Kariveppila കറിവേപ്പില - ഇലയട
URL:http://kariveppila.blogspot.com/2006/09/blog-post.html | Published: 9/13/2006 10:11 PM |
Author: സു | Su |
അട ഏത് തരമായാലും കഴിക്കാന്‍ വല്യ രസമാവും. ഇലയടയുടെ സ്വാദ് ഒന്ന് വേറെ തന്നെ. അമ്മയുണ്ടാക്കുന്നത്ര രസത്തില്‍ ആവില്ലെങ്കിലും അടയുണ്ടാക്കിത്തിന്നാന്‍ കൊതിയാണ്. അമ്മയെ സഹായിച്ച് സഹായിച്ചാണ് പാചകം പഠിച്ചത്. മിനുസമായി പൊടിച്ചെടുത്ത അരിപ്പൊടി ഒരു തരി ഉപ്പും ഇട്ട് ചൂടുവെള്ളത്തില്‍ കുഴയ്ക്കുക. ചപ്പാത്തിമാവിനേക്കാളും അയവില്‍ ഉണ്ടാവണം. എന്നാല്‍ ദോശമാവിന്റെ അളവില്‍ ആകരുത് വെള്ളം.
ശര്‍ക്കര പൊടിച്ചത് ഏകദേശം ഒരു കപ്പ് എടുത്ത് കുറച്ച് വെള്ളം ഒഴിച്ച് ( 50എം എല്‍) അടുപ്പത്ത് വെച്ച് പാവുകാച്ചുക.
നന്നായി തിളച്ച് വന്നാല്‍, വെള്ളം കുറുകിത്തുടങ്ങിയാല്‍ ഏകദേശം രണ്ട് കപ്പ് ചിരവിയ തേങ്ങ അതില്‍ ഇട്ട് ഇളക്കി യോജിപ്പിക്കുക. 5-6 ഏലയ്ക്കയും പൊടിച്ച് ഇടുക. തേങ്ങ ഇടുന്നതിനുമുമ്പ് ഏലയ്ക്കപ്പൊടി ഇട്ടിളക്കണം. തേങ്ങയും യോജിച്ച് പാവ് നല്ലപോലെ കുറുകിയാല്‍ അടുപ്പില്‍ നിന്നിറക്കുക.
ഇല വൃത്തിയാക്കി, തീയില്‍ വാട്ടി, ചെറിയ കഷണങ്ങളാക്കി മുറിച്ച് വെക്കുക. അതില്‍ സ്വല്പം വെളിച്ചെണ്ണ പുരട്ടുക. (നിര്‍ബ്ബന്ധമില്ല). തയ്യാറാക്കിവെച്ചിരിക്കുന്ന അരിമാവെടുത്ത് ഓരോ ഇലകളിലും കുറച്ച് വെച്ച് വട്ടത്തില്‍ പരത്തുക.
ഒരു സൈഡില്‍ ശര്‍ക്കര- തേങ്ങാക്കൂട്ട് വെക്കുക. ആദ്യം ഒന്ന് മടക്കി, പിന്നെ രണ്ട് സൈഡും മടക്കി ഒരു പാത്രത്തില്‍ വെക്കുക. കുക്കറില്‍ വെക്കാവുന്ന ഒരു പാത്രത്തില്‍. എല്ലാ ഇലകളിലും അരിമാവും , കൂട്ടും വെച്ച് മടക്കി പാത്രത്തില്‍ അടുക്കിവെക്കുക. കുക്കറില്‍ വെച്ച് വേവിക്കുക. കുറച്ച് നേരം വേണ്ടി വരും. 20-25 മിനുട്ട്.
നന്നായി വെന്തിട്ടുണ്ടെങ്കില്‍ കുക്കറില്‍ നിന്ന് എടുത്ത് അല്പനേരം വെച്ചിട്ട് , തണുത്തതിനു ശേഷം എടുത്താല്‍ ഇലയില്‍ നിന്ന് വിട്ട് പോരും.
0 Comments:
Post a Comment
<< Home