Saturday, December 23, 2006

കുറുമാന്റെ കഥകള്‍ - എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - ഭാഗം - 8

ആളുകള്‍ നടന്നുപോകുന്നതിന്‍റേയും, സംസാരിക്കുന്നതിന്‍റേയും ശബ്ദം കേട്ട് ഞാന്‍ ഉണര്‍ന്നു. സമയം എട്ട് കഴിഞിരിക്കുന്നു. ബെഞ്ചില്‍ നിന്നും എഴുന്നേറ്റ്, കമ്പിളി മടക്കി ബാഗില്‍ വച്ചതിനു ശേഷം വാഷ് റൂമില്‍ പോയി ഫ്രെഷായി. പിന്നെ സ്റ്റേഷനില്‍ തന്നെയുള്ള ഒരു കടയില്‍ നിന്നും ഇരുപത്തഞ്ചു മാര്‍ക്കു നല്‍കി ഒരു ടെലഫോണ്‍ കാര്‍ഡു വാങ്ങി, കടക്കടുത്തു തന്നെയുള്ള ഒരു ബൂത്തില്‍ കയറി ജാന്‍സി ചേച്ചിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു.

അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം കേട്ടതും ഞാന്‍ മലയാളത്തില്‍ തന്നെ ചോദിച്ചു, ജാന്‍സി ചേച്ചിയാണോ?

അതെ ആരാ?

ചേച്ചീ ഞാന്‍ കുറുമാന്‍. ഡെല്‍ഹിയില്‍ നിന്നും വന്നതാ. ആന്‍സി ചേച്ചി കുറച്ച് കാഷ്യൂനട്ട്സ് തന്നയച്ചിട്ടുണ്ട്. അത് ചേച്ചിക്ക് തരുവാന്‍ വേണ്ടി അങ്ങോട്ട് ഞാന്‍ വരാം.

ഉവ്വ്. ആന്‍സി ഫോണ്‍ ചെയ്ത് എല്ലാ വിവരങ്ങളും പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ കോളോണില്‍ നിന്നും കുറച്ച് മാറിയാണ് താമസിക്കുന്നത്. കുറുമാന്‍ അവിടെ നിന്ന് ഒരു ട്രെയിന്‍ പിടിച്ച് കോളോണില്‍ വരൂ. കോളോണില്‍ വന്നതിന്നു ശേഷം സ്റ്റേഷനില്‍ നിന്നും പുറത്ത് കടന്നാല്‍ ബസ് സ്റ്റേഷന്‍ കാണാം. അവിടെ നിന്നും ഇത്രാം നമ്പര്‍ ബസ്സ് പിടിച്ച് റാഡര്‍ബര്‍ഗ് സ്റ്റ്രാസ്സിയിലേക്കുള്ള ടിക്കറ്റെടുത്ത്, ആ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ സ്ട്രീറ്റ് നമ്പര്‍ 7, ബില്‍ഡിങ്ങ് നമ്പര്‍ 4/22. എനിക്കിന്ന് ഓഫാണ് ഞാന്‍ ഇവിടെ തന്നെ കാണും,

ശരി ചേച്ചി, അപ്പോള്‍ നേരില്‍ കാണാം. ഫോണ്‍ കാര്‍ഡ് തിരിച്ചെടുത്ത് പോക്കറ്റില്‍ നിക്ഷേപിച്ച ശേഷം ടിക്കറ്റ് കൌണ്ടറിലേക്ക് ചെന്ന് കൊളോണിലേക്കുള്ള ഒരു ടിക്കറ്റ് ആവശ്യപെട്ടു. നാട്ടിലെ മൂവായിരം രൂപ! രണ്ടു കിലോ കശുവണ്ടിക്ക് മുന്നൂറു രൂപ, അതു കൊടുക്കാന്‍ വേണ്ടി വരുന്ന ചിലവ് മൂവായിരം രൂപ. പണ്ടാരം. ഫോണ്‍ ചെയ്തു പറഞ്ഞില്ലായിരുന്നെങ്കില്‍ പോകാതിരിക്കാമായിരുന്നു.

ഇല്ല, ആന്‍സിചേച്ചിയുടെ കുടുംബവും ഞങ്ങളും തമ്മിലുള്ള സൌഹൃദം വച്ച് എനിക്ക് പോകാതിരിക്കാനാവില്ല. പോക്കറ്റില്‍ നിന്നും മാര്‍ക്ക് എടുത്ത് നല്‍കി ഞാന്‍ ടിക്കറ്റ് വാങ്ങി. വണ്ടി വരുന്ന പ്ലാറ്റ് ഫോം നമ്പറും മറ്റും ചോദിച്ച് മനസ്സിലാക്കി, കോളണിലേക്കുള്ള ട്രെയിന്‍ വരുന്ന പ്ലാറ്റ് ഫോമില്‍ പോയി, ട്രെയിനിനായുള്ള കാത്തിരുപ്പ് തുടങ്ങി. നല്ല തണുപ്പുണ്ട്. ഞാന്‍ ഇരിക്കുന്നതിന്നു തൊട്ടുമുന്‍പിലുള്ള കടയില്‍ വന്ന് യാത്രക്കാര്‍, ചായയും, മറ്റ് പേരറിയാത്ത പല ആഹാര സാധനങ്ങളും വാങ്ങി കഴിക്കുന്നത് നോക്കികൊണ്ട് ഞാന്‍ വിശക്കുന്ന വയറുമായി വെറുതെ ഇരുന്നു. ഒരു ചായ കുടിച്ചാല്‍ കൊള്ളാം എന്ന ആഗ്രഹം ഞാന്‍ മുളയിലേ നുള്ളിയതിന്നു പിന്നില്‍, പൈസയല്ലായിരുന്നു, മറിച്ച്, വെറും ചൂടു വെള്ളവും, തേയില പാക്കറ്റും, പഞ്ചസാരയുടെ ഒരു പാക്കറ്റും മാത്രമാണ് അവരുടെ ചായ പാക്കേജ് എന്നതായിരുന്നു കാരണം.

കാത്തിരിപ്പിന്നിടയില്‍ ട്രെയിന്‍ വന്നു നിന്നതും, തിക്കും തിരക്കുമൊന്നും കൂട്ടാതെ ആളുകള്‍ ട്രെയിനിലേക്ക് കയറുന്നതിനൊപ്പം ഞാനും കയറി ഒരു വിന്‍ഡോ സീറ്റില്‍ ഇരുന്നു. ശബ്ദകോലാഹലങ്ങളൊന്നും ഇല്ലാതെ ട്രെയിന്‍ നല്ല വേഗതയില്‍ ഇടക്കിടെയുള്ള സ്റ്റോപ്പുകളില്‍ നിറുത്തി ആളുകളെ ഇറക്കിയും കയറ്റിയും, യാത്ര തുടര്‍ന്നു. തിരക്കേറിയ സിറ്റിയിലൂടെയല്ല ട്രെയിന്‍ പോയി കൊണ്ടിരുന്നത്, മറിച്ച് ഭംഗിയേറിയ ഗ്രാമങ്ങളിലൂടെ, പുകക്കുഴലുള്ള ചെറിയ ചെറിയ വീടുകള്‍ക്കു മുന്നിലൂടെ, കൃഷി സ്ഥലങ്ങള്‍ക്കിടയിലൂടെ. അതി മനോഹരമായ കാഴ്ചകളായിരുന്നു എങ്ങും. കാഴ്ചകള്‍ കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല. ട്രെയിന്‍ കൊളോണിലെത്തിയപ്പോഴാണ് സ്ഥലകാലബോധത്തിലേക്ക് തിരിച്ച് വന്നതു തന്നെ!

ട്രെയിനില്‍ നിന്നിറങ്ങി, ഫ്രാങ്ക് ഫര്‍ട്ട് സ്റ്റേഷനെ അപേക്ഷിച്ചു നോക്കിയാല്‍ കൊളോണ്‍ സ്റ്റേഷന്‍ വളരെ ചെറിയതാണ്. സ്റ്റേഷനില്‍ നിന്നും പുറത്ത് കടക്കും മുന്‍പ് തന്നെ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കൌണ്ടര്‍ കണ്ടപ്പോള്‍, റാഡര്‍ബര്‍ഗര്‍സ്ട്രാസിയിലേക്ക് പോകേണ്ടതെങ്ങിനെയെന്നും, ബസ്സ് എവിടെ നിന്ന് കിട്ടുമെന്നും അന്വേഷിച്ചു. വ്യക്തമായ മറുപടിയും, ബസ്റ്റ് സ്റ്റേഷന്റെ ദിശയും അവിടെയുണ്ടായിരുന്ന മദാമ്മ പറഞ്ഞു തന്നു. അവര്‍ക്കൊരു നന്ദി പറഞ്ഞു കൊണ്ട് ബസ് സ്റ്റേഷന്റെ ദിശയെ ലക്ഷ്യമാക്കി നടന്നു.

ബസ്സ് സ്റ്റോപ്പില്‍ ചെന്നു നിന്നു നിമിഷങ്ങള്‍ക്കകം തന്നെ പോകേണ്ട ബസ്സ് വന്നതിനാല്‍, ബസ്സ് സ്റ്റോപ്പില്‍ തണുത്തു വിറച്ചു കാത്തു നില്‍ക്കേണ്ടി വന്നില്ല. ബസ്സ് ഡ്രവറോട് ഇറങ്ങേണ്ട സ്ഥലമെത്തിയാല്‍ പറയണം എന്നു പറഞ്ഞിരുന്നതിനാല്‍ അരമണിക്കൂറില്‍ താഴെ മാത്രമെടുത്ത യാത്രക്കൊടുവില്‍ എനിക്കിറങ്ങേണ്ട ബസ്സ് സ്റ്റോപ്പ് വന്നതും ഡ്രൈവര്‍ എന്നോട് ഇറങ്ങികൊള്ളാന്‍ പറഞ്ഞു.

ബാഗ് തോളിലിട്ട് ഞാന്‍ റാഡര്‍ബര്‍ഗര്‍സ്റ്റ്രാസിയിലെ, സ്ട്രീറ്റ് നമ്പര്‍ 7 അന്വേഷിച്ച് മുന്നോട്ട് നടന്നു. വഴിയില്‍ കുത്തി നിറുത്തിയിട്ടുള്ള വഴികാര്‍ട്ടി ബോര്‍ഡില്‍ നിന്നും സ്റ്റ്രീറ്റ് എന്നതിന്ന് ഡോയിഷില്‍ സ്റ്റ്രാസ്സി എന്നാണെന്നു മനസ്സിലാക്കിയതിനാല്‍, ഡോയിഷ് പഠിക്കാതെ തന്നെ സ്റ്റ്രീറ്റ് നമ്പര്‍ 7 ഞാന്‍ കണ്ടു പിടിച്ചു. അതിലൂടെ മുന്‍പോട്ട് നടന്നപ്പോള്‍ ബില്‍ഡിങ്ങ് നമ്പര്‍ 4 കണ്ടു. ഇനി അതില്‍ കയറി അവരുടെ ഫ്ലാറ്റ് നമ്പര്‍ 22 കണ്ടു പിടിക്കണം. പലവുരു ഹാന്‍ഡിലില്‍ പിടിച്ചു തിരിച്ചിട്ടും ഫ്ലാറ്റിലേക്ക് കയറുവാനുള്ള ഡോര്‍ തുറക്കാത്തതിനാല്‍ ഇനിയെന്തു ചെയ്യണം എന്നു കരുതി നില്‍ക്കുമ്പോള്‍, ഒരു സായിപ്പ് വന്ന് പോക്കറ്റില്‍ നിന്നും ഒരു കാര്‍ഡെടുത്ത് ഡോറിന്റെ സൈഡില്‍ കാണിച്ചതിന്നു ശേഷം, ഡോര്‍ തള്ളി തുറന്ന് അകത്തേക്ക് കയറിപോയി. ഞാന്‍ വീണ്ടും ഡോറിന്നു പുറത്ത്!

അല്പം നേരം കാത്തിരുന്നപ്പോള്‍ ഒരു മദാമ്മ വന്ന് അല്പം മുന്‍പ് സായിപ്പ് ചെയതതുപോലെ പോലെ, ബാഗില്‍ നിന്നും കാര്‍ഡെടുത്ത് ഡോര്‍ തള്ളി തുറന്ന് അകത്തേക്ക് കടന്നതിന്റെ പുറകില്‍ ഞാന്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു. മദാമ്മ,കയറിയ അതേ സ്പീഡില്‍ തന്നെ എന്നെ തള്ളി മാറ്റി കൊണ്ട് പുറത്തേക്ക് ഇറങ്ങി. പിന്നെ ഡോയിഷില്‍ എന്തോ ചോദിച്ചു, എന്താണ് ചോദിച്ചതെന്നു മനസ്സിലായില്ലെങ്കിലും, അവരുടെ മുഖഭാവത്തില്‍ നിന്നും, എന്താ നിന്റെ ഉദ്ദേശം? മോഷണമാണല്ലെ എന്ന രീതിയിലുള്ള ഭാവം ഞാന്‍ വായിച്ചെടുത്തു.

എന്റെ നിരപരാധിത്വം ഞാന്‍ എങ്ങിനെ തെളിയിക്കും ദൈവമേ? ഡോയിഷറിയാത്ത ഞാന്‍ നിസ്സഹായനാണല്ലോ, എന്നെല്ലാം ക്ഷണനേരത്തില്‍ ആലോചിച്ചതിന്നൊടുവില്‍, ഞാന്‍ കയ്യിലെ ഡയറിയെടുത്ത് അഡ്രസ്സ് എഴുതിയ പേജ് അവരെ കാണിച്ചു.

അതുകണ്ടതും, അവര്‍ ചെറുതായൊന്നു പുഞ്ചിരിച്ചുകൊണ്ട് ഡോറിനോടു ചേര്‍ന്ന് ചുമരില്‍ വച്ചിരിക്കുന്ന ഒരു ഫോണ്‍ എടുത്ത് 22 നമ്പര്‍ ഡയല്‍ ചെയ്ത് ഡോയിഷില്‍ എന്തോ സംസാരിച്ചതിന്നു ശേഷം ഫോണ്‍ എനിക്ക് നല്‍കിയതിന്നു ശേഷം, ഡോര്‍ തുറന്ന് വീണ്ടും ഉള്ളിലേക് കയറിപോയി.

ഹലോ ജാന്‍സി ചേച്ചിയുടെ സ്വരം എന്റെ കാതില്‍ എത്തി.

ചേച്ചി ഇത് ഞാനാ കുറുമാന്‍. വാതില്‍ തുറക്കാന്‍ പറ്റുന്നില്ല.

സാരമില്ല, ഞാന്‍ ഡോര്‍ തുറക്കാനുള്ള ബട്ടണ്‍ അമര്‍ത്തിയിട്ടുണ്ട്, തുറന്ന് അകത്ത് കയറി, കോണി വഴി മൂന്നാമത്തെ ഫ്ലോറില്‍ വന്നാല്‍ 22ആം നമ്പര്‍ ഫ്ലാറ്റ് കാണാം.

നൊടിയിടയില്‍ തന്നെ ഡോര്‍ തുറന്ന് കോണി പടി വഴി മൂന്നാമത്തെ നിലയിലെത്തി, 22 ആം നമ്പര്‍ ഫ്ലാറ്റിന്റെ മുന്‍പില്‍ പോയി മണിയടിക്കുന്നതിന്നു മുന്‍പ് തന്നെ ജാന്‍സി ചേച്ചി വാതില്‍ തുറന്നു. വരൂ വന്നകത്തേക്കിരിക്കൂ.

പുറത്ത് ഷൂ അഴിച്ചു വക്കാനൊരുങ്ങിയ എന്നോടവര്‍ പറഞ്ഞു. ഷൂ ഉള്ളിലഴിച്ചു വച്ചാല്‍ മതി. ഷൂ ഉള്ളിലഴിച്ച് വച്ച് അവര്‍ക്ക് പിന്നാലെ ചെന്ന് ഞാന്‍ ഹാളിലെ സോഫയില്‍ ഇരുന്നു.

ഞാന്‍ ചായ എടുത്തിട്ട് വരാം എന്നു പറഞ്ഞ് ജാന്‍സി ചേച്ചി അടുക്കളയിലേക്ക് പോയി. ആവിപറക്കുന്ന ചായയുമായി ജാന്‍സി ചേച്ചി വന്നപ്പോള്‍ അവരോടൊപ്പം തന്നെ ഏകദേശം പത്തും, പന്ത്രണ്ടും വയസ്സുള്ള രണ്ട് പെണ്മക്കളും വന്നു. ജാന്‍സി ചേച്ചിയും, ഞാനും സംസാരിക്കുന്നതിന്നിടയില്‍ കുട്ടികള്‍ രണ്ടു പേരും ഡോയിഷില്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍, കാഷ്യൂനട്ട് എന്താ കൊടുക്കാത്തതെന്നായിരിക്കുമോ അവര്‍ സംസാരിക്കുന്നത്, എന്ന സംശയത്താല്‍ ഞാന്‍ ബാഗ് തുറന്ന്, പൊട്ടിച്ച രണ്ട് കാഷ്യൂ നട്ട് പായ്ക്കറ്റുകള്‍ എടുത്ത്, ചേച്ചീ എനിക്ക് വിശന്നപ്പോള്‍ തിന്നാനായല്ലാ ഞാന്‍ പായ്ക്കറ്റ് പൊളിച്ചത്. സ്വിറ്റ്സര്‍ലന്റിലേക്ക് കടക്കാനുള്ള ശ്രമത്തില്‍ പിടിക്കപെട്ടപ്പോള്‍ പോലീസ് പൊളിച്ചതാണ് എന്നു പറഞ്ഞ് പൊതി അവര്‍ക്കു കൈമാറി.

നേരിട്ട് ജെര്‍മ്മനിയില്‍ വരുന്നെന്ന് ആന്‍സി വിളിച്ചു പറഞ്ഞിരുന്നു. കാണാതായപ്പോള്‍ എന്തു പറ്റിയാവോ എന്നു കരുതിയിരിക്കുകയായിരുന്നു. അപ്പോ, ഫ്രാന്‍സിലും, മറ്റും കറക്കമായിരുന്നു അല്ലെ? വിശദമായി നമുക്ക് പിന്നീട് സംസാരിക്കാം. ഇപ്പോള്‍ എന്തായാലും കുളിച്ച് വസ്ത്രം മാറി വരൂ അപ്പോഴേക്കും ഞാന്‍ ലഞ്ച് ഒരുക്കാം. പിന്നെ, അലക്കാനുള്ളതെല്ലാം ഇങ്ങെടുത്ത് തന്നാല്‍ ഞാന്‍ വാഷിങ്ങ് മെഷീനിലിട്ടലക്കി വക്കാം.

ആന്‍സി ചേച്ചിയുടേയും, കുടുബത്തിന്റേയും ആഥിത്യമര്യാദക്ക് പലതവണ സാക്ഷിയാകേണ്ടി വന്ന എനിക്ക്, വര്‍ഷങ്ങളായി ജെര്‍മ്മനിയില്‍ താമസിക്കുന്ന അവരുടെ ചേച്ചിയുടെ കയ്യില്‍ നിന്നും ഇത്രയും ഊഷ്മളമായ, അതും ഉടുത്തു മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കുന്നതു പോലും ഏറ്റെടുക്കുന്ന തരത്തിലുള്ള ഒരു സ്വീകരണം ഞാന്‍ പ്രതീക്ഷിച്ചിതിന്നപ്പുറത്തായിരുന്നു.

നാടു വിട്ടതിന്നു ശേഷം, വസ്ത്രങ്ങള്‍ കാര്യമായി ഒന്നും മാറ്റിയിട്ടാല്ലാതിരുന്നതിനാല്‍, കുളിച്ച് വസ്ത്രം മാറ്റിയതിന്നു ശേഷം അലക്കാന്‍ കൊടുക്കാമെന്നുള്ള തീരുമാനിച്ച്, കുളിച്ച് വസ്ത്രം മാറി, പുറത്ത് വന്നപ്പോള്‍, എന്റെ മുഷിഞ്ഞ വസ്ത്രങ്ങള്‍ എല്ലാം അവര്‍ വാങ്ങി വാഷിങ്ങ് മെഷീനില്‍ അലക്കാനിട്ടു.

തല്‍ക്കാലം വിശപ്പു മാറ്റാന്‍ സാന്‍ഡ് വിച്ച് തയ്യാറാക്കിയത് കഴിക്കാനായി എന്നെ വിളിച്ച് മേശമേല്‍ ഇരുത്തി. വിശപ്പ് അതികമായിരുന്നെങ്കിലും, മര്യാദ വിട്ട് വെട്ടി വിഴുങ്ങുന്നതെങ്ങിനെ? നാലേ നാലു കഷ്ണം ബ്രെഡ് പീസും, രണ്ടു പുഴുങ്ങിയ മുട്ടയും കഴിക്കുന്നതിന്നിടയില്‍ തോമസ് ചേട്ടന്‍ (ജാന്‍സി ചേച്ചിയുടെ ഭര്‍ത്താവ്) ജോലിക്ക് പോയി എപ്പോ എത്തും എന്ന ചോദ്യത്തിന്ന്, കുറുമാന്‍ ഇത് കഴിച്ച് കുട്ടികളുടെ റൂമില്‍ പോയി ഒന്നു വിശ്രമിക്കുമ്പോഴേക്കും അദ്ദേഹം എത്തും. ഉച്ചവരേയേ ജോലി ഉള്ളൂ.

ഇറച്ചിയെല്ലാം കഴിക്കുമല്ലോ അല്ലെ? ഉച്ചക്ക് കോഴിക്കറിയും, പുലാവും ഉണ്ടാക്കാമെന്നു കരുതി ചോദിക്കുന്നതാണ് എന്ന് ജാന്‍സി ചേച്ചി പറഞ്ഞപ്പോള്‍, എന്തും കഴിക്കും, യാതൊരു നിര്‍ബന്ധവുമില്ല, എന്ന് പറഞ്ഞതിനൊപ്പം തന്നെഇങ്ങനേയും മനുഷ്യരോ എന്നോര്‍ത്ത് അത്ഭുതപെടുക മാത്രം ചെയ്തു.

കയ്യു കഴുകി ഞാന്‍ കുട്ടികളുടെ മുറിയിലെ ബെഡ്ഡില്‍ പോയി പുതച്ച് മൂടി കിടന്നു. തണുപ്പ് തീരെയില്ല എന്നു മാത്രമല്ല, മുറിയില്‍ നല്ല സുഖമുള്ള ചെറിയ ചൂടും. ഹാളില്‍ നിന്നും തോമസ്സേട്ടന്റെ സംസാരം കേട്ടപ്പോഴാണ് ഉറക്കത്തില്‍ നിന്നുണര്‍ന്നത്. മണി രണ്ടു കഴിഞ്ഞിരിക്കുന്നു. പുറത്തേക്ക് ചെന്ന് തോമസ്സേട്ടനു കൈകൊടുത്തു.

ഹൈ, കുറുമാന്‍ എഴുന്നേറ്റോ, യാത്രാക്ഷീണമുള്ളതല്ലെ? വിശ്രമിച്ചുകൊള്ളൂ.

വേണ്ട തോമസ്സേട്ടാ. മൂന്നാലു ദിവസത്തെ യാത്രയുടെ ക്ഷീണമെല്ലാം, കുളി കഴിഞ്ഞൊന്നു കിടന്ന് മയങ്ങിയപ്പോള്‍ പോയി.

ഹോട് ഡ്രിങ്ക്സ് കഴിക്കുമല്ലോ അല്ലെ?

വല്ലപ്പോഴും. വീണ്ടും ഞാന്‍ മര്യാദയുള്ള ഒരു അഥിതിയായി മാറി.

കുറുമാന്‍ ഇരിക്കൂ. ഞാന്‍ ഡ്രിങ്ക്സ് എടുത്ത് ഇപ്പോള്‍ വരാം.

രണ്ട് മിനിട്ടിനുള്ളില്‍, കൈയ്യില്‍ ഒരു കോണ്യാക്കിന്റെ കുപ്പിയും, രണ്ട് ചെറിയ ഗ്ലാസുകളുമായി തോമസ്സേട്ടന്‍ വന്നു. കയ്യിലുള്ള ഗ്ലാസുകളിലേക്ക് കോണ്യാക് പകര്‍ന്ന് ഒന്ന് എന്റെ കയ്യില്‍ തന്നു. പിന്നെ ചീയേഴ്സ് പറഞ്ഞ് അദ്ദേഹം ഒറ്റ വലിക്ക് ഗ്ലാസ്സ് കാലിയാക്കി. മറ്റൊന്നും ആലോചിക്കാതെ ഞാനും ഗ്ലാസ്സിലുള്ളത് ഒറ്റവലിക്കകത്താക്കി.

രണ്ടാമതും ഗ്ലാസ്സില്‍ കോണ്യാക്കൊഴിച്ചശേഷം തോമസ്സേട്ടന്‍ എന്റെ എതിര്‍വശത്തായി ഇരുന്നു. ഒപ്പം ജാന്‍സി ചേച്ചിയും. നാട്ടിലെ കാര്യങ്ങളുടെ സ്ഥിതി, അച്ഛനമ്മ ജ്യേഷ്ടന്മാര്‍ എന്തു ചെയ്യുന്നു, ചെയ്തിരുന്ന ജോലി എന്നിവയെ കുറിച്ചെല്ലാം സംസാരിച്ച കൂട്ടത്തില്‍ എന്റെ യൂറോപ്പ് ട്രിപ്പിന്റെ ഉദ്ദേശവും തോമസ്സേട്ടനും, ജാന്‍സി ചേച്ചിയും ചോദിച്ചു.

ഫിന്‍ലന്റില്‍ പോകാന്‍ രണ്ടു മൂന്നു തവണ ട്രൈ ചെയ്തുതും, വിസ റിജക്റ്റായതും പറഞ്ഞതിനൊപ്പം തന്നെ, സ്വിസ്സ് ബോര്‍ഡര്‍ ക്രോസ്സ് ചെയ്യാന്‍ ശ്രമിച്ചതും, പോലീസ് രണ്ടു തവണ പിടിച്ചതും, റൈന്‍ നദിയില്‍ ചാടിയതും എല്ലാം ഞാന്‍ അവരോട് വളരെ വ്യക്തമായി പറഞ്ഞു. എന്തു ചെയ്തിട്ടായാലും, എങ്ങിനെയായാലും യൂറോപ്പില്‍ പിടിച്ചു നില്‍ക്കണമെന്നാണ് എന്റെ ആഗ്രഹം എന്നും ഞാന്‍ അവരോട് പറഞ്ഞു,

രണ്ടാമത്തെ ഗ്ലാസ്സ് കാലിയാക്കി, മൂന്നാമത്തെ ഒഴിക്കുന്നതിന്നിടയില്‍ തോമസ്സേട്ടന്‍ പറഞ്ഞു, കുറുമാന്‍ എന്തായാലും കുറച്ച് ദിവസം ഞങ്ങളുടെ കൂടെ ഇവിടെ താമസിക്കൂ. എന്തെങ്കിലും വഴി ഞങ്ങള്‍ ശരിയാക്കാം. മറുത്തു പറയാന്‍ എനിക്ക് കഴിയില്ലായിരുന്നു, ഭാഷ അറിയാത്തതും, താമസിക്കാന്‍ സ്ഥലവും, നല്ല ഭക്ഷണവും ഇല്ലാത്തതും മാത്രമല്ലായിരുന്നു പ്രശ്നം, കയ്യിലെ കാശും തീരാറായിരുന്നു.

കുറുമാന്‍ എന്തായാലും ഇവിടെ എത്തിയ വിവരത്തിന്ന് ഫിന്‍ലാന്റിലെ ചേട്ടനെ ഫോണ്‍ ചെയ്തു പറഞ്ഞേക്കു എന്നു പറഞ്ഞ് ഫോണ്‍ എടുത്ത് എന്റെ കയ്യില്‍ തന്നു. ആദി കുറുമാനെ വിളിച്ച് സ്വിസ്സ് സ്വപ്നം പൊലിഞ്ഞതു മുതല്‍ എല്ലാം ഞാന്‍ പറഞ്ഞു. പിന്നെ ജാന്‍സി ചേച്ചിയും, തോമസ്സേട്ടനും, ആദി കുറുമാനോട് സംസാരിച്ചു. ഫോണ്‍ കട്ട് ചെയ്ത് ഞങ്ങള്‍ തീന്‍ മേശയിലേക്ക് നീങ്ങി.

ആവി പറക്കുന്ന പുലാവും, ചിക്കന്‍ കറിയും സുഭിക്ഷമായി കഴിച്ച് കഴിഞ്ഞപ്പോള്‍, എന്നേയും കൂട്ടി തോമസേട്ടനും, ജാന്‍സി ചേച്ചിയും കൊളോണ്‍ സിറ്റി കാണിക്കാനിറങ്ങി. സ്ഥലത്തെ പ്രധാന ചര്‍ച്ച്, സിറ്റി സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളും മറ്റും കണ്ടതിന്നു ശേഷം സന്ധ്യയോടെ ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി. ഭക്ഷണം കഴിച്ച് കിടന്നതും, ഉറങ്ങിപോയി. പിറ്റേന്ന് രാവിലേയാണ്‍് കണ്ണു തുറന്നത്.

രാവിലെ കുട്ടികള്‍ സ്കൂളിലേക്കും, ജാന്‍സി ചേച്ചിയും, തോമസ്സേട്ടനും, ജോലിക്കും പോയി. എനിക്കുള്ള ബ്രേക്ക് ഫാസ്റ്റ് മേശമേല്‍ അടച്ചു വച്ചിരുന്നത് കഴിച്ച്, വെറുതെ റ്റി വി യില്‍ വരുന്ന ഡോയിഷ് ചാനലുകള്‍ മാറ്റി, മാറ്റി ഞാന്‍ സമയം ഉച്ചയാക്കി.

ഉച്ചയോടെ തോമസ്സേട്ടന്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തി. ജാന്‍സി ചേച്ചി വരുമ്പോള്‍ ഉച്ചക്ക് മൂന്നു മണികഴിയും. അവര്‍ കൊളോണിലെ ഒരു ഹോസ്പിറ്റലില്‍ പത്തിരുപത് വര്‍ഷത്തിലേറെയായി നഴ്സായി ജോലി ചെയ്യുന്നു. ഇപ്പോള്‍ ഹെഡ് നഴ്സാണ്.

വാ കുറുമാനെ, ജാന്‍സി വരാന്‍ കുറച്ചു സമയം എടുക്കും, നമുക്കൊന്നു മിനുങ്ങാം. ഗ്ലാസ്സുകളും കുപ്പിയും, കാഷ്യൂനട്സും മേശമേല്‍ എടുത്ത് വച്ച് തോമസ്സേട്ടന്‍ എന്നെ ക്ഷണിച്ചു. സ്നേഹപൂര്‍വ്വമുള്ള ആ ക്ഷണം നിരസിക്കുന്നതെങ്ങിനെ? കഴിച്ചിരിക്കുന്നതിന്നിടയില്‍, തോമസ്സേട്ടന്‍ എന്നോട് ചോദിച്ചു, കുറുമാനെ, ഇന്ന് തന്റെ കാര്യം ഞാന്‍ പലരോടും പറഞ്ഞിരുന്നു, ഒരാള്‍ തനിക്കൊരു ജോലി തരാമെന്നേറ്റിട്ടുണ്ട്. അയാള്‍ മലയാളി തന്നേയാണ്. ആള്‍ക്ക് ഇവിടെ പഴം, പച്ചക്കറികളുടെ ഹോള്‍സെയില്‍ ബിസിനസ്സാണ്. ബെല്‍ജിയത്തില്‍ നിന്നും, ഹോളണ്ടില്‍ നിന്നുമാണ് അയാള്‍ പഴങ്ങളും, പച്ചക്കറികളും എടുക്കുന്നത്. അയാള്‍ക്ക് മൂന്നാലു ട്രക്കുകളും, അഞ്ചാറു വാനുകളുമുണ്ട്. ഏതെങ്കിലും ഒരു വണ്ടിയില്‍ സഹായത്തിനായി പോകണം അത്ര തന്നെ. അത്യാവശ്യം സാധനങ്ങള്‍ കയറ്റിയിറക്കേണ്ടി വരും, എന്നാലും തരക്കേടില്ലാത്ത ശമ്പളം തരും. തനിക്ക് തല്‍ക്കാലും മള്‍ട്ടിപ്പിള്‍ എന്‍ ട്രി വിസയുണ്ടല്ലോ?

ഇത്രപെട്ടെന്നിങ്ങനെ ഒരവസരം കിട്ടുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ഞാന്‍ എന്തു ജോലി ചെയ്യാനും തയ്യാറാണു തോമസ്സേട്ടാ. പക്ഷെ ഒരു പ്രശ്നമുണ്ട്. എന്റെ വിസ മള്‍ട്ടിപ്പിള്‍ എന്‍ ട്രി തന്നെ, അതും ആറുമാസം കാലവധിയുള്ളത്. പക്ഷെ ഒരു തവണത്തെ മാക്സിമം സ്റ്റേ പതിന്നാലു ദിവസം മാത്രമാണുള്ളത്. അപ്പോള്‍ എന്തു ചെയ്യും?

അതു ഞാനോര്‍ത്തില്ല. എന്തായാലും, നമുക്ക് നോക്കാം. താന്‍ വേവലാതിപെടാതിരിക്ക് കുറുമാനെ. എല്ലാം ശരിയാക്കാം.

സംസാരിച്ചിരിക്കുന്നതിന്നിടയില്‍ ജാന്‍സി ചേച്ചി വന്നു. വന്നതും പറഞ്ഞു, അതു ശരി, നിങ്ങള്‍ക്ക് ഒരു കമ്പനി കിട്ടിയാല്‍ ഉണ്ണുകയും വേണ്ട, ഉറങ്ങുകയും വേണ്ട അല്ലെ. പാവം കുറുമാന്‍ വിശന്നൊരു വഴിക്കായിട്ടുണ്ടാകും. ഗ്ലാസ്സും കുപ്പിയും എല്ലാം എടുത്ത് വച്ച് നിങ്ങള്‍ വാ, ഊണു കഴിക്കാം.

ഉണ്ണാന്‍ വരട്ടെ ജാന്‍സി. കുറുമാനൊരു ചെറിയ ജോലി ശരിയാകാന്‍ സാധ്യതയുണ്ട്. പിന്നെ അതിന്റെ വിവരങ്ങള്‍ തോമസേട്ടന്‍ ജാന്‍സി ചേച്ചിയോട് വിവരിച്ചു.

അതൊന്നും വേണ്ട ചേട്ടാ, കുറുമാന്റെ കാര്യം ഞാന്‍ ഇന്ന് ഹോസ്പിറ്റലില്‍ വച്ച് ചന്ദ്രരത്നയോട് പറഞ്ഞപ്പോള്‍ അവള്‍ നല്ല ഒരു ആശയം പറഞ്ഞു തന്നു. എന്തിന്നും ആദ്യം ഊണു കഴിക്ക് എന്നിട്ട് നമുക്ക് അതിനെകുറിച്ച് സംസാരിക്കാം.

ഊണു കഴിക്കുമ്പോഴെല്ലാം കാര്യം എന്താണെന്നറിയാനുള്ള ഉത്കണ്ഠയായിരുന്നു മനസ്സില്‍ മുഴുവന്‍.

ഊണു കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകി അടുക്കി വച്ച്, ജാന്‍സി ചേച്ചി ഹാളിലേക്ക് വന്നു.

പിന്നെ പറഞ്ഞു. കുറുമാന് ജര്‍മ്മനിയില്‍, അസൈലം അഥവാ, രാഷ്ട്രീയാഭയം വേണമെങ്കില്‍ വാങ്ങി തരാം എന്ന് ചന്ദ്രരത്ന എന്നോട് ഇന്ന് പറഞ്ഞു. തോമസ്സേട്ടനറിയാമല്ലോ, അവള്‍ വെറും നഴ്സുദ്യോഗം മാത്രമല്ല ചെയ്യുന്നതെന്ന്. അവള്‍ക്ക് എല്‍ ടി ടിക്കാരുമായും, കണക്ഷനുണ്ട്, പിന്നെ കൊളോണ്‍ കോടതിയുടെ കീഴില്‍ വരുന്ന ഒരു വിധം ശ്രീലങ്കന്‍ കേസുകളുടേയും ഇന്റര്‍പ്രിട്ടര്‍/ട്രാന്‍സലേറ്റര്‍ അവള്‍ തന്നെ. ആ വകയില്‍ അവള്‍ക്ക് ഓഫീസര്‍മാരേയും, അഡ്വക്കേറ്റുമാരേയും, മറ്റും നന്നായറിയാം.

താത്പര്യമുണ്ടെങ്കില്‍ അവളോടു പറഞ്ഞാല്‍ മതി, അവള്‍ ഭാക്കിയെല്ലാം ശരിയാക്കാം എന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ അവള്‍ക്ക് കുറുമാനെ കാണണമെന്നും, ചില സിംഹള വാക്കുകള്‍ കുറുമാനെ പഠിപ്പിക്കണമെന്നും പറഞ്ഞിട്ടുണ്ട്. എങ്ങിനേയായാലും, കുറച്ച് ദിവസം ജയിലില്‍ കിടക്കേണ്ടി വരും എന്നും പറഞ്ഞു.

ഞാന്‍ തയ്യാര്‍ ജാന്‍സി ചേച്ചി. ഇത്രയും ഈസിയായി അസൈലം കിട്ടുമെങ്കില്‍ വേറെ ഒന്നും നോക്കാനില്ല.

കുറുമാന്‍ അങ്ങനെ തിരക്കു കൂട്ടാതെ, എന്തായാലും ആദി കുറുമാനോടും മറ്റും ഒന്ന് ഫോണ്‍ ചെയ്താലോചിക്കൂ. ജാന്‍സി ചേച്ചിയും, തോമസ്സേട്ടനും ഒരേ സമയത്ത് പറഞ്ഞ് ഫോണെടുത്ത് എനിക്ക് നല്‍കി.

ആദി കുറുമനെ ഫോണില്‍ വിളിച്ച് ഞാന്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞു.

സംഭവമൊക്കെ നല്ല ഐഡിയ തന്നെ, പക്ഷെ, ഇന്നലെ ഞാന്‍ ഇവിടെ അന്വേഷിച്ചപ്പോള്‍ അവിടെ ലുബെക്കില്‍ ഫിന്‍ലാന്‍ഡ് കണ്‍സുലേറ്റുണ്ടെന്നും, വിസിറ്റ് വിസ വളരെ എളുപ്പം കിട്ടുമെന്നും പറഞ്ഞു. നീ ഇവിടെ ഉണ്ടെങ്കില്‍ എനിക്കും ഒരു കൂട്ടായല്ലോ. എന്തിന്നും, നീ അവിടെ പോയി വിസിറ്റ് വിസക്കുള്ള ഒരു അവസാന ശ്രമം നടത്ത്. കിട്ടിയില്ലെങ്കില്‍, ധൈര്യമായി അവിടെ അസൈലം അപ്ലൈ ചെയ്യ്, അഥവാ കിട്ടിയാല്‍ ഇങ്ങോട്ട് വാ, നമുക്കടിച്ച് പൊളിക്കാം. എന്തായാലും നീ ഫോണ്‍ തോമസ്സേട്ടന്റെ കയ്യില്‍ കൊടുക്ക് ഞാന്‍ സംസാരിക്കാം.

തോമസ്സേട്ടനുമായും, ജാന്‍സി ചേച്ചിയുമായും ആദി കുറുമാന്‍ ഫോണില്‍ സംസാരിച്ചു.

ഫോണ്‍ കട്ടു ചെയ്തതിന്നു ശേഷം ജാന്‍സി ചേച്ചി പറഞ്ഞു, എന്തിന്നും, കുറുമാന്‍ നാളെ രാവിലെ തന്നെ ലുബെക്കില്‍ പോയി ഫിന്‍ലാന്റ് കണ്‍സുലേറ്റില്‍ പോയി വിസക്കൊന്നു ട്രൈ ചെയ്യൂ. കിട്ടിയാല്‍ നിങ്ങള്‍ ചേട്ടനനുജന്മാര്‍ക്ക് ഒരുമിച്ച് നില്‍ക്കാമല്ലോ, അഥവാ കിട്ടിയില്ലെങ്കില്‍ നമുക്കിവിടെ തന്നെ കാര്യങ്ങള്‍ ശരിയാക്കാം.

ക്ലാസ്സും, ട്വൂഷനും മറ്റും കഴിഞ്ഞ് കുട്ടികള്‍ രണ്ടു പേരും വന്നു, വൈകുന്നേരം ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പുറത്ത് കറങ്ങാന്‍ പോയി. രാത്രി അത്താഴം പുറത്ത് ഒരു ഇന്ത്യന്‍ റെസ്റ്റോറന്റിലായിരുന്നു. നല്ല ഭക്ഷണം, പക്ഷെ ബില്ല് വന്നപ്പോള്‍ കണ്ട തുക കണ്ട് ഞാന്‍ ഭീകരമായി ഞെട്ടി, പക്ഷെ ഞാനല്ലല്ലോ ബില്ല് കൊടുക്കുന്നത്, അതിനാല്‍ ഞെട്ടലിന്റെ ആഗാധം അതികം നേരം നീണ്ടു നിന്നില്ല.

ഫിന്‍ലാന്റിലേക്ക് വിസ കിട്ടുമോ? അഥവാ കിട്ടിയാല്‍ അവിടെ സ്ഥിര താമസമാക്കുന്നതെങ്ങിനെ? അതല്ലാ കിട്ടിയില്ലെങ്കില്‍, ഇവിടെ അസൈലം അപ്ലൈ ചെയ്യാന്‍ പറ്റുമോ? അങ്ങനെയാണെങ്കില്‍ എത്ര നാള്‍ ജയിലില്‍ കിടക്കേണ്ടി വരും, എന്നെല്ലാമുള്ള ചിന്തകള്‍ എന്റെ മനസ്സില്‍ മാറി മാറി വന്നിരുന്നതിനാല്‍ അന്നു രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരു വിധം നേരം വെളുപ്പിച്ചു.

രാവിലെ എട്ടുമണിക്ക് തന്നെ എഴുന്നേറ്റ് കുളിയെല്ലാം കഴിച്ച് ഏട്ടരമണിയോടെ ജാന്‍സിചേച്ചിയോടും, തോമസ്സേട്ടനോടും, കുട്ടികളോടും യാത്ര പറഞ്ഞ് എന്റെ ബാഗുമെടുത്ത് ഞാന്‍ ഇറങ്ങി. കൊളോണിലേക്കുള്ള ബസ്സ് നമ്പറും, അവിടെ നിന്ന് ലുബെക്കിലേക്കുള്ള ട്രെയിന്‍ കിട്ടുന്ന സ്ഥലവും, എല്ലാം തോമസേട്ടന്‍ തലേന്ന് രാത്രി തന്നെ പറഞ്ഞു തന്നിരുന്നു.

ബസ്സു പിടിച്ച് കൊളോണിലെത്തി. ട്രെയിനില്‍ ലുബെക്കിലേക്കുള്ള ടിക്കറ്റെടുത്തു. വീണ്ടും കയ്യില്‍ മിച്ചമുണ്ടായിരുന്നതില്‍ നല്ല ഒരു പങ്ക് ട്രെയിന്‍ ചാര്‍ജ്ജ് ആയി പോയി. ട്രെയിന്‍ പിടിച്ച്, ലുബെക്കിലെത്തി, അവിടെ നിന്ന് ടാക്സിയെടുത്ത് ഫിന്‍ലാന്റ് കണ്‍സുലേറ്റിലെത്തിയപ്പോള്‍ സമയം പതിനൊന്നര.

വിസക്കുള്ള അപ്ലിക്കേഷന്‍ എടുത്ത് പൂരിപ്പിച്ച് ഫോട്ടോ ഒട്ടിച്ച് കൌണ്ടറില്‍ ഇരിക്കുന്ന മദാമ്മക്കു ഞാന്‍ കൈമാറി (വല്ല വണ്ടിയിടിച്ച് ചതഞ്ഞരഞ്ഞ് മരിച്ചാലോ, മഞ്ഞിലുറഞ്ഞ് മരിച്ചാലോ, പുല്ല് മാത്രം തിന്ന് മെലിഞ്ഞുണങ്ങി മരിച്ചാലോ, എന്റെ ശരിയായ രൂപം തിരിച്ചറിയട്ടെ എന്നു കരുതി നാടു വിടുന്നതിന്നു മുന്‍പ് മൂന്നാലു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്റെ പഴ്സില്‍ ഞാന്‍ കരുതിയിരുന്നു).


ആദ്യം തന്നെ അവര്‍ എന്റെ ഷെങ്ഗന്‍ വിസ നോക്കി, പിന്നെ മള്‍ട്ടിപ്പിള്‍ എന്ട്രിയുണ്ടെന്ന് കണ്ടു ബോധ്യപെട്ടു. പിന്നെ എന്നോട് ഫിന്‍ലാന്റിലേക്കും തിരിച്ചുമുള്ള റിട്ടേണ്‍ ടിക്കറ്റ് ചോദിച്ചു.

ടിക്കറ്റ് ഞാന്‍ വിസകിട്ടിയിട്ടെടുക്കാം എന്നു കരുതി എടുത്തിട്ടില്ല. ഞാന്‍ ഇവിടെ നിന്നും ഷിപ്പില്‍ പോകാനാണുദ്ദേശിക്കുന്നത്.

നിങ്ങള്‍ക്ക് ഷിപ്പിലോ, ഫ്ലൈറ്റിലോ എങ്ങിനെ വേണമെങ്കിലും പോകാം, അത് നിങ്ങളുടെ ഇഷ്ടം. പക്ഷെ വിസ സ്റ്റാമ്പ് ചെയ്യണമെങ്കില്‍, എനിക്ക് റിട്ടേണ്‍ ടിക്കറ്റ് കാണണം. ടിക്കറ്റ് കാണിച്ചാല്‍ ഞാന്‍ വിസ അടിച്ചു തരാം.

കണ്‍സുലേറ്റ് എത്രമണി വരെ ഓപ്പണ്‍ ചെയ്യും മേഡം?

മൂന്നു മണി വരെ.

ശരി മേഡം, ഇവിടെ അടുത്ത് എവിടെ നിന്നും ഷിപ്പ് ടിക്കറ്റ് കിട്ടുമെന്ന് പറയാമോ?

അവര്‍ ഒരു ട്രാവല്‍ ഏജന്‍സിയുടെ പേരും, അഡ്രസ്സും, ടെലഫോണ്‍ നമ്പറും എനിക്ക് കടലാസ്സില്‍ കുറിച്ചു തന്നു.

ഒരു ടാക്സിയില്‍ കയറി ഞാന്‍ ആ കടലാസ്സെടുത്ത് കാണിച്ചു. അഞ്ചു മിനിട്ടിനകം തന്നെ ടാക്സി അവിടെ എത്തി.

എനിക്കൊരു ലുബെക്ക് - ഹെത്സിങ്കി - ലുബെക്ക് - റിട്ടേണ്‍ ടിക്കറ്റ് വേണം.

ഇരിക്കൂ, മദാമ്മ വളരെ സ്നേഹപൂര്‍വ്വം പറഞ്ഞു.

ഫിന്‍ലാന്റിലേക്ക് വിസകിട്ടുമെന്നുറപ്പായതിനാല്‍ ഞാന്‍ അതിയായ ആഹ്ലാദവാനായിരുന്നു.

കണക്കുകള്‍ കൂട്ടിയും കിഴിച്ചും, ഡിസ്ക്കൌണ്ട് വേറെയിട്ടും അവസാനം മദാമ്മ പറഞ്ഞു. ആയിരത്തിമൂന്നൂറ്റി അറുപത് ഡോയിഷ് മാര്‍ക്ക് (ശരിയായ തുക ഇതാകണമെന്ന് നിര്‍ബന്ധമില്ല, പതിന്നൊവര്‍ഷം മുന്‍പത്തെ കണക്കുകള്‍ ഓര്‍ത്തെടുക്കാനാവുന്നില്ല).

പഴ്സെടുത്ത് കയ്യിലുള്ള ചില്ലറയും, നോട്ടും, എല്ലാം കൂട്ടി നോക്കിയിട്ടും നാന്നൂറ്റി അമ്പതോളം ഡോയിഷ് മാര്‍ക്ക്മാത്രം.

എനിക്ക് എന്തായാലും ഒരു ടിക്കറ്റ് റിസര്‍വ്വ് ചെയ്യൂ, ഇന്നേക്ക് തന്നെ മാഡം. രണ്ടു മണിക്കൂറിനുള്ളില്‍ പൈസയുമായി വരാം എന്നു പറഞ്ഞ് ഞാന്‍ അവിടെ നിന്നിറങ്ങി.

അടുത്ത് കണ്ട ബൂത്തില്‍ നിന്നും ഫോണ്‍ ചെയ്ത് ജാന്‍സിചേച്ചിയോട് കാര്യം പറഞ്ഞു.

അതിനെന്താ കുറുമാന്‍ വേഗം ട്രെയിന്‍ പിടിച്ചിങ്ങോട്ട് വാ, ഞാന്‍ പൈസ തരാം.

ദൈവമേ, നീ എത്ര കരുണയുള്ളവന്‍. ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു. മാസങ്ങളോളം ട്രൈ ചെയ്തിട്ടും കിട്ടാത്ത ഫിന്‍ലാന്റ് വിസ നീ ഇതാ നിമിഷങ്ങള്‍ക്കുള്ളില്‍ എനിക്ക് ശരിയാക്കിയിരിക്കുന്നു. ടിക്കറ്റിനു കാശില്ലാത്തപ്പോള്‍, വെറും രണ്ടു ദിവസത്തോളം മാത്രം (അതും ഏകദേശം നാട്ടിലെ ഇരുപതിനായിരത്തോളം രൂപ!) പരിചയമുള്ളവര്‍ കാശു തരാന്‍ തയ്യാറാകുന്നു.

ഒരു ടാക്സി പിടിച്ച് ഞാന്‍ ലുബെക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് പോയി, അവിടെ നിന്നും കൊളോണിലേക്കുള്ള ട്രെയിന്‍ പിടിച്ചു.
കുതിച്ചു പായുന്ന ട്രെയിനിലിരിക്കുമ്പോഴും ട്രെയിനിന്നു വേഗത പോരാ എന്നെനിക്കു തോന്നി.

ടിക്കറ്റ് പ്ലീസ്! ഞാന്‍ മുഖമുയര്‍ത്തി നോക്കി. കോളോണില്‍ നിന്നും ലുബെക്കിലേക്ക് വരുമ്പോള്‍ ടിക്കറ്റ് പരിശോധിച്ച അതേ, ഇന്‍സ്പെക്ടര്‍ തന്നെ. ഞാന്‍ ടിക്കറ്റെടുത്ത് നല്‍കി.

അദ്ദേഹത്തിന്റെ മുഖത്ത് ആശ്ചര്യഭാവം! ടിക്കറ്റ് നല്‍കിയശേഷം എന്നോട് പറഞ്ഞു, അല്ല മിസ്റ്റര്‍, അങ്ങോട്ടും ഇങ്ങോട്ടും ഇങ്ങനെ യാത്ര ചെയ്യണമെങ്കില്‍, ഒറ്റ റിട്ടേണ്‍ ടിക്കറ്റെടുത്താല്‍ എത്ര മാര്‍ക്ക് ലാഭിക്കാമായിരുന്നു?

തിരിച്ചു വരണമെന്നുദ്ദേശിച്ചല്ല സര്‍ ഞാന്‍ ഇങ്ങോട്ട് വന്നത്. പക്ഷെ സാഹചര്യം എന്നെ നിര്‍ബന്ധിച്ചതുകൊണ്ട് തിരിച്ചു പോകേണ്ടി വരുന്നു എന്നു മാത്രം, അല്ലാതെ പൈസ കളയാന്‍ മാത്രം ട്രെയിനില്‍ ഷട്ടിലടിക്കുകയല്ല ഞാന്‍.

നോ പ്രോബ്ലം. ഐ കാന്‍ അണ്ടര്‍സ്റ്റാന്റ്. അയാള്‍ അടുത്ത സീറ്റിലേക്ക് പോയി.

ട്രെയിന്‍ കൊളോണിലെത്തി, അവിടെ നിന്നും ബസ്സ് പിടിച്ച് ഞാന്‍ റാഡര്‍ബര്‍ഗര്‍ സ്റ്റ്ട്രാസിയിലെ ജാന്‍സിചേച്ചിയുടെ ഫ്ലാറ്റില്‍ എത്തി.

അപ്പോ കുറുമാന് ഫിന്‍ലാന്റ് വിസ ഉറപ്പായി അല്ലെ? കണ്‍ഗ്രാറ്റ്സ്. എന്തായാലും അതികം സമയം വൈകിപ്പിക്കേണ്ട. കുറുമാന് എത്ര മാര്‍ക്ക് വേണം.

ഒരു ആയിരത്തി മുന്നൂറു മാര്‍ക്ക് വേണം. പക്ഷെ അതിന്നു മുന്‍പ് എനിക്ക് ഫിന്‍ലാന്റിലേക്കൊന്നു ഫോണ്‍ ചെയ്യണം.
ഫോണ്‍ എടുത്ത് ഞാന്‍ ആദികുറുമാനെ വിളിച്ച് വിസ കിട്ടുമെന്നും, ആയിരത്തി മുന്നൂറു മാര്‍ക്കിന്റെ കുറവുണ്ടെന്നും പറഞ്ഞു.

നീ ഒരു കാര്യം ചെയ്യ്, ജാന്‍സി ചേച്ചിയുടെ കയ്യില്‍ നിന്നും വാങ്ങ്. ഞാന്‍ ചേച്ചിയോട് സംസാരിക്കാം. രണ്ട് ദിവസത്തിന്നകം തന്നെ പൈസ ഞാന്‍ അയച്ചു കൊടുക്കാം.

ചേച്ചീ, പൈസ രണ്ട് ദിവസത്തിനുള്ളില്‍ ആദികുറുമാന്‍ അയച്ചു തരും.

കുറുമാനെ, പൈസ വരും, പോകും, പക്ഷെ നല്ല റിലേഷന്‍ നമുക്കെപ്പോഴും കിട്ടിയെന്നു വരില്ല. നിങ്ങളെകുറിച്ച് ആന്‍സിയും, ജിന്‍സിയും, മറ്റും എപ്പോഴും പറഞ്ഞ് ഞങ്ങള്‍ക്ക് നന്നായറിയാം. കുറുമാന്‍ എന്തായാലും വൈകിക്കേണ്ട. താഴേക്ക് ഞാനും വരാം. ഏ ടി എമ്മില്‍ നിന്നും പണമെടുത്ത് തരാം.

വാതില്‍ പൂട്ടി ജാന്‍സി ചേച്ചി എന്റെ കൂടെ ഇറങ്ങി, അടുത്ത സ്റ്റ്രീറ്റിലെ എ ടി എമ്മില്‍ നിന്നും ആയിരത്തി മുന്നൂറു മാര്‍ക്ക് എടുത്ത് എനിക്ക് നല്‍കി. ആള്‍ ദി ബെസ്റ്റ് കുറുമാന്‍. അവിടെ പോയാലും, ഇടക്കിടെ വിളിക്കണം.

അവരുടെ നന്മ നിറഞ്ഞ മനസ്സിന്നു നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ കൊളോണിലേക്കുള്ള ബസ്സില്‍ കയറി. കൊളോണില്‍ ചെന്ന് ലുബെക്കിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തു ദൈവമേ, പൈസ ചിലവായികൊണ്ടിരിക്കുകയാണല്ലോ? ഇനി അവിടെ ചെന്ന് പൈസയുടെ കുറവ് വന്നാല്‍ എന്തു ചെയ്യും? അതികം കാത്തിരിക്കുന്നതിന്നു മുന്‍പു തന്നെ ട്രെയിന്‍ വന്നു.

ട്രെയിനില്‍ കയറി ലുബെക്കില്‍ ഇറങ്ങി, ഒരു ടാക്സിയില്‍ കയറി ട്രാവല്‍ ഏജന്‍സിയുടെ അഡ്രസ്സ് എടുത്ത് കാണിച്ചു. ട്രാവല്‍ ഏജന്‍സിയില്‍ ചെന്ന് കരഞ്ഞ് പിടിച്ച് പിന്നേയും ഡിസ്കൌണ്ട് വാങ്ങി ടിക്കറ്റെടുത്തു. ഒരു ടാക്സി പിടിച്ച് വീണ്ടും കണ്‍സുലേറ്റില്‍ എത്തി ചേര്‍ന്നു.

ഭാഗ്യം, പഴയ മദാമ്മ തന്നെ കൌണ്ടറില്‍. മുന്‍പ് പൂരിപ്പിച്ചിരുന്ന ആപ്ലിക്കേഷനും, റിട്ടേണ്‍ ടിക്കറ്റും, മറ്റും നല്‍കി. എല്ലാം തിരിച്ചും മറിച്ചും നോക്കിയിട്ട് മദാമ്മ പറഞ്ഞു, വെയിറ്റ് ഫൊര്‍ സം റ്റൈം പ്ലീസ്.

സമയം രണ്ടു കഴിഞ്ഞിരിക്കുന്നു. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞ് മദാമ്മ കൌണ്ടറിലേക്ക് എന്നെ വിളിപ്പിച്ചു. നൂറ്റി എണ്‍പത് മാര്‍ക്ക് ഫീസ് തരൂ.

പഴ്സ് തുറന്ന് നോട്ടുകളെടുത്ത് ഞാന്‍ എണ്ണി. എങ്ങിനെ എണ്ണിയിട്ടും നൂറ്റി എഴുപത് മാര്‍ക്കേ ഉള്ളൂ. പഴ്സിന്റെ കോയിന്‍ പോക്കറ്റിലും, എന്റെ ജീന്‍സിന്റെ പോക്കറ്റിലും, ഷര്‍ട്ടിന്റെ പോക്കറ്റിലും എല്ലാം തപ്പിയപ്പോള്‍ പതിനേഴ് ഫ്രാങ്ക് വേറെയും കിട്ടി. ഭാഗ്യം. അവര്‍ക്ക് നൂറ്റി എണ്‍പത് ഫ്രാങ്ക് നല്‍കി വീണ്ടും കാത്തിരുപ്പു ഞാന്‍ തുടര്‍ന്നു. നാലുമണിക്കാണു ലുബെക്ക് പോര്‍ട്ടില്‍ നിന്നും ഷിപ്പ് പുറപ്പെടുന്നത്.

ഫിന്‍ലാന്റ് കണ്‍സുലേറ്റില്‍ നിന്നും ലുബെക്കില്‍ ഷിപ്പ് പുറപെടുന്ന പോര്‍ട്ടിലേക്ക് അഞ്ച് കിലോമീറ്ററിലതികം ദൂരം യാത്ര. മിനിമം ടാക്സി കൂലി ഇരുപത്തഞ്ച്, മുപ്പത് ഫ്രാങ്കെങ്കിലും വരും. മാത്രമല്ല ഏകദേശം നാല്പത്തെട്ടുമണിക്കൂര്‍ നേരത്തെ കപ്പല്‍ യാത്രയാണ് ലുബെക്കില്‍ നിന്നും ഹെല്‍സിങ്കിയിലേക്ക്. കയ്യില്‍ ഇനി ബാക്കിയുള്ളതോ വെറും ഏഴ് ഫ്രാങ്ക് മാത്രം!!

അരമണിക്കൂറിന്നകം, മദാമ്മ എന്നെ വിളിച്ച് എന്റെ പാസ്പോര്‍ട്ട് നല്‍കിയതിന്നു ശേഷം ഒരു ശുഭയാത്രയും നേര്‍ന്നു. ലുബെക്ക് പോര്‍ട്ടിലേക്കുള്ള വഴി ഞാന്‍ അവരോട് ചോദിച്ചറിഞ്ഞു. പാസ്പോര്‍ട്ട് പോക്കറ്റില്‍ വച്ച്, ബാഗെടുത്ത് തോളില്‍ തൂക്കി ഞാന്‍ നടക്കാന്‍ തുടങ്ങി. സമയം രണ്ടേമുക്കാല്‍ കഴിഞ്ഞിരിക്കുന്നു. ഇനിയും നാലു നാലര കിലോമീറ്റര്‍ നടക്കണം, ഓടിയും, നടന്നും, ഞാന്‍ ഒരു വിധം മൂന്നരയായപ്പോഴേക്കും ലുബെക്ക് പോര്‍ട്ടിലെത്തി. ആ തണുപ്പിലും, എന്റെ ശരീരം വിയര്‍ത്തു. വിശപ്പാണെങ്കില്‍ സഹിക്കാന്‍ വയ്യാതായിരിക്കുന്നു. കയ്യിലാണെങ്കില്‍ വെറും ഏഴേ ഏഴ് ഫ്രാങ്ക് മാത്രം!

പോര്‍ട്ടില്‍ കയറുന്നതിന്നു മുന്‍പ് കയ്യിലുണ്ടായിരുന്ന ടെലഫോണ്‍ കാര്‍ഡുപയോഗിച്ച് ജാന്‍സി ചേച്ചിക്ക് ഫോണ്‍ ചെയ്ത്, വിസ കിട്ടിയെന്നും, പോര്‍ട്ടിലെത്തിയെന്നും, ഹെല്‍ സിങ്കിയില്‍ ചെന്നിട്ട് വിളിക്കാമെന്നും പറഞ്ഞു. ഫോണ്‍കാര്‍ഡില്‍ ഇനിയും കുറച്ച് ഫ്രാങ്ക് ബാക്കിയുണ്ട്.

ആദികുറുമാനെ ഫോണില്‍ വിളിച്ച് വിസ കിട്ടിയെന്നും, പോര്‍ട്ടിലെത്തിയെന്നും പറഞ്ഞു. കൈയ്യില്‍ ഏഴു ഫ്രാങ്ക് മാത്രമാണു ഭാക്കിയുള്ളതെന്നതിനാല്‍, നാല്പത്തെട്ടു മണിക്കൂര്‍ നേരം, തോര്‍ത്ത് മുണ്ട് നനച്ച് വയറ്റില്‍ കെട്ടി വിശപ്പിനെ അതിജീവിക്കാം, പക്ഷെ അവിടെ എത്തുമ്പോഴെങ്കിലും കഴിക്കാന്‍ അല്പം ചോറും കറിയും തയ്യാറാക്കി വക്കണമെന്നും ആവശ്യപെട്ടു. തുടര്‍ന്ന് സംസാരിക്കുന്നതിന്നു മുന്‍പ് കാര്‍ഡിലെ പൈസ് കഴിഞ്ഞതിനാല്‍ ഫോണ്‍ കട്ടായി.

എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ് ടിക്കറ്റ് കൌണ്ടറില്‍ നല്‍കി, ബോര്‍ഡിങ്ങ് പാസ്സെടുത്ത്, ബാഗ് ചുമലിലിട്ട്, വിശക്കുന്ന വയറും, ഒഴിഞ്ഞ പേഴ്സുമായി ഞാന്‍ ആ പടു കൂറ്റന്‍ കപ്പലിലേക്ക് കയറി.

posted by സ്വാര്‍ത്ഥന്‍ at 12:05 PM

0 Comments:

Post a Comment

<< Home