Wednesday, April 12, 2006

Apocalypse - ജൂദാസിന്റെ സുവിശേഷം

ജൂദാസ് യേശുവിനെ കണ്ടു മുട്ടി..തികച്ചും അപ്രതീക്ഷിതം ആയിരുന്നു ഈ കൂടിക്കാഴ്ച ...
ഗുരുവിന്റെ മുറിവുകളില്‍ നിന്ന് ഇപ്പോഴും ചോര കിനിയുന്നുണ്ട്..
തിളക്കമാര്‍ന്ന തലമുടി രക്തം കട്ട പിടിച്ച് ജഡ കെട്ടിയിരുന്നു...
ഗുരുവിന്റെ തേജസ് പക്ഷേ ജൂദാസിന് തിരിച്ചറിയാന്‍ ഒട്ടും പണിപ്പെടേണ്ടി വന്നില്ല.
ലോകം തികഞ്ഞ അവജ്ഞയോടെ തന്നെ വീക്ഷിക്കാന്‍ കാരണമായ ഗത് സമന്‍ തോട്ടത്തിലെ കുപ്രസിദ്ധമായ
ചുമ്പനത്തിന്റെ കയ്പ് ഇപ്പോഴും തനിക്ക് ഓക്കാനം വരുത്തുന്നത് ജൂദാസ് അറിഞ്ഞു...
കയറില്‍ കുരുങ്ങി മുറുകിയ നാവില്‍ നിന്ന് ഒച്ച പുറത്തേക്ക് വരാന്‍ ജൂദാസിന് ഒത്തിരി പണിപ്പെടേണ്ടി വന്നു...
“ഞാന്‍.... അങ്ങയോട് ....” ജൂദാസ് യേശുവിന്റെ ചുമലിലേക്ക് തളര്‍ന്ന് വീണു...
‘കയ്പ് നിറഞ്ഞ ഒരു പാനപാത്രം കൂടി...‘ വലതു കൈ കൊണ്ട് തന്റെ പ്രിയ ശിക്ഷ്യനെ താങ്ങി ഗുരു ഉയരങ്ങളിലേക്ക് കണ്ണുകള്‍ പായിച്ചു...



ഈന്തപ്പനയുടെ ചുവട്ടില്‍,ഗുരുവിന്റെ മടിയില്‍ തല ചായ്ച്ച് എത്ര നേരം കിടന്നു എന്ന് ഓര്‍മ്മിച്ചെടുക്കാന്‍ ജുദാസ് ശ്രമിച്ചു...
ശരീരത്തിലെ ഓരോ ജീവാണുവും കുറ്റബോധത്താല്‍ കയറില്‍ തൂങ്ങിയാടുന്നു...
കിഴക്കോട്ട് നീങ്ങിത്തുടങ്ങിയ ഈന്തപ്പനയുടെ നിഴലുകള്‍ ഇന്നലെ അരങ്ങേറിയ സംഭവങ്ങളുടെ നടുക്കത്തിലായിരുന്നു..
ഗുരു ധ്യാനത്തില്‍ ആണെന്ന് തോന്നി...
ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കാന്‍ ഉപദേശിച്ച് മല മുകളിലേക്ക് കയറി പോയപ്പോള്‍ ആ മുഖത്ത് കണ്ട അതേ പ്രശാന്തത ആണിപ്പോഴും...
ക്രൂരമായ പീഢനങ്ങള്‍ ഏറ്റുവങ്ങിയതിന്റെ അടയാളങ്ങള്‍ ശരീരത്തില്‍ കാണാമെങ്കിലും മനസ്സ് ഓളങ്ങള്‍ ഇല്ലാത്ത നീലത്തടാകം പോലെ ആണെന്ന് ആ മുഖം വിളിച്ചു പറഞ്ഞു..
പുരോഹിത മേധാവിത്വത്തിന്റെ ശീതളിമയില്‍ ജനിച്ചു വളര്‍ന്ന താന്‍ എങ്ങിനെ നസ്രത്തിലെ ഈ ആശാരി യുവാവിന്റെ വാക്കുകളില്‍ ആകൃഷ്ടനായി?
റോമാ സാമ്രാജ്യത്തിന്റെ പിണിയാളുകളായി നിന്ന് ഭരണത്തിന്റെ പങ്കുപറ്റി പരാദങ്ങളായി ജീവിച്ചു ശീലിച്ച പുരോഹിതക്കൂട്ടത്തോട് തനിക്കുണ്ടായിരുന്ന അമര്‍ഷമോ?
ചോര തിളയ്ക്കുന്ന പ്രായത്തില്‍ മനസ്സില്‍ കുരുത്ത വിപ്ലവവിത്തുകളോ?
എന്തായിരുന്നു ഈ സന്ന്യാസിയിലെക്ക് തന്നെ വലിച്ച് അടുപ്പിചത്?
വശ്യമായ വാഗ്ധോര‍ണി ആണ് ആദ്യം തന്നെ ആകര്‍ഷിച്ചത്..
എന്തൊരു ശക്തമായ വാക്കുകള്‍!
ആ വാക്കുകള്‍ തനിക്ക് ആവേശമായി.. ആരാധനയായി...
പിന്നീട് കേട്ടറിഞ്ഞതും കണ്ട് അനുഭവിച്ചതുമാ‍യ എത്ര എത്ര അത്ഭുതങ്ങള്‍..
തന്റെ വീട്ടിലേക്കും ഇതിനകം വാര്‍ത്തകള്‍ എത്തി തുടങ്ങിയിരുന്നു..
ഗലീലിയയിലും മറ്റും പ്രസംഗിച്ചും രോഗികളെ സുഖപ്പെടുത്തിയും മരിച്ചവരെ ഉയര്‍പ്പിച്ചും കടന്നു പൊയിക്കൊണ്ടിരുന്ന നസ്രായനെ പറ്റി..
രഹസ്യമായി താനും ആ നസ്രായന്റെ പിന്നാലെ പോകാറുണ്ടെന്ന വിവരം ആരോ അപ്പന്റെ കാതുകളില്‍ മന്ത്രിച്ചു..
അന്ന്‍ തന്നെ വിലക്കും വന്നു...
പിന്നീട് ഗുരുവിനെ കാണാനും കേള്‍ക്കാനും താന്‍ എത്ര മാത്രം ബുദ്ധിമുട്ടി എന്നു യഹൊവയ്ക്ക് മാത്രമെ അറിയൂ...


താന്‍ ഉണര്‍ന്നത് ഗുരു ഇതേ വരെ അറിഞ്ഞിട്ടില്ല.. ഏതായാലും ശല്യപ്പെടുത്തേണ്ടാ.. ശാന്തമായി ഇരുന്ന് ധ്യാനിക്കട്ടെ...

താനും ഗുരുവും മാത്രമാവുന്ന അത്യപൂര്‍വ്വ നിമിഷങ്ങളില്‍ താന്‍ ഗുരുവിനോട് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലെ ദുര്‍ഗ്രഹങ്ങളായ പല സംശയങ്ങള്‍ക്കും നിവൃത്തി വരുത്തി.
ഗുരു വളരെ താല്‍പ്പര്യത്തോടെയാണ് തന്നോട് സംവദിച്ചിരുന്നത്..
ഗുരുവിന്റെ ചിന്തകളുടെ ആഴം അളക്കാവുന്നതിനും അപ്പുറത്താണെന്ന് വല്ലപ്പോഴും വീണുകിട്ടുന്ന ആ വേളകളില്‍ താന്‍ മനസ്സിലാക്കി..
ദൈവപുത്രന്റെ വരവിനെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും താന്‍ ഉള്‍ക്കൊണ്ടു..
ആരാധന നിറഞ്ഞ മനസ്സ് ഭക്തിയിലേക്ക് വഴുതി മാറിയത് തന്നെ പോലും അമ്പരപ്പിക്കുന്ന വേഗത്തില്‍ ആയിരുന്നു ..
ശിക്ഷ്യഗണങ്ങളില്‍ മുറുമുറുപ്പ് ഇതിനകം തന്നെ ആരംഭിച്ചിരുന്നു..
കൂട്ടത്തിലെ സവര്‍ണ്ണനായ താനുമായി ഗുരു കൂടുതല്‍ അടുക്കുന്നത് അവരെ ഭയപ്പെടുത്തി..
താന്‍ റോമ സാമ്രാജ്യത്തിന്റെ ചാരന്‍ ആണെന്ന് അവര്‍ അടക്കം പറയുന്നതും കേട്ടു.
ഒരോ ദിവസം ചെല്ലുന്തോറും ഗുരു തന്നൊട് കൂടുതല്‍ അടുത്ത് വന്നു..
ഇതിനിടെ പല തവണ താനും അപ്പനും ഇതേ ചൊല്ലി വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായി..
നഗരത്തിലെ പല പ്രധാനികളും തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു... ഉപദേശിച്ചു...മോഹനവാഗ്ദാനങ്ങള്‍ നല്‍കി... പിന്നെ ഭീഷണിയുടെ ശബ്ദവും കേട്ട് തുടങ്ങി..
അവരുടെ മുഖത്തു നോക്കി താന്‍ ദൈവപുത്രനെ പുകഴ്ത്തി... ദൈവരാജ്യം പ്രസംഗിച്ചു..
ഇടക്കിടെ അവരുടെ വക ചാട്ടവാറിന്റെ അടിയും കിട്ടി...മിക്കവാറും വീട്ടുതടങ്കലില്‍ ആയി...

നാവു വരണ്ടു തുടങ്ങി... വെള്ളം അന്വേച്ചിറങ്ങണമെങ്കിലും ഗുരുവിനെ ധ്യാനത്തില്‍ നിന്ന് ഉണര്‍ത്തണം.. അടുത്തെങ്ങും മനുഷ്യവാസം ഉള്ളതിന്റെ ലക്ഷണം കാണുന്നില്ല..ഏതായാലും കാത്തിരിക്കുക തന്നെ..

ജറുസലെം ദേവാലയത്തിലേക്കു യാത്ര പോവാന്‍ തീരുമാനിച്ചതിന്റെ തലേന്നാണ് രക്ഷാകരദൌത്യത്തെ പറ്റി ഗുരു ശിക്ഷ്യന്മാരോടു പറഞ്ഞത്...അന്ന് മറ്റുള്ളവരെ പോലെ തനിക്കും ഒന്നും മനസ്സിലായില്ല...
എന്തെങ്കിലും സൂചന എങ്കിലും ലഭിച്ചിരുന്നെങ്കില്‍ താന്‍ ഈ സാഹസത്തിന് മുതിരുമായിരുന്നില്ലല്ലോ?
ഗുരുവുമൊത്തു പെസഹ ആഘോക്ഷിച്ച ദിവസം, അപ്പനും സുഹൃത്തുക്കളും തന്നെ വീണ്ടും ഉപദേശിച്ച് നേരെയാക്കാന്‍ വന്നു.
ഗുരു ദൈവപുത്രന്‍ ആണെന്ന് അവരോട് പല തവണ താന്‍ തര്‍ക്കിച്ചു. അവര്‍ പീലാത്തോസിന്റെയും മറ്റും പേര് പറഞ്ഞ് തന്നെ വീണ്ടും ഭയപ്പെടുത്തി..
അവസാനം താന്‍ അറ്റകൈ പ്രയോഗിച്ചു.. അതാണു തനിക്ക് വിനയായത്..
“ഗുരുവിനെ നിങ്ങള്‍ക്കു കാട്ടിതരാം.. ദൈവപുത്രന്‍ ആയ ഗുരുവിനെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല... അവനെ നിങ്ങള്‍ ഒരു നോക്ക് കണ്ടാല്‍ ... ആ മാത്രയില്‍ അവന്റെ അനുയായി ആയി മാറും... അല്ലാത്ത പക്ഷം നിങ്ങള്‍ പറയുന്നത് അനുസരിച്ചു കൊള്ളാം..“ ഇത്രയും താന്‍ അവരോട് പറഞ്ഞതിന് പിന്നില്‍ രൂഢമായ ആ വിശ്വസം മാത്രം ആയിരുന്നു.
ഗുരു ദൈവപുത്രന്‍ ആണെന്നുള്ള അടിയുറച്ച വിശ്വാസം...
അഥവാ ഗുരുവിനെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ എല്ലാവരും അവന്റെ അനുയായികള്‍ ആയി കൊള്ളാം എന്ന് എന്റെ അപ്പന്‍ ഉള്‍പ്പടെ ഉള്ളവര്‍ സമ്മതിക്കുകയും ചെയ്തു..

താന്‍ അവരുമായി ഇതിനെ ചൊല്ലി ഒരു പന്തയത്തിന് തയ്യാര്‍ ആയി.. ഇത് കേട്ടതും അവര്‍ പന്തയത്തിന്റെ ഉറപ്പിനായി മുപ്പത് വെള്ളിക്കാശ് എന്റെ നേരെ നീട്ടി...
അവര്‍ എല്ലാവരും ഗുരുവിന്റെ അനുയായികള്‍ ആയി മാറുമല്ലോ എന്ന സന്തോഷം മാത്രം ആയിരുന്നു അപ്പോള്‍ തന്റെ മനസ്സില്‍...

പിന്നീട് സംഭവിച്ചതെല്ലാം മനുഷ്യന്‍ മാത്രമായ തന്നെ ഉപകരണമാക്കി ദൈവം നടത്തിയ നാടകത്തിലെ തുടര്‍ രംഗങ്ങള്‍ മാത്രമെന്ന് ഈ നിമിഷം വരെയും തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ..
വില്ലന്‍ വേഷത്തിലൂടെ ആണെങ്കില്‍ പോലും തന്നെയും ലോകാവസാനം വരെയും ഗുരുവിനൊടൊപ്പം ഓര്‍മ്മിക്കപ്പെടണമെന്ന് ഗുരു ആഗ്രഹിച്ചിട്ടുണ്ടാവണം...

ഗുരു തന്റെ കണ്ണുകളിലേക്കു തന്നെ നോക്കി ഇപ്പോള്‍ ഉണര്‍ന്ന്‍ ഇരിക്കയാണ്...
മരുഭൂമിയില്‍ മഴയുടെ ആരംഭം അറിയിച്ചു കൊണ്ട് ഒരു നീര്‍ത്തുള്ളി ജൂദാസിന്റെ കവിളില്‍ വീണുടഞ്ഞു...




** നന്നേ കുട്ടിക്കാലത്ത് എന്റെ മനസ്സില്‍ പതിഞ്ഞ “നാവ്“ എന്ന ഏകാങ്കനാടകത്തോട് കടപ്പാട്

posted by സ്വാര്‍ത്ഥന്‍ at 1:03 PM

0 Comments:

Post a Comment

<< Home