Durga here... - ഷാരടിക്കുടി.
URL:http://durgahere.blogspot.com/2006/05/blog-post_22.html | Published: 5/22/2006 2:12 PM |
Author: Durga |
ഇന്ന് ‘ഷാരടിക്കുടീ‘ടെ കരാറെഴുത്വാണ്...അച്ഛന്‍ അത് വില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. അച്ഛന് ബോംബെയ്ക്ക് ട്രാന്‍സ്ഫറായതിന് ശേഷം, അത് നേരാംവണ്ണം നോക്കി നടത്താനാളില്ല..അന്യര്‍ കയറി നിരങ്ങുന്നൂന്ന സങ്കടം ഇതോടെ തീരും..
പക്ഷേ, ആ പറമ്പ്, അതുമായുള്ള ഞങ്ങളുടെ ആത്മബന്ധം-ഇതൊന്നും മരിച്ചാലും തീരില്ല.
ഒരു കൈലാസം പോലെയുള്ള ശിവക്ഷേത്രത്തോട് ചേര്‍ന്നുള്ള 92 സെന്റ് ഭൂമി. നിറയെ കാട്ടുപൂക്കളും, തെങ്ങുകളും, 3 മാവുകളും, 2 പ്ലാവുകളും കവുങ്ങും എന്തിന് കറിവേപ്പില പോലും സ മൃദ്ധമായി വളരുന്ന, നിറയെ പുല്ലുകളോടു കൂടിയ എങ്ങും പച്ചപ്പാര്‍ന്ന വലിയ പറമ്പ്...
ശിവക്ഷേത്രം- പടിഞ്ഞാട്ട് ദര്‍ശനമുള്ള ഉഗ്രമൂര്‍ത്തിയായ പരമശിവന്‍ ഉപദേവതകളില്ലാതെ നിലകൊള്ളുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നായ ചിറങ്ങര ശിവക്ഷേത്രം..
ഇവിടത്തെ പ്രദക്ഷിണം മാറ്റാത്ത വ്യാധികളില്ല..വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഭഗവാനെക്കുറിച്ചു പഴമക്കാര്‍ക്ക് പറയാനേറെ...
ഒരിക്കല്‍ ദുരമൂത്ത ഒരന്യജാതിക്കാരന്‍ പാതിരയ്ക്ക് ക്ഷേത്രത്തിനകത്ത് കയറി, തിടപ്പള്ളിയിലെ പാത്രങ്ങളും മറ്റും മോഷ്ടിച്ചിട്ട്, പുറത്തേയ്ക്ക് കടക്കവേ, ഒരു കാള മുന്നില്‍ വന്നു വഴിതടഞ്ഞെന്നും, പാത്രക്കള്ളന്‍ പുലരുവോളം പ്രജ്ഞയറ്റ് അതേനില്പു നിന്നെന്നും, പുലര്‍ച്ചെ നാട്ടുകാര്‍ പിടികൂടിയെന്നുമുള്ളതു പഴയ കഥ.
അമ്മയുടെ കുടുംബസ്വത്തിലെ വീതം വിറ്റിട്ട്, ഞങ്ങളുടെ വീടിനടുത്തുള്ള നാരായണന്‍ഷാരടിയില്‍ നിന്ന് വാങ്ങിയത് ആയതിനാല്‍ അതിന് ഷാരടിക്കുടി എന്ന പേര് വീണു.
നാരായണന്‍ഷാരടി മെലിഞ്ഞുനീണ്ട അന്‍പതിനപ്പുറം പ്രായമുള്ള ഒരു ശുദ്ധനാണ്-അമ്പലത്തില്‍ മാലകെട്ടലാണ് ജോലി. വെള്ളമുണ്ടുടുത്ത്, സൈക്കിളില്‍ യാത്രചെയ്യുന്ന അദ്ദേഹത്തെ ഞാന്‍ നന്നായോര്‍ക്കുന്നു..അദ്ദേഹത്തിന്റെ ഭാര്യ ഷാരസ്യാരമ്മ മുഖം വെളുക്കെ ചിരിയും അതിനെ വെല്ലുന്ന തരത്തില്‍ പൌഡറും പൂശി, കാല്‍ വളച്ചും ചരിച്ചും ഒരു പ്രത്യേകരീതിയില്‍ നടന്നിരുന്ന, നരച്ചുതുടങ്ങിയ ചുരുണ്ടമുടിയോടു കൂടിയ ഒരു സ്ത്രീയായിരുന്നു..അദ്ദേഹത്തിനു 2 പെണ്‍കുട്ടികളായിരുന്നു. മൂത്തയാള്‍ നല്ല ഉയരമുള്ള ഒരു സുന്ദരിച്ചേച്ചി...വിവാഹം കഴിഞ്ഞു. ഇളയ കുട്ടി അല്പായൂസ്സായിരുന്നു - വളരെ ശോഷിച്ച്, ഒരുകയ്യില്‍ ആറുവിരലോടുകൂടി, പഠനത്തില്‍ അതിസമര്‍ത്ഥയായിരുന്ന ആ കുട്ടി പത്താംക്ലാസ്സില്‍ വെച്ചാണ് മരിച്ചത്..അവരിപ്പോള്‍ ഞങ്ങളുടെ പറമ്പിനോട് ചേര്‍ന്നുള്ള വീട് വിറ്റ്, തൃശ്ശൂര്‍ക്കെങ്ങോട്ടോ താമസം മാറ്റിയത്രേ..അവര്‍ താമസിച്ചിരുന്നപ്പോള്‍ വേലിക്കല്‍ നിറയെ പൂച്ചെടികള്‍ വച്ചുപിടിപ്പിച്ചിരുന്നു...അവയില്‍ നിന്നു കോളാമ്പിയും ചെമ്പരത്തിയും മറ്റും ഞങ്ങള്‍ പറിക്കാറുണ്ടായിരുന്നു...
വടക്കുകിഴക്കേ അതിര്‍ത്തി ചിറയായിരുന്നു....ക്ഷേത്രംവക ചിറ..ഭഗവാന്‍ നീരാടുന്ന ചിറ...
അയല്പക്കത്തെ പറമ്പുകള്‍ കടന്നും, നാട്ടുവഴികളിലൂടെയുമാണ് ഞങ്ങള്‍ ഈ പറമ്പിലേക്കും ക്ഷേത്രത്തിലേയ്ക്കുമൊക്കെ വരാറ്..മെയിന്‍ റോഡിലൂടെയുള്ള സഞ്ചാരം നന്നേ കുറവായിരുന്നു. പറമ്പില്‍ തേങ്ങയിടീക്കാന്‍ അച്ഛന്‍ ഞങ്ങളെക്കൂടെ കൂട്ടുക പതിവാണ്. തേങ്ങ പെറുക്കിയിടുന്നതില്‍ അച്ഹനെ സഹായിച്ചാല്‍ വേണ്ടുവോളം കരിക്ക് കുടിക്കാമെന്നതായിരുന്നു ഞങ്ങള്‍ മൂവരുടെയും നിരുപദ്രവകരമായ സ്വാര്‍ത്ഥതാത്പര്യം.;-)
പിന്നെ മാങ്ങ പറിക്കലായി..പറമ്പിന്റെ ഗേറ്റിനോട് ചേര്‍ന്നുള്ള മാവിന്റെ ശിഖരങ്ങള്‍ വളരെ താഴ്ന്നവയാണ്..അച്ഛനും മണിക്കുട്ടനും കയറി പറിച്ചിടുന്ന കണ്ണിമാങ്ങകള്‍ പെറുക്കിക്കൂട്ടി ഞാനും രഞ്ജുവും സഞ്ചികള്‍ നിറച്ചിരുന്നു...എന്നിട്ട് ചെറിയൊരുപങ്ക് അയല്വാസികള്‍ക്കും കൊടുത്തിട്ട് വീട്ടിലേയ്ക്ക്...അവിടെ അമ്മ 3 വലിയ ഭരണീകളിലായി കടുമാങ്ങ നിറയ്ക്കും...പിന്നെ അമ്മയ്ക്ക് ഒരാഴ്ചത്തേയ്ക്കുള്ള കറിവേപ്പിലയും പറിച്ചുകൊണ്ടു കൊടുത്തിരുന്നു...
പറമ്പില്‍ പെറുക്കിക്കൂട്ടിയിരിക്കുന്ന തേങ്ങകളില്‍ ഒരു പങ്ക് ക്ഷേത്രത്തിലേയ്ക്കാണ്...ഭഗവാന്റെ നിവേദ്യത്തിന് വേണ്ട തേങ്ങകള്‍ ന്യായവിലയ്ക് ശാന്തിക്കാരന്‍ അച്ഹനില്‍ നിന്നും വാങ്ങിയിരുന്നു.
പറമ്പില്‍ 2 കിണറുകളും അവയോട് ചേര്‍ന്ന് മോട്ടോര്‍ഷെഡുകളുമുണ്ട്..5 ന്റെ മോട്ടോര്‍ ആണെന്നൊക്കെ അച്ഛന്‍ അമ്മയോട് ഇടയ്ക്കിടെ വീരവാദം മുഴക്കുന്നത് കേള്‍ക്കാം..
ഏതായാലും അച്ഛന്റെയോ അമ്മയുടേയോ കൂടെയല്ലാതെ ഞങ്ങളെ അങ്ങോട്ട് വിടാറില്ല...പലപ്പോഴും അവിടവിടെയായി കരിമൂര്‍ഖനെ കണ്ടവരുണ്ടത്രേ..!! അച്ഛനും അച്ഛച്ഛനുമൊക്കെ കണ്ടിട്ടുണ്ടത്രേ..
ഓണത്തിന് തുമ്പക്കുടം പറിക്കാന്‍ സ്ച്കൂള്‍ ഗ്രൌണ്ടില്‍ ഇടിയാവുമ്പോള്‍ ഞങ്ങള്‍ സമാധാനത്തോടെ പൂ പറിക്കാന്‍ ഇവിടെ എത്താറുണ്ട്..കസിന്‍സിനെയും കൂട്ടിക്കൊണ്ട്...
റോസ് നിറത്തിലുള്ള ഒരു പ്രത്യേകതരം കാട്ടുപൂ മറ്റെങ്ങും ഞാന്‍ കണ്ടിട്ടില്ല...അതും സ മൃദ്ധമായി.. കൈവരികെട്ടാത്ത കിണറ്റിലേയ്ക്ക് തലനീട്ടുന്ന കാട്ടുപൂക്കള്‍...
കിട്ടുന്ന മാമ്പഴത്തില്‍ പകുതിയും അവിടെ വെച്ചു തന്നെ, കിണറ്റിനോട് ചേര്‍ന്നുള്ള ടാങ്കിലെ വെള്ളത്തില്‍ കഴുകിയെടുത്ത് ഞങ്ങള്‍ ശാപ്പിട്ടിരുന്നു..
അപ്പഴേയ്കും ദാ സന്ധ്യയായി......ക്ഷേത്രത്തിലെ റെക്കോര്‍ഡ് കേട്ടുതുടങ്ങി....ഭക്തജനങ്ങള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി..ഇനീപ്പൊ അവര്‍ടെയൊക്കെ മുന്നിലൂടെ മാങ്ങാച്ചുന വീണ മുഖവും പഴയ ഉടുപ്പുമായി എങ്ങനെ വീട്ടിലെത്തും....ക്ലാസ്സില്‍ പഠിക്കുന്ന വല്ല ചെക്കന്മാരുമുണ്ടെങ്കില്‍ തീര്‍ന്നു.......
പതിവുഭക്തര്‍ടെ വക ചോദ്യങ്ങളും....എന്താ ഈയിടെയായി അമ്പലത്തിലേയ്ക്കൊന്നും കാണാരില്ല്യാലോ...തൊട്ടുമുന്‍പില്‍ കിടന്നിട്ടും മടിയാണെന്ന് പറയാന്‍ പറ്റുഓ? ഹഹ...ഒരു ചിരിയില്‍ ഒതുക്കും എന്റെ ഉത്തരം പലപ്പോഴും......:-)
താളിതേയ്ക്കാനുള്ള കുറുന്തോട്ടിയും, കീഴാര്‍നെല്ലിയും; പൊട്ടുതൊടാനുള്ള മുക്കൂറ്റിയും; കര്‍ക്കിടകമാസത്തില്‍ ശ്രീഭഗവതിക്ക് വെയ്ക്കാനും തലയില്‍ചൂടാനുമുള്ള പത്തുപൂ പറിക്കാനുമൊക്കെ ഞങ്ങള്‍ ഇവിടെ എത്തിയിരുന്നു...3 തട്ടുകളായി കിടന്നിരുന്ന പറമ്പിന് എന്തെന്നില്ലാത്ത ഒരു ഐശ്വര്യമാണു..വയസ്സുകാലത്ത്, അവിടെ ഒരു നാലുകെട്ട് പണിതിട്ട്, താനുള്‍പ്പെടേയുള്ള ‘ആന്റിക് പീസസ്’ ‘ അങ്ങോട്ട് താമസം മാറ്റുമെന്ന് അമ്മ ഇടയ്ക്കിടെ കളിയായി പറയാറുണ്ടായിരുന്നു...
ഒന്നോര്‍ത്താല്‍ ശരിയാണ്, നോക്കിനടത്താന്‍ കഴിവും സൌകര്യോം സമയോം ഉള്ള ഒരാളെ ഏല്‍പ്പിക്കണതു തന്ന്യാ..എന്തുകൊണ്ടും നല്ലത്...തിരക്കുപിടിച്ച ഈ ജീവിതത്തിനിടയില്‍ അച്ഛനോ ഞങ്ങള്‍ക്കോ എവിടെ സമയം? പിന്നെ അച്ഛച്ഛനാണെങ്കില്‍ വേണ്ടതിലധികം ജോലി ഇപ്പഴേ ഉണ്ട്...
അങ്ങനെ എന്റെ കുട്ടിക്കാലത്തിന് തന്റേതായ ചില വര്‍ണത്തൂവലുകള്‍ സമ്മാനിച്ച ഷാരടിക്കുടിയും അന്യമാവുകയാണ്.........
0 Comments:
Post a Comment
<< Home