Thursday, February 15, 2007

കുറുമാന്റെ കഥകള്‍ - എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 14

അബ്ദള്ളാ, അബ്ദള്ളാ, മാഗസിന്‍ ഉയര്‍ത്തിപിടിച്ചുകൊണ്ട് അല്പം ഉച്ചത്തില്‍ വിളിച്ചു.

പിണച്ചുവച്ച കൈകള്‍ക്കു മീതെ തല വച്ച്, കണ്ണുകള്‍ അടച്ച്, ചെറിയ ശബ്ദത്തില്‍ പാടുകയായിരുന്ന അബ്ദള്ള കണ്ണുകള്‍ തുറന്നു. ചോദ്യ ഭാവത്തില്‍ എന്നെ നോക്കി.

അബ്ദള്ള, നീ ഇയാളെ അറിയുമോ? മാഗസിനിലുള്ള ഫോട്ടോ ചൂണ്ടി കാട്ടി ഞാന്‍ അവനോട് ചോദിച്ചു.

കണ്ണില്‍ നിന്നും പൊടിഞ്ഞിരുന്ന കണ്ണുനീര്‍ ഇടതുകൈ പുറം കൊണ്ട് തുടച്ചിട്ടവന്‍ പറഞ്ഞു. അറിയും അരുണ്‍. ഇവനെ ഞാന്‍ നല്ല പോലെ അറിയും. ഇവന്‍ വില്ല്യംസ്. സൊമാലിയക്കാരന്‍ തന്നേയാണ്. അഞ്ചു വര്‍ഷത്തോളമായി ഫിന്‍ലാന്റില്‍ താമസിക്കുന്നവന്‍. ഞങ്ങള്‍ ഒരേ സമയത്താണ് സൊമാലിയയില്‍ നിന്നും നാടു വിട്ടത്. ഞാന്‍ ഡെന്മാര്‍ക്കില്‍ ചെന്നുപെട്ടു. അവന്‍ ഫിന്‍ലാന്റിലും. വില്യംസ് ഇപ്പോള്‍ നമ്മളോടൊപ്പം ഈ ജയിലിലുണ്ട്. നല്ല മനുഷ്യനാണവന്‍, എന്നിട്ടും! ദൈവ വിധി അതാണെങ്കില്‍ ആര്‍ക്കു തടുക്കാന്‍ കഴിയും. അബ്ദള്ള ദീര്‍ഘമായ ഒരു നെടുവീര്‍പ്പിട്ടു.

അബ്ദള്ളാ, ഇവനാണെനിക്ക് സിഗററ്റുണ്ടാക്കി തന്നത്. കുറച്ചു മുരടന്‍ സ്വഭാവം ഉണ്ടെങ്കിലും, പരസഹായം ചെയ്യുന്നവനാണവന്‍ എന്നെനിക്ക് അവനുമായുള്ള അല്പം സമയത്തെ സംസാരം കൊണ്ട് തന്നെ മനസ്സിലായി. ഇവന്‍ എങ്ങിനെ ജയിലായി?

അതോ, ആ ഗതി ആര്‍ക്കും വരാം. എനിക്കും, നിനക്കും എല്ലാം.

ഒന്ന് വ്യക്തമാക്കി പറയൂ അബ്ദള്ള, നീ ഇങ്ങനെ അവിടേയും ഇവിടേയും തൊടാതെ പറഞ്ഞാല്‍ എനിക്ക് കാര്യങ്ങള്‍ എന്താണെന്നെങ്ങിനെ പിടികിട്ടും.

മറ്റാരായിരുന്നെങ്കിലും എനിക്കറിയുവാന്‍ ഇത്രയും താത്പര്യം കാണുമായിരുന്നില്ല, ഇതിപ്പോ, ഇന്ന് സ്വന്തം കയ്യാല്‍ എനിക്ക് സിഗററ്റുണ്ടാക്കി തന്നവനായത് കാരണം അറിയാനുള്ള ജിഞ്ജാസ അല്പം ഏറെയായെന്നു മാത്രം.

അബ്ദള്ള ചുരുക്കി പറഞ്ഞ കാര്യങ്ങള്‍ ഇപ്രകാരം.

ഫിന്‍ലാന്റില്‍ അസൈലം കിട്ടിയ വില്യംസ് പല സ്ഥലങ്ങളിലായി പാര്‍ട്ട് ടൈം ജോലിയും ചെയ്തിരുന്നു. തരക്കേടില്ലാത്ത വരുമാനവും ഉണ്ടായിരുന്നു. ആയിടക്ക് അവന്‍ സുന്ദരിയായ ഒരു ഫിന്നിഷുകാരി പെണ്ണുമായി പരിചയപെടുകയും, ആ പരിചയം ക്രമേണ പ്രേമത്തിലേക്ക് വഴിതെളിക്കുകയും ചെയ്തു. ഇവര്‍ രണ്ടു പേരും വിവാഹം ചെയ്യുവാനുള്ള തിയതി വരെ നിശ്ചയിച്ചു.

ആയിടക്ക്, ഒരു വീക്കെന്റ് ചിലവഴിക്കാനായി രണ്ടു പേരും ഹെല്‍ സിങ്കി വിട്ട്, ഗ്രാമത്തിലേക്ക് പോയി.

സുന്ദരിയായ ഒരു ഫിന്നിഷ് ക്കാരി പെണ്ണ്, ഒരു കാപ്പിരിയുടെ കൂടെ കറങ്ങി നടക്കുന്നതില്‍ അസൂയ മൂത്ത നാലഞ്ചു ഫിന്നിഷ് റാസിസ്റ്റുകള്‍ രാത്രിയില്‍ ഒരു ബാറില്‍ വച്ച്, ഇവനേയും, പെണ്‍കുട്ടിയേയും ആക്രമിക്കുകയും, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

തന്റെ കാമുകിയെ രക്ഷിക്കുന്നതിനും, സ്വയ രക്ഷക്കുമായുള്ള ഏറ്റുമുട്ടലിന്നിടെ, വില്ല്യംസിന്റെ ചെയറാലുള്ള അടിയേറ്റ്, റാസിസ്റ്റുകളൊന്ന് സ്ഥലത്ത് വച്ച് തന്നെ മരണമടയുകയും, മറ്റുള്ളവര്‍ ഓടി രക്ഷപെടുകയും ചെയ്തു. അന്ന് അവിടെ വച്ച് പോലീസിന്റെ പിടിയിലായതാണവന്‍. അവന്റെ കേസ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു.

സ്വന്തം ജീവന്റെ രക്ഷക്കായി ഏറ്റുമുട്ടുന്നതിനിടയിലാണ് എതിരാളി മരിച്ചത് എന്നാലും, അവന്റെ കാമുകിയുടെ മൊഴിയും, മറ്റുള്ള സാക്ഷികളുടെ മൊഴികളുമെല്ലാം അവനനുകൂലമായതിനാലും, കാര്യമായ ശിക്ഷ അവനു ലഭിക്കില്ല എന്നാണ് വിശ്വാസം.

ഒരു സിനിമാ കഥ കേള്‍ക്കുന്നപോലെ കഥ മുഴുവന്‍ ഇരുന്ന് കേട്ടെങ്കിലും, ഉള്ളില്‍ എന്തോ കൊളുത്തിവലിക്കുന്നതുപോലെ.

റാസിസം എല്ലാ രാജ്യങ്ങളിലും ഉണ്ട്. ഇന്നലെ വില്യംസ് അതിന്റെ ഇരയായെങ്കില്‍, നാളെ മറ്റൊരാള്‍. ഫിന്‍ലന്റിലായാലും, റഷ്യയിലായാലും, ആസ്റ്റ്ട്രേലിയയിലായാലും, അമേരിക്കയിലായാലും, വര്‍ണ്ണ വിവേചനം എല്ലാ സ്ഥലത്തും ഒരുപോലെ ഉള്ളത് തന്നെ.

നീണ്ട ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് ഞാന്‍ വില്യംസ് തന്ന ഒരു സിഗററ്റെടുത്ത് തീ കൊളുത്തി. ഒരു പാപിയെ അടിച്ചു കൊന്ന കൈകൊണ്ട് ചുരുട്ടിയ സിഗററ്റാണെന്നറിവുള്ളതിനാലാവാം, ആ സിഗററ്റിന്റെ പുകക്ക് കൂടുതല്‍ രുചി തോന്നി.

*****

പിറ്റേ ദിവസം, ഉച്ചക്ക് മുകളിലുള്ള കിയോസ്കില്‍ പോയി രണ്ട് പായ്ക്കറ്റ് സിഗററ്റ് വാങ്ങിയതൊഴികെ, തുടര്‍ന്ന് വന്ന രണ്ട് മൂന്നു ദിവസങ്ങള്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കടന്നു പോയി.

ഞായറാഴ്ച പതിവുപോലെ പുറത്ത് പോയി ശുദ്ധവായു ശ്വസിച്ച്, തിരികെ മടങ്ങി വന്ന് കിടന്നൊന്ന് മയങ്ങുന്ന സമയത്ത്, പതിവില്ലാതെ ഹാളില്‍ മണി മുഴങ്ങി.

എന്താണബ്ദള്ള, പതിവില്ലാതെ ഹാളില്‍ മണി മുഴങ്ങുന്നത്?

അതോ? ഇന്ന് ഞായറാഴ്ചയല്ലേ? ഇന്ന് ചര്‍ച്ചില്‍ പ്രാര്‍ത്ഥനയുള്ള ദിവസമാണ്. വിശ്വാസമുള്ളവര്‍ക്ക് പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാം. അഞ്ചു മിനിറ്റിനകം മുറി തുറക്കും.

പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതിരുന്നതിനാല്‍, ജാക്കറ്റെടുത്ത് ധരിച്ചു. മുറി തുറന്നതും, പുറത്തിറങ്ങി.

പള്ളിയെവിടേയാ? ഞാന്‍ മുറി തുറന്നയാളോടു ചോദിച്ചു.

മുകളിലാ. ആ പോകുന്നവരുടെ പിന്നാലെ പോയാല്‍ മതി. മുകളിലേക്ക് നടന്നു പോകുന്ന ആളുകളെ ചൂണ്ടികാട്ടി അയാള്‍ പറഞ്ഞു.

കോണി കയറി പോകുന്നവരുടെ പിന്നാലെ നടന്ന്‍, ഞാനും പള്ളിയില്‍ ചെന്നെത്തി. അമ്പതോളം പേര്‍ക്കിരിക്കാനും, അത്രയോളം പേര്‍ക്ക് നില്‍ക്കാനുമുള്ള സ്ഥലമുണ്ട് ചെറിയ പള്ളിയില്‍. അള്‍ത്താരയുടെ പിന്നിലായി, മരത്തിലും, ഗ്ലാസ്സിലുമായി, പച്ച, മഞ്ഞ, ചുവപ്പ് നിറത്തിലായി, ക്രൂശിതനായ യേശുവിന്റെ തിരുരൂപം. ആ ഭംഗി ഒന്നു കാണേണ്ടതു തന്നെ.

എരിയുന്ന മെഴുകുതിരികള്‍. കുന്തിരിക്കത്തിന്റേതല്ലെങ്കിലും, ഒരു പ്രത്യേക ഗന്ദം, ആ മുറിക്കുള്ളില്‍ നിറഞ്ഞു നിന്നിരുന്നു. വെളുത്ത വസ്ത്രത്തിനു മുകളിലായി ചുവന്ന അങ്കി അണിഞ്ഞ ഫാദര്‍ വന്ന് എല്ലാവരേയും അഭിവാദ്യം ചെയ്തു. ഫിന്നിഷിലായിരുന്നു മാസ്സ്. ഹാളിന്റെ ഒരരികിലായുണ്ടായിരുന്ന പിയാനോവില്‍ നിന്നും നേര്‍ത്ത സംഗീതം ഉതിരാന്‍ തുടങ്ങി. ഫിന്നിഷിലുള്ള പാട്ടും. ഒരു പാട്ടു കഴിഞ്ഞപ്പോള്‍ ഫാദര്‍ തന്റെ പ്രസംഗം തുടങ്ങി. എന്താണ് പറയുന്നത് എന്നറിയാന്‍ കഴിഞ്ഞില്ലെങ്കിലും, അദ്ദേഹത്തിന്റെ സംഭാഷണ രീതിയും, ശബ്ദവും, എന്നേയും ആ പ്രസംഗത്തിലേക്ക് ആകര്‍ഷിച്ചു എന്നു പറഞ്ഞേ മതിയാവൂ.

പ്രസംഗത്തിനിടയില്‍, പാട്ട്, പിന്നേയും പ്രസംഗം, പിന്നേയും പാട്ട്. മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞു പോയതറിഞ്ഞില്ല. ഫാദറിന്റെ പ്രസംഗം അവസാനിച്ചു. അദ്ദേഹത്തോടൊപ്പം എല്ലാവരും കുരിശു വരച്ചു.

പ്രസംഗം കഴിഞ്ഞിട്ടും, ആളുകള്‍ വരി വരിയായി നില്‍ക്കുന്നതെന്തിനെന്ന് എനിക്കു മനസ്സിലായില്ലെങ്കിലും, ഞാനും ആ വരിയില്‍ നിന്നു. നടന്നു ചെന്നത്, പിയാനോ വായിക്കുന്നവര്‍ ഇരുന്നതിന്റെ അടുത്തുള്ള ഒരു ഡെസ്കിലേക്കാണ്. അവിടെ ഒരു ചെറിയ ഗ്ലാസ്സില്‍ വൈന്‍ വിതരണം ഉണ്ടായിരുന്നു. എനിക്കും കിട്ടി ഒരു ചെറിയ ഗ്ലാസ്സ് റെഡ് വൈന്‍. ഒറ്റയിറക്കിനു ഞാന്‍ വൈന്‍ കുടിച്ചു. ഗ്ലാസ്സുമായി മറ്റുള്ളവരുടേ പുറകെ പോയി, കഴുകി ഷെല്‍ഫില്‍ വച്ചു. പിന്നെ ആത്മഗതമായും, കര്‍ത്താവിന്നോടായും പറഞ്ഞു, മാസ്സ് എല്ലാ ദിവസവും ഉണ്ടായിരുന്നെങ്കില്‍.

തിരിച്ചു മുറിയില്‍ വന്നു. അബ്ദള്ള ടി വി ചാനലുകളുമായി സല്ലാപത്തിലാണ്. ചെന്ന പാടെ ജാക്കറ്റഴിച്ച് അലമാരയില്‍ വച്ച് , കട്ടിലില്‍ കയറി കിടന്നു. ആ ഒരു ചെറിയ ഗ്ലാസ്സ് വൈന്‍ എന്റെ ചിന്താ ഗതി തന്നെ മാറ്റി. എങ്ങിനേയെങ്കിലും, പുല്ലു തിന്നിട്ടായാലും യൂറോപ്പില്‍ തന്നെ ജീവിക്കണം എന്നു കരുതിയിരുന്ന ഞാന്‍, ദൈവമേ, എന്തിനീ ജീവിതം? എന്തിനീ തടവറ? ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി? എന്നെല്ലാം ചിന്തിക്കാന്‍ തുടങ്ങി. വൈനിനിന്റെ ശക്തിയോ, അതോ ഫാദറുടെ മായാ ജാലമോ? അധികം ചിന്തിക്കേണ്ടി വന്നില്ല. ഭക്ഷണം വന്നു.

വൈനടിച്ചതിനാലാണോ എന്നറിയില്ല, നല്ല വിശപ്പുണ്ടായിരുന്നു. വാങ്ങിയ ഉരുളകിഴങ്ങും, ബ്രെഡും, മുഴുവനും അകത്താക്കി. ബെല്ലടി കേട്ടപ്പോള്‍ പുറത്തിറങ്ങി, പ്ലെയിറ്റും മറ്റും കഴുകി വന്ന്, ഒരു സിഗററ്റ് വലിക്കാനിരുന്നു.

അബ്ദള്ള പതിവുപോലെ അവന്റെ പാട്ട് തുടങ്ങി.

ഹാദി മാമ ലങ്കുയിടാ മാമ,
മര്‍നാ നീഗു, ലങ്കുയിടാ ബാബ,
ലഹേദു യാ വദ്ദിന്നു, ലഹേദു യാ ഊര്‍ദ്ദിന്നു,
വഹാദി ഈ വല്ലാല്‍, ലഹേദി ഈ മയ്യനു.
ഹാദി മാമ ലങ്കുയിടാ മാമ,
മര്‍നാ നീഗു, ലങ്കുയിടാ ബാബ.

***********

പിറ്റേന്ന് തിങ്കളാഴ്ച്ച, പതിവുപോലെ പ്രാതലെല്ലാം കഴിഞ്ഞ്, ഒന്നു മയങ്ങിയാലോ എന്നു കരുതിയിരിക്കുന്ന സമയത്ത്, വാതില്‍ തുറക്കപെട്ടു.

യൂണിഫോമിട്ട, പരിചയമില്ലാത്ത ഒരു പോലീസുകാരന്‍ എന്നോട് പറഞ്ഞു, അരുണ്‍കുമാര്‍, പ്ലീസ് കം വിത് മി. ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസേഴ്സ് വുഡ് ലൈക് ടു സീ യു.

മുറിക്ക് പുറത്തിറങ്ങി അയാളുടെ കൂടെ നടന്നു. വീണ്ടും മറ്റൊരു മുറിയിലേക്ക്. അവിടെ എന്നെ കാത്തിരുന്നവര്‍ മറ്റാരും തന്നെ ആയിരുന്നില്ല, ആദ്യം മുതല്‍ എന്റെ കേസ് അന്വേഷിച്ചിരുന്ന ഉദ്വ്യോഗസ്ഥര്‍ തന്നെ.

പതിവുപോലെ തന്നെ, ആചാര പ്രകാരം കൈ തന്നു. ഒരു കസേരയില്‍ എന്നെ ഇരുത്തി. വീണ്ടും പഴയ ചോദ്യങ്ങള്‍ തന്നെ ആവര്‍ത്തിക്കപെട്ടു. നീയാര്‌? എങ്ങിനെ ഇവിടെയെത്തി? നിന്റെ ശരിക്കുമുള്ള പേരെന്ത്? നിന്റെ പാസ്പ്പോര്‍ട്ടെവിടെ? പക്ഷെ ഒരു വിത്യാസം, അവര്‍ ചോദിച്ചത്, മുന്‍പു ചോദിച്ചതിലും സൌമ്യമായിട്ടായിരുന്നില്ലേ എന്നൊരു തോന്നല്‍ എന്റെ ഉള്ളില്‍ തോന്നി.

ഞാന്‍ മനുഷ്യന്‍. റഷ്യയില്‍ നിന്നിവിടെ എത്തി. പേര് അരുണ്‍. പാസ്സ്പോര്‍ട്ട് റഷ്യന്‍ ഏജന്റ് കൊണ്ടു പോയി. ചോദ്യത്തിനെല്ലാം പഴയ ഉത്തരം തന്നെ ഞാന്‍ നല്‍കി.

മിസ്റ്റര്‍ അരുണ്‍. നമുക്കോരോ കാപ്പി കഴിച്ചാലോ?

വിരോധമില്ല, ആവാം.

വിത് ഷുഗര്‍ & മില്‍ക്ക് ഓര്‍ വിത് ഔട്ട്?

വിത് ഷുഗര്‍ & മില്‍ക്ക്.

ഒരു പോലീസുകാരന്‍ എഴുന്നേറ്റു പുറത്ത് പോയി, രണ്ടു മിനിറ്റിനുള്ളില്‍ ഒരു ട്രേയില്‍ മൂന്നു ഗ്ലാസ്സ് കാപ്പിയുമായി വന്നു. നല്ല രുചിയേറിയ കാപ്പി.

കാപ്പി കുടിച്ചു കൊണ്ടിരിക്കുന്നതിന്നിടയില്‍ ഒരു ഓഫീസര്‍ പറഞ്ഞു; മിസ്റ്റര്‍ അരുണ്‍. താങ്കള്‍ എത്ര ഫ്രെന്‍ഡ് ലി ആയാണു സംസാരിക്കുന്നത്. താങ്കളെ പോലുള്ള ഒരാളെ കാണാന്‍ കിട്ടുക തന്നെ അപൂര്‍വ്വം. താങ്കളുടെ കൂടെ ഇരുന്ന് സംസാരിച്ചാല്‍, സമയം പോകുന്നത് അറിയുകയേയില്ല.

ചെറുപ്പമല്ലെ? പരിചയം കുറവല്ലെ? ഞാനൊന്നു പൊങ്ങി. അഹങ്കാരം എന്നല്ലാതെ എന്താ പറയുക?

താങ്ക്യൂ സര്‍. നിങ്ങളും അതുപോലെ തന്നെ ഫ്രെന്‍ഡ് ലി ആയതിനാലാണ് ഞാന്‍ ഇത്രയും തുറന്നു സംസാരിച്ചത്.

വെരി ഗുഡ്. മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങ് ഈസ് മസ്റ്റ്. ദാറ്റ്സ് വൈ വി ആര്‍ ഹിയര്‍. വി വാന്റ് ടു ഹെല്പ് യു. ഡോണ്ട് ഹൈഡ് എനി തിങ്ങ് ഫ്രം അസ്. ദയവു ചെയ്ത് ഹൃദയം തുറക്കുക. അറ്റ്ലീസ്റ്റ് ഞങ്ങളുടെ മുന്‍പിലെങ്കിലും. താങ്കള്‍ക്ക് അതൊരു ആശ്വാസമായിരിക്കും.

ഞങ്ങള്‍ പോലീസുകാരാണെന്നും, താങ്കള്‍ ഒരു അഭയാര്‍ത്ഥിയാണെന്നും മറക്കുക. താങ്കളുടെ ഉരുകുന്ന മനസ്സിലെ ചിന്തകള്‍ ഞങ്ങളോടൊത്ത് ഷെയര്‍ ചെയ്യുക. ഞങ്ങളെ വിശ്വസിക്കൂ. ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇവിടെ വരെ വന്നതെന്നോര്‍ക്കുക!

എന്റെ ചേട്ടന്‍ ആദി കുറുമാന്‍ വരെ ഇത്രയും കഷ്ടത എനിക്കു വേണ്ടി ചെയ്തിട്ടുണ്ടോ എന്നു തോന്നിപ്പിക്കുമാറുള്ള വാചക കസര്‍ത്തുകളായിരുന്നു ഒരുമണിക്കൂര്‍
നേരം ആ രണ്ടു പോലീസുകാരും കൂടി അവിടെ നടത്തിയത്. അതിനാല്‍ അവരെ സ്വന്തം സഹോദരന്മാരെന്ന് കരുതി ചോ‍ദിച്ച ചോദ്യങ്ങള്‍ക്കുപരി, ചോദിക്കാത്ത ചോദ്യങ്ങള്‍ക്കു വരെ ഞാന്‍ ഉത്തരം നല്‍കി.

ആ ഒരു മണിക്കൂര്‍ നേരം മാത്രം മതിയായിരുന്നു അവര്‍ക്ക് എന്നെ മനസ്സിലാക്കുവാനും, എന്റെ ലോലമായ മനസ്സിലെ വിവരങ്ങള്‍ ചോര്‍ത്തുവാനും.

മിസ്റ്റര്‍ അരുണ്‍കുമാര്‍, സോറി, മിസ്റ്റര്‍ കുറുമാന്‍, താങ്കളുടെ പാസ്പ്പോര്‍ട്ട് താങ്കളുടേ സഹോദരന്റെ കയ്യിലുണ്ടല്ലോ? അതു മതി. താങ്കള്‍ ഇനി അധികം നാള്‍ ജയിലില്‍ കിടക്കേണ്ടി വരില്ല. ഞങ്ങള്‍ നീങ്ങട്ടെ. നമുക്കിനിയും കാ‍ണാം.
പക്ഷെ, താങ്കള്‍ ഇത്രയും സത്യസന്ധമായി പറഞ്ഞ സ്ഥിതിക്കു, താങ്കളെ ഞങ്ങളുടെ ഈ ഫയല്‍ കാണിക്കുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ!

ഫയല്‍ തുറന്ന്‌ അവര്‍ എന്നെ കാണിച്ചതു മറ്റൊന്നുമല്ല, ജര്‍മ്മനിയിലെ ഫിന്നിഷ് ഏംബസിയില്‍ ഞാന്‍ ഒപ്പു വെച്ച വിസാ ആപ്ലിക്കേഷന്‍ ഫോറമും, എന്റെ സ്വന്തം ഫോട്ടോയും മാത്രം.

അവര്‍ക്കതു കിട്ടിയത് ഞാന്‍ കോഴിക്കൂട് ജയിലില്‍ കിടക്കുമ്പോഴായിരുന്നു.
അവര്‍ക്കതു കിട്ടിയതിന്നു ശേഷവും, അവര്‍ കോഴിക്കൂട് ജയിലില്‍ വന്ന് യാതൊന്നുമറിയാത്തതുപോലെ ചോദ്യം ചെയ്തു മടങ്ങി. ഹെല്‍സിങ്കി സെന്‍ട്രല്‍ ജയിലില്‍ വന്നപ്പോഴും അവര്‍ അതിനേകുറിച്ചൊന്നും പറഞ്ഞില്ല.

എല്ലാമറിഞ്ഞിട്ടും, ഒന്നുമറിയാത്തതുപോലെ, ഒരു കുറ്റവാളിയുടെ അരികില്‍ വന്ന്, അവന്റെ വായില്‍ നിന്നു തന്നെ സത്യം, അതും, പീഢന മുറകളൊന്നുമില്ലാതെ, വെറും സൌഹൃദ സംഭാഷണത്തിലൂടെ, പറയിക്കുന്നതിലുള്ള അവരുടെ കഴിവിനെ ഞാന്‍ ആദ്യമായി അംഗീകരിച്ചുകൊള്ളട്ടെ.

*************

ബുധനാഴ്ച ഭക്ഷണമെല്ലാം കഴിഞ്ഞ് , പ്ലെയിറ്റെല്ലാം കഴുകി വൃത്തിയാക്കി വന്ന്, സിഗററ്റൊരെണ്ണം വലിക്കുന്ന സമയത്ത്, ശരിക്കും പറഞ്ഞാല്‍ രണ്ടുമണിക്ക് കാല്‍ മണിക്കൂര്‍ നേരം മാത്രം ബാക്കി നില്‍ക്കേ, പതിവിന്നു വിപരീതമായി ഞങ്ങളുടേ മുറിയുടേ വാതില്‍ തുറക്കപെട്ടു!

മിസ്റ്റര്‍ കുറുമാന്‍, പ്ലീസ് കം വിത് മി. സം വണ്‍ ഈസ് വെയ്റ്റിങ്ങ് ഫോര്‍ യു.

ആരായിരിക്കൂം? പോലീസുകാരാരെങ്കിലുമാകണം.

ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി അയാളുടെ പുറകെ നടന്നൊരു വിശാലമായൊരു ഹാളിലെത്തി. വലിയ ഒരു ടേബിള്‍ ‍(വലിയതെന്നു പറഞ്ഞാല്‍, എട്ടോ, പത്തോ പേര്‍ക്കിരിക്കാവുന്നതല്ല, മുപ്പത്, നാല്‍പ്പതു പേര്‍ക്കിരിക്കാവുന്ന അത്രയും വലുപ്പമുള്ള ടേബിള്‍), അതിന്റെ ഇങ്ങേ വശത്തിട്ടിരിക്കുന്ന കസേരകളില്‍ കുറച്ചു പേര്‍ ഇരിക്കുന്നുണ്ട്. അങ്ങേ തലക്കലാരും ഇല്ല. ഞാനും ഒരു കസേരയില്‍ ഇരുന്നു. ആളുകള്‍ പിന്നേയും വരുന്നുണ്ടായിരുന്നു. വന്നവരെല്ലാം തന്നെ ഇപ്പുറത്തുള്ള കസേരകളില്‍ ഇരിക്കുന്നു.

അഞ്ചു മിനിറ്റോളം കഴിഞ്ഞപ്പോഴേക്കും, ഒരു ഓഫീസര്‍ ഹാളിന്റെ എതിര്‍വശത്തുള്ള വാതില്‍ തുറന്നു. പുറത്ത് വരി വരിയായി കാത്തു നില്‍ക്കുന്ന ആളുകള്‍ ഉള്ളിലേക്ക് വളരെ അച്ചടക്കത്തോടെ കടന്നു വരുവാന്‍ തുടങ്ങി. പൂറത്തു നിന്നും ഹാളിലേക്ക് കടന്നു വന്നവരെല്ലാം, ആ വലിയ ടേബിളിന്റെ എതിര്‍വശത്തിരിക്കുന്ന എല്ലാവരേയും, സസൂക്ഷ്മം നോക്കിയ ശേഷം, അവനവന്റെ ബന്ധുവിനെ അഥവാ സുഹൃത്തിനെ കണ്ടു പിടിക്കുകയും, അവര്‍ക്കു നേരെയുള്ള കസേരകളില്‍ ഇരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ആരായിരിക്കും എന്നെ കാണുവാന്‍ വന്നതെന്നറിയാതെ, ആകാംക്ഷയോടു കൂടി ഞാന്‍ ഇരിക്കുമ്പോള്‍ അതാ, ഡോറിന്നുള്ളിലൂടെ ആദികുറുമാന്‍ നടന്നു വരുന്നു!

ടേബിളിലിന്റെ അങ്ങേ തലക്കല്‍ മുതല്‍ അവന്‍ നോക്കാനാരംഭിച്ചപ്പോള്‍ തന്നെ, ആകാംക്ഷയും, ആര്‍ത്തിയും മൂലം, മറ്റാരും ചെയ്യാത്ത വിധം ഞാന്‍ ഉച്ചത്തില്‍ അലറി വിളിച്ചു......... ചേട്ടാ!!!!!!!

എന്റെ വിളി കേട്ടതും, ശബ്ദത്തിന്റെ ദിശ മനസ്സിലാക്കി തിരിഞ്ഞോടി വരുകയായിരുന്നു ആദികുറുമാന്‍. അതേ, രണ്ടാഴ്ചയോളമായി കാണാതിരുന്ന, താന്‍ പോലീസ് സ്റ്റേഷനു മുന്‍പില്‍ ഇറക്കി വിട്ട തന്റെ സ്വന്തം അനുജനെ കാണുവാനായി.

എനിക്കെതിര്‍വശത്തുള്ള കസേരയില്‍ അവന്‍ ഇരുന്നു. അവന്റെ കണ്ണുകള്‍ ചുവന്നും, കലങ്ങിയും കാണപെട്ടു. അനുജന്‍ ജെയിലില്‍ കഷ്ടപെടുന്നുണ്ടാവുമോ എന്നോര്‍ത്തിട്ടാവാം.

കണ്ണുകള്‍ തമ്മില്‍ പരസ്പരം കോര്‍ത്തിണക്കിയതല്ലാതെ, കുറച്ചു മിനിട്ടുകള്‍ ഞങ്ങള്‍ പരസ്പരം ഒരക്ഷരം പോലും സംസാരിച്ചില്ല. ആ നിശബ്ദത മിനിറ്റുകളോളം നീണ്ടു നിന്നു.

ചേട്ടാ, എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? ആ കനത്ത നിശ്ശബ്ദതയെ മുറിക്കുവാനായി ഞാന്‍ വെറുതെ ചോദിച്ചു.

എനിക്കെന്തു വിശേഷം. പഴയതു പോലെ തന്നെ പോകുന്നു. അന്തിക്കുറുമാനെ, സോറി. പാസ്പോര്‍ട്ടില്ലാതെ അസൈലം വാങ്ങാന്‍ പോയാല്‍, ജയിലിലാവുമെന്നും, വളരെ കഷ്ടപെടണമെന്നും എനിക്കറിയില്ലായിരുന്നു. ഞാന്‍ ചോദിച്ചവരിലാരും തന്നെ ഇതുപോലെ പാസ്പോര്‍ട്ടൊന്നുമില്ലാതെ അസൈലത്തിനപേക്ഷിച്ചിട്ടുമില്ല.

നിനക്കറിയാമോ, അസൈലത്തിനെകുറിച്ച് ഞാന്‍ ചോദിച്ച് അഭിപ്രായം പറഞ്ഞവരില്‍ ഒരാളായ നിര്‍മ്മല്‍ സിങ്ങ് പറഞ്ഞതെന്താണെന്ന്? ഇന്ദിരാഗാന്ദി മരിച്ച അവസരത്തില്‍, വടക്കേ ഇന്ത്യയില്‍ മൊത്തം കലാപം നടക്കുന്ന സമയത്ത് അവന്‍ ഇവിടെ വന്ന് അസൈലം ചോദിച്ചപ്പോള്‍, അവനെ, ഫിന്നിഷ് സര്‍ക്കാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് താമസിപ്പിച്ചത്. അങ്ങനെയെല്ലാം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ നിന്നോട് പാസ്പോര്‍ട്ട് ഇല്ലാതെ തന്നെ ഇവിടെ വന്ന് അസൈലത്തിന്ന് അപേക്ഷിക്കാന്‍ പറഞ്ഞ് കൊണ്ട് വിട്ടത്. എന്നിട്ടിപ്പോള്‍; നീ ഇവിടെ ജയിലില്‍ അതും ഏകദേശം പത്തിലതികം ദിവസമായിട്ട്!

ഒരു കുഴപ്പവുമില്ല ചേട്ടാ, ചേട്ടന്‍ വിഷമിക്കണ്ട ഒരാവശ്യവുമില്ല. ഇവിടെ പരമസുഖമല്ലെ! യാതൊരു പണിയുമില്ല, സമയാസമയത്തിന്നു ഭക്ഷണം. അകെപ്പാടെയുള്ള ഒരു പ്രശ്നം മുറിക്കുള്ളില്‍ ഇരുപത്തിരണ്ട് മണിക്കൂറോളം തന്നെ ചിലവഴിക്കണം എന്നതാ. അതുപോട്ടെ. സാരമില്ല.

എന്നാലും ഞാനായിട്ട് നിന്നെ, ജര്‍മ്മനിയില്‍ നിന്നും വിളിച്ച് വരുത്തിയിട്ട്??

പോ പുല്ലേ. നിന്റെ ഒരു സെന്റിമെന്റ്സ്. എനിക്കൊരു കുഴപ്പവുമില്ല എന്നു പറഞ്ഞില്ലെ.

അതൊക്കെ പോട്ടെ. എന്തൊക്കെയാ കഴിഞ്ഞ ആഴ്ചകളിലെ സംഭവങ്ങള്‍?

പ്രത്യേകിച്ചൊന്നുമില്ല. രണ്ടു ദിവസം മുന്‍പ് എന്നെ ഹെത്സിങ്കി പോലീസ് സ്റ്റേഷനില്‍ നിന്നും ഒരോഫീസര്‍ വിളിച്ചിരുന്നു. അനുജന്‍ ജയിലിലുണ്ടെന്നും, അവന്റെ പാസ്പോര്‍ട്ട് എന്റെ കയ്യിലുണ്ടെന്നും, അതുമായി അന്നു തന്നെ സ്റ്റേഷനില്‍ വരുവാന്‍ സാധിക്കുമോ എന്നെല്ലാം ചോദിച്ചു. പിന്നെന്തു ചിന്തിക്കാനും, പറയുവാനും. അപ്പോള്‍ തന്നെ ഞാന്‍ നിന്റെ പാസ്പോര്‍ട്ടുമായി സ്റ്റേഷനിലേക്ക് ചെന്നു, നിന്റെ കേസ് അന്വേഷിക്കുന്ന ഓഫീസറെ കണ്ടു. അയാള്‍ നിന്റെ പാസ്പോര്‍ട്ട് വാങ്ങി മറിച്ചു നോക്കിയതിനു ശേഷം എന്നോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. അത്രമാത്രം.

അതെന്തായിരുന്നു ഏട്ടാ, നിന്നോട് ചോദിച്ച ചോദ്യങ്ങള്‍?

കാര്യമായിട്ടൊന്നുമില്ല. ഞാനും അസൈലത്തിലാണോ ഇവിടെ വന്നത്? ഇപ്പോള്‍ എന്തു ചെയ്യുന്നു. അനുജന്റെ അസൈലം ആപ്ലിക്കേഷന്റെ അപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് വരെ, ജയിലില്‍ നിന്നും പുറത്ത് വിട്ടാല്‍ താമസവും, ഭക്ഷണവും കൊടുക്കാന്‍ സാധിക്കുമോ എന്നുള്ള ചോദ്യങ്ങള്‍

അച്ഛന്റേയും, അമ്മയുടേയും, മധ്യകുറുമാന്റേയും വിശേഷങ്ങള്‍ എന്തെല്ലാം? അവരെ വിളിക്കാറില്ലെ? അവര്‍ വിളിക്കുമ്പോള്‍ ഞാന്‍ എവിടേയാണെന്നു ചോദിക്കാറില്ലെ?

അവരെല്ലാവരും സുഖമായിട്ടിരിക്കുന്നു. നീ അസൈലം ക്യാമ്പിലാണ്, ഫോണ്‍ കിട്ടിയാല്‍ വിളിക്കും എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്ക് ടെന്‍ഷന്‍ ഇല്ല.

ങാ, പിന്നെ നിനക്ക് അഞ്ചെട്ട് കത്തുകളും, പത്തു പന്ത്രണ്ട് ഗ്രീറ്റിങ്ങ് കാര്‍ഡുകളും വന്നിട്ടുണ്ട് ദില്ലിയില്‍ നിന്നും അവളുടെ. ഞാന്‍ കൊണ്ടു വന്നില്ല. കത്തുകള്‍ ജയിലില്‍ കിടക്കുന്നവര്‍ക്ക് കൈമാറുവാന്‍ പറ്റുമോ എന്നറിയില്ലായിരുന്നു. പക്ഷെ ഇവിടെ വന്നപ്പോഴാണറിയുന്നത്, കത്തുകള്‍ മാത്രമല്ല, മാര്‍ക്കും, സ്വീറ്റ്സും, ചോക്ക്ലേറ്റ്സും, ഡ്രെസ്സും എല്ലാം തരാന്‍ പറ്റുമെന്ന്.

ശ്ശെ, ചേട്ടന് കത്തുകള്‍ ചേട്ടന്റെ കാറിലെങ്കിലും വയ്ക്കാമായിരുന്നു. എന്റെ മൂഡ് ആകെ ഓഫായി പോയി.

സാരമില്ലടാ, ഞാന്‍ ഞായറാഴ്ച വരുമ്പോള്‍ കൊണ്ടു വരാം. മൂന്നു ദിവസവും കൂടി കാത്തിരുന്നാല്‍ പോരെ. ഇവിടെ ആഴ്ചയില്‍ രണ്ടു ദിവസം വന്ന് കാണാം എന്നാണ് ഓഫീസര്‍ പറഞ്ഞത്.

മണിക്കൂര്‍ ഒന്നു കഴിഞ്ഞ മണിയടിച്ചു. ഓഫീസര്‍ വന്ന് പുറമെ നിന്നും വന്നവരോട് പുറത്ത് പോകുവാന്‍ ആവശ്യപെട്ടു.

ചേട്ടന്‍ നൂറു മാര്‍ക്ക് എന്റെ കയ്യില്‍ തന്നു. ഇനി ഞായറാഴ്ച കാണാം എന്നും പറഞ്ഞ് യാത്ര പറഞ്ഞ് പോയി, ഞാന്‍ തിരികെ എന്റെ മുറിയിലേക്കും.

അന്നത്തെ രാത്രി പതിവുപോലെ തന്നെ പ്രത്യേകതകളൊന്നും കൂടാതെ കഴിഞ്ഞു പോയി. രാവിലെ ബെല്ലടിച്ചപ്പോള്‍ പതിവുപോലെ, പ്രാഥമിക കൃത്യങ്ങള്‍ എല്ലാം കഴിഞ്ഞ്, മനസ്സിലാവാത്ത ഭാഷയിലുള്ള പരിപാടികള്‍ കണ്ട് മുറിയില്‍ കിടക്കുമ്പോള്‍, മുറിയിലെ വാതില്‍ തുറക്കപെട്ടു.

അരുണ്‍കുമാര്‍, സോറി, കുറുമാന്‍, താങ്കള്‍ പുറത്തേക്ക് വരുക. താങ്കളെ കാണുവാന്‍ താങ്കളുടെ വക്കീല്‍ വന്നിരിക്കുന്നു.

പുറത്തിറങ്ങി, ഓഫീസ് മുറിയോടു ചേര്‍ന്ന മുറിയിലേക്ക് ചെന്നപ്പോള്‍ മിസ്റ്റര്‍. രാജീവ് സൂരി, എനിക്കായ് ഗവണ്മെന്റ് ഏല്‍പ്പിച്ച വക്കീല്‍ അവിടെ എന്നെയും കാത്തിരുപ്പുണ്ടായിരുന്നു.

ഹായ്, കുറുമാന്‍. ഇപ്പോള്‍ താങ്കളുടെ ഐഡന്റിറ്റി വെളിവായി അല്ലെ. ഇതു തന്നേയാണ് ഞാന്‍ ആദ്യം ചോദിച്ചതും. ആദ്യമേ അതെന്നോടു പറഞ്ഞിരുന്നെങ്കില്‍. അഥവാ താങ്കളുടെ ഐഡന്റിറ്റി താങ്കള്‍ വെളിവാക്കിയിരുന്നെങ്കില്‍, താങ്കള്‍ക്ക് ഈ ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നില്ലല്ലോ?

സാരമില്ല സൂരി. ഇതും ഒരനുഭവം തന്നെ. എനിക്ക് യാതൊരു പ്രശ്നവും ഇവിടെ ഇല്ല.

കുറുമാന്‍, താങ്കളുടെ പാസ്പ്പോര്‍ട്ടും മറ്റും സറണ്ടര്‍ ചെയ്ത സ്ഥിതിക്ക് ഇനി കേസ് വാദിക്കുവാന്‍ വളരെ എളുപ്പമാണ്. താങ്കള്‍ക്ക് അടുത്ത കോര്‍ട്ട് ഹിയറിങ്ങില്‍ പുറത്ത് വരുവാന്‍ സാധിക്കും. ഇപ്പോള്‍ താങ്കള്‍ അനോണിയല്ല. താങ്കളുടെ വ്യക്ത്യുത്തം വളരെ വ്യക്ത്തമാണ്. ഞാന്‍ എല്ലാം ശരിയാക്കാം. താങ്കളുടെ സഹോദരനോട് എന്നെ കോണ്ടാക്ട് ചെയ്യാന്‍ പറയുക. അത്യാവശ്യ ചിലവിനുള്ള മാര്‍ക്കോക്കെ സഹോദരന്‍ ചിലവാക്കുമല്ലോ അല്ലെ?

ധനവും, മറ്റു സഹായവുമില്ലാത്ത കുറ്റവാളികള്‍ക്കായി സര്‍ക്കാര്‍, സര്‍ക്കാര്‍ ചിലവില്‍ ഏല്‍പ്പിച്ച വക്കീല്‍, അയാളുടെ അത്യാവശ്യ ചിലവിനുള്ള മാര്‍ക്ക് ഉറപ്പാക്കുന്നു ഇവിടെ!

പണത്തിന്നു മേലെ പരുന്തും പറക്കും! പണമുണ്ടെങ്കില്‍ ഏതു വക്കീലിനേയും, ജഡ്ജിയേയും വിലക്കു വാങ്ങാം! പണമില്ലാത്തവന്‍ പിണം! ഇതിലേതാണ് ഞാന്‍ ദത്തെടുക്കേണ്ട വാചകം?


മാര്‍ക്കൊക്കെ ശരിയാക്കാം മിസ്റ്റര്‍ സൂരി. താങ്കള്‍ ആദ്യം എന്നെ ഈ ജയിലില്‍ നിന്നും പുറത്തേക്ക് കൊണ്ടു വരിക.

എല്ലാം ശരിയാക്കാം കുറുമാന്‍. താങ്കള്‍ ചിന്തിക്കേണ്ട ആവശ്യം ഇനിയില്ല എന്ന് പറഞ്ഞ്, അദ്ദേഹം എഴുതാന്‍ തുടങ്ങി. എഴുത്തിന്നവസാനം പല പേപ്പറുകളിലായി എന്റെ കയ്യൊപ്പ് വാങ്ങി. പിന്നെ പറഞ്ഞു,

കുറുമാന്‍ അടുത്ത ചൊവ്വാഴ്ച താങ്കള്‍ക്ക് കോര്‍ട്ടില്‍ ഹിയറിങ്ങ് ഉണ്ട്. അന്ന് തന്റെ കേസ് കോടതി പരിഗണിക്കുകയും, തന്നെ ജയില്‍ വിമുക്തനാക്കുകയും ചെയ്യും. ഇത് സൂരിയുടെ ഉറപ്പാണ്. പക്ഷെ താങ്കളുടെ ഈ കേസ് ഫൈനല്‍ ഹിയറിങ്ങിനെത്തണമെങ്കില്‍ ഒന്നൊന്നര വര്‍ഷമെങ്കിലും എടുക്കും. അത് തന്റെ മാത്രമല്ല, ഏതൊരു അസൈലം ആപ്പ്ലിക്കന്റിന്റേയും അവസ്ഥയാണ്. അതിന്നിടെ, തനിക്ക്, ഇവിടെ ആരേയെങ്കിലും, പ്രേമിക്കുകയോ, കല്യാണം ഴിക്കുകയോ, എന്തു വേണമെങ്കിലും ചെയ്യാം. സാധാരണ അസൈലം അപേക്ഷകര്‍ ചെയ്യുന്ന കാര്യങ്ങളാണിവ.

ഞാന്‍ ഒപ്പിട്ട പേപ്പറുകളുമെടുത്ത്, അടുത്ത ചൊവ്വാഴ്ച കോടതിയില്‍ പോകുന്നതിന്നു മുന്‍പായി കാ‍ണാം എന്ന ഉറപ്പോടെ മിസ്റ്റര്‍ സൂരി യാത്ര പറഞ്ഞിറങ്ങി.

അടച്ചിട്ട മുറിയിലെ താമസവും, ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള ഒന്നൊന്നരമണിക്കൂര്‍ നടത്തവുമെല്ലാമായി രണ്ടു ദിവസം കൂടി കഴിഞ്ഞു. ഞായറാശ്ച വന്നു. മൊത്തം ഒരുത്സാഹം. ഇന്ന് ഉച്ചക്ക് ആദികുറുമാന്‍ വരും. എന്റെ പ്രിയതമയുടെ കത്തും, ഗ്രീറ്റിങ്ങ് കാര്‍ഡുമെല്ലാമായി.

ഉച്ച ഭക്ഷണം കഴിഞ്ഞതും, അതിഥി വന്നെന്നറിയിക്കുന്ന സന്ദേശവുമായി, എന്റെ മുറി തുറക്കുന്നതും കാത്ത്, ഒന്നിനു പിറകെ മറ്റൊന്നായി ഞാന്‍ സിഗററ്റ് വലിച്ച് പുക പുറത്തേക്ക് തള്ളികൊണ്ടേയിരുന്നു.

വാതില്‍ തുറന്ന് താങ്കള്‍ക്ക് ഗസ്റ്റ് ഉണ്ടെന്ന് പറഞ്ഞതും, പാഞ്ഞു, ഗസ്റ്റ് റൂമിലേക്ക്. അക്ഷമനായി എന്താ മുന്നില്‍ നില്‍ക്കുന്നവര്‍ ഇത്ര സാവധാനത്തില്‍ മുറിയിലേക്ക് കടക്കുന്നത് എന്ന് ചിന്തിച്ചുകൊണ്ട്, വരിക്ക് പുറകെ നിന്നും പതുക്കെ, പതുക്കെ, നടന്ന് ഗസ്റ്റ് റൂമില്‍ കയറി. പിന്നെ ആദ്യം കണ്ട ഒരു കസേരയില്‍ തന്നെ ഇരുന്നു.

പിന്നില്‍ നിന്നിരുന്നവരെല്ലാം മുറിയില്‍ കടന്നു കഴിഞ്ഞപ്പോള്‍ പിന്നിലെ വാതില്‍ അടക്കപെട്ടു, ഒപ്പം മുന്നിലെ വാതില്‍ തുറക്കപെടുകയും.

വരി വരിയായി, കുറ്റവാളികളായും, അല്ലാതെയും, ജയിലില്‍ കിടക്കുന്നവരുടെ ബന്ധുക്കളോ, സുഹൃത്തുക്കളോ മുറിയുടെ ഉള്ളിലേക്ക് കയറാന്‍ തുടങ്ങി. അതിലൊരാളായ് ആദികുറുമാനും.

എന്റെ സീറ്റിന്നരികിലേക്ക്, കയ്യിലൊരു പ്ലാസ്റ്റിക്ക് കവറുമായി ആദി സാവധാനത്തില്‍ നടന്നു വന്നു. വന്നതും, എനിക്കെതിര്‍വശമായുള്ള കസേരയില്‍ ഇരുന്നു.
ഇരുന്നതും, എന്റെ കയ്യിലേക്ക് അവന്റെ കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ കൈമാറി, പിന്നെ പറഞ്ഞു, നിനക്കുള്ള കത്തുകളും, ഗ്രീറ്റിങ്ങ് കാര്‍ഡുകളുമാണിതില്‍.

അതിലുള്ള കത്തുകളും, കാര്‍ഡുകളും വായിക്കണമെന്നായിരുന്നു ആശയെങ്കിലും, ഒരേ ഒരു മണിക്കൂര്‍ മാത്രമെ സന്ദര്‍ശകനായി ആദിയെ കിട്ടുകയുള്ളൂ, എന്നതിനാല്‍ അവനുമായി സംസാരിക്കുവാന്‍ തുടങ്ങി.

ചേട്ടാ, അഡ്വക്കേറ്റ് സൂരി വന്നിരുന്നു. കാര്യങ്ങളെല്ലാം സംസാരിച്ചിരുന്നു. പുറത്തിറങ്ങാന്‍ സഹായിച്ചാല്‍ കാര്യമായെന്തെങ്കിലും നല്‍കണമെന്നു പറഞ്ഞു.

ഉം. എന്നേയും വിളിച്ചിരുന്നു. ഇന്ത്യക്കാരന്‍ വക്കീല്‍ കം ട്രാന്‍സ് ലേറ്റര്‍ അല്ലെ? കൊടുത്തേ തീരൂ. ചുട്ടയിലെ ശീലം ചുടല വരെ എന്നല്ലെ. ഗവണ്മെന്റ് വക്കീലല്ലെ? വല്ലതും എക്ശ്ട്രാ കിട്ടാതെ എങ്ങിനെ പ്രതിക്ക് വേണ്ടി വാദിക്കും? ഞാന്‍ എന്താ വേണ്ടത് എന്നു വച്ചാല്‍ ചെയ്യാം എന്നു പറഞ്ഞിരുന്നു.

എന്റെ അടുത്ത കോര്‍ട്ടിലെ ഹിയറിങ്ങ് ഡേറ്റ് ചൊവ്വാഴ്ചയാണ്‌.

ഉവ്വ്, സൂരി എന്നോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച നിന്നെ റിലീസ് ചെയ്ത്, അസൈലം ആപ്ലിക്കന്റ്സ് ക്യാമ്പിലേക്ക് വിടുവിക്കാം എന്നാണ് പറഞ്ഞത്. മാത്രമല്ല. അങ്ങനെയാണെങ്കില്‍, നിനക്ക് താമസിക്കാന്‍ ക്യാമ്പില്‍ സിംഗിള്‍ റൂമും, പാചകം ചെയ്യുവാനുള്ള സാമഗ്രികളും, ചിലവിനായി, മാസാ മാസം മൂവായിരം ഫിന്നിഷ് മാര്‍ക്കും (ഏകദേശം പതിനയ്യായിരം ഇന്ത്യന്‍ രൂപയും) ലഭിക്കൂം.

നാടു വിടുമ്പോള്‍ കിട്ടിയിരുന്നത് വെറും, നാലിയിരത്തി ഇരുന്നൂറ് രൂപ. താമസവും, ഭക്ഷണവും, സ്വന്തം. ഇവിടെ അസൈലം കിട്ടിയാല്‍, കേസ് കഴിയുന്നതു വരെ, സര്‍ക്കാര്‍ തരുന്നതോ, ഏകദേശം പതിനയ്യായിരം രൂപ. എന്റെ കയ്യിലെ രോമങ്ങള്‍ എഴുന്നേറ്റു നിന്നു.

മണിക്കൂര്‍ ഒന്നു കഴിഞ്ഞെന്നറിഞ്ഞത്, സന്ദര്‍ശകര്‍ക്ക് പിരിയാനുള്ള മണിയടിച്ചപോഴാണ്! കൈ തന്ന് യാത്ര പറഞ്ഞ് ആദിയും മറ്റുള്ള വിസിറ്റേഴ്സിനൊപ്പം പുറത്ത് പോയി. പ്രിയതമയുടെ കത്തുകളും, ഗ്രീറ്റിങ്ങ് കാര്‍ഡുകളുമായി, ഞാന്‍ എന്റെ മുറിയിലേക്കും.

************

മുറിയില്‍ വന്ന് ഞാന്‍ കട്ടിലില്‍ ഇരുന്നു. കവര്‍ തുറന്ന് എല്ലാം പുറത്തെടുത്തു. ഏഴു കത്തുകളും, പതിനഞ്ച് ഗ്രീങ്ങ് കാര്‍ഡുകളും!

ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍ തിയതി തരം തിരിച്ചു പൊട്ടിച്ചു നോക്കി. ആദ്യത്തെ പത്തു ഗ്രീറ്റിങ്ങ് കാര്‍ഡുകളിലും, പ്രേമത്തിന്നും, വിരഹത്തിന്നും ആസ്പദമാക്കിയുള്ള വരികള്‍. പിന്നെയുള്ള അഞ്ചു കാര്‍ഡുകളില്‍ പിരിയുമോ നമ്മള്‍ തമ്മില്‍ എന്ന ആശങ്കയോടു കൂടിയ വരികള്‍.

എന്റെ ഹൃദയമിടിപ്പിന്റെ വേഗത വര്‍ദ്ധിച്ചു. ഞാന്‍ കത്തുകളോരാന്നായി പൊട്ടിച്ചു വായിക്കാന്‍ തുടങ്ങി. ആദ്യത്തെ നാലു കത്തുകളില്‍, പ്രേമവും, പ്രേമത്തിന്റെ ആഴവും, വിരഹവും, ഏകാന്തതയുടെ മടുപ്പും എല്ലാം ഗദ്യമായും, പദ്യമായും എഴുതി വച്ചിരിക്കുന്നു.
കണ്ടുമുട്ടിയ നാളുകള്‍ മുതല്‍, പാര്‍ക്കുകളില്‍ ഒരുമിച്ചിരുന്ന് ചിലവഴിച്ച സായാഹ്നങ്ങളും, ആ സായാഹ്നങ്ങളില്‍ ഉണ്ടായ സംഭാഷണങ്ങളും മറ്റും കുറിച്ചു വച്ചിരിക്കുന്നു.

ഞങ്ങള്‍ തമ്മില്‍ ആദ്യമായി കണ്ടു മുട്ടിയ നിമിഷങ്ങള്‍ മുതലുണ്ടായ
കാര്യങ്ങളിലേക്ക് എന്റെ മനസ്സിനെ കൊണ്ടു പോയ കത്തുകളായിരുന്നവ. ആ നാലു കത്തുവായിച്ചതിന്റേയും ലഹരിയില്‍ കണ്ണുകള്‍ പൂട്ടി ഗതകാല സ്മരണകളിലേക്ക് ഊളയിട്ടുപോയ ഞാന്‍ അടുത്ത കത്ത് പൊട്ടിച്ചു. അഞ്ചാമത്തെ കത്ത്.

അഞ്ചാമത്തേയും, ആറാമത്തേയും, കത്ത് ഞാന്‍ വായിച്ചത്, വളരെ പെട്ടെന്നായിരുന്നു. പ്രേമമല്ല അതില്‍ വിഷയം. മറിച്ച്, കല്യാണമാണ് വിഷയം!

പഞ്ചാബിയായ അവളും, മദ്രാസിയായ ഞാനും തമ്മിലുള്ള പ്രണയം അവരുടെ വീട്ടില്‍ അറിഞ്ഞെന്നും, എത്രയും പെട്ടെന്ന് അവളെ കല്യാണം കഴിപ്പിച്ചയക്കുവാന്‍ അവളുടെ അച്ഛനും, അമ്മയും പരിശ്രമിക്കുന്നു എന്നും, ആയിരുന്നു ആ കത്തിലുള്ള ഉള്ളടക്കം. ആകെ അവളെ സഹായിക്കുവാനായി ഉള്ളത്, അവളുടെ ജ്യേഷ്ഠ സഹോദരി മാത്രം.

മിടിക്കുന്ന ഹൃദയത്തോടെ ഏഴാമത്തെ കത്തും ഞാന്‍ പൊട്ടിച്ചു. ഒരു കല്യാണം അവളുടെ അച്ഛന്‍ ഏതാണ്ട് ഉറപ്പിച്ചുവത്രെ. യൂറോപ്പില്‍ ജീവിക്കുക എന്ന സ്വപ്നം വെടിയാന്‍ പറ്റുമെങ്കില്‍, എത്രയും പെട്ടെന്ന് തിരികെ വരണമെന്നും, അവളെ കൂട്ടികൊണ്ട് പോകണമെന്നുമാണ് ഉള്ളടക്കം.

അവസാനത്തെ കത്ത്, അഥവാ ഏഴാമത്തെ കത്തവള്‍ അയച്ചിട്ട് പത്തിലതികം ദിവസം കഴിഞ്ഞിരിക്കുന്നു. ആ തണുപ്പിലും, എന്റെ ശരീരം വിയര്‍ക്കാന്‍ തുടങ്ങി. കത്തുകളും, ഗ്രീറ്റിങ്ങ് കാര്‍ഡുകളും വാരി കവറിലിട്ട്, ആ കവര്‍ എന്റെ ബാഗില്‍ വച്ചു. പിന്നെ, മുറിയില്‍ നിന്നും അത്യാവശ്യമെങ്കില്‍ ബാത്രൂമിലും മറ്റും പോകണമെങ്കില്‍ അടിക്കേണ്ടുന്ന ബെല്ലില്‍ വിരല്‍ ഞെക്കി പിടിച്ചു.

വാതില്‍ തുറന്നിട്ടും, ബെല്ലില്‍ വിരലമര്‍ത്തി പിടിക്കുകയായിരുന്ന എന്നെ അബ്ദള്ളയാണ് സ്വയബോധത്തിലേക്ക് കൊണ്ട് വന്നത്.

മുറിക്ക് പുറത്തിറങ്ങിയ ഞാന്‍ ഓഫീസര്‍ ഇന്‍ചാര്‍ജിനെ കാണണമെന്നാവശ്യപെട്ടു.
മുറി തുറന്ന പോലീസുകാരന്‍, ഓഫീസ് ഇന്‍ ചാര്‍ജിനെ വിവരം അറിയിച്ചിട്ട്, അദ്ദേഹം അറിയിക്കുന്നതിന്നനുസരിച്ച് അദ്ദേഹത്തെ കാണുകയും ചെയ്യാം എന്നെന്നെ അറിയിച്ച ശേഷം തിരികെ എന്നെ മുറിയിലാക്കി മുറി പുറമെ നിന്നും പൂട്ടി.

നിമിഷങ്ങള്‍, മിനിറ്റുകള്‍ , യുഗാന്തരങ്ങള്‍ പോലെ നീങ്ങി. എന്റെ മുറിയുടെ വാതില്‍ തുറക്കപെട്ടു. വരൂ. ഓഫീസര്‍ ഇന്‍ ചാര്‍ജ് താങ്കളെ കാണുവാന്‍ താത്പര്യപെടുന്നു എന്ന് പറഞ്ഞ് മുറി തുറന്ന പോലീസുകാരന്‍ നടന്നു.

അദ്ദേഹത്തിന്റെ പിന്നാലെ, ഞാന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജിന്റെ മുറിയിലെത്തി.

ഇരിക്കൂ. അദ്ദേഹത്തിന്റെ മേശക്കെതിര്‍വശമായുള്ള കസേര ചൂണ്ടി കാട്ടി അദ്ദേഹം പറഞ്ഞു.

വിയര്‍ക്കുന്ന ശരീരത്തോടെ, ഞാന്‍ കസേരയില്‍ ഇരുന്നു.

ടെല്‍ മി മിസ്റ്റര്‍ കുറുമാന്‍. വാട്ട് ഈസ് യുവര്‍ പ്രോബ്ലം? ഓഫീസര്‍ ചോദിച്ചു.

സര്‍. ഞാന്‍ തിരിച്ച് ഇന്ത്യയിലേക്ക് പോകാന്‍ താത്പര്യപെടുന്നു.

താങ്കള്‍ അസൈലം അപ്ലൈ ചെയ്തിരിക്കുകയാണല്ലോ? അതും, സ്വന്തം ജന്മനാട്ടില്‍ ജീവന് ഭീഷണിയാണെന്നും പറഞ്ഞ്. പിന്നെയെന്തിനു താങ്കള്‍ തിരിച്ചു പോകുന്നു?

നുണയാണു സര്‍. ഞാന്‍ പറഞ്ഞതെല്ലാം നുണയാണ്. എന്റെ ജീവന് ഒരു ഭീഷണിയുമില്ല. എനിക്കു തിരിച്ചു പോയേ തീരൂ. ദയവായി എന്നെ സഹായിക്കൂ സര്‍. പ്ലീസ്.

താങ്കളുടെ അഡ്വക്കേറ്റിനെ എന്തായാലും ഞാന്‍ വിവരമറിയിക്കട്ടെ, ഒപ്പം താങ്കളുടെ കേസ് അന്വേഷിക്കുന്ന ഓഫീസേഴ്സിനേയും. ഇന്നെന്തായാലും ഞായറാഴ്ചയല്ലെ? നാളെ വരെ താങ്കള്‍ കാത്തിരിക്കൂ.

മറ്റൊന്നും പറയാനില്ലാത്തതിനാല്‍, തിരിച്ചെന്റെ മുറിയിലേക്ക് ഞാന്‍ വന്നു. കട്ടിലില്‍ കയറി വെറുതെ കിടന്നു. രാത്രി ഭക്ഷണം വന്നത് പോലും വാങ്ങിയില്ല. നിര്‍ബദ്ധിച്ച അബ്ദള്ളയോട് വിശപ്പില്ല എന്ന് പറഞ്ഞ് തല വഴി കമ്പിളി മൂടി കിടന്നു.

ഭക്ഷണം കഴിച്ച അബ്ദള്ള പതിവുപോലെ കട്ടിലില്‍ കിടന്നുകൊണ്ട് അവന്റെ ഉറക്ക് പാട്ട് പാടാന്‍ തുടങ്ങി.

ഹാദി മാമ ലങ്കുയിടാ മാമ,
മര്‍നാ നീഗു, ലങ്കുയിടാ ബാബ.

തിരിഞ്ഞും, മറിഞ്ഞും, കമ്പിളി പുതച്ചും, പുതപ്പ് വലിച്ച് തറയിലെറിഞ്ഞും, സിഗററ്റ് വലിച്ചും, സമയം തള്ളി നീക്കിയ, ഉറക്കമില്ലാത്ത രാത്രിയായിരുന്നു അന്നത്തേത്.

രാവിലെ വന്ന ബ്രേക്ക് ഫാസ്റ്റ് വാങ്ങി മേശപുറത്ത് വച്ചു എന്നല്ലാതെ ഞാന്‍ കഴിച്ചില്ല. സമയം പത്തരയായപ്പോള്‍ എന്റെ കേസന്വേഷിക്കുന്ന ഓഫിസേഴ്സ് രണ്ടു പേരും എന്നെ കാണാന്‍ വന്നു.

എന്നെ അവരിരിക്കുന്ന മുറിയിലേക്ക് വിളിക്കപെട്ടു.

എന്താ കുറുമാന്‍? താങ്കളുടെ അസൈലം ആപ്ലിക്കേഷന്‍ ക്യാന്‍സല്‍ ചെയ്യണം എന്നും, തിരിച്ച് സ്വന്തം രാജ്യത്തേക്ക് പോകണമെന്നും താങ്കള്‍ പറഞ്ഞതായി, ഇവിടുത്തെ ഓഫീസര്‍ ഇന്‍ ചാര്‍ജ് പറഞ്ഞു.

അതെ സര്‍. എനിക്ക് അസൈലം വേണ്ട. ഞാന്‍ പറഞ്ഞതെല്ലാം നുണയാണ്. എനിക്ക് എത്രയും പെട്ടെന്ന് തിരിച്ചു പോകണം.

താങ്കളുടെ ആപ്ലിക്കേഷനിന്മേലുള്ള അദ്യത്തെ വിധി നാളെയാണെന്നറിയാമല്ലോ?

അറിയാം, സര്‍.

ഒരു പക്ഷെ, താങ്കളെ, നാളെ കോടതി വെറുതെ വിട്ടു കൂടെന്നില്ല. അതിനാല്‍ നാളെ വരെ കാത്തിരിക്കുന്നതല്ലെ നല്ലത്? നല്ലവരായ ആ ഉദ്യോഗസ്ഥര്‍ ചോദിച്ചു

വേണ്ട സര്‍. എനിക്ക് അസൈലം വേണ്ട. എന്നെ എന്റെ നാട്ടില്‍ തിരിച്ചു പോകാന്‍ അനുവദിച്ചാല്‍ മാത്രം മതി.

തീരുമാനം തന്റെയാണെങ്കിലും, കേസ് അന്വേഷിക്കുന്നത് ഞങ്ങളായാലും, കോടതിയില്‍ താങ്കളുടേ കേസ് നില നില്‍ക്കുന്ന സ്ഥിതിക്ക് , താങ്കള്‍ക്കു വേണ്ടി കേസ് വാദിക്കുന്ന, താങ്കള്‍ക്കായി ഗവണ്മെന്റ് ഏല്‍പ്പിച്ചിരിക്കുന്ന വക്കീലിന്റെ നിലപാട് അറിയാതെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുകയില്ല. എന്തിന്നും, ഞങ്ങള്‍ താങ്കളുടേ വക്കീലുമായി സംസാരിക്കുന്നുണ്ട്.

രണ്ടു മൂന്നു പേപ്പറുകളില്‍ എന്തൊക്കെയോ എഴുതിയശേഷം, ഒരു ഓഫീസര്‍ പറഞ്ഞു, എന്തായാലും, ഫയല്‍ ചെയ്തിരിക്കുന്ന അസൈലം ആപ്ലിക്കേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നു എന്നു കാണിച്ച് എഴുതിയിട്ടുള്ള ഈ ആപ്ലിക്കേഷനില്‍ താങ്കള്‍ കയ്യൊപ്പ് വക്കുക.

ഇടം വലം നോക്കാതെ, യാതൊന്നും ചിന്തിക്കാതെ, ഞാന്‍ അവര്‍ കാണിച്ച സ്ഥലത്തെല്ലാം ഒപ്പിട്ടു നല്‍കി. ആള്‍ ദ ബെസ്റ്റ് നേര്‍ന്നു കൊണ്ട് അവര്‍ മടങ്ങി പോയി. ഞാന്‍ തിരികെ മുറിയിലേക്കും.

അന്നു ഉച്ച തിരിഞ്ഞ് ശുദ്ധവായുവും, വ്യായാമവും ചെയ്യുവാനുള്ള സമയം പുറത്ത് ചിലവഴിച്ച്, മടങ്ങി മുറിയിലെത്തി കിടക്കുന്ന നേരത്താണ്, എന്റെ വക്കീല്‍ എന്നെ കാണുവാന്‍ വന്നിട്ടുണ്ട് എന്നറിയിച്ച് എന്റെ മുറി ഒരു പോലീസുകാരന്‍ തുറന്നത്.

മിസ്റ്റര്‍ സൂരി എന്നെ കാത്തിരിക്കുന്ന മുറിയിലേക്ക് കയറി ചെല്ലുവാന്‍ എനിക്കല്‍പ്പം ജാള്യത ഉണ്ടായിരുന്നു. എങ്ങനേയെങ്കിലും അസൈലം വാങ്ങി തരുകയാണെങ്കില്‍, തരക്കേടില്ലാത്ത ഒരു ഇനാം, തരുവാന്‍ തയ്യാറാണെന്ന ഒരു മോഹന വാഗ്ദാനം നല്‍കിയിരുന്നതു തന്നെ കാരണം.

എന്താണിത് മിസ്റ്റര്‍ കുറുമാന്‍? അസൈലം എങ്ങിനേയെങ്കിലും വാങ്ങി തരണം എന്നു പറഞ്ഞിട്ട്, നാളെ കോടതിയുടെ ആദ്യ വിധി വരുന്നതിന്നു തൊട്ടു മുന്‍പായി അസൈലം ആപ്ലിക്കേഷന്‍ ക്യാന്‍സല്‍ ചെയ്യണം എന്നു താങ്കള്‍ പറഞ്ഞതെന്തിന്?
മിസ്റ്റര്‍ സൂരി. തികച്ചും വ്യകതിപരമായൊരു തീരുമാനമാണിത്. എന്നോട് കൂടുതലായൊന്നും താങ്കള്‍ ചോദിക്കരുത്. യൂറോപ്പില്‍ ജീവിക്കുക എന്നത് ഒരു ജീവിത സ്വപ്നമായി കണ്ട ഞാന്‍ ഇപ്പോള്‍ ഇത്തരം ഒരു തീരുമാനമെടുത്തതിന്റെ പിന്നില്‍, അതിലും വലിയ ഒരു കാരണമുണ്ടാകുമെന്ന് മനസ്സിലാക്കുക.

ഓകെ, മിസ്റ്റര്‍ കുറുമാന്‍. താങ്കളുടെ തീരുമാനമിതാണെങ്കില്‍ എനിക്ക് മറിച്ചൊന്നും പറയാനില്ല.

അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ചില പേപ്പറുകളില്‍ എന്നെ കൊണ്ട് അദ്ദേഹം ഒപ്പിടുവിച്ചു. പിന്നെ യാത്ര പോലും പറയാതെ അദ്ദേഹം, തിരിച്ചിറങ്ങി പോയി.

ദൈവമേ, എത്രയും പെട്ടെന്നു തിരിച്ചു പോകാനായെങ്കില്‍! തിങ്കള്‍ കഴിഞ്ഞു, ചൊവ്വാഴ്ച വന്നു. ആപ്ലിക്കേഷന്‍ ക്യാന്‍സല്‍ ചെയ്തിരുന്നില്ലെങ്കില്‍ ഇന്ന് എന്റെ കോടതി വിധിയുടെ ദിനമാണ്.

എന്റെ അസൈലം ആപ്ലിക്കേഷന്‍ പരിഗണനക്കെടുത്ത്, അവസാന വിധി വരെ, അതായത്, അടുത്ത ഒരൊന്നൊന്നരകൊല്ലം വരെ, എന്നെ അസൈലം ക്യാമ്പില്‍ വിടേണ്ടിയിരുന്ന ദിനം. ഫ്രീയായി, താമസം, ഭക്ഷണത്തിനുള്ള കാശ് എന്നിവ ഗവണ്മെന്റ് തന്നെ തരുമായിരുന്നു. ആ കാലയളവിനുളളില്‍, അവിടെ യൂണിവേഴ്ദിയിയില്‍ പഠിക്കാന്‍ ചേരുകയോ, ചേട്ടന്റെ കൂടെ അവന്റെ കമ്പനിയില്‍ ജോലി ചെയ്യുകയോ, ഒന്നുമില്ലെങ്കിലും, ഏതെങ്കിലും മദാമ്മയെ ലൈനടിച്ച്, കല്യാണം കഴിച്ച് ഒരു യൂറോപ്പ് പൌരനാകുകയോ ചെയ്യാമായിരുന്ന ഒരവസരം, എന്റെ ജീവിത സ്വപ്നം ഞാനായി നഷ്ടപെടുത്തി.

ദീര്‍ഘമായ ഒരു നെടുവീര്‍പ്പിനൊടുവില്‍ ഞാന്‍ ചിന്തിച്ചു. എന്നെ സ്നേഹിക്കാന്‍, എന്റെ കൂടെ ജീ‍വിതാവസാനം വരെ ജീവിക്കാന്‍, എനിക്കു വേണ്ടി മരിക്കുവാന്‍ പോലും തയ്യാറായ ഒരുവള്‍ എന്നെ കാണാതെ, വിമ്മിഷ്ടപെട്ട് ജീവിക്കുമ്പോള്‍ എനിക്കെന്തിന് യൂറോപ്പ്? വേണ്ട, ഈ രാജ്യം എനിക്ക് വേണ്ട. എന്നെ ജീവിന്നു തുല്യം സ്നേഹിക്കുന്നൊരുവളെ വെടിഞ്ഞ്, അവളില്‍ നിന്നും ദൂരെ മാറി എനിക്കൊരു ജീവിതം വേണ്ട.

ബുധനാഴ്ച ആദി എന്നെ കാണാന്‍ വന്നപ്പോള്‍, കയ്യില്‍ കവറൊന്നും ഉണ്ടായിരുന്നില്ല.

എന്താ ചേട്ടാ കത്തൊന്നും കൊണ്ടു വന്നില്ലേ?

ഇല്ലടാ, കത്തൊന്നും വന്നില്ല.

നിന്റെ കാര്യങ്ങള്‍ എന്തായി?

എന്താവാന്‍? ഞാന്‍ അസൈലം വേണ്ട, നാട്ടിലേക്ക് തിരിച്ചു പോയാല്‍ മതി എന്നെഴുതി കൊടുത്തു.

ഉവ്വോ? നന്നായി. നീ നാട്ടിലേക്ക് പോകുന്നതു തന്നെയാണ് ഈ അവസ്ഥയില്‍ നല്ലത്. അവള്‍ക്ക് എന്തൊക്കേയോ ആലോചനകളൊക്കെ വരുന്നു എന്ന് എന്നെ വിളിച്ചു പറഞ്ഞിരുന്നു. നീ ഡെല്‍ഹിയില്‍ പോയി അവളെ വിളിച്ച് നാട്ടിലെ നമ്മുടെ വീട്ടില്‍ പോ. ഭാക്കിയെല്ലാം നമുക്ക് പിന്നെ തീരുമാനിക്കാം. അപ്പോഴേക്കും എന്റെ കമ്പനി ഒന്ന് സെറ്റാകുകയും ചെയ്യും. പിന്നെ എപ്പോള്‍ വേണമെങ്കിലും എനിക്ക് നിന്നെ കൊണ്ടു വരാമല്ലോ.

എന്റെ തീരുമാനത്തിന് ആദിയുടേ സപ്പോര്‍ട്ട് കിട്ടിയപ്പോള്‍ തന്നെ എന്റെ മനം കുളിര്‍ത്തു. ഒന്നുമില്ലെങ്കിലും, കാശ് കുറച്ചവന്‍ ചിലവാക്കിയതല്ലെ, അതിന്റെ വിഷമം അവന്നു കാണാതിരിക്കുമോ എന്നായിരുന്നു എന്റെ ചിന്ത.

നാട്ടിലേക്കു പോകാനുള്ള മണിക്കുറുകളുമെണ്ണിയായി പിന്നീടുള്ള എന്റെ ഇരിപ്പ്. ബുധന്‍ കഴിഞ്ഞു, വ്യാഴം കഴിന്നു, വെള്ളി കഴിഞ്ഞു, ശനിയും കഴിഞ്ഞു. ഞാ‍യറാഴ്ചയായി. ഇതുവരേയായും നാട്ടിലേക്കു പോകാനുള്ള എന്റെ കാത്തിരിപ്പിന്ന് ഒരവസാനം വന്നിട്ടില്ല. എന്തായാലും, ഇന്ന് ഞായറാഴ്ചയല്ലെ. ആദി വന്നാല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമായിരിക്കും എന്നു കരുതി ഞാന്‍ കാത്തിരുന്നു. ഉച്ച കഴിന്നു, സന്ധ്യ കഴിഞ്ഞു, രാത്രിയായി, ആദി വന്നില്ല, എന്റെ അഡ്വക്കേറ്റും, കേസന്വേഷിക്കുന്ന പോലീസ് ഓഫറും വന്നില്ല.

സാധാരണ ദിവസങ്ങളില്‍ നാലഞ്ചു സിഗററ്റ് വലിക്കുന്ന ഞാന്‍ ജയിലില്‍ വന്നതു മുതല്‍ ആറും എട്ടും, സിഗററ്റ് വലിക്കാന്‍ തുടങ്ങി. ഈയിടേയായി അത് പത്തും, പതിനഞ്ചുമായിരിക്കുന്നു!

തിങ്കള്‍ കഴിഞ്ഞു, ചൊവ്വ കഴിഞ്ഞു, ബുധനാഴ്ച ഉച്ചയായി. ഇന്നെങ്കിലും ആദി വരും എന്നെനിക്കുറപ്പുണ്ടായിരുന്നു. ഭക്ഷണം കഴിച്ച്, പോലീസുകാരന്‍ മുറി തുറക്കുന്നതും കാത്ത് ഞാന്‍ ഇരുന്നു. ഉച്ചകഴിഞ്ഞു. പുറത്ത് പോകാനുള്ള ബെല്ലടിച്ചു. പുറത്ത് പോയാല്‍ ആദിയെങ്ങാനും വന്ന് എന്നെ വിളിക്കുവാനായി പോലീസു കാരന്‍ വന്ന് എന്നെ കാണാതിരുന്നാലോ എന്നു കരുതി മുറിയില്‍ നിന്നും ഞാന്‍ പുറത്ത് പോയില്ല. പക്ഷെ ആരും വന്നില്ല.

പിറ്റേന്ന് വ്യാഴാശ്ച രാവിലെ, അബ്ദള്ളയെ ഡെന്മാര്‍ക്കിലേക്ക് കൊണ്ടു പോകുവാനായി പോലീസുകാര്‍ വന്നു. എന്നോട് യാത്ര പറഞ്ഞ് അവന്‍ പോയി. മുറിയില്‍ ഞാന്‍ തനിച്ചായി.

ആദിക്കെന്തു പറ്റി? ദില്ലിയിലെ എന്റെ കാമുകിക്ക് എന്തു പറ്റി? ഒന്നുമറിയാന്‍ കഴിയാതെ, യുക്തിരഹിതമായ ഓരോന്ന് ചിന്തിച്ച് എന്റെ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ വെറുതെ പാഞ്ഞു നടന്നു.

വെള്ളിയാഴ്ച രാവിലെ, ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ, കട്ടിലില്‍ കിടന്ന് കാമുകിയുടെ പഴയ കത്തുകളും, ഗ്രീറ്റിങ്ങ് കാര്‍ഡുകളും വീണ്ടും വീണ്ടും വായിക്കുന്നതിന്നിടയില്‍, എന്റെ മുറി തുറക്കപെട്ടു. എന്റെ കേസന്വേഷിക്കുന്ന രണ്ടു ഓഫീസേഴ്സും മുറിക്കുള്ളിലേക്ക് കയറി വന്നു. സാധാരണ, അവര്‍ വന്നാല്‍, എന്നെ പുറത്തുള്ള മുറിയിലേക്ക് വിളിപ്പിക്കുകയാണു പതിവു. ഇതിപ്പോ എന്റെ മുറിക്കുള്ളിലേക്ക് കയറി വന്നിരിക്കുന്നു. എന്താണാവോ പ്രശ്നം?

മിസ്റ്റര്‍ കുറുമാന്‍. താങ്കളുടെ റിക്വസ്റ്റ് പ്രകാരം, താങ്കളെ ഞങ്ങള്‍ ഇന്ത്യയിലേക്ക് തിരികെ അയക്കാന്‍ പോകുന്നു. എന്താണഭിപ്രായം?

എന്തഭിപ്രായം? സന്തോഷം സര്‍. ഇത്രയും വൈകിയതിലുള്ള പരിഭവം മാത്രം.

താങ്കളുടെ പേപ്പറുകള്‍ കോടതിയില്‍ ഫയല്‍ ചെയ്തത് ക്യാന്‍സല്‍ ചെയ്യാതെ, താങ്കളെ ഇവിടെ നിന്നും വിട്ടയക്കാന്‍ പറ്റുകയില്ല. അതിനാലാണ് ഇത്രയും വൈകിയത്. ക്ഷമിക്കുക.

പോകുവാന്‍ താങ്കള്‍ തയ്യാറാണോ?

തീര്‍ച്ചയായും സര്‍. പക്ഷെ, എനിക്ക് എന്റെ ബ്രദറിനെ ഒന്നു കണ്ടാല്‍ കൊള്ളാം എന്നുണ്ട്. അദ്ദേഹം ആഴ്ചയില്‍ രണ്ടു തവണ ഇവിടെ വരാറുള്ളതാണ്. പക്ഷെ കഴിഞ്ഞ രണ്ടു തവണയും ഇവിടെ വന്നില്ല. അദ്ദേഹത്തിനെന്തെങ്കിലും?

ഡോണ്ട് വറി മിസ്റ്റര്‍ കുറുമാന്‍. താങ്കളുടെ ബ്രദര്‍ പുറത്ത് കാത്തു നില്‍പ്പുണ്ട്. താങ്കള്‍ക്ക് പോകുന്നതിന്നു മുന്‍പ് അദ്ദേഹത്തെ കാണാം. മാത്രമല്ല, താങ്കളെ ദില്ലി എയര്‍പോര്‍ട്ടില്‍ ഇറക്കി പോലീസിനു ഹാന്റ് ഓവര്‍ ചെയ്യുന്നതുവരെ ഞങ്ങള്‍ ഒപ്പം ഉണ്ടായിരിക്കുകയും ചെയ്യും.

താങ്ക്യൂ സര്‍.

എങ്കില്‍ താങ്കള്‍ പെട്ടെന്ന് തന്നെ താങ്കളുടെ സാധനങ്ങള്‍ പായ്ക്ക് ചെയ്തു കൊള്ളൂ.

മിനിറ്റുകള്‍ക്കകം തന്നെ ഞാന്‍ എന്റെ സാധനങ്ങള്‍ എല്ലാം ബാഗില്‍ എടുത്തു വച്ചു. ജാക്കറ്റെടുത്ത് ധരിച്ചു. പോകാം സര്‍.

അവര്‍ക്ക് പിന്‍പെ നടന്ന് റിസപ്ഷനിലെത്തി. റജിസ്റ്ററില്‍ ഒപ്പു വച്ചു. പിന്നെ അവരുടെ കൂടെ പുറത്തേക്ക് നടന്നു.

പുറത്ത്, ആദി കുറുമാന്‍ എന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു. അവന്റെ കണ്ണുകള്‍ വിങ്ങിയും, ചുവന്നും കാണപെട്ടു. ഒരുപക്ഷെ കഴിഞ്ഞ ഒരാഴ്ചയായി വല്ല പനിയോ, മറ്റോ പിടിച്ചിരിക്കാം.

എന്താ ചേട്ടാ, നീ ഒരാഴ്ചയായി ഇങ്ങോട്ട് വന്നതേ ഇല്ലല്ലോ? സുഖമുണ്ടായിരുന്നില്ലേ?

ഉം. കുഴപ്പമില്ലായിരുന്നു. അന്തി, ഞാന്‍ നിന്നെ ഫിന്‍ലാന്റിലേക്ക് വിളിച്ചു വരുത്തിയതെന്റെ തെറ്റ്. ഒരു പക്ഷെ, നീ ഇങ്ങോട്ട് വന്നില്ലായിരുന്നുവെങ്കില്‍, നിന്റെ ജീവിതം തന്നെ മാറി മറിഞ്ഞേനെ?

ചേട്ടന്‍, എന്താ ഇങ്ങിനെ പറയുന്നത്? ഇപ്പോള്‍ എന്താ കുഴപ്പം? നിനക്കറിയുമോ, അവള്‍ കത്തില്‍ എന്താ എഴുതിയിരുന്നതെന്ന്? അവളുടേ കല്യാണം വീട്ടുകാര്‍ തിടുക്കപെട്ട് നടത്താന്‍ പോകുന്നുവത്രെ? ഞാന്‍ എത്രയും പെട്ടെന്ന് അവിടെ എത്തണമെന്ന്. എനിക്ക് നാട്ടില്‍ പോകുവാന്‍ സന്തോഷമേയുള്ളൂ.

ഡാ, ഞാന്‍ എന്താ കഴിഞ്ഞ ആഴ്ച ഇവിടെ വരാതിരുന്നതെന്നറിയാമോ?

ഇല്ല.

അവള്‍.............അവളുടെ.........

അവളുടെ? എന്താണെന്നു വച്ചാല്‍ ഒന്നു തെളിച്ചു പറയുന്നുണ്ടോ നീ?

അവളുടെ കല്യാണം കഴിഞ്ഞു. പെട്ടെന്നായിരുന്നു. നിങ്ങളുടെ ബന്ധം അറിഞ്ഞ അവളുടെ അച്ഛനും അമ്മയും ചേര്‍ന്ന്, അവളുടെ അമ്മയുടെ കൂട്ടുകാരിയുടെ മകനുമായി അവളുടെ കല്യാണം
കഴിഞ്ഞ ചൊവ്വാഴ്ച നടത്തി. സതി ചേച്ചിയാ വിളിച്ചു പറഞ്ഞത്. നീ വരുമെന്ന് കരുതി അവള്‍ അവസാന നിമിഷം വരെ കാത്തു നിന്നുവത്രെ.

പ്രേമിച്ച പെണ്ണ് മറ്റൊരുവനെ കല്യാണം കഴിച്ചു പോയി. യൂറോപ്പില്‍ ജീവിക്കുക എന്ന ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം കൈപിടിയിലൊതുങ്ങിയിട്ടും, തട്ടികളഞ്ഞു. അതു സ്വപ്നമായി തന്നെ തുടരുകയും ചെയ്യും!

ചിരിക്കണോ, അതോ, കരയണോ?

ഒന്നും മിണ്ടാതെ പോലീസ് വാനില്‍ ഞാന്‍ എന്റെ ബാഗ് കയറ്റി വച്ചു. ഒരു ജഡത്തെ പോലെ ആദികുറുമാന് കൈ നല്‍കി ഞാന്‍ വാനില്‍ കയറിയിരുന്നു.


വാന്‍ ഹെല്‍ സിങ്കി എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി കുതിച്ചു. ഹെല്‍ സിങ്കി എയര്‍പോര്‍ട്ടില്‍ നിന്നും ഫിന്നെയറില്‍ ആ രണ്ടു പോലിസുകാരുടെ അകമ്പടിയോടെ സ്വീഡനിലെ, സ്റ്റോക്ക് ഹോം എയര്‍പോര്‍ട്ടിലേക്ക്. അവിടെ നിന്നും സാസ് (സ്കാന്‍ഡിനേവിയന്‍) എയര്‍ലൈന്‍സില്‍ അവരോടൊപ്പം തന്നെ ദില്ലിയിലേക്ക്.

മനസ്സ് ശൂന്യമായിരുന്നതിനാല്‍ യാതൊന്നും തന്നെ ചിന്തിക്കാനുണ്ടായിരുന്നില്ല. യാത്രയില്‍ എന്റെ മുഖഭാവം കണ്ടിട്ടായിരിക്കണം, അവര്‍ എന്നോട് എന്താ സംഭവിച്ചതെന്തെന്ന് ചോദിച്ചു. നടന്നതെല്ലാം അതേപടി അവരോട് ഞാന്‍ വിവരിച്ചു. അവരുടെ പെര്‍മിഷനോടുകൂടി തന്നെ ഫ്ലൈറ്റില്‍ നിന്നും യഥേഷ്ടം ബിയറും, കോണ്യാക്കും വാങ്ങി മദ്യപിച്ചു. എത്രയടിച്ചിട്ടും ശരീരത്തില്‍ ഏല്‍ക്കുന്നുണ്ടായിരുന്നില്ലെങ്കിലും മനസ്സിന്നൊരു കുളിര്‍മ്മ തോന്നി എന്നു പറയാതിരിക്കുവാന്‍ വയ്യ.

ഫ്ലൈറ്റില്‍ അനൌണ്‍സ്മെന്റ് മുഴങ്ങി. അടുത്ത പത്ത് മിനിറ്റിനുള്ളില്‍, ഇന്ദിരാഗാന്ദി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഫ്ലൈറ്റ് ലാന്‍ഡ് ചെയ്യുമെന്ന്.

ഫ്ലൈറ്റിറങ്ങിയതും, എന്നെയും കൊണ്ടവര്‍ പുറത്തിറങ്ങി. അവരെ കാത്ത് ഫിന്‍ലാന്റ് എംബസിയിലെ ഒരു ഓഫീസര്‍ അകത്തു തന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു.

ഡ്യൂട്ടിയില്‍ നില്‍പ്പുണ്ടായിരുന്ന ഒരു പോലീസ് ഓഫിസറോട് എന്തോ പറഞ്ഞ് ഒരു പേപ്പറും കൈ മാറിയതിനു ശേഷം, എനിക്ക് കൈ നല്‍കി അവര്‍ കാത്തു നില്‍പ്പുണ്ടായിരുന്ന ഓഫീസറുടെ കൂടെ പോയി.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫീസര്‍ എന്നെ ഒരു മുറിയിലേക്ക് വിളിച്ച് വിസ്താരം തുടങ്ങി. എന്തെങ്കിലും തടയുമോ എന്നതു തന്നെ ലക്ഷ്യം. യാതൊന്നും തടയില്ല എന്നുറപ്പായപ്പോള്‍ (ഉണ്ടെങ്കിലല്ലെ തടയൂ), എന്നെ വിട്ടയച്ചു.

എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങി. പുറത്ത് സാമാന്യം നല്ല തണുപ്പുണ്ടായിരുന്നു.

വെയിറ്റ് ചെയ്യുന്ന ഒരു ടാക്സിയുടെ ഡിക്കിയില്‍ ബാഗ് വച്ച്, മുന്‍ സീറ്റില്‍ കയറി ഇരുന്ന് കൊണ്ട് ഞാന്‍ പറഞ്ഞു, സഫ്ദര്‍ജങ്ങ് എന്‍ക്ലേവ്.

ഡ്രവറായ, സര്‍ദാര്‍ജി ടാക്സി മുന്നോട്ടെടുത്തു. മിതമായ വേഗതയില്‍ ടാക്സി ഓടികൊണ്ടിരുന്നു.

വലതുവശത്തെ പാടങ്ങളില്‍ സ്വര്‍ണ്ണനിറത്തില്‍ വിളഞ്ഞു നില്‍ക്കുന്ന ചോളങ്ങള്‍, ഇടതു വശത്തെ പാടങ്ങളില്‍, മൊട്ടക്രൂസിന്റേയും, ക്യാബേജിന്റേയും കൃഷി. തണുത്ത കാറ്റ് ചില്ലിന്നിടയിലൂടെ മുഖത്തേക്കടിച്ചപ്പോള്‍ നല്ല സുഖം. കണ്ണുകള്‍ പൂട്ടി, സീറ്റിലേക്ക് ഞാന്‍ ചാരി കിടന്നു. മനസ്സ് വളരെ ശാന്തമായിരുന്നു.

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

issue tracker | agile | bug tracking software | help desk

posted by സ്വാര്‍ത്ഥന്‍ at 7:31 PM

0 Comments:

Post a Comment

<< Home