മലയാള കവിതാലോകം - ഒടിച്ചുമടക്കിയ ദര്‍ശനം
URL:http://kaavyanarthaki.blogspot.com/2006/07/blog-post.html | Published: 7/30/2006 11:17 PM |
Author: കാവ്യനര്‍ത്തകി |
“വെളിച്ചത്തിന് എന്തൊരു വെളിച്ചമാണെ“ന്ന് ബഷീര്‍ എഴുതുമ്പോള്‍ നാം സത്യത്തില്‍ നിന്ന് അതിസത്യത്തിലേക്ക് ആനയിക്കപ്പെടുന്നു. “ആളുകള്‍ കണ്ടു കണ്ടാണ്‍ സാര്‍, കടലുകള്‍ ഇത്ര വലുതായത്” എന്ന് ശങ്കരപ്പിള്ള സാര്‍ പറയുമ്പോള്‍ ആ തല തിരിഞ്ഞ ദര്‍ശനത്തിന്റെ സാധ്യത കുഴക്കുന്ന ഒരു പ്രശ്നമായി നമ്മെ ചൂഴ്ന്നു നില്‍ക്കുന്നു.
തൊണ്ണൂറുകളുടെ ആദ്യപാദത്തില്‍ “രംമരം മരമരമെന്ന്” നിവര്‍ന്നു നിന്നു ചെവിയാട്ടുന്ന കവിതകളുമായി കെ.ജി.ശങ്കരപ്പിള്ള സാറും സമകാലീന മലയാളവും(ശങ്കരപ്പിള്ള സാറിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന പ്രസിദ്ധീകരണം) എറണാകുളത്തിന്റെ കലാലയച്ചുവടുകളെ ചര്‍ച്ചാവേദികളാക്കിയിരുന്നു. ഒരിക്കലുമില്ലാത്ത വിധം പുതുകവിതയുടെ സാധ്യതകള്‍ തെളിഞ്ഞു വരികയായിരുന്നു. അക്ഷരത്തെ സ്നേഹിച്ചവര്‍ കവിതയെക്കുറിച്ച് തര്‍ക്കിച്ചൂം പരിഭവിച്ചും സാറിനൊപ്പം നടന്നു. പ്രണയത്തേക്കാള്‍ ഒരു വേള കവിതയെ പ്രണയിച്ചു കൊണ്ട്. പിന്നെ അവരോരോരുത്തരും പുതിയ വഴികളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയപ്പോള്‍ സാറും സമകാലീന മലയാളവും അടുത്തൂണ്‍ പറ്റിപ്പിരിഞ്ഞ് എറണാകുളം വിട്ടു പോയി. സാറിനൊപ്പം നടന്ന വിദ്യാര്‍ത്ഥികള്‍ പലരും ഇന്നു അവരവരുടെ മരങ്ങളില്‍ ചിറക് വിരിക്കുന്നു.
കെ.ജി.എസിന്റെ കവിതകളില്‍ ആദ്യകാലത്ത് പ്രകടമല്ലാതിരുന്ന തലതിരിച്ചില്‍ (subversion) ആണ്‍ അദ്ദേഹത്തിന്റെ പില്‍ക്കാല കവിതകളെ ശ്രദ്ധേയമാക്കുന്നത്. കാവ്യജീവിതത്തിന്റെ തുടക്കത്തില്‍ ദൃശ്യമാകുന്ന അതികാല്പനികതയില്‍ നിന്ന് വളരെ വേഗം അദ്ദേഹം മുക്തനാകുന്നതായി കാണാം. ബംഗാള്‍ എന്ന കവിതയില്‍ മാറ്റൊലിക്കൊള്ളുന്ന വിപ്ലവത്തിന്റെ ഇടിമുഴക്കം അടിയന്തരാവസ്ഥയിലെത്തുമ്പോള്‍ കയ്പേറിയ നിരീക്ഷണങ്ങള്‍ക്ക് വഴി മാറിക്കൊടുക്കുന്നു. കയ്പ്പും നിരാശയും മറികടന്നു കൊണ്ടു എണ്‍പതുകളുടെ തുടക്കത്തില്‍ തലതിരിച്ചിലിന്റെ സൌന്ദര്യശാസ്ത്രം അദ്ദേഹം വികസിപ്പിച്ചെടുക്കുന്നതായിക്കാണാം. ഇവിടെ കവിയെന്ന നിലയില്‍ ശങ്കരപ്പിള്ള സാറിന്റെ പരിണാമം പൂര്‍ത്തിയായിരിക്കണം. “കൊച്ചിയിലെ വൃക്ഷങ്ങള്‍“ ഈ വിരുദ്ധോക്തിയുടെ കരുത്ത് വിളിച്ചു പറയുന്നു:
ഒരു കാലത്ത്
തൃക്കാക്കര മുതല്‍
കൊച്ചിത്തുറമുഖം വരെയുള്ള വഴി
ഒരു നേര്‍വര പോലെ
വിശ്വാസം നിറഞ്ഞതായിരുന്നു
......
ആ വഴിയുടെ ഇരുപാടുമോ
രംമരം മരമരം മരമരം എന്ന്
മഹാമരങ്ങള്‍
ചെവിയാട്ടി വാലാട്ടി തുമ്പിയാട്ടി
നിരനിരയായി നിവര്‍ന്നു നിന്നിരുന്നു
......
അഭയത്തിന്റെ വിരൂപശിഖരത്തില്‍
ഇടപ്പള്ളി ദൈന്യത്തിന്റെ പതാകയായി
മണ്ണിലും വിണ്ണിലും
പക്ഷിക്കൂട്ടം പോലെ
ചങ്ങമ്പുഴ തഴച്ചു
......
ആ വഴിയുടെ ഇരുപാടുമോ
ചെറുതും വലുതുമായ
പുകക്കുഴലുകളുയര്‍ന്നു
വളം നിര്‍മ്മാണശാല
മരുന്നു നിര്‍മ്മാണശാല
സര്‍വകലാശാല
സാഹിത്യശില്പശാല
(കൊച്ചിയിലെ വൃക്ഷങ്ങള്‍)
പൂര്‍വ്വസൂരികളുടെ തണല്‍ കച്ചവടത്തിനായി വെട്ടിമാറ്റപ്പെട്ട, തലയറ്റ, വാലറ്റ ഒരു കൊച്ചിയെ ഈ വിരുദ്ധോക്തികള്‍ തൊട്ടു കാണിക്കുന്നു.
“കടമ്പനാട്ട് കടമ്പില്ല” എന്ന കവിതയിലെത്തുമ്പോഴേക്കും വൈയക്തികമായ ഒരു അനുഭവമായി പ്രകൃതിയെത്തുന്നു:
അമ്മ പറഞ്ഞു:
കടമ്പാണ്‍ നിന്‍ വൃക്ഷം
മയിലാണ്‍ പക്ഷി
നിന്‍ മൃഗം കുതിരയും.
പിന്നെത്തിരയലായ് സ്കൂള്‍കാലമാകെ ഞാന്‍:
കടമ്പെവിടെ?
മയിലെവിടെ?
എവിടെയെന്‍ കുതിരയും?
എല്ലാ മരങ്ങളും കണ്ടു കിട്ടിയിട്ടും കടമ്പ് കാണാതെ ഒടുക്കം അതു കണ്ടെത്തുമ്പോഴോ!
പിന്നെ,
പഠിപ്പും കഴിഞ്ഞ്
പല നാടലഞ്ഞ്
പണിയും കിട
ഞ്ഞകലെ വന്‌നഗരിയില്‍
പാര്‍പ്പും തുടങ്ങി ഞാ-
നൊരു ദിവസമുച്ചയ്ക്ക്
പാര്‍ക്കിലെ ബെഞ്ചില്‍ കക്കാടിന്റെ
യക്ഷനെ നേരെ കണ്ടിരിക്കുമ്പോള്‍
അതാ മുന്നില്‍:
നെഞ്ചിലൊരു കരിംതകിടില്‍
സ്വന്തം പേരുമായൊരു
വൃദ്ധനാം പോലീസുപോ-
ലിച്ഛാശൂന്യനായ്
നില്‍ക്കുന്നു നെടുങ്കനൊരു
നീലക്കടമ്പ്!
(കടമ്പനാട്ട് കടമ്പില്ല)
നാഗരികതയാല്‍ ചവിട്ടിയരക്കപ്പെടുന്ന പ്രക്രുതി കവിതയില്‍ വിരുദ്ധോക്തിയായി,സ്വയംനിന്ദയായി,പ്രതിഷേധമായി, യാചനയായി കടന്നു വരുന്നു:
പറയാത്ത പ്രിയവാക്ക്
കെട്ടിക്കിടന്നെന്റെ
നാവു കയ്ക്കുന്നു.
പോകാത്ത നേര്‍വഴികള്‍
ചുറ്റിപ്പിണഞ്ഞെന്റെ
കാല്‍ കനക്കുന്നു.
(അന്യാധീനം)
കാണരുത് മൃഗശാലയേകനായ്
നഗരത്തില്‍ ഞാനിന്ന്
വന്നതതിനല്ല
(മെഴുക്കു പുരണ്ട ചാരുകസേര)
ഈ പ്രകൃതിബോധവും, തലതിരിച്ചിലും (subversion) ഇനിയുള്ള കവിതകളില്‍ തീക്ഷ്ണമായ ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ്‍ പ്രത്യക്ഷപ്പെടുക:
“സാറിനെപ്പോലുള്ളവരുടെ
പല പോസിലുള്ള ഫോട്ടോകള്‍
വേണം സാര്‍.
ചാഞ്ഞും ചെരിഞ്ഞും
നിന്നും നടന്നുമുള്ളവ
....
ആളുകള്‍ കണ്ടു കണ്ടാണ്‍ സര്‍
കടലുകള്‍ ഇത്ര വലുതായത്
പുഴകള്‍ ഇതിഹാസങ്ങളായത്
ഫോട്ടോ എടുത്തെടുത്ത്
തന്റെ മുഖം തേഞ്ഞു പോയി എന്ന്
വൈക്കം മുഹമ്മദ് ബഷീര്‍ ദു:ഖിക്കുന്നു.
പക്ഷേ, ഒന്നോര്‍ക്കണം സാര്‍,
അതേ വിദ്യ കൊണ്ട് തുടുത്തുദിച്ചവരാണ്‍
നമ്മുടെ നേതൃതാരങ്ങള്‍
(പല പോസിലുള്ള ഫോട്ടോകള്‍)
ജീവിതത്തിന്റെ കപടതയാണ്‍ പ്രകൃതിയുമായുള്ള താദാത്മ്യം അസാധ്യമാക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്.
തത്വചിന്തയുമായി
ഞാനെന്റെ ഫ്ലാറ്റില്‍ ഉലാത്തുമ്പോള്‍
ഏഴാം നിലയിലെ വെയില്‍മറയില്‍
വാമനനായി
ഒരു അരയാല്‍ച്ചെടി.
ജനാലയിലൂടെ അത്
എന്നെത്തന്നെ തൊഴുത് നില്‍ക്കുന്നു.
പാവം അതിനറിയില്ലെന്നു തോന്നുന്നു
ഏഴാം നിലയാണിതെന്ന്.
അരയാലിന്‍ പടരാന്‍
ഇവിടെ നിലമില്ലെന്ന്.
“മേഘത്തെപ്പോലെ
വിശ്വസ്ത ദൂതനാവാം സാര്‍.
വീണ പൂവോ തരിശു ഭൂമിയോ പോലെ
ഉത്തമബിംബമാവാം സാര്‍.”
......
“വേണ്ടാ.”
തത്ത്വചിന്തയുമായി ഞാനുലാത്തുമ്പോള്‍
വെറുതെ പ്രകൃതി കടന്നുവരേണ്ട.
കാറ്റ് വന്നോട്ടെ
ടി വി പ്രോഗ്രാം പോലെ
വെളിച്ചവും വന്നോട്ടെ. പക്ഷേ,
പാഴ്ക്കാഴ്ച വേണ്ട
പാഴൊച്ച വേണ്ട
പാഴ്മരം വേണ്ട. അതിലെ
പാഴ്മധുരവും വേണ്ട.
അതിനറിയില്ലെന്നു തോന്നുന്നു
ബോധോദയത്തിന്‍ എനിക്കിനി
ബോധിപ്രകൃതി വേണ്ടെന്ന്.
(തത്ത്വചിന്തയുമായി ഞാനുലുത്തുമ്പോള്‍)
കഴുതകളായി നടിക്കേണ്ടി വന്ന കുതിരകള്‍, പ്രഫസര്‍ വിവിധഗമനന്റെ ഒരു വിചിത്രാനുഭവം എന്നിങ്ങനെ പിന്നീടുണ്ടായ കവിതകളില്‍ ശങ്കരപ്പിള്ള സാറ് തന്റെ തന്നെ ശൈലിയുടെ അടിമയായി മാറി എന്നൊരു വിമര്‍ശനമുണ്ട്. എന്നാല്‍ അപ്പോഴേക്കും മലയാളത്തില്‍ ആരും എത്താത്ത ദൂരം അദ്ദേഹം നടന്നു തീര്‍ത്തിരുന്നു. ഇന്ന് ഓര്‍മ്മ ഒരു വലിയ പക്ഷിസങ്കേതമായി (ഒടിച്ചു മടക്കിയ ആകാശം) അദ്ദേഹത്തിന്‍ സാന്ത്വനമരുളുന്നുണ്ടാകണം. ഇത് വഴിപിരിഞ്ഞു പോയ ഒരു ശിഷ്യന്റെ പ്രണാമം.

0 Comments:
Post a Comment
<< Home