Wednesday, March 22, 2006

മണ്ടത്തരങ്ങള്‍ - മണ്ടത്തരാവലോകനം

http://mandatharangal.blogspot.com/2006/03/blog-post_23.htmlDate: 3/23/2006 10:57 AM
 Author: ശ്രീജിത്ത്‌ കെ
അവന്‍ അക്ഷമനായിരുന്നു. വെരുകിനെപ്പോലെ മുറിയില്‍ ഉലാത്തുമ്പോഴും അവനു തന്നെ നിശ്ചയമില്ലായിരുന്നു എന്താണ് അവന്‍ ഇങ്ങനെ ദുഃഖിക്കുന്നത് എന്ന്‌. അവന്റെ അസ്വസ്ഥതയുടെ കാരണം ഓര്‍ക്കുമ്പോഴും, അതൊരു മണ്ടത്തരമാണെന്നറിഞ്ഞിരുന്നിട്ടും, അവന് അവനെത്തന്നെ
ആശ്വസിപ്പിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. പ്രതീക്ഷകളുടെ മോഹഭംഗം ഹൃദയത്തിലാഴ്ത്തിയ നൊമ്പരം അവന് മറക്കുവാനാകുന്നുണ്ടായിരുന്നില്ല.

ഇരുള്‍ ഇതള്‍ കൊഴിഞ്ഞ് പകല്‍ വിരിയുന്നു. പ്രഭാതം സുഗന്ധം പരത്തി കടന്ന് പോകുന്നു. അവന്‍, ഹൃദയത്തില്‍ നിന്നൊഴിഞ്ഞു പോയ പ്രണയത്തിന്റെ സൌരഭത്തെ ഓര്‍ത്ത് ഋതുക്കളെ മറന്ന് നിശ്ശബ്ദമായിരിക്കുന്നു. ഭൂതകാല മധുരസ്മരണകള്‍ വിരഹത്തില്‍ പൊഴിക്കുന്ന ശോകഗാനം ശ്രവിക്കുന്നു. അപ്പോള്‍ പകലുകളില്‍ വേര്‍പ്പാടിന്റെ ചെളിഗന്ധമുയരുന്നു.

ഇന്ന് മീനമാസത്തിലെ മൂലം നാള്‍. ഇന്ന് അവളുടെ ഇരുപത്താറാം പിറന്നാള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ അവന്‍ കൂടെയില്ലാത്ത അവളുടെ ആദ്യ പിറന്നാള്‍.

അവള്‍ തന്നെ വിട്ടു പോയിട്ട് നാളേറെ കഴിഞ്ഞിരിക്കുന്നു. അന്ന് ഏകനായതാണ് അവന്‍. ഓര്‍മ്മകളുടെ മതില്‍കെട്ടിനകത്ത്, സ്വന്തം വിഷാദങ്ങള്‍ തീര്‍ത്ത കല്‍മുറിക്കുള്ളില്‍ അവന്‍ ഓര്‍മ്മകള്‍ അയവിറക്കി, ഊണില്ലാതെ, ഉറക്കമില്ലാതെ, അശ്വാസമില്ലാതെ, സമാധാനമില്ലാ‍തെ, സ്വന്തം അസ്വസ്ഥതകളുടെ
മുറിപ്പായയില്‍ ചുരുണ്ട് കിടക്കുന്നു അന്നു മുതല്‍.

എവിടെയാണ് താന്‍ മണ്ടത്തരം കാണിച്ചതെന്ന് അവന് ഇന്നും നിശ്ചയം പോരാ. വെറുതേയിരുക്കുന്ന സുരേഷിന്റെ മനസ്സില്‍ ഓര്‍മ്മകള്‍ തികട്ടി വന്നു.

ആദ്യാനുരാഗത്തില്‍ വിശ്വാസമില്ലാതിരുന്ന കാലത്തും അവളെ ആദ്യം കണ്ടപ്പോള്‍ കണ്ണെടുക്കാന്‍ പറ്റാതിരുന്നത് മണ്ടത്തരമായിരുന്നോ? അത് അനുരാഗമെന്ന് അവന്‍ തിരിച്ചറിയുന്നതിനും മുന്‍പേ അവന്റെ കൂട്ടുകാര്‍ തിരിച്ചറിഞ്ഞത് മണ്ടത്തരമായിരുന്നോ? ഒരു നിമിഷത്തെ ദൈര്യത്തിന്റെ പുറത്ത് അവളെ തന്റെ
ഇഷ്ടം അറിയിച്ചതും അവള്‍ തന്റെ അതെ അവസ്ഥയിലാണെന്ന് അപ്പോള്‍ പറഞ്ഞതും
മണ്ടത്തരമായിരുന്നോ? അതോ ആ ഇളം പ്രായത്തില്‍ വിവാഹത്തേയും കുടുംബത്തേയും സ്വപ്നം കണ്ടതോ മണ്ടത്തരം?

കുറച്ചു നാളത്തെ പ്രണയത്തിനു ശേഷം ജാതിയുടേയും മതത്തിന്റേയും സാമ്പത്തിക അന്തരത്തിന്റേയും കണക്കു പറഞ്ഞ് പിരിയാന്‍ തീരുമാനിച്ചത് മണ്ടത്തരമായിരുന്നോ? അതോ പിരിഞ്ഞിരിക്കാന്‍ വയ്യെന്ന്
തിരിച്ചറിഞ്ഞപ്പോള്‍ വീണ്ടും പ്രണയിക്കാന്‍ തീരുമാനിച്ചതായിരുന്നോ മണ്ടത്തരം?

പരിചയമുള്ള സ്ഥലങ്ങളില്‍ വച്ച് പരസ്പരം കാണുന്നതിലുള്ള അപകടമോര്‍ത്ത് നേരില്‍ കാണുന്നത് കുറച്ചതാണോ മണ്ടത്തരം? അതോ ഒരു സുരക്ഷിത സ്ഥാനത്തിനു വേണ്ടി ഒരുപാട് ദൂരം യാത്ര ചെയ്ത് മറ്റൊരു ജില്ലയില്‍ വച്ച് പരിചയമില്ലാത്ത സ്ഥലത്ത് വച്ച് കണ്ടപ്പോള്‍ പോലീസുകാര്‍ അനാശാസ്യത്തിന് പിടിച്ച് പിഴ ഒടുക്കി വിട്ടതോ മണ്ടത്തരം?

അവള്‍ ഗൌരവക്കാരിയായതിനാല്‍. തമ്മിലുള്ള സംഭാഷണങ്ങള്‍ക്ക് നര്‍മ്മരസം പകരാന്‍ മണ്ടനായി അഭിനയിച്ചതാണോ അവന്റെ മണ്ടത്തരം? അതോ തീരുമാനങ്ങളെടുക്കാന്‍ സമര്‍ഥയായ, സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അവള്‍‍ക്ക് അവന്‍ എല്ലാ തീരുമാനങ്ങളും എടുക്കനുള്ള അവകാശം വിട്ടു കൊടുത്ത് പക്വത ഇല്ലാത്തവന്‍ എന്നെ പേര് നേടിയെടുത്തതോ മണ്ടത്തരം?

ഉപരിപഠനത്തിന് അവള്‍ക്ക് വിദേശത്ത് പോകാന്‍ അവസരം കിട്ടിയപ്പോള്‍ ഒരു നാണംകുണുങ്ങിയായ അവള്‍ക്ക് വിദേശത്ത് ഒത്തുപോകാന്‍ പറ്റില്ലെന്ന് തോന്നി അവളെ വിലക്കിയതോ മണ്ടത്തരം? അതോ അവന്റെ അസൂയയും സ്വാര്‍ത്ഥതയും ആണെന്നാരോപിച്ച് അവള്‍ അവനെ അകറ്റിയതോ മണ്ടത്തരം?

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കാന്‍ അവര്‍ തീരുമാനിച്ചപ്പോള്‍ അവന്‍ അതിരറ്റ് സന്തോഷിച്ചതോ മണ്ടത്തരം? അതോ അവള്‍ അവനെ വീണ്ടും ഒന്നു പരീക്ഷിക്കാം എന്നതിനപ്പൂറം അതില്‍ ആത്മാര്‍ത്ഥത കാണിച്ചിരുന്നില്ല എന്ന് മനസ്സിലാക്കാതിരുന്നതോ മണ്ടത്തരം?

അവനേക്കാള്‍ നേരം അവള്‍ മറ്റൊരുവനോട് സംസാരിച്ചിരുന്നു എന്നറിഞ്ഞിരുന്നിട്ടും അവളെ തടയാതിരുന്നതാനോ മണ്ടത്തരം? അതോ അവനേക്കാള്‍ പക്വതയും സാമ്പത്തിക ഭദ്രതയും കൂടുതലുണ്ടെന്ന കാര്യം പറഞ്ഞ് അവള്‍ മറ്റേയാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ മറുത്തൊരു വാക്ക് പോലും
പറയാതെ അവളുടെ വിട ചൊല്ലിയതോ മണ്ടത്തരം?

അവന് ‍ഉത്തരം കിട്ടുന്നുണ്ടായിരുന്നില്ല. അവന്‍ ചെയ്ത മണ്ടത്തരങ്ങളെല്ലാം ഇപ്പോള്‍ അവനെ ശ്വാസം മുട്ടിക്കുന്നു. മറ്റൊന്നിനേക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാന്‍ അനുവദിക്കാതെ അവന്റെ ഓര്‍മ്മകള്‍ അവനെ വരിഞ്ഞു മുറുക്കുന്നു.

എന്നും അവനെ നോക്കി പരിഹസിച്ചു നിന്ന അവന്റെ ചുറ്റിനിന്ന അന്ധകാരത്തോട് അവന്‍ ഒരിറ്റ് കാരുണ്യത്തിനായി കേണു. മുറ്റത്ത് ചിലയ്ക്കുന്ന ഒരു മൈനയായെങ്കിലും അവനെ ആശ്വസിപ്പിക്കാന്‍ അവന്‍ അവന്റെ മനസാക്ഷിയാകുന്ന നിശബ്ദതയോട് കെഞ്ചി.

പിറന്നാള്‍ ആഘോഷിക്കാന്‍ ഒരിക്കലും താല്പര്യം കാണിക്കാതിരുന്ന അവളുടെ പിറന്നാള്‍ ഇന്ന് വീണ്ടും വന്നിരിക്കുന്നു. അവന് അതോര്‍ക്കാന്‍ അര്‍ഹതയില്ലെങ്കിലും, ഇപ്പോള്‍ എവിടെയെന്നുപോലും അറിയാത്ത അവളെ ആശംസിക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും എല്ലാ തവണത്തേയും പോലെ അവന്‍ ആ
ദിനം വിട്ടുപോകാതെ ഓര്‍മ്മിച്ചു. മണ്ടത്തരം എന്നറിഞ്ഞിട്ടും അവന്‍ അവളുടെ ഒരു മന്ദസ്മിതത്തിനായി കാത്തിരുന്നു. അവളുടെ തേന്മൊഴിക്കായി അവന്‍ കാതോര്‍ത്തിരുന്നു.

അവന്റെ അസ്വസ്ഥത അവസാനിക്കുന്നില്ല. അവന്‍ പിന്നേയും മുറിയില്‍ ഉലാത്തിക്കൊണ്ടിരുന്നു.

posted by സ്വാര്‍ത്ഥന്‍ at 9:53 PM

0 Comments:

Post a Comment

<< Home