Monday, June 19, 2006

നെടുമങ്ങാടീയം - അനുരാധ

URL:http://nedumangad.blogspot.com/2006/06/blog-post_18.htmlPublished: 6/19/2006 12:18 PM
 Author: kuma®

അനുരാധ എന്നായിരുന്നു അവള്‍ അറിയപ്പെട്ടിരുന്നത്‌. മുട്ടുവരെ വേഷം. അറടിയോളം പൊക്കം. അതുകാരണം അരയില്‍ ചുറ്റിയിരുന്ന സാരിത്തുണ്ട് പലപ്പോഴും മുട്ടിനുമുകളില്‍ തന്നെ നില്‍ക്കും. അത്‌ പിന്നെയും എത്ര മുകളിലേക്ക്‌ പോയാലും അവള്‍ക്ക് പ്രശ്നമില്ല. പക്ഷെ മാറുമറയ്ക്കുന്ന കാര്യത്തില്‍ അതീവശ്രദ്ധാലുവായിരുന്നു. മാറുമറയ്ക്കാതെ ആരും അവളെ കണ്ടിട്ടില്ല.


രാത്രിമഴ കഴിഞ്ഞ്‌ അല്‍പ്പം താമസിച്ചു പുലര്‍ന്ന ഒരു ബുധനാഴ്ചയാണ്‌ ബസ്റ്റാന്റിന്റെ സിമന്റു ബഞ്ചില്‍ അവള്‍ പ്രത്യക്ഷപ്പെട്ടത്‌. വെയില്‍ മൂക്കുന്നത്‌ വരെ അവള്‍ അവിടെ ബസിന്റെ വരവും പോക്കും നോക്കിയിരുന്നു. അവളുടെ പരിസരങ്ങളില്‍ മനപൂര്‍വ്വം വെറുതെ നിന്ന ചിലര്‍ അവളുടെ മുട്ടുവരെ ഉള്ള പുടവയുടെ വരവും പോക്കും ആയിരുന്നു നോക്കിയിരുന്നത്‌.
നാടകത്തിനിടയില്‍ അറിയാതെ കുടുംബകാര്യങ്ങള്‍ ഓര്‍ത്തിരുന്ന നടി തന്റെ സീന്‍ ആയി എന്നറിഞ്ഞ്‌ ഞെട്ടി ഉണര്‍ന്നപോലെ അവള്‍ എണീറ്റു. അവള്‍ പുറത്തേക്കിറങ്ങി. സ്റ്റാന്റിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള "ഗോ സ്ലോ" എന്നുള്ള ബോര്‍ഡില്‍ അവള്‍ കൈചുട്ടി ഒന്നു കറങ്ങി. അവളുടേ ചേല കാറ്റിലുലഞ്ഞു. അവള്‍ പിന്നെ നാരായണപിള്ളയുടെ കടയിലേക്ക്‌.


വയറിലെ ചേല അല്‍പ്പം താഴ്‌ത്തി മടിക്കുത്തില്‍ നിന്നും പണസഞ്ചി വലിച്ചെടുക്കുമ്പോള്‍ നാരയണപിള്ളയുടെ കടയ്ക്കരുകില്‍ ബീഡിതെറുത്തിരുന്ന നാഗപ്പന്‍ അവളുടെ വെളുത്ത വയറിലേക്ക്‌ നോട്ടമെറിഞ്ഞു. അയാളുടെ കയ്യിലിരുന്ന നൂല്‍ ബീഡിയും കഴിഞ്ഞ്‌ വിരലില്‍ ചുറ്റിപ്പൊട്ടി.
അവള്‍ ആ ശീലയില്‍ ഇന്നും രണ്ട്‌ ഒറ്റരൂപാ നാണയം എടുത്ത്‌ നാരങ്ങാമിഠായിയുടെ കുപ്പിക്കു മുകളില്‍ വച്ചു. നാരായണ പിള്ള അവളെ നോക്കി. അവള്‍ രണ്ടുവിരല്‍ ഉയര്‍ത്തി സിഗരറ്റ്‌ വലിച്ചൂതുന്ന ആക്ഷന്‍ കാണിച്ചു. പിള്ള ഞെട്ടി. ഞെട്ടലില്‍ നിന്നും തന്റെ ശോഷിച്ച ശരീരം ഊരിമാറ്റും മുന്‍പു തന്നെ അയാളുടെ വിരലുകള്‍ സിസറിന്റെ ടിന്നിനു മുകളില്‍ പോയി. അതല്ല എന്ന് അവള്‍ ആക്ഷന്‍ കാണിച്ചു. എന്നിട്ട്‌ നാഗപ്പന്റെ നിറഞ്ഞുകിടക്കുന്ന ബീഡിമുറത്തിലേക്ക്‌ കൈ ചൂണ്ടി.
ഇപ്പോള്‍ ഞെട്ടിയത്‌ നാഗപ്പനാണ്‌.
കയ്യില്‍ കിട്ടിയ ബീഡിയില്‍ ഒന്നു വായില്‍ വച്ചു. ബാക്കിയെല്ലാം വയറിനോട്‌ ചേര്‍ന്നുള്ള അറയില്‍ വച്ചു. കീറിയിട്ടിരുന്ന സിഗരറ്റുകവറിന്റെ തുണ്ടില്‍ നിന്നും ഒന്നെടുത്ത്‌ കുഞ്ഞു ചിമ്മിനി വിളക്കില്‍ നിന്നും തീകത്തിച്ചു ബീഡിയിലേക്ക്‌ പകര്‍ന്നു. പിന്നെ ആഞ്ഞൊന്നുവലിച്ചു. അവളുടെ വെളുത്ത വയറില്‍ ചുളുവികള്‍ വീണത്‌ നാഗപ്പന്‍ കണ്ടു. അവള്‍ നെടുമങ്ങാടിന്റെ തെരുവിലേക്കിറങ്ങി. അവള്‍ ഊതിവിട്ട പുക നെടുമങ്ങാടിന്റെ ഉച്ഛ്വാസവായുവില്‍ ലയിച്ചു.


നാരയണപിള്ളയുടെ കടയില്‍ ഇരുന്നു നാഗപ്പന്‍ തീര്‍ത്ത ബീഡികള്‍ മാത്രമല്ല ഒരുപാട്‌ നാഗപ്പന്മാര്‍ ഒരുപാട്‌ കടകളില്‍ ഇരുന്നു തീര്‍ത്തുവിട്ട ബീഡികള്‍ അവള്‍ വാങ്ങി കത്തിച്ച്‌ നാടിന്റെ തിരക്കിലേക്ക്‌ പുകയൂതി. ആ പുകയ്ക്കൊപ്പം അവളും നെടുമങ്ങാടിന്റെ ഭാഗമാവുകയായിരുന്നു. അവളുടെ വേഷവിധാനങ്ങളുടെ പ്രത്യേകതയാവും അവള്‍ക്ക്‌ വളരെ വേഗത്തില്‍ അനുരാധ എന്നുള്ള മനോഹരമായ്‌ പേരു പതിച്ചുകൊടുത്തു. അന്ന് അവിടുത്ത സിനിമാതീയറ്ററുകളില്‍ മോര്‍ണിംഗ്‌ ഷോയ്ക്കും സെക്കന്റ്‌ ഷോയ്ക്കും റീലുകള്‍ കറക്കിയിരുന്ന സെന്‍സേഷന്‍ ആയിരുന്നു നടി അനുരാധ. എല്ലാവിധ അചാര്യ മര്യാദകളോടും കൂടി ആ പേരുതന്നെ അവള്‍ക്ക് നാട്ടുകാര്‍ സമ്മാനിച്ചു. അല്ലെങ്കിലും രസകരമയ പേരിടുന്നതില്‍ ഞങ്ങളുടെ നാട്ടുകാര്‍ വളരെ മുന്നിലാണ്‌.


ബസ്റ്റാന്റിലെ സിമന്റ്‌ ബഞ്ചില്‍ ഉറങ്ങിയും എല്‍ പി സ്കൂളിലെ കുഞ്ഞുങ്ങളൊത്ത്‌ ചിരിച്ചും പോലീസുകാരെ നോക്കി കൊഞ്ചിയും മുന്നില്‍ കാണുന്ന ചായക്കട ഏതായാലും അവിടെ ഒരു ഇലയ്ക്ക്‌ കൈനീട്ടിയും സ്ഥലത്തെ പ്രധാന റൌഡികളോടൊത്ത്‌ തണ്ടുകാണിച്ചും കണ്ടവരോടൊക്കെ തെണ്ടിയും അനുരാധ ജീവിച്ചു. പക്ഷെ അവള്‍ മാന്യമായാണ്‌ അവിടെ വളര്‍ന്നത്‌. അവളെക്കുറിച്ച്‌ ഒരു ചീത്തവക്കുപോലും അവിടുത്തെ രാത്രികള്‍ കേട്ടിട്ടില്ല. ചില രാത്രികളില്‍ ഞങ്ങള്‍ക്ക്‌ അന്യമായ അവളുടെ ഭാഷയില്‍ ആരൊടെന്ന പോലെ അവള്‍ ഉറക്കെ ഉറക്കെ സംസാരിക്കും. അതില്‍ നിന്നും നാട്ടുകാരില്‍ ചിലര്‍ മനസിലാക്കി ഇവള്‍ക്ക്‌ ഭ്രാന്ത്‌ ആണ്‌ എന്ന്.
അവള്‍ ആദ്യം പഠിച്ച മലയാളം വാക്കുകള്‍ മറ്റ്‌ എല്ലാവരേയും പോലെ എത്തിപ്പെട്ട നാട്ടിലെ ചീത്തകളാണ്‌.


കാലം കഴിയും തോറും അനുരാധയില്‍ ഒരു മാറ്റം വന്നു തുടങ്ങി. അവള്‍ കറുത്തു തുടങ്ങി. അതിന്റെ രഹസ്യവും നാട്ടില്‍ പാട്ടായി. അതിന്റെ രഹസ്യം കണ്ടുപിടിച്ചത്‌ രത്നാകരയണ്ണന്റെ മില്ലില്‍ അരിപൊടിക്കാന്‍ നില്‍ക്കുന്ന ബാബു ആണ്‌. എന്നും ഉച്ചയ്ക്ക്‌ അനുരാധ കല്ലമ്പാറ ആറ്റില്‍ നീരാടാന്‍ എന്നപോലെ വരും. ആ തക്കം നോക്കി ബാബുവും അവിടെ ചുറ്റിപറ്റിയുണ്ടാവും. ബാബുവിന്റെ പകുതിയടഞ്ഞ കണ്ണുകളില്‍ ഇതുവരെ അനുരാധയുടെ ഒരു കുളിസീന്‍ പതിഞ്ഞില്ല. ആ നിരാശയുടെ പ്രതിഫലനമാണ്‌ ഈ കണ്ടെത്തല്‍. ഒരുപാട്‌ കൊണ്ട ഉച്ചവെയിലിന്റെ ശക്തിയില്‍ ബാബു തറപ്പിച്ചു പറഞ്ഞു.
"തള്ളെ അവള്‌ കുളിക്കൂല. അമ്മേണ!
അതല്ലീ കറുകറാന്ന് ഇരിക്കിനത്‌"
"അപ്പഴ്‌ പിന്നെ അവളിവടന്ന് ഒന്നിരാടം ദെവസങ്ങളില്‌ ഒര്‌ പീസ്‌ സ്വാപ്പും വാങ്ങിച്ചോണ്ട്‌ പ്വോണത്‌ എന്തരിന്‌?" സംശയം തീരാതെ സോമന്‍ മേശിരി ചോദിച്ചു.
"അത്‌ അവള ആ തോളിച്ചീല എടുത്ത്‌ വച്ച്‌ കല്ലിലിട്ട്‌ ഒരയ്ക്കാന്‍. പിന്നല്ലാതെ എന്തരിന്‌"
തുണ്ടുപടം കാണാന്‍ കേറിയിട്ട്‌ ഒന്നും കാണാനാവതെ പടം തീര്‍ന്നിറങ്ങിവന്നവന്റെ ദേഷ്യവും
നിരാശയും ബാബുവിന്റെ വാക്കുകളില്‍ നിഴലിച്ചു.
"ഉം സത്യം തന്നേരിക്കും യെവന്‍ പറയിനത്‌. പ്‌രാന്തൊള്ളവര്‌ കുളിക്കൂല"
സോമന്‍ മേശിരി തന്റെ അറിവ്‌ മറ്റുള്ളവര്‍ക്ക്‌ പങ്കുവച്ചു. പതിവുപോലെ ഒരു പാട്‌ ഇംഗ്ലീഷ്‌ വാക്കുകള്‍ തിരുകി കയറ്റി. പണ്ട്‌ ഏ വി എമ്മില്‍ പണിക്ക്‌ പോയിരുന്നപ്പോള്‍ അവിടെ കണ്ട ഒരു ഭ്രാന്തന്റെ കഥ (മേശിരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ നല്ല 'സ്ട്രാങ്ങ്‌ മെന്റലിന്റെ' കഥ) ഒരു ഉദാഹരണമായും പറഞ്ഞു.


അനുരാധയുടെ കുളിയില്‍ നിന്ന് വിഷയം മാറി നമ്മള്‍ സോമന്‍ മേശിരിയിലേക്ക്‌ പോകാന്‍ പാടില്ല. സോമന്‍ മേശിരിയെ പണ്ടു നമ്മള്‍ പരിചയപ്പെട്ടതാണ്‌.


അതെ അനുരാധ. അവള്‍ കുളിക്കില്ല. നാട്‌ മുഴുവന്‍ പറഞ്ഞു നടന്നു. അനുരാധയ്ക്ക്‌ മാത്രം അറിയില്ല നാട്ടുകാരുടെ പരാതി ഇതാണെന്ന്. അവള്‍ കണംകാലിനു മുകളില്‍ സാരിത്തുണ്ടും തെറുത്തുകയറ്റി വലത്തു നിന്നും ഇടത്തേക്ക്‌ മാറും മറച്ച്‌ നടന്നു. രാത്രികളില്‍ സിമന്റു ബഞ്ചില്‍ അവളുടെ ഭാഷയില്‍ ആക്രോശിച്ച്‌ ബീഡിപ്പുക മുകളിലേക്ക്‌ ഊതി. ബീഡിക്കറപുരണ്ട അവളുടെ വായില്‍ നിന്നും ഇടയ്ക്കിടെ വീണുകൊണ്ടിരുന്ന മലയാളം ചീത്തകള്‍ ഇരുളില്‍ സിമന്റു ബഞ്ചിനു ചുറ്റും ചൂടുപിടിച്ചുകിടന്നു.


എകദേശം നാലുമാസം ആയിക്കാണും, കുളിക്കാത്ത അനുരാധയുടെ കുളിതെറ്റി. ബസ്റ്റാന്റിലെ സിമന്റു ബഞ്ചിലും സ്കൂളിന്റെ വരാന്തയിലും അവള്‍ മഞ്ഞനിറത്തില്‍ ചര്‍ദ്ദിച്ചു. ജെയിംസ്‌ ആശാന്റെ പച്ചക്കറികടയില്‍ വില്‍ക്കാന്‍ വച്ചിരുന്ന പച്ചമാങ്ങ അവള്‍ എടുത്ത്‌ കടിച്ചു. തൊട്ടടുത്ത്‌ പച്ചപ്പയറും തേങ്ങയും വില്‍ക്കാനിരുന്ന ഭാര്‍ഗ്ഗവിത്തള്ളയാണ്‌ അത്‌ കണ്ടുപിടിച്ചത്‌. അവര്‍ ഉറക്കെപ്പറഞ്ഞു

"ആശാനെ ഇതു കണ്ടാ, അവള്‌ പച്ചമാങ്ങ എട്‌ത്ത്‌ കടിക്കൈനത്‌. യെവക്ക്‌ ഗെര്‍പ്പം ആണ്‌. ചുമ്മയല്ല യെവള്‌ കക്കിക്കോണ്ട്‌ നടന്നത്‌."


ഗര്‍ഭിണിയായ അനുരാധ പുകയും വിട്ട്‌ തെരുവിലൂടെ നടന്നു. കുറച്ചു മാസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ അവള്‍ക്ക്‌ മുന്നിലായി അവളുടെ വയറും നടന്നു.
ഉച്ചയ്ക്ക്‌ കല്ലമ്പാറയില്‍ ആറ്റിന്റെ കരയില്‍ കാലുകള്‍ വെള്ളത്തിലേക്ക്‌ ഇറക്കി അവളിരുന്നു. അവളുടേ വയറ്റില്‍ വെയില്‍ തട്ടിയപ്പോള്‍ അവിടെ കുഞ്ഞു പാദങ്ങള്‍ തെളിഞ്ഞുവന്നു. പിന്നെയും ഒരിക്കല്‍ കൂടി അവളുടെ വയര്‍ അനങ്ങി. പക്ഷെ അവള്‍ മാത്രം അറിഞ്ഞില്ല അവളുടെ വയറ്റിലെ ആളനക്കം.


അവള്‍ പണ്ടുമുതല്‍ എന്ന പോലെ തെരുവിലൂടെ വെറുതെ നടന്നു. കോലപ്പന്‍ വൈദ്യരുടെ വൈദ്യശാലയുടെ മുന്നിലെ മുറുക്കാന്‍ കടയില്‍ അവള്‍ ബീഡിവാങ്ങാനായി ഒരു നിമിഷം അവളുടെ യാത്ര നിന്നു. അടുത്തിരുന്ന കമലാസനനോട്‌ വൈദ്യര്‍ പറഞ്ഞു,
"അവക്ക്‌ നല്ല ക്ഷീണമൊണ്ട്‌. എങ്ങനെ ഇല്ലായിരിക്കും? പെറാനൊള്ള പെണ്ണ്‍ കഴിക്കാനൊള്ള വല്ലതും യെവളു
കഴിച്ചിട്ടൊണ്ടാ?" അതും പറഞ്ഞ്‌ വൈദ്യര്‍ അകത്തു നിന്നും ഒരു ലേഹ്യം എടുത്തു കൊണ്ടുവന്ന് അവള്‍ക്ക്‌ കൊടുത്തു.
വൈദ്യരെ ഒന്നു നോക്കിയ ശേഷം അതില്‍ വിരലിട്ട്‌ അല്‍പ്പം എടുത്ത്‌ നാക്കില്‍ തേച്ചു അതിന്റെ ചവര്‍പ്പ്‌ സഹിക്കാതെ ആ ടിന്ന്‌ ഓടയിലേക്ക്‌ എറിഞ്ഞു. അവിടെ തൂക്കിയിരുന്ന കുലയില്‍ നിന്നും ഒരു പഴം ചീന്തി എടുത്ത്‌ അവള്‍ കഴിച്ചു. കനിവുതോന്നിയ കടക്കാരന്‍ ഒരു പഴം കൂടി അവള്‍ക്ക്‌ കൊടുത്തു. അവള്‍ അതു വാങ്ങാതെ ആകാശത്തേക്ക്‌ ആഞ്ഞു പുക ഊതി നിരത്തിലേക്കിറങ്ങി.
അവള്‍ ഇന്ന് ഈ നാടിന്റെ ഗര്‍ഭിണിയാണ്‌.
അവള്‍ക്ക്‌ എന്തും നല്‍കാന്‍ തയ്യാറാണ്‌ എല്ലാവരും. അവളുടെ പേറ്‌ അടുക്കും തോറും ബസ്റ്റാന്റ്‌ വാസികള്‍ക്ക്‌ ടെന്‍ഷനായി. അതില്‍ ഏറ്റവും വ്യകുലമായത്‌ മൊണ്ടിക്കാര്‍ത്തു എന്ന കാര്‍ത്യായനിയാണ്‌. കടകളുടെ മുന്‍ഭാഗമൊക്കെ വൃത്തിയാക്കി അവര്‍കൊടുക്കുന്നതെന്തും വങ്ങിയാണ്‌ ആ തള്ള ജീവിച്ചിരുന്നത്‌. അവര്‍ അനുരാധ കാണാതെ അവള്‍ക്ക്‌ കാവലിരുന്നു. അവള്‍ കണ്ടാല്‍ അവളുടെ പതിവുഭാഷയ്ക്കൊപ്പം തെറിയുടെ പൂരമാവും പിന്നെ ഉണ്ടാവുക. മാത്രമല്ല ഈ അടുത്ത കാലത്തായി ഇരിക്കുന്നതിനു ചുറ്റും അവള്‍ ഉരുളന്‍ കല്ലുകള്‍ നിരത്തിവച്ചിരിക്കും. ആശുപത്രിയില്‍ നിര്‍ബദ്ധിച്ച്‌ പാര്‍പ്പിക്കാനുള്ള ഒരു ശ്രമത്തിനു ശേഷമാണ്‌ അവളുടെ ഈ നീക്കം.


മകരമാസത്തിലെ ഞായറാഴ്ച സന്ധ്യമുതല്‍ നല്ല മഴയായിരുന്നു. കറണ്ടും ഇല്ല. അനുരാധയുടെ രാത്രി ആക്രമണം പേടിച്ച്‌ ബസ്റ്റാന്റിന്റെ വടക്കുവശത്ത്‌ കിടന്നുറങ്ങുകയായിരുന്ന മൊണ്ടി കാര്‍ത്തു. പുലരും മുന്‍പു കാര്‍ത്തു ഉണരും. പതിവുപോലെ അനുരാധ കിടന്നിടത്തേക്ക്‌ നോക്കിയപ്പോള്‍ അവിടെ അനുരാധ ഇല്ല.
നേരിയ പുലരിവെട്ടത്തിലാണ്‌ കാര്‍ത്തു അത്‌ കണ്ടത്‌, സിമന്റ്‌ ബഞ്ചില്‍ ചുറ്റും നിരത്തിവച്ച കല്ലുകള്‍ക്ക്‌ നടുവില്‍ കൈകാലിട്ടടിക്കുന്ന ഒരു ചോരക്കുഞ്ഞ്‌.
കാര്‍ത്തു അതിനെ വാരി എടുത്തു.
കുഞ്ഞുകരഞ്ഞു. അതിന്റെ ചുണ്ടുകള്‍ കാര്‍ത്തുവിന്റെ മാറില്‍ എന്തോ തപ്പി.
അതു വീണ്ടും കരഞ്ഞു. പിന്നെ നിര്‍ത്താതെ കരഞ്ഞു.
അതിന്റെ കരച്ചിലില്‍ സൂര്യനുദിച്ചു.


അനുരാധയെപ്പിന്നെ ആരും കണ്ടിട്ടില്ല.

പകരം എന്നും അവളുടെ കുട്ടിയെ കണ്ടു. നെടുമങ്ങാടിന്റെ മാറിലിട്ട്‌ തന്നെ കാര്‍ത്തു ആ കുഞ്ഞിനെ വളര്‍ത്തി. പക്ഷെ ഉത്തരമില്ലാത്ത ഒരു ചോദ്യം മാത്രം അപ്പോഴും ബാക്കികിടന്നു.
പക്ഷെ അതു ആ കുഞ്ഞിന്റെ അമ്മയക്കുറിച്ചായിരുന്നില്ല.

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 9:09 AM

0 Comments:

Post a Comment

<< Home