപ്പുവട ഉണ്ടാക്കുന്നതൊക്കെ എന്നേ നാനോവിദ്യയിലേക്കു മാറ്റിക്കഴിഞ്ഞു. ഒരുകാലത്ത്, പുസ്തകക്കടയില്‍ എന്‍സൈക്ലൊപ്പീഡിയ ബ്രിട്ടാനിക്ക ചോദിക്കുമ്പോള്‍ മൊട്ടുസൂചി എടുത്തു തന്നാല്‍ അത്ഭുതപ്പെടേണ്ട. എട്ടു നാനോമീറ്റര്‍ ഉള്ള കുത്തുകള്‍ ഉപയോഗിച്ച് ഈ പുസ്തകം മുഴുവന്‍ ഒരു മൊട്ടുസൂചിയുടെ തലയില്‍ എഴുതാവുന്നതേ ഉള്ളു.
Image courtesy of: http://pubs.acs.org/cen
0 Comments:
Post a Comment
<< Home