Wednesday, October 11, 2006

എന്റെ നാലുകെട്ടും തോണിയും - റോസാപ്പൂവും ഡബിള്‍പ്രമോഷനും

ഇന്ന് അമ്മേന്റെ ഹാപ്പി ബര്‍ത്തഡേയാണെന്ന് അച്ഛന്‍ ഡേ കേറില്‍ കൊണ്ട് വിടാന്‍ നേരം പറഞ്ഞായിരുന്നു. അതോണ്ട് ചോക്കളേറ്റ് കേക്ക് രാത്രി അമ്മൂസിന് മേടിച്ചു തരാന്ന് പ്രോമിസ് ചെയ്തിട്ടുണ്ട് അച്ഛന്‍.

അമ്മൂനറിയാം, അമ്മക്കെന്താ ഗിഫ്റ്റ് കൊടുക്കണ്ടേന്ന്. അമ്മക്ക് ഏറ്റവും ഇഷ്ടം റോസാപ്പൂവാണ്. അതോണ്ട് ഇന്ന് ഡേകേറില്‍ നെറയെ റോസാ പൂക്കണ ചെടിയില്‍ നിന്ന് അമ്മ വൈകുന്നേരം വിളിക്കാന്‍ വരുമ്പൊ ഒരെണ്ണം പൊട്ടിക്കണം.

എന്തോരം റോസാപ്പൂവാന്നറിയോ ഡേ കേറില്‍. പക്ഷെ റോസക്കപ്പിടി മുള്ളുള്ളതുകൊണ്ട് അമ്മൂന് ഇച്ചിരെ പേടിയുമുണ്ടേ.

അച്ഛന്‍ അമ്മേനോട് പറയും. “നാട്ടില്‍ തിരിച്ചു ചെല്ലുമ്പൊ ഒരേക്കര്‍ മേടിച്ചു തരാം, എന്നിട്ട് നീ അതു മൊത്തം റോസാ ചെടി വെച്ചോ. ഈ ഫ്ലാറ്റില്‍ ഇനി റോസായും ചെടിചട്ടിയും കൂടി വെച്ചിട്ട് എവിടെ സ്ഥലം?”

അച്ഛന്‍ അമ്മക്ക് എപ്പോഴും ചുവന്ന റോസാപ്പൂവിന്റെ ബൊക്കെ കൊണ്ട് വരുമ്പൊ, അമ്മൂന്റെ കൈ തൊടാണ്ട് അതൊക്കെ മണപ്പിച്ചിട്ട് അമ്മ അത് വെള്ളത്തില്‍ ഇട്ടു വെക്കും. അറിയോ? അത്രക്കിഷ്ടാ അമ്മക്ക് റോസാപ്പൂ.

പക്ഷെ, അമ്മൂനെയാണുട്ടൊ അമ്മക്ക് ഫസ്റ്റ് ഇഷ്ടം. അമ്മ അത് എപ്പളും പറയും, അമ്മക്ക് അമ്മൂനെയാണൊ റോസേനെയാണോ ഇഷ്ടം എന്ന് അമ്മു ചോദിക്കുമ്പൊ, അമ്മ പറയും, “അമ്മൂസാണമ്മേടെ ഏറ്റവും ബ്യൂട്ടിഫുള്‍ റോസാ” എന്ന്.

ഉച്ചക്ക് ഉറക്കം കഴിഞ്ഞപ്പൊ, മുള്ളുള്ള റോസാചെടിയുടെ അടുത്തു ചെന്ന്, ഒരു വലിയ ചുവന്ന റോസാ അമ്മു പൊട്ടിച്ചു. മുള്ള് കൈയില്‍ കൊണ്ട് അമ്മൂന് നൊന്തു. പക്ഷെ നോവുമ്പൊ ഊതിയാ മതീന്നാ അമ്മ പറഞ്ഞെ. അതോണ്ട് അമ്മു മുള്ള് കൊണ്ട് കീറിയ അവിടെ ഫൂ ഫൂ എന്ന് ഊതി. അപ്പൊ വേദന ഓടിപ്പോയി.

അമ്മു പൂവും കൊണ്ട് ഗേറ്റിന്റെ അടുത്ത് പോയി നിന്നു. അമ്മ വരണ ഉടനെ കാണിക്കണം.

“ദേ ഈ കൊച്ച് പൂ പൊട്ടിച്ചു ടീച്ചറേ”, അപ്പോഴാ വാച്ച് മാന്‍ അങ്കിള്‍ ഉറക്കെ വിളിച്ചു പറഞ്ഞത്.

ടീച്ചര്‍ അതു കേട്ടതും ഓടി വന്നു. “ആഹാ, നിനക്കൊക്കെ പൂ പൊട്ടിക്കാന്‍ ആണൊ അത് അവിടെ വളര്‍ത്തണേ?”

അമ്മൂന്റെ കൈയില്‍ നിന്ന് പൂ മേടിച്ച്, നിലത്തിട്ടിട്ട് അമ്മൂനെ ബ്രൌണ്‍ നിറത്തിലുള്ള സ്കേലു കൊണ്ട് കുറേ തല്ലി.

ഫൂ ഫൂ എന്ന് തുടേമേ കുറേ ഊതിയിട്ടും അമ്മൂന്റെ വേദന പോവണില്ല്യ. ഇനി അമ്മക്കെന്താ കൊടുക്കാ? ഷര്‍ട്ടുമേ പിന്‍ കുത്തിയ, ട്രയാംഗിള്‍ ഷേപ്പിലുള്ള, വെള്ളമേ കുഞ്ഞു പൂവുള്ള കര്‍ച്ചീഫ് കൊണ്ട് അമ്മു കണ്ണ് തുടക്കാന്‍ നോക്കീട്ട് വാട്ടര്‍ബോട്ടില്‍ നിന്നു വെള്ളം പോണ പോലെ കണ്ണുമേന്ന് വെള്ളം പൊയ്ക്കോണ്ടേയിരുന്നു.

അപ്പളാ അമ്മേടെ ശബ്ദം കേട്ടേ. അമ്മു കരയണ കണ്ടാ അമ്മക്ക് സങ്കടം വരൂട്ടൊ. അമ്മു ഈ... ഈ... എന്ന് പറഞ്ഞു നോക്കി ചിരിക്കണ പോലെയിരിക്കാന്‍.

“മോളൂസെന്തിനാ കരയണേ?”

“അതോ, ഡിസിപ്ലിന്‍ തീരെയില്ല. അവിടെ ഗാര്‍ഡനില്‍ കയറരുതെന്ന് എത്ര വട്ടം എല്ലാ കുട്ടികളോടും പറഞ്ഞിട്ടുണ്ട്. ഇന്ന് നോക്കുമ്പൊ ഈ അമ്മു അവിടെ കേറിയതും പോരാ, അവിടെന്ന് ഒരു പൂവും ഇറുത്തു.”

“അമ്മക്ക് ഹാപ്പി ബര്‍ത്തഡേക്ക് തരാനാ‍ാ..” അമ്മൂസിന്റെ വാ‍ട്ടര്‍ ബോട്ടിലീന്ന് വെള്ളം ഒഴുകി.

“മൂന്നു വയസ്സുള്ള കുഞ്ഞിനെയാണൊ നിങ്ങള്‍ ഒരു പൂ പൊട്ടിച്ചേന് ഇതുപൊലെ തല്ലിയതു?”

പിന്നെ ഒന്നും അമ്മൂനു മനസ്സിലായില്ല. അമ്മ കരയേം ദേഷ്യം പിടിക്കേം ഒക്കെ ചെയ്യണുണ്ടായിരുന്നു. അമ്മ ടീച്ചറിന്റെ മുന്നില്‍ ഇരുന്ന ആ ബ്രൌണ്‍ സ്കേല്‍ എടുത്ത് നിലത്തൊരേറ്. എല്ലാരും പേടിച്ചു പോയി. അമ്മുവും ഞെട്ടിപ്പോയി. സ്കേലും പൊട്ടിപ്പോയി.

അമ്മ വന്നു അമ്മൂസിനേം എടുത്ത് കെട്ടിപിടിച്ചോണ്ട് കാറില്‍ കയറി. എന്നിട്ട് അമ്മൂന്റെ ബാഗൊക്കെ ഒരേറു കൊടുത്തു ടീച്ചറിന്റെ അടുത്തോട്ട്. പക്ഷെ, വീടെത്തണ വരെ അമ്മേന്റേയും വാട്ടര്‍ ബോട്ടില്‍ പൊട്ടിപ്പോയായിരുന്നു. കാറില്‍ വെച്ച് അമ്മ നെറയേ ഉമ്മ തന്നു. ഉപ്പുള്ള ഉമ്മ.

അച്ഛന്‍ കേക്കുമായി വൈകുന്നേരം വന്നപ്പൊ, അമ്മ പിന്നേം കുറേ കരഞ്ഞു. “എന്റെ കുഞ്ഞിനെ അവരു തല്ലി. ഈ നശിച്ച നഗരത്തീന്ന് ഞാന്‍ പോവാണ്. ഞാന്‍ ഇനി എന്നെ കൊന്നാല്‍ ജോലിക്ക് പോവൂല്ലാ. നാട്ടിലോട്ടു പോയാല്‍ എനിക്ക് ജോലി ചെയ്യണ്ടല്ലൊ. നമുക്ക് ഉള്ളത് മതി.”

കുറേ നേരം കഴിഞ്ഞപ്പൊ, അച്ഛന്‍ അമ്മൂസിന്റെ അടുത്തു വന്നിരുന്ന് തൊടേമെയൊക്കെ ഊതി തന്നു. അച്ഛന്‍ ഊതിയപ്പൊ വേദന ഓടിപ്പോയി.

“അമ്മൂസേ, നമ്മള് കുറച്ചൂസം കഴിയുമ്പൊ ഇവിടെന്ന് പോവൂട്ടൊ. വേറൊരു സ്ഥലത്തോട്ട് പോവാം. അമ്മൂസിനെ ആരും അടിക്കാന്‍ അച്ഛന്‍ സമ്മതിക്കില്ലാട്ടൊ. അമ്മ ഇനി ജോലിക്ക് പോണില്ല്യ. അമ്മൂസിന്റെ കൂടെ ഫുള്‍ ടൈം കളിക്കും കേട്ടൊ.”

എന്തൊരു സന്തോഷായിരുന്നന്നോ അമ്മൂസിന്. അമ്മേനെ ഇനി ഫുള്‍ ടൈം കളിക്കാന്‍ കിട്ടൂല്ലൊ.

എന്നിട്ട് വണ്‍, റ്റൂ, ത്രി, ട്ടെന്‍ കു‍റേ ദിവസം കഴിഞ്ഞപ്പൊ, ചൂ ചൂ ട്രെയിനില് കുറേ വലിയ ബാഗും കൊണ്ട്, പച്ച കളറു നെറയേയുള്ള സ്ഥലത്തോട്ട് അമ്മൂസും അച്ഛനും അമ്മയും റ്റാറ്റാ പോയി. പുതിയ വീട്ടില്‍ കളിക്കാന്‍ എന്തോരം സ്ഥലമാന്ന് അറിയോ. അമ്മ എന്നിട്ട് നെറയേ റോസാ ചെടി വെച്ചു. എന്നിട്ടതില്‍ നെറയേ റോസാപ്പൂ ഉണ്ടായി.

അമ്മൂസ് പക്ഷെ റോസാ ഒന്നും പറച്ചില്ലാട്ടൊ. അമ്മക്ക് റോസാ കൊടുക്കണമെന്ന് തോന്നുമ്പൊ അമ്മൂസ് അമ്മേടെ കൈയില്‍ പിടിച്ച്, “ദേ അമ്മേ, ഈ റോസാ എടുത്തോ” എന്നു പറയും. ഉടനെ അമ്മ ആ റോസാ പൊട്ടിച്ച്, അമ്മൂ‍ന്റെ തലയില്‍ സ്ലൈഡ് കൊണ്ട് കുത്തി തരും.

അങ്ങിനെ കുറേ ഹണ്ട്രഡ് ഡേസ് കഴിഞ്ഞാപ്പൊ അമ്മ പറഞ്ഞു, ഒരു പുതിയ സ്കൂളില്‍ പോവാന്ന്. എന്നിട്ട് ഒരൂസം നല്ല ഉടുപ്പൊക്കെ ഇട്ടു ഒരു വലിയ സ്കൂളില്‍, തലയില്‍ ഉടുപ്പിട്ട സിസ്റ്റര്‍മാരുടെ സ്കൂളില്‍ അമ്മ കൊണ്ടോയി.

അപ്പൊ കണ്ണട വെച്ച വലിയ വയറുള്ള ഒരു സിസ്റ്റര്‍ മേശേന്റെ അപ്പറത്തൂന്ന് ചോദിച്ചു. അമ്മൂന് വണ്‍ റ്റൂ ത്രീ അറിയോ ? അമ്മു പറഞ്ഞു, അറിയാലൊ...എന്നിട്ട് അമ്മൂ തേര്‍ട്ടി വരെ പറഞ്ഞപ്പൊ സിസ്റ്റര്‍ പറാഞ്ഞു, മതി മതി, അമ്മൂന് എ ബി സി ഡി അറിയോന്ന്? അമ്മൂന് അറിയാലോന്ന് പറഞ്ഞു, അമ്മു ഇസഡ് വരെ ഫുള്‍ പറഞ്ഞു. അപ്പൊ സിസ്റ്ററിന്റെ കണ്ണട വലുതായി.

“അമ്മൂന് മലയാളം അറിയോ?”

“ഇല്ല സിസ്റ്ററേ, അവള്‍ക്കു കുറച്ചൊക്കെ മനസ്സിലാവുള്ളൂ. പക്ഷെ, അവള്‍ക്ക് വേറെ
രണ്ട് ഭാഷ ഒരുമാതിരി നന്നായി അറിയാം.”

“ആ. അതു നല്ലതാ. അല്ലെങ്കിലും ഞങ്ങള്‍ മലയാളം എന്‍കറേജ് ചെയ്യുന്നില്ല.”

എന്നിട്ട് സിസ്റ്റര്‍ ചോദിക്കാ,

“എന്തിനാ അമ്മൂനെ എല്‍.കെ.ജി-ല്‍ ചേര്‍ക്കണേ? അമ്മൂനെ ഫസ്റ്റ് സ്റ്റാണ്ടേര്‍ഡില്‍ ഇരുത്തിയാല്‍ മതി”.

“വേണ്ടാ, പിന്നെ പത്താവുമ്പൊ പ്രശ്നമാവില്ലേ സിസ്റ്ററേ?”

“അതു രണ്ട് വയസ്സ് കൂട്ടി എഴുതാം. അമ്മൂന് ഡബിള്‍ പ്രമോഷന്‍ കിട്ടി കേട്ടൊ.” സിസ്റ്റര്‍ ചിരിച്ചോണ്ട് കവിളില്‍ തൊട്ടിട്ട് കുറേ മുട്ടായി തന്നു.

അമ്മു ഫസ്റ്റ് സ്റ്റാന്റേഡില്‍, രണ്ട് സൈഡിലും പിന്നിയിട്ട മുടിയുള്ള, പൊക്കമുള്ള ലക്ഷ്മീടെ അടുത്തു ചെന്ന് ഇരുന്നു. അപ്പൊ ലക്ഷ്മി ചോദിക്കാ, അമ്മൂ എങ്ങിനാ ഫസ്റ്റ് സ്റ്റാണ്ടേര്‍ഡില് വന്നേ, എല്‍.കേ.ജി ല് പോവാണ്ട്?

അമ്മു ഒന്നും പറഞ്ഞില്ല. അമ്മൂന് അറിയില്ലല്ല്യോ.

ലക്ഷ്മി എല്ലാരേം വിളിച്ചിട്ട് പറഞ്ഞു, ദേ ഈ അമ്മു എല്‍.കേ.ജീ ല് ഒന്നും പോയിട്ടില്ലാട്ടൊ. അതോണ്ട് ഈ വാവക്ക് ഒന്നും അറിയില്ലാട്ടൊ.

എല്ലാരും അമ്മൂനെ കളിയാക്കി. ഷേം ഷേം പറഞ്ഞു. അപ്പൊ, അമ്മൂന് നാണം വന്നു.

അന്നേരം ലക്ഷ്മി പറയാ, അമ്മൂന്റെ മുഖം തലേല്‍ കുത്തിയേക്കണ റോസേന്റെ കളറായല്ലൊ. അമ്മൂസിനെ റോസാക്കുട്ടീന്നെ ഞാന്‍ വിളിക്കൂ.

ലക്ഷ്മിയും റോസാക്കുട്ടിയും ഇപ്പളും ബെസ്റ്റ് ഫ്രന്റ്സാ.

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 11:44 AM

0 Comments:

Post a Comment

<< Home