Thursday, January 11, 2007

::വാക്ക്‌ | VAKKU:: - പാട്ടിന്റെ വഴികള്‍

URL:http://manjithkaini.blogspot.com/2006/09/blog-post_18.htmlPublished: 9/19/2006 9:06 AM
 Author: മന്‍ജിത്‌ | Manjith
പാട്ട് എനിക്ക് പലരിലേക്കുമുള്ള താക്കോലായിരുന്നു; പലതിലേക്കുമുള്ള പടിയും. നാലാം ക്ലാസില്‍ പഠിക്കുന്ന എന്നെ “ആയിരം കണ്ണുമായ്...” എന്ന പാട്ട് പാടിപ്പഠിപ്പിച്ച് സ്കൂള്‍ വാര്‍ഷിക വേദിയിലേക്ക് പറഞ്ഞയക്കുമ്പോള്‍ എന്റെ അക്കന്റെ(മൂത്ത സഹോദരി) കണ്ണൂകളില്‍ വല്ലാത്തൊരാനന്ദം ഞാന്‍ കണ്ടിരുന്നു. മറ്റുള്ളവരിലേക്കെത്താന്‍ കുഞ്ഞനുജന് ഒരുപായം നല്‍കിയ സന്തോഷമായിരുന്നോ അത് ?അറിയില്ല. അന്ന് എനിക്കൊന്നിനേക്കുറിച്ചും വല്യ നിശ്ചയമില്ലായിരുന്നു.

താളത്തിനൊത്ത് മേനിമുഴുവന്‍ ആട്ടി പാട്ടുപാടിത്തീര്‍ത്തനേരം കൂട്ടുകാര്‍ ഒന്നടങ്കം കയ്യടിച്ചപ്പോഴും എനിക്കൊന്നും മനസിലായില്ല. പക്ഷേ, സദാ ഗൌരവക്കാരിയായ(അതെ, അവര്‍ ചിരിച്ചു ഞാന്‍ കണ്ടിട്ടേയില്ല) കുഞ്ഞൂഞ്ഞമ്മടീച്ചര്‍ വാത്സ്യല്യത്തോടെ ആശ്ലേഷിച്ചപ്പോള്‍ എനിക്കു തോന്നി, ഏതൊക്കെയോ വാതിലുകള്‍ തുറക്കപ്പെടുന്നുണ്ട്.

അരിപൊടിക്കാനുള്ള മില്ലിലേക്കു പോകണമെങ്കില്‍ കുഞ്ഞൂഞ്ഞമ്മ ടീച്ചറുടെ പൂമുഖം കടക്കണമായിരുന്നു. സ്ക്കൂള്‍ മാറി വല്യക്ലാസുകളുടെ കനംവന്നകാലത്തും ആ ഗൌരവക്കാരി ടീച്ചറെ പലപ്പോഴും കാണേണ്ടിവന്നു. എന്റെ നിഴല്‍ റോഡില്‍ കാണുമ്പോ വാതില്‍ത്തുറന്ന് ഇറങ്ങിവന്ന് പലപ്പോഴും അവരാ ചോദ്യം ആവര്‍ത്തിച്ചിരുന്നു.
“നീ ഇപ്പോഴും പാട്ടുപഠിക്കുന്നുണ്ടോ?”
ഇല്ല; അപ്പോഴെന്നല്ല, ഒരിക്കലും ഞാന്‍ പാട്ടു പഠിച്ചിട്ടില്ല.

എന്നോടൊപ്പം എന്റെ പാട്ടും വളരുന്നുണ്ടായിരുന്നിരിക്കാം. ആഴ്ചയിലൊരിക്കല്‍, ബുധനാഴ്ച അവസാനത്തെ പീരിയഡ് പാട്ടു പഠിക്കാനുള്ളതായിരുന്നു. ഞങ്ങളില്‍ച്ചിലരെ പാട്ടു പാടിക്കാന്‍ ഏല്പിച്ചിട്ട് സംഗീത ടീച്ചര്‍ തൊട്ടപ്പുറത്തെ ഡ്രോയിംഗ് മാഷുമായി എന്തൊക്കെയോ പറഞ്ഞിരുന്നിരുന്നനേരവും ഞാന്‍ പാടി; മനസു നിറഞ്ഞ്. സംഗീത ടീച്ചറിന്റെ മനസുതുറക്കാനുള്ള താക്കോല്‍ മാത്രം എന്റെ പാട്ടുകളിലില്ലായിരുന്നു.

പാട്ടിനൊപ്പം ഞാനും വളരുന്നുണ്ടായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്തെ ഒരു പ്രഭാതം. ഗ്രാമവാസി ബേബിച്ചന്‍ വീട്ടിലേക്കു വരുന്നു. അത്തവണത്തെ പള്ളിപ്പെരുന്നാള്‍ ഏറ്റുകഴിക്കുന്നതു കക്ഷിയാ. എന്തെങ്കിലും പണിയേല്‍പ്പിക്കാന്‍ വരുന്നതായിരിക്കും. ഞാന്‍ വിചാരിച്ചു. അതെ ബേബിച്ചന്‍ പണിയേല്പിച്ചു. അങ്ങോര്‍ക്കഴിക്കുന്ന പെരുന്നാള്‍ കുര്‍ബാനയ്ക്ക് ഞാന്‍ പാടണം. പള്ളിയിലെ പലപണികളും അറിയാമായിരുന്നെങ്കിലും വല്യവര്‍ക്കായി മാറ്റിവച്ച ഈ പണി എന്നിക്കു തന്നതിന്റെ പൊരുള്‍ പിടികിട്ടിയിരുന്നില്ല. എങ്കിലും ഞാന്‍ പാടി. അങ്ങനെ പള്ളിപ്പാട്ടുകാരനുമായി. പാട്ടും കുര്‍ബാനയുമൊക്കെ കഴിഞ്ഞ് വീട്ടിലേക്കു പോകാന്‍‌ തുടങ്ങവേ ബേബിച്ചന്‍ വീണ്ടുമെത്തി. ഒരു വെള്ളക്കവര്‍ എന്റെ പോക്കലിട്ടു. എല്ലാവരും പോയശേഷം ഞാനാ കവര്‍ തുറന്നു നോക്കി. അഞ്ച് പുത്തന്‍ പത്തു രൂപാ നോട്ടുകള്‍ !! എന്റെ ആദ്യ പ്രതിഫലം.

പിന്നീട് വളര്‍ന്ന് അഞ്ചക്ക ശമ്പളം വരെ വാങ്ങിയെങ്കിലും ആ അമ്പതു രൂപാ തരുന്ന ഓര്‍മ്മകളുടെ മധുരം ഞാ‍നെങ്ങനെ മറക്കും?. പാട്ട് ഒരു വരുമാനമാര്‍ഗ്ഗവുമാണെന്ന് ആ പെരുന്നാള്‍ ദിനത്തില്‍ ബേബിച്ചനാണെനിക്കു പറഞ്ഞുതന്നത്. കോളജു പഠനകാലത്ത് പുസ്തകങ്ങള്‍ വാങ്ങിവായിക്കാന്‍ ഒരെളുപ്പവഴിയായിരുന്നു പാട്ടിന്റെ പ്രതിഫലം. ബേബിച്ചനു നന്ദി.

പാട്ടിനൊപ്പം ഞാന്‍ ക്ലാസുകളും ചവിട്ടിക്കയറി. എന്റെ സ്വരം ഒരു താക്കോലാണെന്ന് ഏറെക്കുറെ എനിക്കു ബോധ്യമായിരുന്നു. പത്താം തരം ട്യൂഷന്‍ ക്ലാസില്‍ മഴ പെയ്ത് ഇരുള്‍നിറയുമ്പോള്‍ നേരം കളയാനായി സോമന്‍ സാര്‍ എന്നെ വിളിക്കും. “ഒരു പാട്ടു പാടെടാ.” മഴയുടെ താളത്തിനൊപ്പം “ആയിരം പാദസരവും“ പാടി ഒരിക്കല്‍ ട്യൂഷന്‍ ക്ലാസില്‍നിന്നിറങ്ങുമ്പോള്‍ സോണിയ കുടചൂടി എന്റെ അരികില്‍ വന്നു പറഞ്ഞു. “പാട്ടെനിക്കിഷ്ടമായി കേട്ടോ“. കൂട്ടുകാര്‍ പലരും ലൈനടിക്കാന്‍ തിരഞ്ഞുവച്ച സുന്ദരിയായിരുന്നു സോണിയ. പ്രത്യേകിച്ചും എന്റെ കൂട്ടുകാരന്‍ അനിലിന്റെ സ്വപ്നങ്ങളിലെ കൊച്ചുകാമുകി. ആ മഴപ്പാട്ടിനുശേഷം അനില്‍ അധികമെന്നോടു മിണ്ടിയിട്ടില്ല. പാട്ട് ഒരു വാതില്‍ വെറുതെ തുറന്നതും മറ്റൊരെണ്ണം ഊക്കോടെ അടച്ചതും അന്നു ഞാന്‍ അറിഞ്ഞിരുന്നു.

കോളജുകാലത്ത് പാട്ടായിരുന്നു ഏക ആശ്വാസം. എനിക്കും കൂട്ടുകാര്‍ക്കും. അഞ്ചുപേര്‍ മാത്രമുള്ളതിനാല്‍ മിക്കപ്പോഴും ഇംഗ്ലീഷുക്ലാസു ഫ്രീ. പാട്ടുപാടി സോറപറഞ്ഞങ്ങനെ ഞങ്ങള്‍ ഷേക്സ്പിയറെയും കീറ്റ്സിനെയുമൊക്കെ കൊട്ടയില്‍ത്തള്ളി. അങ്ങനെയൊരിക്കല്‍ നട്ടുച്ചനേരത്തെ ശാന്തതയില്‍ ഞങ്ങളിരിക്കുമ്പോള്‍ തൊട്ടപ്പുറത്തുള്ള പി.ജി. ക്ലാസിലെ പെണ്‍കുട്ടികളിലാരോ “ഉയിരേ..ഉയിരേ..’’ പാടുന്നു. പുരുഷസ്വരം പൂരിപ്പിക്കേണ്ട ഭാഗമൊക്കെ ഞാന്‍ വെറുതെ ഇപ്പുറത്തിരുന്നു പാടി. ആരുമതു ശ്രദ്ധിക്കുമെന്നു കരുതിയില്ല. ഭിത്തികള്‍ മറയാക്കി ആ യുഗ്മഗാനം പൂര്‍ത്തിയായപ്പോള്‍, അതാ വരുന്നു മെലിഞ്ഞ് ഗോതമ്പിന്റെ നിറമുള്ള രശ്മി ഞങ്ങളുടെ ക്ലാസിലേക്ക്. സ്വപ്ന ദേവത മുന്നില്‍ വന്നകണക്കേ കൂട്ടുകാരൊക്കെ എഴുന്നേറ്റു നില്‍ക്കുമ്പോള്‍ അവള്‍ ഓടിവന്നെനിക്ക് കൈകള്‍ തന്നു. മെല്ലെയൊന്നു ചിരിച്ച് അവള്‍ പോയതും കൂട്ടുകാരന്‍ സിയാദ് എന്റെ കൈകളില്‍ മുത്തമിട്ടു. ഒരു വാതില്‍ക്കൂടി തുറന്നു എന്നല്ലാതെ എനിക്കൊന്നും തോന്നിയിരുന്നില്ല. പ്രേമത്തിന്റെ സാധ്യതകള്‍ അന്നെനിക്കന്ന്യവുമായിരുന്നു.

കൂട്ടുകാര്‍ക്കിടയില്‍ എന്റെ പാട്ടിനെ ഒതുക്കാനായിരുന്നു ഇഷ്ടം. പക്ഷേ അവരെന്നെ കോളജ് ഗാനമേള വേദിയിലേക്കു തള്ളിവിട്ടു. അവിടെ ഗായകരുടെ ബഹളം. ഒടുവില്‍ ആസ്ഥാന ഗായകര്‍ എനിക്കൊരു പാട്ടു തന്നു. ഗാനമേളയല്ലേ, ഈശ്വര ചിന്തയോടെ തുടങ്ങണമല്ലോ. അങ്ങനെ എസ് ബി കോളജിലെ കാവുകാട്ടുഹാളില്‍ ഞാന്‍ സ്വര്‍ഗ്ഗസ്ഥനാം പിതാവേ പാടി. നാലാം ക്ലാസില്‍ ആടിയാടിപ്പാടിയ ഞാന്‍ ഏറെ വളര്‍ന്നതായി അന്നെനിക്കു തോന്നി. ആ പാട്ട് കുറെയേറെ വാതിലുകള്‍ തുറന്നു. അതിലേറെ സൌഹൃദങ്ങളും.

കോളജ് ജീവിതം ഇന്റര്‍കോളജീയമായ കാലം. പല സംഘടനകളുടെ പേരില്‍ നാട്ടിലുള്ള കോളജുകളിലൊക്കെ കയറി ഇറങ്ങലായിരുന്നു പ്രധാന വിനോദം. കുറവിലങ്ങാട് ദേവമാതാ കോളജില്‍ നടന്ന അത്തരമൊരു ക്യാമ്പ്. ഇടയ്ക്കെപ്പോഴോ ചിലരെന്നെ ഒരു പാട്ടു പാടാന്‍ നിര്‍ബന്ധിച്ചു. വേദിയില്‍ നിന്ന് ആമ്പല്‍ പൂവേ..പാടുന്നതിനിടയില്‍ ജീവിതത്തിലാദ്യമായി ഒരു പെണ്‍കുട്ടിയുടെ കണ്ണുകളിലേക്ക് ഞാന്‍ കൌതുകത്തോടെ നോക്കി(ഇല്ല, ആ കൌതുകത്തില്‍ പ്രേമമില്ലായിരുന്നു). ആമ്പല്‍ പൂവും കുറെയേറെ വാതിലുകള്‍ തുറന്നു; കുറെയേറെപ്പേര്‍ അഭിനന്ദനവും നല്ല വാക്കുകളുമായി ചുറ്റും കൂടിയപ്പോഴും ആ പെണ്‍കുട്ടി മാറി നിന്നത് ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല. പാട്ടുകള്‍ക്കു തുറക്കാനാവാത്ത വാതിലുകളുമുണ്ടെന്ന് അന്നു ഞാന്‍ മനസില്‍ കുറിച്ചിട്ടു. ആ പെണ്‍കുട്ടി പിന്നിടു പക്ഷേ, എന്റെ സുഹൃത്തും വഴികാട്ടിയും പ്രണയിനിയും ജീവിത സഖിയുമൊക്കെയായി എന്നതു വേറേ കാര്യം.

ജേണലിസം പഠനകാലത്താണ് പാട്ടിന്റെ ശരിയായ നേര് ഞാന്‍ തിരിച്ചറിഞ്ഞത്. പാട്ടിന്റെ പര്യായം പേരിലാക്കിയ ഒരുവളെച്ചൊല്ലി അകാരണമായ ചില സങ്കടങ്ങള്‍ ആനാളുകളില്‍ എന്നെ പിന്തുടര്‍ന്നു. മറ്റുള്ളവരുടെ പാട്ടുകേള്‍ക്കുന്നതിലെ സുഖം അക്കാലത്ത് ഞാനറിഞ്ഞു. ഉള്ളിന്റെ ഉള്ളില്‍ വേദനകള്‍ നിറഞ്ഞ നേരത്ത് ‘’പാടാനോര്‍ത്തൊരു മധുരിത ഗാനം പാടി ഷഫീക്കും ഹിമശൈല സൈകതം പാടി രേഖയും(കഥാകൃത്ത് കെ.രേഖ) അങ്ങനെ മറ്റു പലരും, എന്റെ സംഗീതത്തെ എന്നിലേക്കുതന്നെ തിരിച്ചൊഴുക്കുകയായിരുന്നു.

പാട്ട് അങ്ങനെ എന്റെ ഉള്ളിന്റെ ഉള്ളു തുറക്കാനുള്ള താക്കോല്‍ മാത്രമായി. ഏകാന്തമായ ജീവിത നിമിഷങ്ങളില്‍ എന്നിലെ എന്നെയുണര്‍ത്തുന്ന ആ സംഗീതം മറ്റൊരു വാതിലും തുറക്കാന്‍ ശ്രമിച്ചിട്ടില്ല. മറ്റുള്ളവര്‍ക്കുവേണ്ടി പാടുന്നതു ഞാന്‍ നിര്‍ത്തി.

ഇന്നിപ്പോ, ഉള്ളിലേക്കൊന്നിറങ്ങാന്‍ ഇലക്ട്രോണിക് ഓര്‍ഗന്റെ കീകളില്‍ വിരലമര്‍ത്തി മെല്ലെപ്പാടുമ്പോള്‍ ഞാന്‍ കാണുന്നുണ്ട്; എന്റെ കുഞ്ഞുമോള്‍ ആ പാട്ടിനൊപ്പം താളം ചവിട്ടുന്നത്. എന്റെ ഉള്ളുരുക്കങ്ങളുടെ സംഗീതം അവളറിയുന്നുവോ?
അതെ, പാട്ടെനിക്കിപ്പോള്‍ താക്കോലല്ല; യാത്രയാണ്. എന്റെ പൊന്നോമന മകള്‍ക്കൊപ്പം ഒരു തീര്‍ത്ഥയാത്ര.

വിഭാഗം: ഓര്‍മ്മകള്‍

posted by സ്വാര്‍ത്ഥന്‍ at 12:05 PM

0 Comments:

Post a Comment

<< Home