Thursday, April 27, 2006

എന്റെ ലോകം - ആട്ടിന്‍ തോലിട്ട ചെന്നായ

നീയാ കഥ കേട്ടുകാണും. ഏതു കഥയെന്നല്ലേ? ആട്ടിന്‍ തോലിട്ട ചെന്നായയുടെ കഥ. ഈയിടെ ഒരു സഹൃദയന്‍ അതിനു കുറേകൂടി ഹൃദ്യമായ ഒരു ഭാഷ്യമെഴുതിയിരുന്നു. എനിക്കറിയാവുന്ന കഥ അതിനോടു സാമ്യമുള്ളതെങ്കിലും വേറൊന്നാണു്. ആട്ടിന്‍ തോലിട്ട ഒരു ചെന്നായ കൂട്ടത്തിലെ ഒരാടിന്‍ കുട്ടിയോടൊപ്പം ഇടയന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെടുന്നതാണു് കഥയുടെ ഇതിവൃത്തം. നിനക്കീ സൂത്രമെങ്ങിനെയറിയാം? തക്കം പാര്‍ത്തു് ഓടിപ്പോകും നേരം ആട്ടിന്‍‌കുട്ടി ചെന്നായയോടു ചോദിച്ചു. അവന്‍, കൌശലക്കാരന്‍ ചിരിച്ചതേയുള്ളൂ. പുല്‍‌മേടുകളും കാട്ടരുവികളും പിന്നിട്ടു മലയടിവാരത്തിലേയ്ക്കാണു ചെന്നായ ആട്ടിന്‍‌കുട്ടിയെ കൂട്ടിക്കൊണ്ടുവന്നതു്. കാടിന്റെ അതിര്‍ത്തി അവിടെയാണല്ലോ തുടങ്ങുന്നതു്. നമുക്കു തിരിച്ചുപോകുവാന്‍ സമയമായില്ലേ? ആട്ടിന്‍‌കുട്ടി നിഷ്കളങ്കതയോടെ ചോദിച്ചു. സൂര്യന്‍ മലമുകളിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. അസ്തമിക്കുവാന്‍ സമയമേറെ കിടക്കുന്നുവല്ലോ, കൌശലക്കാരനായ ചെന്നായ പറഞ്ഞു.

നിനക്കൂഹിക്കാമല്ലോ, കുന്നുകള്‍ക്കു പിന്നില്‍ സൂര്യന്‍ മറയുമ്പോള്‍ താഴ്‌വാരങ്ങളില്‍ അസ്തമയത്തിനു മുമ്പേ ഇരുട്ടുവീഴുമെന്നു്. വരൂ, മുന്നോട്ടു നടക്കൂ, മലയുടെ നിഴലുവീണു് ഇരുട്ടെത്താത്ത ഇടങ്ങളിലേയ്ക്കു നിന്നെ ഞാന്‍ കൊണ്ടുപോകാം. ആട്ടിന്‍ തോലിട്ട ചെന്നായ സമര്‍ഥന്‍, അവനറിയാം പുറകില്‍ നിഴല്‍ വളരുന്നുണ്ടെന്നു്. വളര്‍ന്നു വളര്‍ന്നു അതു് ഇരുട്ടാവുന്നു, ആ ഇരുട്ടില്‍ ചെന്നായ തന്റെ ആട്ടിന്‍ തോല്‍ ഊരിക്കളയുന്നു.

ഈ കഥ നിന്നോടെന്തിനു് ഇപ്പോള്‍ പറയുന്നുവെന്നല്ലേ? നിനക്കു സുദീര്‍ഘമായൊരു സന്ദേശം എഴുതി തീര്‍ത്തു് ഒരു അലമാറക്കണ്ണാടിയുടെ മുമ്പില്‍ ചെന്നു നിന്നപ്പോഴാണു്, ഞാന്‍ അണിഞ്ഞിരിക്കുന്ന ഒരു കാപട്യത്തെ കുറിച്ചു സ്വയം ബോധവാനായതു്. നീയറിഞ്ഞിട്ടുണ്ടാവില്ല, കഴിഞ്ഞ വേനലില്‍ ഞാനും എന്റെ സഹപ്രവര്‍ത്തകയും ഒരു കുടക്കീഴില്‍ തണല്‍ പങ്കുവച്ചൂ നടന്നതു്. അവളുടെ തോളില്‍ എന്റെ കൈകളുണ്ടായിരുന്നു, അവളെന്നോടു വളരെ ചേര്‍ന്നായിരുന്നു നടന്നിരുന്നതു്. ഞാന്‍ അഹങ്കരിക്കുകയായിരുന്നു, ലൈംഗികതൃഷ്ണകള്‍ അടക്കി നിര്‍ത്തുന്നതില്‍ ഞാന്‍ അപ്പോള്‍ വിജയിച്ചിരുന്നുവല്ലോ. അവള്‍ എന്നില്‍ ചലനങ്ങളുണ്ടാക്കിയില്ല, ഞാന്‍ ആ പെണ്ണിനെ കൂടുതല്‍ ചേര്‍ത്തു നടത്തി; ഞാന്‍ വിജയിച്ചുവെന്നു തീ‍ര്‍പ്പാക്കുന്നതുവരെ. എന്റെ പ്രണയത്തില്‍ ഞാന്‍ അഹങ്കരിക്കുവാന്‍ തുടങ്ങിയതും അപ്പോഴാണു്, ഓ! അതെത്ര സുന്ദരമാണു്!

ചില കാപട്യങ്ങളെ കുറിച്ചായിരുന്നുവല്ലോ ഞാന്‍ പറഞ്ഞുവന്നതു്. ഞാനോര്‍ക്കുകയായിരുന്നു, ചില ഇരുട്ടില്‍ ആട്ടിന്‍ തോല്‍ ഊരിക്കളയുവാന്‍ ഞാന്‍ ശ്രമിക്കുന്നുവോയെന്നു്. നീയാ ക്ലീഷേയ്ഡ് വാചകം അവസാനമായി പറഞ്ഞതെന്നായിരുന്നു, “after all you are a guy/girl” എന്ന തമാശക്കാരന്‍ മന്ത്രം. വലിയ സ്തനങ്ങളെ കുറിച്ചുള്ള എന്റെ സങ്കല്പങ്ങളെ കുറിച്ചു പറഞ്ഞപ്പോള്‍ നീയെന്നെ ക്ലീഷേയ്‌ഡ് പുരുഷനാക്കിയതു തന്നെ; നമ്മള്‍ അന്നു പതിവിലേറെ ചിരിച്ചു. എന്റെ ആ സഹപ്രവര്‍ത്തകയ്ക്കു വലിയ സ്തനങ്ങളുണ്ടെന്നു് ഞാന്‍ പറഞ്ഞിരുന്നില്ല, ഉവ്വോ?

കണ്ണാടിയില്‍ നോക്കി നില്‍ക്കുന്നതിനും ഈ എഴുത്തിനും ആത്മരതിയുടെ അംശമുണ്ടെന്നല്ലേ? ശരിയാണു്, മറ്റാരോ പറഞ്ഞുകേട്ടിരുന്നു ഈ വസ്തുത. നീയിതു വായിച്ചു വിശ്വാ‍സത്തിന്റെയും അവിശ്വാസത്തിന്റെയും മറ്റൊരു ക്ലീഷെയുടെയും പിറകില്‍ അലയുമ്പോള്‍ ഞാനെന്താണു പറയുകയെന്നു നിനക്കു് എളുപ്പം ഊഹിക്കാവുന്ന ഒന്നാണു്: ഓ! എന്റെ കുട്ടീ, ഒരു കഥ്യാണെന്നെങ്കിലും കരുതിക്കൂടെ...

പാവം എന്റെ കുട്ടി.

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 3:15 PM

0 Comments:

Post a Comment

<< Home