Sunday, December 31, 2006

കൊടകര പുരാണം - സേവ്യറേട്ടന്റെ വാള്‍

URL:http://kodakarapuranams.blogsp....com/2006/12/blog-post_30.htmlPublished: 12/31/2006 2:30 AM
 Author: വിശാല മനസ്കന്‍
കാക്കമുട്ട സേവ്യറേട്ടന്‍ ഒരു സ്ഥിരം മദ്യപാനിയല്ല.

കൊല്ലത്തില്‍ അഞ്ചോ ആറോ തവണ. അതും കാശ്‌ ചിലവില്ലാതെ കിട്ടിയാല്‍ മാത്രം. അങ്ങിനെ കിട്ടുമ്പോള്‍; ഇന്നത്‌, ഇത്ര, ഇന്ന സമയത്ത്‌ എന്നൊന്നുമില്ല. കൊമ്പില്‍ കളറടിച്ച പൊള്ളാച്ചി മാടുകള്‍ തോട്ടീന്ന് വെള്ളം കുടിക്കണ പോലെയൊരു കുടിയാണ്‌.

കാക്കമുട്ട എന്ന നെയിം ആളുടെ ഫാമിലിക്ക്‌ സര്‍‍നെയിമായി സമ്പാദിച്ചുകൊണ്ടുവന്നത്‌ അപ്പന്‍ ഔസേപ്പേട്ടനായിട്ടായിരുന്നു. അദ്ദേഹത്തിന്റെ തലയുടെ ആ ഓവല്‍ ഷേയ്പും വലിപ്പക്കുറവും കണ്ട്‌ ആരോ ഇട്ട പേര്‍!

പക്ഷെ, സേവ്യറേട്ടന്റെ തലയായപ്പോഴേക്കും ഷേയ്പ്പില്‍ കാര്യമായ വലിപ്പ വ്യത്യാസമൊക്കെ വന്ന് അത് ഏറെക്കുറെ റഗ്ബി കളിയുടെ പന്തിന്റെ പോലെയായെങ്കിലും, കാക്കമുട്ട എന്ന പേരിന്‌ മാറ്റം വന്നില്ല.

മരം വെട്ട്‌ പ്രധാന ജീവിതോപാധിയായി നടന്ന കാക്കമുട്ട ഫാമിലിയിലെ ആണുങ്ങളെല്ലാം വെള്ളമടിക്കാത്ത സമയങ്ങളില്‍ തികഞ്ഞ മര്യാദക്കാരും, അച്ചന്‍ പറയുന്നതൊന്നും ശ്രദ്ധിക്കാറില്ലെങ്കില്‍ തന്നെയും എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ പള്ളിയില്‍ പോകുന്നവരും, തന്നെപോലെ തന്റെ ത്രിതല പഞ്ചായത്തിലുള്ളവരെയും സ്നേഹിക്കണമെന്ന് വിശ്വസിക്കുന്നവരുമായിരുന്നു.

സേവ്യറേട്ടന്‍ സാധാരണഗതിയില്‍ മദ്യപനായി കാണപ്പെടുന്ന അവസരങ്ങള്‍, അമ്പുപെരുന്നാളുകള്‍‍, ഷഷ്ഠി, ഈസ്റ്റര്‍, കൃസ്തുമസ്സ്‌ എന്നിവയും ബന്ധുക്കളുടെ കല്യാണം, മരണം പിന്നെ പിള്ളാരുടെ കുര്‍ബാന കൈക്കൊള്ളപ്പാട്‌ എന്നീ സെറ്റപ്പുകളിലൊക്കെയാകുന്നു.

അന്ന് മണ്ണുത്തി അമ്പായിരുന്നു. അവിടെയടുത്തേക്കാണല്ലോ സേവ്യറേട്ടന്റെ രണ്ടാമത്തെ പെങ്ങളെ കെട്ടിച്ചുവിട്ടേക്കുന്നത്‌!

അമ്പിന്റന്ന് കാലത്തേ തന്നെ പശൂനെ ഒന്ന് തൊഴുത്തിന്നിറക്കികെട്ടി, കുടിയും കൊടുത്ത്‌ ഒന്ന് കുളിപ്പിച്ച് വയ്ക്കോലും ഇട്ടുകൊടുത്ത്‌ ലാലി ചേച്ചീനെയും ജൂനിയന്‍ കാക്കമുട്ടകളേയും കൊണ്ട്‌ സേവ്യറേട്ടന്‍ മണ്ണൂത്തിക്ക്‌ പോയി.

അവിടെപോയി സ്വന്തം പെങ്ങളുണ്ടാക്കിയ അമ്പ്‌ പലഹാരങ്ങളായ വട്ടേപ്പോം അച്ചപ്പോമൊക്കെ തിന്ന് അളിയനും അളിയനുമായി ഒരു ഫുള്ള്‌ പൊട്ടിച്ച്‌ പോര്‍ക്കിറച്ചിയില്‍ കൂര്‍ക്കയിട്ട്‌ വേവിച്ചതും സ്രാവ്‌ കൂട്ടാന്‍ വച്ചതും ചാളവറുത്തതും വടുകപ്പുളി നാരങ്ങാ അച്ചാറുമെല്ല്ല്ലാം കൂട്ടി, ഈരണ്ടെണ്ണം വച്ച്‌ അടി തുടങ്ങി.

കുപ്പിയുടെ നെറുന്തലയില്‍ ഒരടിയടിച്ച്‌ അടപ്പന്‍ ഇടത്തോട്ട് തിരിക്കുമ്പോള്‍ പറഞ്ഞുതുടങ്ങിയ സബ്ജക്റ്റ്‌;

'നമ്മടെ പോപ്പിന്റെ കാര്യം ഏറെക്കുറേ ഈ കുത്തില്‍ പോക്കാണല്ലോ അളിയാ'

എന്നാണെങ്കില്‍ പിന്നത്‌, ഗോര്‍ബച്ചേവ്‌, നരസിംഹറാവു, ആന്റണി, എന്നിങ്ങനെ ലോക, കേന്ദ്ര, കേരള രാഷ്ട്രീയത്തിലേക്ക്‌ ഇഴഞ്ഞ്‌ നീങ്ങുകയും അവസാനം കുപ്പി പിഴിഞ്ഞൊഴിക്കാന്‍ നേരം അത്‌ തൃശ്ശൂര്‍ ജില്ല‌ വരെ എത്തി.

അവിടെ വരെ പ്രശ്നം ഒന്നും ഇല്ലായിരുന്നു.

പക്ഷെ,

"എന്നാലും, എളേപ്പന്റോടത്തെ ജോസിന്റെ പെരപ്പാര്‍ക്കലിന്‌ നിങ്ങടോടന്ന് ആരും വരാണ്ടിരുന്നത്‌ തറവാട്ടുകാര്‍ക്ക്‌ ചേര്‍ന്ന പണിയായിരുന്നില്ല ട്ടാ"

എന്ന സേവ്യറേട്ടന്റെ അളിയന്റെ ആ ഡയലോഗീന്നങ്ങാട്ടാണ്‌ പ്രശ്നങ്ങളുടെ തുടക്കം.

പിന്നെ രണ്ടാളും മാറി മാറി പൊതിക്കെട്ടഴിക്കലായി, വാക്ക്‌ തര്‍ക്കമായി, വെല്ലുവിളിയായി, അങ്ങിനെ അവസാനം എന്തിന് പറയുന്നൂ, ഉന്തല്‍ വരെ എത്തി.

"ഇനി ഒരു മിനിറ്റ്‌ ഈ കുടുമ്മത്ത്‌ സേവ്യര്‍ നില്‍ക്കില്ല"

എന്ന് പറഞ്ഞ്‌ മുണ്ട് ഒരു പത്ത് പന്ത്രണ്ടു മടക്കിക്കുത്ത് അഴിക്കലും ഉടുക്കലുമായി നിന്ന്, പിന്നെ സേവ്യറേട്ടന്‍ അവിടെന്ന് ഇറങ്ങി ആടിയാടിയൊരു പോക്കായിരുന്നു‌.

ഇത്‌ അളിയനും അളിയും കുള്ളം കുടിക്കാനിരുന്നാല്‍ എല്ലാ കൊല്ലവും ഉണ്ടാകണ കാര്യമായതോണ്ട്‌ ലാലിച്ചേച്ചിയും പിള്ളാരും ‘എങ്ങടെങ്കിലും പോട്ടേ’ എന്ന് പറഞ്ഞ് കൂടെ പോന്നില്ല.

ഭൂലോകം പുല്ലഞ്ഞി ആയി ഇരിക്കണ സെറ്റപ്പില്‍ സേവ്യറേട്ടന്‍ അങ്ങിനെയൊരു യാത്ര ഒഴിവാക്കേണ്ടതായിരുന്നു. പക്ഷെ, എന്തുചെയ്യാം. മറ്റവന്‍ അകത്ത് ചെന്നാല്‍ മനുഷ്യന്മാര്‍ വെളുവില്ലാതെ എന്തൊക്കെ ചെയ്യും!

ഈ സേവ്യറേട്ടന്‍ തന്നെ ഒരിക്കല്‍ അടിച്ച് പാമ്പായിട്ട് കൊലക്കാറായ ഓണ വാഴ മുഴുവന്‍ വെട്ടിക്കളഞ്ഞില്ലേ?

അങ്ങിനെ, ഒരു കണക്കിന് ഒരു ഓട്ടോ പിടിച്ച്, തൃശ്ശൂര്‍ വരെ എത്തി. എന്നിട്ട് കൊടകരക്ക്‌ പോകാന്‍ തൃശ്ശൂര്‍ സ്വപ്‌നേടെ അടുത്ത്‌ നിന്ന് ഒരു ഓര്‍ഡിനറിയില്‍ കറയറിയിരുന്നു.

ആ സമയത്ത്‌ പെട്ടെന്ന് ഒരു സേവ്യാറേട്ടന് ഒരു ടെന്റന്‍സി. ഒരു വാള്‍ കോള്‍!

ഈ ടെന്റസി എങ്ങിനെ, എവിടെനിന്നുത്ഭവിച്ച്‌, ഏതിലേ വന്ന്, ഏതിലേ പോകുമെന്നും അതിന്റെ ആ ഒരു സുഖവും പ്രത്യേകിച്ച്‌ പറയണ്ട ആവശ്യമില്ലല്ലോ!

കുറെ നേരം ആളങ്ങ്‌ കണ്ട്രോള്‍ ചെയ്തു. വായിലൂറി വന്ന ഉമിനീറ് നന്നായി ശ്വാസമെടുത്ത് അകത്തേക്കിറക്കുമ്പോള്‍, വാളൊഴിവായിക്കിട്ടാന്‍ വേളാങ്കണ്ണി മാതാവിന് പത്ത് പൈസ കൊടുത്തയക്കാമെന്നെ നേര്‍ച്ച വരെ നേര്‍ന്നു, അതുകൊണ്ട് പ്രത്യേകിച്ച് ഫലമുണ്ടായില്ലെങ്കിലും..!

അങ്ങിനെ വാള്‍ ഏറേക്കുറെ കയ്യീന്ന് പോയെന്ന് തോന്നിയപാടെ സേവ്യറേട്ടന്‍ ചാടിപ്പിടഞ്ഞേണീറ്റ്‌ ബസീന്ന് തല പുറത്തേക്കിട്ടപ്പ്പ്പോള്‍.....

"ഒരു അമ്മായി ഒരു അലുമിനീയം വട്ടക തലയില്‍ വച്ച്‌ കറക്റ്റ്‌ സ്പോട്ടില്‍ താഴെ"

കര്‍ത്താവേ..എന്തൊരു ദുരവസ്ഥ. ഇതുകണ്ടപാടെ, സേവ്യറേട്ടന്‍ വായടച്ചുപിടിച്ച് സ്പ്രേ പെയ്ന്റിങ്ങിന് ഒരു വിഫലശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

“മാ..ര്‍ ര്‍ ര്‍“ ന്ന് പറഞ്ഞത്‌ കേട്ടല്ലാ.. ആ മീന്‍ കച്ചോടത്തിന്‌ നടക്കണ അമ്മായി ‘എന്റെ ദൈവേ” എന്ന് പറഞ്ഞ് ചാടിമാറിയത്‌....

'എന്തോ പിരുപിരൂന്ന് വട്ടകയില്‍ വീഴുന്നതും അതിന്റെ കുടേ തലക്കുമുകളീന്ന് 'മ്ബ്രാ...' എന്നൊരു ശബ്ദം കേട്ടിട്ടുമായിരുന്നു.

സംഭവത്തിന്റെ കിടപ്പുവശം മനസ്സിലാ‍യ ആ അമ്മായി, അലൂമിനീയം വട്ടക താഴെ ഇറക്കി വച്ച്‌ മീന്‍ വട്ടകയിലേക്കും രണ്ടാം വാളിനായി ശ്രമിക്കുന്ന സേവ്യറേട്ടനേയും മാറി മാറി നോക്കി.

‘എന്തൊരു ടൈമിങ്ങ്! എന്തൊരു ഉന്നം‍!’

വാളിന്‌ ശേഷം അനുഭവപ്പെടുന്ന ആ സ്വര്‍ഗ്ഗീയാനുഭൂതിയാല്‍ മുഖത്ത്‌ മിന്നിമറയുന്ന ഭാവചേഷ്ടാദികള്‍ക്ക്‌ സമാനമായ ഒരു ഭാവമായിരുന്നത്രേ അപ്പോള്‍ അമ്മായിയുടെ മുഖത്തും.

'എടാ തൊരപ്പാ. നിനക്ക്‌ ഛര്‍ദ്ദിക്കാന്‍ എന്റെ മീന്‍ വട്ടകയേ കണ്ടുള്ളൂ.. എന്റെ കുടുമ്മത്തേക്ക് അരി വേടിക്കാനുള്ള മീനാ ഇത്. ഇത് നീ തന്നെ അങ്ങ് എടുത്തോ. മര്യാദക്ക്‌ എന്റെ മീനിന്റെയും വട്ടകേടെം കാശ്‌ തന്നില്ലെങ്കില്‍ ഇത്‌ നിന്റെ തലേക്കോടെ കമിഴ്ത്തുമെടാ... പിശാശേ..' എന്ന് റെസ്പെക്റ്റ് തുളുമ്പുന്ന വാക്കുകളാല്‍ അമ്മായി ആളുടെ നയം വ്യക്തമാക്കി വട്ടകയും കൊണ്ട്‌ ബസിലേക്ക്‌ ഓടി കയറി ചെന്നു.

പാവം സേവ്യറേട്ടന്‍. ഒന്നും മനപ്പൂര്‍വ്വമല്ലായിരുന്നു, പക്ഷെ ‘സോറി, ഇനി ആവര്‍ത്തിക്കില്ല‘ എന്ന് പറഞ്ഞാല്‍ തീരുന്ന കേസാണോ ഇത്?

അമ്മായി ഇന്റര്‍നാഷണല്‍ അലമ്പാണെന്നും സ്ഥലം തൃശ്ശൂരാണെന്നും തലയിലൂടെ കമഴ്ത്ത്തുമെന്ന് പറഞ്ഞത്‌ തമാശക്കല്ലെന്നും, ഫുള്‍ വാറായി യാതൊരു വെളിവുമില്ലാതെ ഇരിക്കുകയായിട്ടുപോലും സേവ്യറേട്ടന്‌ മനസ്സിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടുണ്ടായില്ല.

അങ്ങിനെ അവസാനം, രക്ഷയില്ലാന്ന് കണ്ട്, സേവ്യറേട്ടന്‍ ഇരുന്നൂറ്റി പത്ത് രുപക്ക് മൂന്ന് കിലോ കൊഴുവ മീനും ഒരു പഴയ അലൂമിനീയം വട്ടകയും സ്വന്തമാക്കി, മീന്‍ ചാലില്‍ കളഞ്ഞ്‌, അലൂമിനീയം വട്ടക പൈപ്പ്‌ വെള്ളം കൊണ്ട്‌ കഴുകി വൃത്തിയാക്കി കൊടകരക്ക്‌ പോയി.

ബസിറങ്ങി, വട്ടകയും പിടിച്ച് വീട്ടില്‍ പോണ സേവ്യറേട്ടനോട്,

‘ആയ്, എവിടെ നിന്ന് കിട്ടീടാ സേവ്യറേ ഈ പഴേ വട്ടക?’

എന്ന് വഴിയില്‍ വച്ച് ചോദിച്ചപ്പോള്‍ സേവ്യറേട്ടന്‍ പറഞ്ഞത്,

‘ലാഭത്തിന് കിട്ടിയപ്പോള്‍ പള്ളീന്ന് ലേലം വിളിച്ച് എടുത്തതാ ’ എന്നാണ്.

ഹവ്വെവര്‍, അതിനു ശേഷം എത്ര തന്നെ കിട്ടിയാലും ഇനി ആരൊക്കെ നിര്‍ബന്ധിച്ചാലും, രണ്ട്‌, ഏറിയാല്‍ മൂന്ന് അതിലും വിട്ട്‌ കാക്കമുട്ട സേവ്യറേട്ടന്‍ അടിച്ച ചരിത്രമില്ല.

posted by സ്വാര്‍ത്ഥന്‍ at 10:59 AM

0 Comments:

Post a Comment

<< Home