Monday, August 28, 2006

Suryagayatri സൂര്യഗായത്രി - പൂ...തുമ്പപ്പൂ...

തുമ്പച്ചെടി വളരെ സന്തോഷത്തിലായിരുന്നു. നാളെ അത്തം ആണ്. ഓണപ്പൂക്കളം ഒരോ വീട്ടുമുറ്റത്തും വിരിഞ്ഞു നില്‍ക്കാന്‍ തുടങ്ങുന്ന ദിവസം. തനിക്കുള്ള സ്ഥാനം ഒന്നാമതാണ്. തുമ്പപ്പൂ ഇല്ലാതെ ഓണം ഇല്ല.

ഓരോ കുട്ടികളും മത്സരിച്ച് വരും, പൂ പറിയ്ക്കാന്‍. പിറ്റേ ദിവസവും വേണ്ടത് കൊണ്ട് മെല്ലെ മെല്ലെ തന്നെ വേദനിപ്പിക്കാതെ, പൂ നശിപ്പിക്കാതെ നുള്ളിയെടുക്കും, കുട്ടികള്‍. പിറ്റേ ദിവസം വന്നിട്ട് പറയുന്നതും കേള്‍ക്കാം ‘ഇന്നലെ ഞങ്ങള്‍ക്ക് ഒരുപാട് തുമ്പപ്പൂ കിട്ടിയിരുന്നു’, ഇന്നലെ തുമ്പപ്പൂ നിറഞ്ഞു നിന്നിരുന്നു പൂക്കളത്തില്‍’ എന്നൊക്കെ. വേറെ എന്തൊക്കെ പൂവുണ്ടായാലും തുമ്പപ്പൂ ഇല്ലെങ്കില്‍ പൂക്കളം ഒരു ഭംഗീം ഉണ്ടാവില്ല.

തുമ്പച്ചെടി കാറ്റ് വന്നപ്പോള്‍ ചാഞ്ചാടി. ഇനി പത്ത് ദിവസം ഉത്സവം തന്നെ.

ആരോ വരുന്നുണ്ടല്ലോ.

‘ഇവിടെ നിറച്ചും ചെടിയും പുല്ലും നിറഞ്ഞിട്ടുണ്ടല്ലോ’‍ യെന്നല്ലേ പറയുന്നത്?

തുമ്പച്ചെടിയെ വെറും ചെടികളുടെ കൂട്ടത്തില്‍ കൂട്ടിയോ?

ഒരു കൊച്ചുകുട്ടി വന്ന് തലോടിയല്ലോ.

‘മോനേ, ആ വൃത്തികെട്ട ചെടികള്‍ ഒന്നും തൊടേണ്ട. പുഴുവൊക്കെ ഉണ്ടാകും’.

അയ്യേ, തുമ്പച്ചെടിയെ തിരിച്ചറിയാത്ത ജനങ്ങളോ. ചെടിയ്ക്ക് നല്ല സങ്കടം വന്നു. ഒപ്പം ദേഷ്യവും.

“ഇതൊക്കെ വൃത്തിയാക്കിയിട്ടുവേണം നമ്മുടെ വീടിന്റെ ജോലി തുടങ്ങാന്‍” വേറെ ആരോ പറയുന്നു.

“നാളെത്തന്നെ തുടങ്ങാം എന്നാല്‍.”

“നിന്നോടല്ലേ പറഞ്ഞത് അതൊന്നും തൊടരുതെന്ന് ”

‘അയ്യോ ആരോ തന്നെ മണ്ണില്‍ നിന്ന് പിഴുതെടുത്തുവല്ലോ.’

വലിച്ചെറിഞ്ഞപ്പോള്‍ വീണത് വെള്ളം നിറഞ്ഞ ഏതോ സ്ഥലത്തും.


അവിടെ നനഞ്ഞിരുന്ന്, ജീവന്‍ പോകാനായി കിടക്കുമ്പോള്‍ പഴയ ഓണക്കാലം ഓര്‍ത്ത്‍ തുമ്പച്ചെടിയ്ക്ക് നിസ്സഹായത തോന്നി. അപ്പോഴും അല്പമെങ്കിലും സന്തോഷം വന്നത് “പൂവേ, പൊലി, പൂവേ പൊലി, പൂവേ പൊലി പൂവേ...” എന്ന പാട്ട് ഓര്‍മ്മ വന്നപ്പോഴായിരുന്നു..

തുമ്പച്ചെടികള്‍ നിറഞ്ഞ തൊടിയും, തുമ്പപ്പൂ നിറഞ്ഞ പൂക്കളങ്ങളും, സ്വപ്നം കണ്ട്, പഴയ ഓണക്കാലത്തിന്റെ തിരിച്ചുവരവിനു കാതോര്‍ത്ത്, മാവേലി നാടിന്റെ പുതിയൊരു ഉദയത്തിനായി പ്രാര്‍ത്ഥിച്ച്, തുമ്പച്ചെടി കണ്ണടച്ചു.

posted by സ്വാര്‍ത്ഥന്‍ at 12:33 AM

0 Comments:

Post a Comment

<< Home