Monday, August 28, 2006

::സാംസ്കാരികം:: - തൊട്ടടുത്ത സീറ്റിലെ ബോംബ്‌

തൊട്ടടുത്ത സീറ്റിലെ ബോംബ്‌
ഡി. ബാബുപോള്‍

ഒരുമാസം മുന്‍പാണ്‌. ജനശതാബ്‌ദി എക്‌സ്‌പ്രസിലെ ചെയര്‍കാര്‍. ഞാന്‍ നേരത്തേ എത്തി എന്റെ സീറ്റില്‍ ഇരുന്നു. വണ്ടി വിടാറായപ്പോള്‍ ഒരു സ്‌ത്രീ അടുത്ത സീറ്റില്‍ ഇരുന്നു. വണ്ടി വിട്ടു. ഏറെ വൈകാതെ ഗര്‍ഭസ്ഥശിശുവിന്റെ മാതിരി ചുരുണ്ടുകൂടാന്‍ ശ്രമിച്ചു അയലത്തെ സ്ഥൂലഗാത്രി. ആ നിദ്രാനമസ്കാരശ്രമത്തിനിടയില്‍ അവരുടെ നിതംബം എന്റെ വലതുതുടയില്‍ അമര്‍ന്നു. നിദ്രാഭംഗം വരാതെ സൂക്ഷിച്ച്‌ ഞാന്‍ കാല്‍ ഇടത്തോട്ടു മാറ്റി. സൈഡ്‌ കൊടുത്തു എന്നര്‍ത്ഥം. കുറെ കഴിഞ്ഞപ്പോള്‍ അവര്‍ എഴുന്നേറ്റു. എന്റെ തൊട്ടടുത്ത സീറ്റില്‍ അങ്ങനെ ഉറങ്ങിയാല്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന തിരിച്ചറിവാണോ എന്നറിയില്ല, അവര്‍ ടിക്കറ്റ്‌ എക്‌സാമിനറെപ്പോലെ തീവണ്ടിമുറിയില്‍ നടന്ന്‌ മറ്റേതോ സ്ഥലം കണ്ടുപിടിച്ചു. ഞാനും അയല്‍ബാധകൂടാതെ ഉറങ്ങി. മറിച്ചായിരുന്നെങ്കിലോ? ഞാന്‍ ഉറക്കം ഭാവിച്ച്‌ എന്റെ നിതംബം അയലത്തെ പെണ്ണിനെ അപമാനിക്കാനുള്ള ആയുധമാക്കി എന്ന്‌ അവര്‍ പറയുമായിരുന്നോ? ഇല്ലെന്ന്‌ കരുതാനാണ്‌ എനിക്ക്‌ ഇഷ്‌ടം. എന്നാല്‍, ചില ചില പ്രായത്തില്‍ ചില ചില സ്‌ത്രീകള്‍ക്ക്‌ ഉണ്ടാകാവുന്ന വിഭ്രാന്തികളെക്കുറിച്ച്‌ വായിച്ചിട്ടുള്ളതില്‍ പകുതിയെങ്കിലും ശരിയായിരുന്നാല്‍ ആ സാദ്ധ്യത തള്ളിക്കളഞ്ഞുകൂടാ. കുന്തിപ്പുഴയിലെ വെള്ളം വിരലുകള്‍ക്കിടയിലൂടെ ചോരുന്നതിനെക്കുറിച്ച്‌ ഒളപ്പമണ്ണ എഴുതിയതുപോലെ യൗവ്വനത്തിന്റെ അന്തിച്ചോപ്പ്‌ ഉണര്‍ത്തുന്ന ആകുലതകളില്‍ പിടയുന്ന ഒരു സ്‌ത്രീമനസ്സ്‌ സ്‌പര്‍ശിക്കാതെതന്നെ ബഹളം വച്ചുകൂടായ്കയില്ല. കാല്‌ മുറിച്ചുകളഞ്ഞ ഏതെങ്കിലും ഹതഭാഗ്യനോട്‌ ചോദിക്കുക, 'ഫാന്റം പെയ്ന്‍' എന്നൊന്ന്‌ പറഞ്ഞുതരും. മുറിച്ചുമാറ്റിയ പാദത്തില്‍ ചൊറിയണമെന്ന്‌ തോന്നാം. ഒരു ഇംഗ്‌ളീഷ്‌ നോവലില്‍ ഹൃദയസ്‌പൃക്കായ ഒരു രംഗം വിവരിച്ചിട്ടുണ്ട്‌. ആശുപത്രിയില്‍ സന്ദര്‍ശിച്ച സുഹൃത്തിനോട്‌ (അതോ നഴ്‌സിനോടോ?) രോഗി കെഞ്ചുന്നു; ആ മുറിച്ചെടുത്തത്‌ തപ്പി ഒന്ന്‌ ചൊറിഞ്ഞേക്കുമോ നീ? നിതംബസ്‌പര്‍ശത്താല്‍ എന്നെ അനുഗ്രഹിച്ച ആ സ്‌ത്രീയുടെ സന്മനസ്സിനെ വാഴ്ത്തുന്നു ഞാന്‍.

ഈ കഥ ഓര്‍ക്കാന്‍ കാരണം നമ്മുടെ മന്ത്രി പി.ജെ. ജോസഫിനെ ചുറ്റിപ്പറ്റി അപവാദങ്ങള്‍ കേള്‍ക്കുന്നതുകൊണ്ടാണ്‌.
മൂന്നു വ്യാഴവട്ടം കഴിയുന്നു വിദ്വാന്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങിയിട്ട്‌. അസമയത്ത്‌ പാട്ട്‌ പാടും എന്നതൊഴിച്ചാല്‍ വ്യക്തിപരമായ അപഖ്യാതി ഒന്നും കേട്ടിട്ടില്ല. ആന്റണി രാജുവിനെ അച്ചടക്കം പഠിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതൊഴിച്ചാല്‍ ഭരണപരമായ അപഖ്യാതികളും അന്യം. അങ്ങനെയൊരാള്‍ ഒരു 'കുട്ടി'യെ അപമാനിച്ചുവെന്ന കഥ പ്രഥമശ്രവണത്തില്‍ അവിശ്വസനീയമായി തോന്നുക സ്വാഭാവികം.

അതിനുമപ്പുറം ആലോചിച്ചാലോ? കുട്ടി ബഹളം വച്ചു, സീറ്റ്‌ മാറി, പരാതി എഴുതിക്കൊടുത്തു. തെളിഞ്ഞ വസ്തുതകള്‍ ഇവിടെ അവസാനിക്കുന്നു. മുഖംമൂടിയ പുരുഷന്‍ വിവരിച്ച സാഹചര്യങ്ങള്‍വച്ചു നോക്കിയാല്‍ പി.ജെ. ജോസഫ്‌ പോയിട്ട്‌ കെ.എം. മാണിയോ പി.സി. ജോര്‍ജോ എം.എം. ഹസ്സനോ സാക്ഷാല്‍ കുഞ്ഞാലി തന്നെയോ വിചാരിച്ചാലും വിരലൊന്ന്‌ മുട്ടിച്ച്‌ വീണ മീട്ടാന്‍ കഴിയുകയില്ലെന്ന്‌ വിമാനത്തില്‍ യാത്ര ചെയ്തിട്ടുള്ള ആരും സമ്മതിച്ചുപോകും. വിമാനം പറന്നുയരുമ്പോള്‍ വെളിച്ചം അരണ്ടതാവുമെങ്കിലും വിമാനത്തിനകത്ത്‌ കുറ്റാക്കുറ്റിരുട്ടൊന്നുമല്ല. വായിക്കാനുള്ള ലൈറ്റ്‌ പകുതിപ്പേരെങ്കിലും കത്തിച്ചിട്ടുമുണ്ടാവും. സമയമാണെങ്കില്‍ സന്‌ധ്യ മയങ്ങുന്നതേയുള്ളൂ. നാട്ടുവെളിച്ചം മറയാന്‍ നേരം ആയിട്ടില്ല. ഇക്കോണമി ക്‌ളാസിലെ സീറ്റുകള്‍ നമ്മുടെ എ.സി. ചെയര്‍കാറിലെ സീറ്റുകള്‍പോലെയല്ലേ? വിമാനം ഉയരുമ്പോള്‍ മുന്‍വശത്തെ സീറ്റിന്റെ വശത്ത്‌ എത്രയോ യാത്രക്കാര്‍ പിടിക്കാറുണ്ട്‌? അങ്ങനെ ഒരു സ്‌പര്‍ശസാദ്ധ്യത ഉണ്ട്‌. എന്നാല്‍, ആ നേരത്ത്‌ അതിനപ്പുറത്തുള്ള വീണാവാദനം ജോസഫ്‌ അല്ല, യേശുദാസ്‌ ഉള്‍പ്പെടെയുള്ള ഏതു ഗായകനായാലും അസാദ്ധ്യംതന്നെ.

സ്‌ത്രീകളുടെ സംരക്ഷണത്തിന്‌ നിയമവും സുപ്രീംകോടതിയും നല്‍കുന്ന പ്രാധാന്യം പുരുഷന്മാരില്‍ അരക്ഷിതാവസ്ഥ സൃഷ്‌ടിക്കാന്‍ ദുരുപയോഗപ്പെടുത്തരുത്‌. പണ്ട്‌, ഉമ്മന്‍ചാണ്ടി ഒരു പെണ്ണിന്റെ പുറത്ത്‌ വീണെന്നോ മറ്റോ ഒരു കഥ ഉണ്ടായില്ലേ? നഫീസത്ത്‌ ബീവി മുതല്‍ ഷാനിമോള്‍ ഉസ്‌മാന്‍ വരെ പല സ്‌ത്രീകളുടെയും പേരുകള്‍ അമ്മാനമാടിയ ജനം ആ സ്‌ത്രീ ഞാന്‍തന്നെ എന്ന്‌ ബാവാതിരുമേനി (മറിയാമ്മ ഉമ്മന്‍ചാണ്ടി) തിരുവായ്‌മൊഴിഞ്ഞപ്പോഴാണ്‌ അടങ്ങിയത്‌.
സ്‌ത്രീകള്‍ ധാരാളമായി ഒറ്റയ്ക്ക്‌ യാത്ര ചെയ്യുന്ന കാലമാണ്‌. അവര്‍ക്ക്‌ വേറെ തീവണ്ടിമുറിയും വേറെ വിമാനവും വേണം എന്ന്‌ വരരുത്‌. പുരുഷന്മാര്‍ സ്‌ത്രീകളെ ബഹുമാനിക്കണം. സ്‌ത്രീകള്‍ ഇക്കോണമി ക്‌ളാസിലോ ചെയര്‍കാറിലോ അടുത്ത സീറ്റിലിരിക്കുന്ന പുരുഷനെതിരെ പരാതിപ്പെടുന്നതിനു മുന്‍പ്‌ യാദൃച്ഛിക സംഭവവും ബോധപൂര്‍വമായ നടപടിയും വേര്‍തിരിച്ചറിയാനുള്ള ക്ഷമയും പക്വതയും വിവേകവും കാണിക്കണം. അത്‌ കഴിയുകയില്ലെങ്കില്‍ 'അമ്മൂമ്മമാര്‍' വീട്ടിലിരിക്കയോ മുഖംമൂടാത്ത ഭര്‍ത്താക്കന്മാരുടെ അകമ്പടിയോടെ മാത്രം യാത്ര ചെയ്യുകയോ ആണ്‌ ഭേദം.
ജോസഫിന്റെ പേരിലുള്ള ആരോപണം ഒരു സന്‌ധ്യയ്ക്ക്‌ അപമര്യാദ കാട്ടി എന്നതാണല്ലോ. അത്‌ നേരോ എന്നറിയാന്‍ ഐ.ജി. സന്‌ധ്യയെത്തന്നെ നിയോഗിച്ച വി.എസിന്റെ നര്‍മ്മബോധത്തെ അഭിനന്ദിക്കാതെ വയ്യ. ഇരുട്ട്കീറുന്ന വജ്രസൂചിയാവട്ടെ സന്‌ധ്യയുടെ അന്വേഷണം. ജോസഫ്‌ തെറ്റുകാരനെങ്കില്‍ ദാക്ഷിണ്യം അരുത്‌; നിരപരാധിയും ആരുടെയെങ്കിലും മാനസികവിഭ്രാന്തിയുടെ രക്തസാക്ഷിയും ആണെങ്കില്‍ അക്കാര്യവും സന്‌ധ്യാദീപത്തില്‍ തെളിയണം. സ്‌ത്രീകള്‍ക്കും ജീവിക്കണം. പുരുഷന്മാര്‍ക്കും ജീവിക്കണം. ഒരേ വണ്ടിയില്‍ യാത്ര ചെയ്യുകയും വേണം. ജസ്റ്റിസ്‌ ശ്രീദേവി ഏതോ ചാനലില്‍ പറഞ്ഞതുപോലെ പക്വതയാര്‍ന്ന സമീപനം ആണ്‌ ഇരുപക്ഷത്തുനിന്നും ഉണ്ടാകേണ്ടത്‌.

കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍

posted by സ്വാര്‍ത്ഥന്‍ at 7:23 AM

0 Comments:

Post a Comment

<< Home