Tuesday, May 09, 2006

Durga here... - ഇന്ന് വൈശാഖത്തിലെ ഏകാദശി.


കണ്ണാ‍,
അന്നു കണ്ടിട്ട് മതിയായില്ല എനിക്ക്. കുറേയേറെ പറയാനുണ്ടായിരുന്നു..പക്ഷേ കണ്ടപ്പോള്‍ ഒന്നും പറയാന്‍ പറ്റിയില്ല..നിന്നെക്കാണുമ്പോള്‍ എല്ലാം മറന്ന്, ഒരു തരം സ്വര്‍ഗ്ഗീയാനുഭൂതിയാണ്. എന്താ എന്റടുത്ത് വരാതിരുന്നെ? അമ്പലത്തില്‍ നിന്നും വരുന്ന അച്ഛമ്മ തരുന്ന വെണ്ണതിന്നുമ്പോള്‍, നിന്റെ കൈപിടിക്കുന്ന സുഖാ...:-)
പൂജാരിയുടെ ‘ഏകാദശിക്കുട്ടീ” ന്ന വീശേഷണം എന്നെ സുഖിപ്പിച്ചു...:-)

ഇപ്പളും ഞാന്‍ നിന്റെ കൂട്ടുകാരിയല്ലേ? അതോ വലുതാവുന്തോറും എന്നെ ഇഷ്ടല്ലണ്ടായോ?
നിന്റടുത്തെത്താനല്ലേ ഞാന്‍ ഏകാദശി നോക്കണെ? ന്നിട്ടും എന്തിനാ എന്നെയിങ്ങനെ കരയിക്കണെ? ഭഗവാന്‍ മാത്രേള്ളൂ എനിക്ക്...ഒന്നുവരൂ എന്റടുത്തേക്ക്.....
ആ കാല്‍ക്കലെ ഒരു തുളസിയിലയായി ഒരു ജന്മം തരൂ......എനിക്ക് കൊതിതീരെ കാണാലോ....

എനിക്കറിയാം ഇവിടെവിടെയോ എന്റെ കണ്ണുവെട്ടിച്ച് ഒളിച്ചിരിക്ക്യ്യാണെന്ന്...
അന്നു ശീവേലിസമയത്ത് ഒരോടക്കുഴലും പിടിച്ച്, നീളന്‍ ഒറ്റമുണ്ടും തോളത്തിട്ട്, എന്നെ നോക്കിച്ചിരിച്ചത് അങ്ങായിരുന്നോ?
ദീപാരാധന തൊഴുതിട്ട് ഞാന്‍ കിഴക്കേനടയില്‍ ചമ്രം പടിഞ്ഞിരിക്കുമ്പോള്‍, മുന്നിലിരുന്ന് എന്നെ നോക്കി ചിരിച്ച ആ കുട്ടിയും അങ്ങായിരുന്നോ?
അത്താഴപ്പൂജ തൊഴാന്‍ കഴിയാത്ത സങ്കടതിലിങ്ങനെ അച്ഛന്റേം അമ്മേടേം അടുത്ത് നില്‍ക്കുമ്പോള്‍ അടുത്തു വന്നു ‘മുഴുനീളം ഇവിടെത്തന്നെ ഇരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സാരല്ല്യാ‍..ഭഗവാങ്കല്‍ മനസ്സര്‍പ്പിക്കലാണു യഥാര്‍ത്ഥ ഭജന’ യെന്ന് പറഞ്ഞ മദ്ധ്യവയസ്കനായ ദേവസ്വമധികാരിയും അങ്ങായിരുന്നില്ലേ?
പാല്പായസം കുടിച്ചുകൊണ്ട് ഊട്ടുപുരയുടെ പടികളിലിരുന്നപ്പോള്‍ ഏറെ നേരം സൂക്ഷിച്ച് നോക്കിയ വ്രൂദ്ധനും അങ്ങായിരുന്നില്ലേ? എന്താ ഇങ്ങനെ ഒളിച്ചിരിക്കണെ....
ഇലകള്‍ പോലും ‘നാരായണ’ ജപിക്കുന്ന ആ അന്തരീക്ഷം...കാണുന്നതൊക്കെ നീയാണെന്ന തോന്നല്‍..... പരമാനന്ദത്താല്‍ ന്രിത്തം വയ്ക്കുന്ന മനസ്സ്.....

ഇന്നും ഏകാദശി..പുണ്യമാസമായ വൈശാഖത്തിലെ... ആ കിങ്ങിണിയൊച്ചയ്ക്കായി കാതോര്‍ത്തു കൊണ്ട്, ആ ഉടയാട ഉലയുന്ന ശബ്ദത്തിനായി, അവിടുത്തെ വിളിക്കായി കാതോര്‍ത്തുകൊണ്ട്,
സ്വന്തം കൂട്ടുകാരി.

posted by സ്വാര്‍ത്ഥന്‍ at 10:03 AM

0 Comments:

Post a Comment

<< Home