Sakshi (സാക്ഷി) - കുഴല്‍ക്കാഴ്ചകള്‍
URL:http://sakshionline.blogspot.c...g-post_114508120536310034.html | Published: 4/15/2006 10:44 AM |
Author: സാക്ഷി |
“ഉണ്ണീ എണീക്കൂ. കണി കാണണ്ടേ.
എത്ര്യായി വിളിക്കണൂ. എന്തൊരു ഉറക്കായിത്.”
എല്ലാ വിഷുവിനും വെളുപ്പിന് അമ്മുമ്മ വന്ന് വിളിക്കുമ്പോള്‍ നല്ല രസോള്ള സ്വപ്നാവും കാണണ്ടാവാ.
പിന്നെ ഏത്രയങ്കട് ശ്രമിച്ചാലും അതെന്താന്ന് ഓര്‍മ്മ വരില്യാ.
കണ്ണിറുക്കിയടച്ച് പിടഞ്ഞെഴുന്നേറ്റു.
“വലത്തോട്ടു തിരിഞ്ഞെണീക്കു ഉണ്ണീ”
ഭഗവാനേ നല്ലതു വരുത്തണേ. നല്ല ബുദ്ധി തോന്നിക്കണേ.
നന്നായിട്ട് പഠിയ്ക്കാന്‍ തോന്നിക്കണേ. വലത്തോട്ട് തിരിഞ്ഞ് എഴുന്നേറ്റു.
അറിയാതെ അമ്മുമ്മേടെ വെള്ളമുണ്ടിന്‍റെ തല കണ്ണില്‍ പെട്ടുപോയോ. കണ്ണ് ഒന്നുകൂടിയിറുക്കിപ്പിടിച്ചു. മുഖത്ത് തണുത്ത വിരലുകളുടെ സ്പര്‍ശം.
‘മുന്നില്‍ പടിയിണ്ട്ട്ടോ ഉണ്ണീ. കാല്‍ പൊക്കി വച്ച് നടന്നോളൂ.‘
മൂന്ന് പ്രാവശ്യം കാല്‍ പൊന്തിച്ചുവെച്ച് അവസാനം കൃത്യായിട്ട് പടിയില്‍ തന്നെ കാലിടിച്ചു.
“ശ്..“ പെരുവിരല്‍ ശരിക്കും നൊന്തു.
“ഞാന്‍ പറഞ്ഞില്ലേയുണ്ണീ കാലു നോക്കിവെയ്ക്കാന്‍“
ഉണ്ണിയ്ക്ക് കരച്ചിലു വരുന്നുണ്ടായിരുന്നു. അമ്മുമ്മ പറഞ്ഞതുമുതല്‍ കാല്‍ പൊന്തിച്ചുവെച്ചാ നടന്നത്.
ന്നട്ട് കാലും നൊന്തു പിന്നേ ദേ ചീത്തേം.
“ചമ്രം മടിഞ്ഞ്ഞിരുക്കൂ ഉണ്ണീ“
“ഇനി കണ്ണു തുറന്നോളൂ“
കണ്ണു തുറന്നു.
മുന്നില്‍ ഇരുട്ടുമാത്രം.
കണിയില്ല, കണ്ണനില്ല, കൈനീട്ടവുമായി അച്ഛനില്ല,
അമ്മയുടെ ഉറക്കം വിടാത്ത കണ്ണുകളില്ല.
അമ്മുമ്മയുടെ സ്നേഹത്തിന്‍റെ തണവില്ല.
ഇരുട്ടുമാത്രം.
എ.സി.യിടെ നേര്‍ത്ത ഇരമ്പം.
ദൂരെ നിന്ന് അടുത്തടുത്ത് വരുന്ന പോലീസ് വണ്ടിയുടെ സൈറണ്‍.
എഴുന്നേറ്റ് തപ്പിത്തടഞ്ഞ് ബാല്‍ക്കണിയുടെയടുത്തെത്തി.
ചിലപ്പോഴിങ്ങനെയാണ് എത്ര ശ്രമിച്ചാലും ഈ ഗ്ലാസ് ഡോര്‍ അനങ്ങില്ല. ശക്തി മുഴുവന്‍ എടുത്തു വലിച്ചു. അകത്തേക്കു തള്ളിക്കയറാന്‍ കൊതിച്ച പതിവു കാഴ്ചകള്‍ ഗ്ലാസ്സില്‍ വന്നിടിച്ച് ചിതറിവീണു.
തിരിച്ച് വന്ന് കണ്ണടച്ചു കിടന്നു. രാത്രിയിലുണര്‍ന്നുപോയാല്‍ ഉറക്കം പിന്നെ പെരുവിരല്‍കൊണ്ട് ചിത്രമെഴുതി മറഞ്ഞുനില്ക്കും, വളകിലുക്കികൊതിപ്പിക്കും. ഇപ്പോഴിതൊരു പതിവായിട്ടുണ്ട്.
വീണ്ടും ഒന്നു മയങ്ങിത്തുടങ്ങിയപ്പോഴാണ് നൂറ വിളിച്ചത്. മൊബൈലിന്‍റെ ഹൃദയമിടിപ്പില്‍ വിരല്തൊട്ടുകിടന്നു. വിരല്‍ സ്പര്‍ശമേറ്റപ്പോള്‍ ബൊബൈലിന്‍റെ ബട്ടണ്‍ ഉണര്‍ന്ന് കല്ലിച്ചപോലെ. മിന്നിത്തെളിയുന്ന വെളിച്ചത്തില്‍ അക്ഷരങ്ങള്‍ ഒളിച്ചുകളിച്ചു. പേരറിയാത്ത കിളിയുടെ ചിലമ്പിച്ച ശബ്ദത്തില്‍ അവ കരഞ്ഞു. കരഞ്ഞ് കരഞ്ഞ് ഇരുട്ടിന്‍റ മൂലയില്‍ പട്ടിണികിടന്നുറങ്ങി.
നൂറയുടെ സ്ഫടികക്കണ്ണുകള്‍ ഇപ്പോള്‍ അലിയാന്‍ തുടങ്ങിയിരിക്കും.
ആ കണ്ണുകള്‍ കാണുമ്പോള്‍ അമ്മുമ്മ കാണാതെ കട്ടു തിന്നുന്ന കല്ക്കണ്ടത്തുണ്ടുകളോര്‍മ്മ വരും. നിരയിട്ടെത്തുന്ന ചോണനുറുമ്പുകള്‍ കല്ക്കണ്ട കണ്ണുകള്‍ പൊതിയുന്നത് വെറുതെ ഓര്‍ത്തു. അടുത്തുണ്ടായിരുന്നെങ്കില്‍ നൂറയുടെ നീണ്ട മൂക്കില്‍ ചുംബിക്കാമായിരുന്നു. അവസാനതുള്ളിയും വാറ്റിക്കുടിച്ചുകഴിയുമ്പോള്‍ അവളുടെ മൂക്കിന്‍ തുമ്പില്‍ നിന്നും ഇറ്റു വീഴുന്ന മധുരം ഒപ്പിയെടുക്കാന്‍ മാത്രം എല്ലാ വെള്ളിയാഴ്ചകളിലും പായസം കരുതുമായിരുന്നു. ഇറുകിക്കിടക്കുന്ന കറുപ്പും വെളുപ്പും കലര്‍ന്ന നീളന്‍ കുപ്പായങ്ങളില്‍ നിന്ന് പുറത്ത് വന്ന് കിടക്കയില്‍ മലര്‍ന്ന് കിടന്ന് നൂറ നെടുവീര്‍പ്പിടും. മക്കനക്കുള്ളില്‍ മാനംകാട്ടാതെ വെച്ചിരുന്ന കറുത്തുനീണ്ട തലമുടി മാനം മറന്ന് വെളുത്ത കിടക്ക വിരിയില്‍ സ്വതന്ത്രയായി മേയും.
മൂക്കിന്‍തുമ്പിലെ ഉപ്പ് നാവറിയും.
പക്ഷെ ചെമ്പരത്തിപ്പൂവിട്ടു കാച്ചിയ വെളിച്ചെണ്ണയുടെ മണമില്ലാതെ,
കറുത്തൊരു മറുകിന്‍റെ ഉണര്‍ത്തുന്ന ഓര്‍മ്മകളില്ലാതെ ഒരിക്കലും അവളോടൊത്തുറങ്ങാന്‍ കഴിഞ്ഞില്ല.
അവളുടെ കഴുത്തിനടിയില്‍ പേന കൊണ്ട് മറുകുവരച്ച് ഓര്‍മ്മകളെ ആവാഹിച്ചു. മറുകിന്‍റെ കറുപ്പു തെളിയാത്ത രാത്രികളില്‍ യാഗശാല മഴകാത്തുകിടന്നു.
യാത്രപറഞ്ഞിറങ്ങുമ്പോള്‍ അവള്‍ പറയും
"ഇത്തവണയും നീ പേരു പറഞ്ഞ് വിളിച്ചത് എന്നെയല്ല..
എന്നാണ് നീ നിന്‍റെ മനസ്സുമായി എന്‍റെകൂടെയുറങ്ങുക.”
കല്ക്കണ്ടമലിയാന്‍ തുടങ്ങും.
ഇന്ന് ഈ വഴിയമ്പലത്തിലെ അവസാന രാത്രിയാണ്.
വെളിച്ചത്തില്‍ നിന്ന് കൂടുതല്‍ വെളിച്ചത്തിലേക്കസ്തമിക്കുന്ന നഗരം ഇവിടെയുപേക്ഷിക്കുന്നു.
കല്ലാറുകുന്നില്‍ ഉദിച്ച് മൂവാണ്ടന്മാവിന്‍റെ തുഞ്ചലായത്ത് അസ്തമിക്കുന്ന പകലുകളിലേക്ക് തിരിച്ചുപോകുന്നു. തൈരുകൂട്ടിക്കുഴച്ച പാപ്പച്ചോറുമായി അമ്പിളിയമ്മാവനെ കാട്ടി സ്നേഹം വിറയാര്‍ന്ന ശബ്ദത്തില്‍ വിളിക്കുന്നത് ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം. ചോറുരുളയില്‍ ഉപ്പേറുന്നതിനുമുമ്പെത്തണം. വയറുനിറച്ചുണ്ണണം, മടിയില്‍ തലവെച്ച് കഥകേട്ടുറങ്ങണം, സ്നേഹത്തിന്‍റെ നനവുതട്ടിയുണരണം. പാപബന്ധങ്ങളുടെ ഉറയുരിഞ്ഞ്, തിരിഞ്ഞുനോക്കാതെ, പിന്‍വിളിക്ക് കാതുകൊടുക്കാതെ..
എന്നിട്ടും രാവിലെ ഒരിക്കല്‍കൂടി നൂറയെ കാണേണ്ടി വന്നു.
അവളുറങ്ങുകയായിരുന്നു, കല്‍ക്കണ്ട കണ്ണുകള്‍ തുറന്നുവെച്ച്.
എവിടെനിന്നാണ് ഈ അറബിനാട്ടില്‍ ഇത്രയും ഉറുമ്പുകള്‍!
തിരിച്ചു നടന്നപ്പോള്‍ കാണാപ്പടിയില്‍ കാല്‍തട്ടി.
പെരുവിരല്‍ നൊന്തു.
മനസ്സിലിരുന്ന് അമ്മുമ്മ പറഞ്ഞു.
"നോക്കി നടക്കണംന്ന് ഞാന്‍ പറഞ്ഞില്ലേയുണ്ണീ.
ഓരോ ചുവടുകള്‍ക്കു മുന്നിലുംണ്ട് പടികള്‍"
ഉണ്ണിയ്ക്ക് കരച്ചിലു വരുന്നുണ്ടായിരുന്നു.
0 Comments:
Post a Comment
<< Home