Monday, August 28, 2006

ശേഷം ചിന്ത്യം - യ്വര്‍ ഖോള്‍ മേയ് ബീ റെഖോഡഡ്

പെണ്ണും പിടക്കോഴിയുമില്ലാതെ സുഖിച്ചുനടന്ന ഒരു കാലം നിങ്ങളില്‍ പലര്‍ക്കുമെന്ന പോലെ എനിക്കുമുണ്ടായിരുന്നു. അമേരിക്കയിലെത്തി അഞ്ചാറു മാസം കഴിഞ്ഞതോടെ, അടുപ്പിച്ച് മൂന്നു ദിവസം അവധി കിട്ടുന്നത് ഒരു മഹാസംഭവമാണെന്നും, വെള്ളക്കാര്‍ അതിനെ സ്നേഹപൂര്‍വ്വം “ലോംഗ് വീക്കെന്‍ഡ്” എന്നാണ് വിളിക്കുന്നതെന്നും മനസ്സിലാക്കി. ലോംഗ് വീക്കെന്‍ഡു വന്നാല്‍ എങ്ങോട്ടെങ്കിലും യാത്ര പോകാതെ വീട്ടില്‍ കുറ്റിയടിച്ചിരിക്കുന്നതില്‍ പരം അപമാനകരമായ സംഭവമില്ലെന്നും തിരിച്ചറിഞ്ഞു.

“വാറ്റ് ഡിഡ്ജ്യാ ഡൂ?”
“ഓ, വി വെന്‍ റ്റു ലേയ്ക് റ്റാഹോ!”
“ഡ്രിവണ്‍ ഓള്‍ ദ വേയ് ഡൌണ്‍?”
“യേപ്. റ്റ് വോസ് റീയല്‍ ഫണ്‍.”

സായിപ്പിന് സന്തോഷം. നമുക്ക് സന്തോഷവും അഭിമാനവും.

അങ്ങനെ അഭിമാനിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ആറോ ഏഴോ പേരടങ്ങുന്ന ഒരു അവിവാഹിത സംഘം അന്ന് ഷിക്കാഗോയിലായിരുന്ന പ്രാപ്രയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. പലകാര്യങ്ങളും കണ്ട്, തെളിവിനു വേണ്ടി ഫോട്ടോയും എടുത്ത് ഞങ്ങള്‍ ആഹ്ലാദ ചിത്തരായി വീക്കെന്‍ഡ് തള്ളിനീക്കുകയാണ്. ഒരു ദിവസം രാവിലെ ഉണര്‍ന്ന് കുളിജപാദികളൊക്കെ കഴിച്ച് ഞങ്ങള്‍ എങ്ങോട്ടോ ഓടിച്ചു പോകാന്‍ തീരുമാനിച്ചു. അതിനിടയില്‍ ഒരു കോഫി ഷോപ്പിന്‍റെ ‘ഡ്രൈവ് ത്രൂ’ വിലൂടെ പ്രഭാത ഭക്ഷണമാവാമെന്ന് തീരുമാനമായി.

സൂര്യനുതാഴെയുള്ള ഏതു വിഷയവും ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താനുള്ള ചുമതല ദൈവം തമ്പുരാന്‍ ഞങ്ങള്‍ക്ക് നല്‍കിയിരുന്നതിനാല്‍, അന്നു രാവിലെ ഞങ്ങള്‍ തെരഞ്ഞെടുത്ത വിഷയം ഈ നാട്ടിലെ കടകളില്‍ പോയി നമുക്ക് കൃത്യമായി ഉച്ചാരണമോ സ്പെല്ലിംഗോ അറിയാത്ത ഒരു സാധനം വാങ്ങുന്നതിലുള്ള വിഷമത്തെക്കുറിച്ചായിരുന്നു.

അമ്മയെത്തല്ലിയാലും രണ്ടഭിപ്രായമില്ലെങ്കില്‍ പിന്നെന്ത് ചര്‍ച്ച? അതിനാല്‍ ഈ അഭിപ്രായത്തോട് യോജിക്കുന്നവരും അല്ലാത്തവരുമായിത്തിരിഞ്ഞ്, ഡ്രൈവ് ത്രൂവിലെത്തുന്നതു വരെ ഞങ്ങള്‍ വാദം തുടര്‍ന്നു. ഞാന്‍ എന്‍റെ ഭാഗം അവതരിപ്പിച്ചു.

ഞാന്‍: “വേര്‍ ക്യാന്‍ ഐ ഫൈന്‍ഡ് അണ്‍കുക്ക്‍ഡ് റ്റോര്‍റ്റില്ല? (Uncooked Tortilla)
കടയില്‍ നില്‍ക്കുന്നവന്‍: “അണ്‍കുക്ക്‍ഡ് വാറ്റ്?”
ഞാന്‍: “അണ്‍കുക്ക്‍ഡ് റ്റോര്‍റ്റില്ല.”
കടയില്‍ നില്‍ക്കുന്നവന്‍: “ഹും. ഐ ഡോണ്ട് നോ വാറ്റ് യ്വാര്‍ റ്റോക്കിംഗ് ബൌട്ട്... ക്യാന്‍ യു സ്പെല്‍ ദാറ്റ് ഫോര്‍ മി!”
ഞാന്‍: “റ്റി-ഓ-ആര്‍-റ്റി-ഐ-എല്‍‍എല്‍-ഏ”
കടയില്‍ നില്‍ക്കുന്നവന്‍: “ആ! അണ്‍കുക്ക്‍ഡ് റ്റോര്‍റ്റീയ! ലുക് അറ്റ് ഐല്‍ 13.”

റ്റോര്‍റ്റില്ല എന്ന് ചോദിച്ചപ്പോള്‍ റ്റോര്‍റ്റീയ എന്നാണുദ്ദേശിച്ചത് എന്നറിയാന്‍ അല്പം ഡൊമൈന്‍ നോളജും അത് കോണ്ടെക്സ്റ്റില്‍ ഉപയോഗിക്കാനുള്ള സാമാന്യ ബുദ്ധിയും മതി. നമ്മുടെ നാട്ടിലെ ഏതെങ്കിലും മുറുക്കാന്‍ കടയില്‍ ചെന്ന് “നാലു പളവും ഒരു ക്ലാസ് ബെല്ലവും ഒരു ജിഞ്ചി മുട്ടായിയും ചോദിച്ചാല്‍,
മറിച്ചൊരുവാക്കുപോലും ചോദിക്കാതെ നാലു പഴവും ഒരു ക്ലാസുവെള്ളവും ഒരു ഇഞ്ചിമിഠായിയും എടുത്തു കൊടുക്കും. അതുപോലെ തന്നെ, പച്ചക്കറിക്കടയില്‍ ചെന്ന് കത്തിരിക്ക ചോദിച്ചാല്‍ കത്രിക്കയും ‘ഫാന്‍സി സ്റ്റോറില്‍’ ചെന്ന് കത്തിരിക്ക ചോദിച്ചാല്‍ കത്രികയും ‘അതെന്തോന്ന് കുന്തം’ എന്ന മറുചോദ്യമില്ലാതെ കിട്ടുമെന്ന് ഏതാണ്ടുറപ്പല്ലേ? ഇവിടെ, അമേരിക്കയില്‍, അക്കാര്യം അല്പം പ്രയാസമത്രേ. ആരോ റൂട്ട് പൌഡര്‍ (arrowroot powder) അന്വേഷിച്ചു ചെന്ന എന്നെക്കൊണ്ട് കടക്കാരന്‍ ‘ഏരോ രൂട്ട് പൌഡര്‍’ എന്നു പറയിച്ചിട്ടേ സാധനം എവിടെയാണിരിക്കുന്നതെന്ന് പറഞ്ഞു തന്നുള്ളൂ. (ഉച്ചാരണം ആരോരൂട്ട് എന്നാണെന്ന് ഇവിടം സാക്‍ഷ്യപ്പെടുത്തുന്നു.) മറ്റൊരിക്കല്‍, നാട്ടില്‍ക്കിട്ടുന്ന ലാക്ടോഖലാമിന്‍റെ ഓര്‍മയില്‍, ഖലാമിന്‍ ലോഷന്‍ അന്വേഷിച്ച് ചെന്നപ്പോള്‍ അങ്ങനെയൊരു സാധനം ഇല്ലെന്ന് പറഞ്ഞ് മടക്കി വിട്ടു. പുറത്തേയ്ക്ക് പോകുന്ന വഴിയില്‍ ‘ലോഷന്‍സ്’ ഏരിയയില്‍ വെറുതേ പരതിയപ്പോള്‍ അതാ ഇരിക്കുന്നു കക്ഷി. കിട്ടിയ കുപ്പിയുമെടുത്ത് ഫാര്‍മസിസ്റ്റിന്‍റെ അടുത്തു ചെന്നപ്പോള്‍: “ഓ, യു വാന്‍റഡ് ഖാലമിന്‍ ലോഷന്‍?” എന്നായിരുന്നു ചോദ്യം. (ഇവനെ ഉച്ചരിക്കേണ്ടത് ഖാലമൈന്‍ എന്നത്രേ!)

ഓര്‍ഡര്‍ കൊടുക്കാന്‍ സമയമായപ്പോള്‍ കുര്യന്‍ പറഞ്ഞു: “ഈ വാദം നമുക്ക് ഇപ്പോള്‍ തീരുമാനമാക്കാം.”

ഡ്രൈവ് ത്രൂവില്‍ സ്ത്രീ ശബ്ദം: “ഗുഡ് മോണിംഗ്, വാറ്റ് ക്യാന്‍ ഐ ഗെറ്റ്യു?”
കുര്യന്‍: “ഫോര്‍ കാപ്പി, ഫോര്‍ ഒറിജിനല്‍ ഗ്ലെയ്സ്ഡ് ഡോണറ്റ്സ്.”
സ്ത്രീ ശബ്ദം: “ഫോര്‍ കോഫി ആന്‍ഡ് ഫോര്‍ ഡോണറ്റ്സ്, ഈസ് ദാറ്റ് ഓള്‍?”
കുര്യന്‍: “ദു മതി.”
സ്ത്രീ ശബ്ദം: “സെവന്‍ സിക്സ്റ്റീന്‍ അറ്റ് ദ നെക്സ്റ്റ് വിന്‍ഡോ.”

ഡൊമൈന്‍ നോളജും അത് കോണ്ടെക്സ്റ്റില്‍ ഉപയോഗിക്കാനുള്ള സാമാന്യ ബുദ്ധിയും ഉള്ളവര്‍ ഈ നാട്ടില്‍ കുറവാണ് എന്ന് വാദിച്ചവര്‍ തല്ക്കാലം തോറ്റു. എന്നാലും തോല്‍വി എളുപ്പം സമ്മതിച്ചു കൊടുക്കാനുള്ള വിമുഖതകാരണം ഓര്‍ഡര്‍ എടുത്തവള്‍ മെക്സിക്കോക്കാരിയായതാണ് കാപ്പി എന്ന് പറഞ്ഞപ്പോള്‍ കോഫി എന്നാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കിയതെന്ന് ഞങ്ങള്‍ വാദിച്ചു കൊണ്ടിരുന്നു.

ഇത്രയും ഓര്‍ക്കാന്‍ കാരണം, ഈ അടുത്തിടെ മൈക്രോസോഫ്റ്റ് റ്റെക്നിക്കല്‍ സപ്പോര്‍ട് എന്ന വിഷയവുമായെത്തിയ ഒരു ഈ-മെയിലില്‍ കണ്ട ഓഡിയോ ലിങ്ക് ആണ്.

ഇതു കേള്‍ക്കുമ്പോള്‍, ഇത്ര പരിതാപകരമാണോ മൈക്രോസോഫ്റ്റിന്‍റെ ഗതി എന്ന് നിങ്ങള്‍ക്ക് തോന്നിപ്പോകും. ഒരു കണക്കിനു നോക്കിയാല്‍, ഇത്ര മാത്രമല്ല, ഇതിലും പരിതാപകരമാണ് പലപ്പോഴും. മൈക്രോസോഫ്റ്റ് റ്റെക്നിക്കല്‍ സപ്പോര്‍ട് (ഇന്ത്യയുള്‍പ്പടെ) വിവിധ രാജ്യങ്ങളില്‍ നിന്നാണ് നടത്തിവരുന്നത്. സഹായത്തിനു വേണ്ടി വിളിക്കുന്നവര്‍ക്ക് ഏത് രാജ്യത്തിലെ ഓഫീസില്‍ നിന്നാണ് സഹായം കിട്ടുക എന്നറിയാന്‍ പ്രയാസമാണ്. അതിനാല്‍ തന്നെ, വിളിക്കുന്നവന്‍ മറുതലയ്ക്കല്‍ നിന്നും ഇംഗ്ലീഷ് മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ! ചിലപ്പോള്‍ ചൈനീസ് ആക്സന്‍റിലായിരിക്കും, ചിലപ്പോള്‍ ഇന്ത്യയിലെ തന്നെ ഏതെങ്കിലും പ്രാദേശിക ആക്സന്‍റില്‍. സീറൊ എന്നതിനു പകരം ജീറോ എന്ന് പറയുന്നവരുണ്ടാകാം. ഇവരുടെ വരികളില്‍ ചില ചെറിയ വ്യാകരണത്തെറ്റുകള്‍ കടന്നു വന്നേക്കാം. എന്നാലും ഒന്നുണ്ട്: ചോദിക്കുന്ന വിഷയത്തില്‍ ഇവര്‍ക്ക് ജ്ഞാനമുണ്ടാവും. കേള്‍ക്കുന്നയാളിന് മനസ്സിലാക്കിയെടുക്കാന്‍ പ്രയാസമേയില്ല (ചിലപ്പോള്‍ അല്പം സാമാന്യ ബുദ്ധി ഉപയോഗിക്കേണ്ടി വരുമെന്ന് മാത്രം).

അങ്ങേത്തലയ്ക്കല്‍ നിന്നും നമ്മോട് സംസാരിക്കുന്നത് ഇങ്ങനെ സാമാന്യ ബുദ്ധി പ്രയോഗിക്കാന്‍ കഴിവുള്ള ആളാണോ, അല്ലെങ്കില്‍ ചോദിക്കുന്ന ചോദ്യത്തെക്കുറിച്ച് അവഗാഹമുള്ള ആളാണോ എന്ന് നിശ്ചയിക്കുക എളുപ്പമാണ്.

“ഹാവ് യു കോള്‍ഡ് കോപ്രോക്സിബ്ലാങ്കറ്റ് ഓണ്‍ ദ ഇന്‍റര്‍ഫേയ്സ്?”
“വാറ്റ് ബ്ലാങ്കറ്റ് നൌ?”
“സിന്‍സ് വി മേയ് ഹാഫ് റ്റു ചേയ്ഞ്ച് സം ഖോഡ്, ഐ വില്‍ ഹാഫ് റ്റു റ്റോക് റ്റു എ ഡിവലപ്പര്‍ ഓണ്‍ ദിസ്. ക്യാന്‍ വി ഗെറ്റ് സം‍വണ്‍ ഓണ്‍ ദ ലൈന്‍?”

അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ് നമ്മള്‍ കോക്രിയേയ്റ്റ്‍ഇന്‍സ്റ്റന്‍സ് എന്ന് പറയുമ്പോള്‍ മറ്റവന്‍ കാക്കറമൂക്കറ എന്ന് കേള്‍ക്കുന്നത്.

ഇത്തരം സംഭാഷണങ്ങളൊക്കെ പലപ്പോഴും മൈക്രോസോഫ്റ്റും ഇതര കമ്പനികളും റെഖോഡ് ചെയ്യാറുണ്ട്. ട്രെയിനിംഗിനു വേണ്ടിയും മറ്റും. പിന്നെ ഉപയോക്താക്കളോട് മര്യാദവിട്ട് സംസാരിക്കുകയോ മറ്റോ ചെയ്താല്‍ ജീവനക്കാരനെ പുറത്താക്കി കമ്പനിയുടെ മാനം രക്ഷിക്കാനും.

posted by സ്വാര്‍ത്ഥന്‍ at 12:33 AM

0 Comments:

Post a Comment

<< Home