Thursday, January 11, 2007

Suryagayatri സൂര്യഗായത്രി - അഹങ്കാരത്തിന്റെ ബലൂണുകള്‍

"ഞാന്‍ ഒരു ആനയുടെ ചെവിയില്‍ക്കയറി ഓടി നടന്നാല്‍ വലിയ ആന ഗതികെടും.” ഉറുമ്പ് അഹങ്കാരത്തോടെ പറഞ്ഞു.

‘ആനയുടെ കാലടിയില്‍ ആണെങ്കിലോ?’

“അത് പിന്നെ...” ഉറുമ്പിന് ഉത്തരം മുട്ടി.

“ഞാന്‍ ഒരു മനുഷ്യനെ തുമ്പിക്കൈ കൊണ്ട് വളച്ചുപിടിച്ചാല്‍ അയാള്‍ അവശനിലയില്‍ ആവും.” ആന അഹങ്കാരത്തോടെ പറഞ്ഞു.

‘മനുഷ്യന്‍ ഒരു മയക്കുവെടി വെച്ചാലോ?’

“അത് പിന്നെ...” ആനയ്ക്ക് ഉത്തരം മുട്ടി.

"ഞാന്‍ എന്റെ ഇഷ്ടത്തിന് കുതിച്ചുപാഞ്ഞാല്‍, പുറത്തിരിക്കുന്ന ആരും തെറിച്ചുവീഴും.” കുതിര അഹങ്കാരത്തോടെ പറഞ്ഞു.

‘മൂക്ക് കയറിട്ട് വലിച്ചു പിടിച്ചാലോ?’

“അത് പിന്നെ...” കുതിരയ്ക്ക് ഉത്തരം മുട്ടി.

“ഞാന്‍ ഒന്ന് ഗര്‍ജ്ജിച്ചാല്‍ ജീവനുള്ളതൊക്കെ പേടിച്ചോടും.” സിംഹം അഹങ്കാരത്തോടെ പറഞ്ഞു.

‘ജീവനില്ലാത്ത വലയില്‍ കുടുങ്ങിയാലോ?’

‘അത് പിന്നെ...” സിംഹത്തിന് ഉത്തരം മുട്ടി.

“വെള്ളത്തിലിറങ്ങുന്ന‍ എല്ലാത്തിനേം കടിച്ച് വലിക്കാന്‍ എനിക്കാവും.” മുതല അഹങ്കാരത്തോടെ പറഞ്ഞു.

‘കമ്പിയഴിക്കൂടിനു കീഴെ, പ്രദര്‍ശനവസ്തുവായി കിടക്കേണ്ടി വന്നാലോ?’

“അത് പിന്നെ...” മുതലയ്ക്ക് ഉത്തരം മുട്ടി.

“ഒക്കെ കരണ്ട് നശിപ്പിക്കാന്‍ എനിക്ക് പറ്റും.” എലി അഹങ്കാരത്തോടെ പറഞ്ഞു.

‘എലിപ്പെട്ടിയ്ക്കുള്ളിലെ തേങ്ങയും കരണ്ട് ഇരിക്കേണ്ടി വന്നാലോ?’

“അത് പിന്നെ...” എലിയ്ക്ക് ഉത്തരം മുട്ടി.

“എനിക്കെന്തും സാധിക്കും. ബുദ്ധി കൊണ്ടും, ശക്തി കൊണ്ടും, തന്ത്രം കൊണ്ടും, കുതന്ത്രം കൊണ്ടും, ഞാന്‍‍ എവിടേം ജയിച്ച് നില്‍ക്കും.” അഹങ്കാരിയായ മനുഷ്യന്‍ പറഞ്ഞു.

‘അങ്ങനെയാണെങ്കില്‍, ഒരു വട്ടമെങ്കിലും, കാലന്‍ വന്ന് കൊണ്ടുപോകുന്നതിന് പകരം കാലനെ കൊന്ന് കൊണ്ടുപോകൂ.’

“അത് പിന്നെ...” മനുഷ്യന് ഉത്തരം മുട്ടി.

ശൂ...ശൂ...ശൂ... ഠോ...ഠോ...ഠോ...

ഇത്രയ്ക്കേ ഉള്ളൂ, അഹങ്കാരത്തിന്റെ ബലൂണുകള്‍ക്ക് ആയുസ്സ്.

posted by സ്വാര്‍ത്ഥന്‍ at 2:25 AM

0 Comments:

Post a Comment

<< Home