Thursday, April 27, 2006

::സാംസ്കാരികം:: - എന്തുകൊണ്ട്‌ വോട്ട്‌ ചെയ്യുന്നില്ല

എന്തുകൊണ്ട്‌ വോട്ട്‌ ചെയ്യുന്നില്ല
സുകുമാര്‍ അഴീക്കോട്‌
തിരഞ്ഞെടുപ്പ്‌ നേര്‍ക്കുനേരിലാണ്‌. വോട്ടവകാശമുള്ളവരെല്ലാം വോട്ടു ചെയ്യുക എന്നതാണ്‌ ഈ മാസത്തെ 'യുഗധര്‍മ്മം.' സ്ഥാനാര്‍ത്ഥികളും കക്ഷികളും മാത്രമല്ല, വലിയ പത്രങ്ങളും ഈ ആഹ്വാനം നടത്തിക്കൊണ്ടിരിക്കുന്നു.

ഞാന്‍ വോട്ട്‌ ചെയ്യാതായിട്ട്‌ നാലു ദശാബ്‌ദമായിക്കാണണം. ഞാന്‍ പാര്‍ലമെന്റിലേക്ക്‌ മത്സരിച്ച, 1962-ലെ രണ്ടാം ലോക്‌സഭയിലേക്കുനടന്ന തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തിരുന്നു. അടുത്ത തിരഞ്ഞെടുപ്പിലും വോട്ടുചെയ്ത ഓര്‍മ്മയുണ്ട്‌. പിന്നെ ഒരിക്കലും വോട്ടറായി വേഷം കെട്ടിയിട്ടില്ല. ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടുചെയ്യാന്‍ ഉദ്ദേശ്യമില്ല. പലരും ഇതുസംബന്‌ധിച്ച്‌ ചോദിക്കുന്നതുകൊണ്ട്‌ ഒരു വിശദീകരണം നടത്തുകയാണ്‌.

ഇന്ത്യക്കാര്‍ക്ക്‌ വോട്ടവകാശം ലഭിച്ചത്‌ ഭരണഘടനവഴിയാണ്‌. അങ്ങനെ 1952-ല്‍ ഒന്നാമത്തെ ലോക്‌സഭ രൂപംകൊണ്ടു. നാലു ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മാത്രമേ ഞാന്‍ വോട്ട്‌ ചെയ്തുള്ളൂ. പതിന്നാലാം ലോക്‌സഭയാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.
മൂന്നാം ലോക്‌സഭാഘട്ടത്തില്‍ അന്യാദൃശവും അസാധാരണവുമായ ഒരു മഹാസംഭവപരമ്പര നടന്നു. 1962-ല്‍ ജയിച്ചിരുന്നെങ്കില്‍ എനിക്ക്‌ ഈ നാടകീയ സംഭവങ്ങളുടെ ദൃക്‌്‌സാക്ഷിയാകാന്‍ കഴിഞ്ഞേനേ! മൂന്നാം ലോക്‌സഭ മൂന്നു പ്രധാനമന്ത്രിമാരുടെ വരവുകണ്ടു- ജാവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ ബഹദൂര്‍ ശാസ്‌ത്രി, ഇന്ദിരാഗാന്‌ധി. ആദ്യത്തെ രണ്ടു പേരും മൂന്നാം ലോക്‌സഭാകാലത്ത്‌ ചരമമടഞ്ഞവരാണ്‌.ഇന്ദിരാഗാന്‌ധിയുടെ ആഗമനത്തോടെ കോണ്‍ഗ്രസിലെ ഗാന്‌ധി-നെഹ്‌റുയുഗം അവസാനിച്ചു. ഏത്‌ മാര്‍ഗ്‌ഗവും അധികാരം നേടുക എന്ന ലക്ഷ്യം സാധിക്കാന്‍ സ്വീകരിക്കാം എന്ന പുതിയ രാഷ്‌ട്രീയ നീതിശാസ്‌ത്രം കോണ്‍ഗ്രസ്‌ അംഗീകരിക്കുന്നത്‌ അന്നുതൊട്ടാണ്‌. ആ യുഗത്തിന്റെ തേര്‍വാഴ്ചയാണ്‌ ഇന്ന്‌. കാമരാജ്‌ തുടങ്ങി പലരും കോണ്‍ഗ്രസ്‌ വിട്ടു. ഞാനും കക്ഷിവിട്ടു. ദൈനംദിന രാഷ്‌ട്രീയം വിട്ടു, തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പുപ്രചരണവും ഒഴിവാക്കി, വോട്ടു ചെയ്യലും നിറുത്തി. 'പാവനം' ആയ വോട്ടവകാശം ഞാന്‍ മടക്കിവച്ചത്‌ അങ്ങനെയാണ്‌.

അപ്രകാരം വോട്ടുചെയ്യാതെ പിന്മാറിയിരിക്കുന്നത്‌ ശരിയാണോ, ഭരണഘടന ലക്ഷ്യംവയ്ക്കുന്ന രാഷ്‌ട്രനീതിയുടെ ലംഘനമല്ലേ അത്‌ എന്നൊക്കെയുള്ള വ്യാകുലതകളും ക്ഷോഭപൂര്‍ണങ്ങളുമായ ചോദ്യങ്ങളും ആശങ്കകളും മറുവശത്തുനിന്ന്‌ ഉയരുന്നത്‌ കേള്‍ക്കുന്നുണ്ട്‌.

വോട്ടു ചെയ്യാതിരിക്കുന്നതില്‍, ഇന്ത്യന്‍ അവസ്ഥയില്‍, രണ്ട്‌ പ്രധാന ദോഷങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന്‌ മറുവശത്തുനിന്ന്‌ പറഞ്ഞുകേള്‍ക്കുന്നു. ഒന്ന്‌ ആശയവൈവിദ്ധ്യം, രണ്ടാമത്തേത്‌ തത്വലംഘനം. ഞാന്‍ വോട്ട്‌ ചെയ്യാറില്ലെങ്കിലും മറ്റുള്ളവരെ വോട്ടു ചെയ്യുന്നതിന്‌ പ്രേരിപ്പിക്കുന്ന വ്യക്തിയാണ്‌. അതായത്‌, ആരും വോട്ട്‌ ചെയ്യരുതെന്ന്‌ ഒരിക്കലും ഞാന്‍ പ്രസ്താവിച്ചിട്ടില്ല. താന്‍ ചെയ്യുന്നത്‌ മറ്റുള്ളവര്‍ ചെയ്യണമെന്ന്‌ നിര്‍ബന്‌ധിക്കാത്തതും മറ്റുള്ളവര്‍ ചെയ്യണമെന്ന്‌ പറയുന്നത്‌ സ്വയം നടപ്പിലാക്കാത്തതും ചിന്തയിലെ കടുത്ത പൂര്‍വാപരവൈരുദ്ധ്യമാണ്‌. മനുഷ്യജീവിതത്തില്‍ വാക്കും കര്‍മ്മവും തമ്മില്‍ പൊരുത്തം വേണ്ടല്ലോ. സ്വഭാവസ്ഥിരത എന്നുപറയുന്നത്‌ ഇതാണ്‌. ജീവിതത്തില്‍ അനുസരിക്കേണ്ട സത്യനിഷ്ഠയുടെ പ്രശ്നമാണ്‌ ഇത്‌.

വോട്ടു ചെയ്യണം എന്ന്‌ ഭരണഘടന നിര്‍ബന്‌ധം പിടിച്ചു കാണുന്നില്ല. വോട്ടുചെയ്യാനുള്ള യോഗ്യതയുള്ളവര്‍ക്കെല്ലാം അതിനുള്ള സൌകര്യം ഉണ്ടാകണമെന്നേ ഭരണഘടന ഉദ്ദേശിക്കുന്നുള്ളൂ. ഭരണഘടന വോട്ട്‌ സര്‍വജനീനമാണ്‌ എന്ന്‌ അനുശാസിക്കുമ്പോള്‍, കള്ളനും അഴിമതിക്കാരനും വോട്ട്‌ ചെയ്യണം എന്നല്ല അനുശാസിക്കുന്നത്‌. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ചില മഹാഭാഗങ്ങളുണ്ട്‌- സാര്‍വജനീനമായ നീതി, മതങ്ങളെ സമഭാവനയോടെ കാണുക, സാഹോദര്യം വളര്‍ത്തുക, ഉച്ചനീചത്വങ്ങള്‍ കുറച്ചുകൊണ്ട്‌ സാര്‍വാധിഷ്ഠിതമായ ഒരു സമൂഹവ്യവസ്ഥ സൃഷ്‌ടിക്കുക തുടങ്ങിയ ഉന്നതലക്ഷ്യങ്ങളാണ്‌ ഭരണഘടന അവതരിപ്പിച്ചുതന്നിട്ടുള്ളത്‌. ഇവയ്ക്കുവേണ്ടി നിലകൊള്ളുന്ന വിശ്വസ്തനായ നല്ല സ്ഥാനാര്‍ത്ഥിക്കാണ്‌ വോട്ട്‌ ചെയ്യേണ്ടത്‌. കുറ്റവാളികള്‍ എല്ലാം നിയമത്തിന്റെ പിടിയില്‍ പെടുന്നില്ല. അതിനാല്‍ അത്തരം കുറ്റക്കാര്‍ നല്ലവരാണെന്ന്‌ ധരിച്ച്‌ തിരഞ്ഞെടുപ്പില്‍ കയറിപ്പറ്റുന്നു. ചീത്ത സ്ഥാനാര്‍ത്ഥിക്ക്‌ വോട്ട്‌ ചെയ്യരുതെന്ന്‌ നെഹ്‌റു ഒന്നാം ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്തുതന്നെ കോണ്‍ഗ്രസുകാരെ ഉപദേശിച്ചിരുന്നു.

നെഹ്‌റു വര്‍ണിച്ചതരത്തിലുള്ള കള്ളസ്ഥാനാര്‍ത്ഥികള്‍ക്ക്‌ വോട്ടുകൊടുക്കരുതെന്നേ ഞാന്‍ പ്രസംഗിച്ചിട്ടുള്ളൂ. "ചീത്ത വഴിയിലൂടെ ജയിക്കുന്നതിലും നല്ലത്‌, നല്ല വഴിയിലൂടെ തോല്‍ക്കുന്നതാണ്‌" എന്നും നെഹ്‌റു ഉദ്ബോധിപ്പിച്ചു. ഇന്ന്‌ ഇത്‌ ഏറ്റുപറയാന്‍ കോണ്‍ഗ്രസില്‍ ആരുമില്ല.നെഹ്‌റുവിന്റെ മാനദണ്‌ഡമനുസരിച്ച്‌ സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യതയില്ലാത്തവര്‍ക്ക്‌ വോട്ടുകൊടുക്കരുത്‌ എന്നത്‌ തിരഞ്ഞെടുപ്പിലെ ഏറ്റവും മൌലികമായ തത്വമാണ്‌. തിരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ക്ക്‌ ഈ തത്വം പരിപാലിക്കാന്‍ എപ്പോഴും സാധിക്കണമെന്നില്ല. വോട്ടര്‍ ആണ്‌ ഈ തത്വം പരിപാലിക്കുന്നതിനുള്ള പരമാധികാരം സ്വായത്തമായിട്ടുള്ള വ്യക്തി. ഈ ശക്തി പ്രയോഗിക്കണം എന്നാണ്‌ ഞാന്‍ തരംകിട്ടുമ്പോഴൊക്കെ ജനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

ആര്‍ക്ക്‌ വോട്ടുചെയ്യണമെന്ന തീരുമാനം ആത്യന്തികമായി വോട്ടറുടേതാണ്‌. നല്ലവരെന്ന്‌ കരുതുന്ന ആള്‍ക്ക്‌ അയാള്‍ വോട്ട്‌ നല്‍കണം. സ്ഥാനാര്‍ത്ഥികളെപ്പറ്റി നല്ലയാളെന്ന്‌ തോന്നിയില്ലെങ്കില്‍ തീര്‍ച്ചയായും വോട്ട്‌ ചെയ്യാതിരിക്കണം. സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ സ്വന്തമായ ഒരു പവിത്രതയുണ്ട്‌. എനിക്ക്‌ നല്ല അഭിപ്രായമില്ലാത്ത ഒരു സ്ഥാനാര്‍ത്ഥിക്ക്‌ വോട്ടു നല്‍കണമെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല.
വോട്ട്‌ ചെയ്യാതിരിക്കുമ്പോള്‍ ഭരണഘടനാതത്വം ലംഘിക്കപ്പെടുന്നു എന്ന വാദത്തിന്റെ മറുവശവും ഇതില്‍ത്തന്നെയുണ്ട്‌. ആര്‍ക്കെങ്കിലും വോട്ട്‌ ചെയ്യുക എന്നതല്ല തത്വം; നല്ലയാള്‍ക്ക്‌ വോട്ട്‌ ചെയ്യുക എന്നതാണ്‌. നല്ലയാളെ തിരഞ്ഞെടുക്കുമ്പോഴാണ്‌ തിരഞ്ഞെടുപ്പ്‌ യഥാര്‍ത്ഥമായ തിരഞ്ഞെടുപ്പാകുന്നത്‌. ആരോ നിര്‍ബന്‌ധിച്ചതുകൊണ്ട്‌ ആരെയോ നിര്‍ദ്ദേശിക്കുന്നത്‌ തിരഞ്ഞെടുപ്പല്ല, ഇലക്ഷന്‍ അല്ല. അത്‌ പക്ഷപാതം മാത്രമാണ്‌.

വോട്ടിന്റെ പാവനത ഇതാണ്‌, ഇതേയുള്ളൂ. ജനാധിപത്യത്തില്‍ ജനങ്ങളുടെ നിര്‍വ്യാജമായ ക്ഷേമത്തിനുവേണ്ടി ഏത്‌ ഘട്ടത്തിലും ഉറച്ചുനില്‍ക്കുന്ന ഒരു വ്യക്തിയെ മനസ്സില്‍ക്കണ്ട്‌ അദ്ദേഹത്തിന്‌ വോട്ട്‌ നല്‍കുക എന്നത്‌ വിശുദ്ധമായ ഒരു കര്‍മ്മമാണ്‌. എന്റെ പാര്‍ട്ടിയുടെ പ്രതിനിധിക്ക്‌ വോട്ടുചെയ്യുമ്പോഴാണ്‌ വോട്ടിന്റെ പാവനത നഷ്‌ടപ്പെടുന്നത്‌. മറ്റു പ്രലോഭനങ്ങള്‍ക്ക്‌ വശംവദനായി സമ്മതിദാനം നടത്തുമ്പോഴും ലംഘിക്കപ്പെടുന്നതും പാവനതയാണ്‌.

ഇതാണ്‌ തത്വം. എങ്കില്‍ ആകെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ എന്റെ പ്രാതിനിധ്യമാനദണ്‌ഡങ്ങളോട്‌ ഇണങ്ങുന്ന ആരെയും ഞാന്‍ കാണുന്നില്ലെങ്കില്‍ എനിക്ക്‌ ഒരു വഴിയേയുള്ളൂ- അവര്‍ക്കാര്‍ക്കും വോട്ടു ചെയ്യാതിരിക്കുക. വോട്ടവകാശത്തിന്റെ വിശുദ്ധിയെ ഞാന്‍ അല്‌പം പരിരക്ഷിച്ചിരിക്കുന്നു. നല്ല സ്ഥാനാര്‍ത്ഥിയായി ആരെയും കാണുന്നില്ലെങ്കില്‍ എന്റെ കക്ഷിക്കാരനോ മതക്കാരനോ ജാതിക്കാരനോ എനിക്ക്‌ കാശു തന്നവനോ വോട്ടു കൊടുക്കുന്ന വ്യക്തി വോട്ടിന്റെ പരിശുദ്ധി കളയുന്ന അയാള്‍ ചെയ്തത്‌ വോട്ടല്ല, അഴിമതിയാണ്‌.

ഇന്ന്‌ നമ്മുടെ തിരഞ്ഞെടുപ്പിന്റെ വിശുദ്ധി എന്നു പറയുന്നത്‌ മിക്കവാറും നഷ്‌ടമായിക്കഴിഞ്ഞിരിക്കയാണ്‌. ക്രിമിനലുകള്‍ തിരഞ്ഞെടുക്കപ്പെടുന്നു. പ്രതിസ്ഥാനത്ത്‌ പോയാല്‍ കോടതി അനുവദിച്ച ആള്‍ മന്ത്രിയാവുന്നു. സ്‌ത്രീവിഷയത്തിലും ധനവിഷയത്തിലും സംഘടിതമായ അക്രമവും വ്യാപകമായ അനീതിയും നടത്തുന്നവരെന്ന്‌ നാടാകെ പുകില്‍ പരത്തിയവര്‍ രാഷ്‌ട്രീയക്കൂട്ടായ്‌മയുടെ പേരില്‍ ഭരണകൂടത്തിലെ നിര്‍ണായകശക്തികളായി മാറുന്നു. ജാതിയും മതവും തിരഞ്ഞെടുപ്പിലെ നിര്‍ണായകശക്തികളായി വിലസുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്‌ രാഷ്‌ട്രീയ ശരീരത്തിലെ ഈ അര്‍ബുദങ്ങള്‍ പരിശമിപ്പിക്കാന്‍ ഫലപ്രദമായ ഉപായങ്ങള്‍ ഉണ്ടെന്നുതോന്നുന്നില്ല. പൊലീസിനെ ഉപയോഗിച്ച്‌ തടയാവുന്ന ബാഹ്യങ്ങളായ ചില അക്രമങ്ങളെയും അടിപിടികളെയും കള്ളവോട്ടു തുടങ്ങിയവയെയും ഒരതിര്‍ത്തിവരെ അതിന്‌ നിയന്ത്രിക്കാന്‍ കഴിയുന്നുണ്ട്‌. അത്രയേ സമ്മതിക്കാന്‍ പാടുള്ളൂ. അതിനപ്പുറത്താണ്‌ നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യേണ്ട പല ദോഷങ്ങളും കിടക്കുന്നത്‌.

സ്വയംവരത്തിന്‌ ഓടിക്കൂടിയെത്തിയ കോന്തന്മാരില്‍ ഒരുത്തനെയെങ്കിലും പരിണയിക്കണമെന്ന്‌ ഒരു ധര്‍മ്മശാസ്‌ത്രത്തിലും എഴുതിക്കണ്ടിട്ടില്ല. സ്വയംതോന്നി വരിക്കലാണ്‌ സ്വയംവരം. നേരത്തേ പ്രണയമുണ്ടായിട്ടുപോലും ദമയന്തി നളനെ വരിച്ച്‌ അബദ്ധത്തില്‍ കുടുങ്ങിയല്ലോ.
നമ്മുടെ തിരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിലെ സ്വയംവരമാണ്‌. വരനെ തിരഞ്ഞെടുക്കാന്‍ രാജകുമാരിക്കുള്ള പരിപൂര്‍ണ സ്വാതന്ത്യ്‌രമാണ്‌-തിരഞ്ഞെടുക്കാതിരിക്കാനും. യഥാര്‍ത്ഥമായ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കാതിരിക്കാനുള്ള സ്വാതന്ത്യ്‌രവും അന്തര്‍ഭവിച്ചിട്ടുണ്ട്‌.

കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 4:03 AM

0 Comments:

Post a Comment

<< Home