Tuesday, May 02, 2006

എന്റെ നാലുകെട്ടും എന്റെ തോണിയും! - പറ്റിച്ചേ!

എന്റെ കഥകളെല്ലാം വറ്റി തീര്‍ന്ന പുഴയുടേയും മുഷിഞ്ഞ തോര്‍ത്തു മുണ്ടു ഉടുത്ത കുഞ്ഞേട്ടന്റേയും
പൊരിവയലില്‍ ഞാറു നടുന്ന കല്യാ‍ണിയുടേയും ആയിരുന്നു. അവരുടെ സന്തോഷങ്ങള്‍ എന്റെ കഥകളില്‍ ഞാന്‍ ആഘോഷിച്ചു. അവരുടെ തീരാത്ത ദുരിതങ്ങള്‍ എന്റെ പേനത്തുംബില്‍ കണ്ണീര്‍ കണങ്ങളായി. പക്ഷെ അവരുടെ സ്വകാര്യ നിമിഷങ്ങളെ ഞാ‍ന്‍ ആര്‍ക്കും പങ്കുവെച്ചില്ല. എന്തൊക്കെ ആണെങ്കിലും( കലയല്ലേ എന്ന ‘സ്വാത്രന്ത്യം‘ ഉണ്ടെങ്കിലും ) ഞാനൊരു പെണ്ണെഴുത്തുകാരിയല്ലേ?
കഥകളില്‍ ആരും ആരേയും കൊന്നുമില്ല,രക്തം തളം കെട്ടി കിടന്നുമില്ല. കൊല്ലാതെ തന്നെ എന്തെല്ലാം കഥകള്‍ പുഴക്കു പറയാന്‍ ഉണ്ടു എന്നു അറിയൊ? ജീവിതമായിരുന്നു എന്റെ കഥയിലെ വില്ലന്‍.

ഒരായിരം തവണ വായിച്ചു ശരിപ്പെടുത്തി എന്റെ പ്രൊഫസ്സറെ കാണിക്കും. അദ്ദേഹം ആണു എന്നോടു മലയാളം വാരികള്‍‍ക്കു അയച്ചു കൊടുക്കാ‍ന്‍ പറഞ്ഞതു. എന്നെ വളരെ അധികം നിര്‍ബന്ദിച്ചു.അങ്ങിനെ ബ്രൌണ്‍ നിറത്തില്ലുള്ള പൊസ്റ്റു് കവറുകള്‍ ഞാന്‍ അഫ്സലിക്കായുടെ കടയില്‍ നിന്നു നിത്യമായി മേടിക്കാന്‍ തുടങ്ങി.

“ആപ്പ്ലിക്കേഷനാണോ കുട്ടീ? അപ്പൊ നീയ്യു പഠിത്തം കഴിഞ്ഞു ആപ്പീസറാവാന്‍ പോവാണോ?”
ഞാന്‍ ഒരു ചിരിയിലൊതുക്കും ഉത്തരം.

കുറേ കത്തുകള്‍ ക്ഷാമപണത്തോടെ തിരിച്ചു വന്നു. വേരെ കുറേ കത്തുകള്‍ പത്രമാഫീസുകളില്‍ കാണാതെ ആയി. പിന്നെ എനിക്കു ഒരു വാശി പോലെയായി. പണ്ടു മനസ്സിനുള്ളില്‍ ഉള്ളതു എഴുതി തീര്‍ത്തു കഴിഞ്ഞാല്‍ അതു മാത്രെം മതിയായിരുന്നു. പക്ഷെ അയച്ചു കൊടുക്കാന്‍ തുടങ്ങിയതോടെ എന്റെ മനസ്സിനേക്കാളും, ഇതു അച്ചടിച്ചു വരാന്‍ വേണ്ടി മാത്രെം എഴുതുവാന്‍ തുടങ്ങി.അപ്പോള്‍ പോയതിനേക്കളും വേഗതയൊടെ കത്തുകള്‍ തിരിച്ചുവരാന്‍ തുടങ്ങി. അവരുടെ മേശക്കു മുകളില്‍ ഒരു രണ്ടു ദിവസം വെക്കാന്‍ പോലും അവര്‍ക്കു അറപ്പുള്ളതു പോലെ.

അന്നേരം എന്റെ ക്രിമിനല്‍ ബുദ്ധിയില്‍ ഒരാശയം തെളിഞ്ഞു.അന്നേ വരെ എഴുതിയിട്ടില്ലാത്ത ഒരു കഥ ഞാന്‍ എഴുതി. വളരെ എളുപ്പമായിരുന്നു. മനസ്സില്‍ വിങ്ങലില്ലാതെ എഴുതാന്‍ പറ്റിയ കഥ. എനിക്കു തിരിച്ചു വന്ന എല്ലാ കഥകളില്‍ നിന്നും ഓരൊ ഓരൊ വരികള്‍ ഞാന്‍ എടുത്തു. പിന്നെ അതു എന്റെ കഥയില്‍ എവിടെയെല്ലാമോ ഞാന്‍ കോര്‍ത്തിണക്കി. യാതൊരു സംബന്ധവുമില്ലാത്ത ഒരു കഥ അങ്ങിനെ ഞാന്‍ ശെരിപ്പെടുത്തി എടുത്തു. എന്റെ കഥ ഞാന്‍ തന്നെ ‍വായിച്ചു ചിരിച്ചു മണ്ണു കപ്പി.
കഥക്കു മുകളില്‍ ഞാന്‍ ഒരു ഉപസംഹാരം എഴുതി. അതും ആംഗലേയത്തില്‍.

“I am trying my hands on experimental writing in Malayalam. I am not sure why none has ever explored this field in Malayalam literature whereas all over the World, we can already find thousands of such formats. There is a touch of magic realism in this, but this format is very new and experimental. I want to see Malayalam literature in par with World Literature, but only if we break the mould of old fashioned thinking..... " അങ്ങിനെ എനിക്കു വായിക്കു വഴങ്ങാത്ത പല വാക്കുകളും ഉപയോഗിച്ചു ഞാന്‍ ഒരു കസര്‍ത്തു കസര്‍ത്തി.

ഞാന്‍ എഴുതിയതു എനിക്കു തന്നെ പലതും മനസ്സിലായില്ല. എന്താണു ഈ എക്സ്പിരിമെന്റല്‍ എഴുത്തു എന്നു എനിക്കു കേട്ടുകെള്‍വി പോലുമില്ല. പക്ഷെ, ആ ക്ഥ ഞാനയച്ചു കൊടുത്ത 4 മാസികകളില്‍ മൂന്നുപേര്‍ക്കും പ്രസദ്ധീകരിക്കണം എന്നു പറഞ്ഞു എനിക്കു കത്തു വന്നു,പകര്‍പ്പവകാശം വേണം എന്നും. നാട്ടുകാരുടെ തല്ലു ഭയന്നു ഞാന്‍ ആര്‍ക്കും മറുപിടി അയച്ചില്ല.അഫസലിക്കേടെ മുഖത്തു എങ്കിലും നോക്കണ്ടെ? :-)

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 9:35 AM

0 Comments:

Post a Comment

<< Home