Monday, May 08, 2006

അമേരിക്കന്‍ വിശേഷങ്ങള്‍ - നക്ഷത്രം മിന്നുന്ന പതാക

അമേരിക്കന്‍ ദേശീയഗാനം തങ്ങള്‍ സ്പാനിഷ്‌ ഭാഷയില്‍ വിവര്‍ത്തനം ചെയ്തതും പാടിയതും വിവാദമുണ്ടാക്കാനല്ല, ആദരസൂചകമായിട്ടാണെന്ന് അതു ചെയ്തവര്‍. അവര്‍ ചെയ്തതു തീരെ ശരിയായില്ലെന്നും ദേശീയഗാനം പാടേണ്ടത്‌ ഇംഗ്ലീഷില്‍ മാത്രമാണെന്നും രാഷ്ട്രപതി ബുഷ്‌. ഇതിനു മുമ്പു പലരും പലഭാഷകളിലും ഇതു തര്‍ജ്ജമ ചെയ്യുകയും പാടുകയുമുണ്ടായിട്ടുണ്ടെന്ന്‌ ഇനിയും ചിലര്‍. ഇതിനിടയില്‍ മലയാളത്തില്‍ പാടി ആദരം പ്രകടിപ്പിക്കണമെന്നാഗ്രഹമുള്ള മലയാളി അമേരിക്കക്കാരുമുണ്ടാവില്ലേ? തര്‍ജ്ജമ തന്നെ സാഹിത്യമായ തങ്ങളുടെ മാതൃഭാഷയെ സ്നേഹിക്കുന്ന അവര്‍ക്കു വേണ്ടി ദേശീയഗാനം മലയാളത്തില്‍ പരിഭാഷപ്പെടുത്തി വെക്കേണ്ടതൊരാവശ്യമല്ലേ? അതിനൊരു ശ്രമമാണിവിടെ. മലയാളിയ്ക്കു പ്രിയപ്പെട്ട ഭരണിപ്പാട്ടിന്റെ ഈണത്തില്‍ ഇതൊന്നു പാടിനോക്കൂ:

താനാരോ തന്നാരോ തന
താനാരോ തന്നാരോ

ഹന്ത, കാണുന്നുവോ നോക്കൂ പുലരിയില്‍
ചിന്തും കതിരില്‍ത്തിളങ്ങിടുന്നൂ
എന്തിതതുതന്നെയല്ലേ നാം കണ്ടതു-
മന്തിതന്നന്തിമശോഭയിലും

(താനാരോ തന്നാരോ...

ചാരുതയാര്‍ന്ന വരകളും നക്ഷത്ര-
പൂരവുമേകിയ ശൌര്യമോടെ
കോട്ടയ്ക്കുമേലെ തിളങ്ങിയില്ലേ രണ-
മേറ്റം കൊഴുത്തോരു രാത്രിയിലും?

(താനാരോ തന്നാരോ...

മാനത്തുയര്‍ന്ന വെടികളരുണാഭ-
യാനന്ദമോടെ ചൊരിഞ്ഞപ്പോഴും
ഇക്കൊടിയല്ലയോ കണ്ടതിരുളില്‍ നാം
നില്‍ക്കുന്നതായിട്ടചഞ്ചലമായ്‌?

(താനാരോ തന്നാരോ...

നക്ഷത്രം മിന്നും പതാകയിതുതന്നെ-
യിക്ഷിതിതന്മേലെ പാറുന്നുവോ
പാര്‍ക്ക, സ്വതന്ത്രര്‍ തന്‍ നാടിനു മേല്‍, ധീരര്‍
പാര്‍ക്കുന്ന വീടിന്‍ മുകളിലായി?

(താനാരോ തന്നാരോ...

ധിക്കാരമേറിയ ശത്രുവിന്‍ സേനയെ-
ങ്ങൂക്കേറും മൌനത്തിലാണ്ടു പോയി
ആഴിതന്മേലെ പടരുമാ മഞ്ഞല
ചൂഴുന്ന തീരത്തു നില്‍ക്കുമ്പോഴും

(താനാരോ തന്നാരോ...

ചിന്നും കുളിരല തൂകിയൊഴുകുന്ന
തെന്നലിന്‍ കൈകളിലാക്കമോടെ
ചെറ്റു തെളിഞ്ഞുമൊളിഞ്ഞുമെന്തിപ്പൊഴും
മുറ്റുമുയരത്തില്‍പ്പാറിടുന്നു?

(താനാരോ തന്നാരോ...

തെല്ലിട പൊന്തും പുലരിക്കതിരില-
തല്ലയോ മിന്നിത്തിളങ്ങിടുന്നു?
തെല്ലു കുളിരിളം ചോലയില്‍ത്തന്‍ ശോഭ-
യുല്ലാസമായ്‌ പ്രതിബിംബിപ്പിപ്പൂ?

(താനാരോ തന്നാരോ...

നക്ഷത്രം മിന്നും പതാകയിതുതന്നെ-
യിക്ഷിതിമേലെന്നും പാറിടട്ടെ
ചീര്‍ക്കും സ്വതന്ത്രര്‍ തന്‍ നാടിനു മേല്‍, ധീരര്‍
പാര്‍ക്കുന്ന വീടിന്‍ മുകളിലായി

(താനാരോ തന്നാരോ...

പോരിന്റെ ഭീതികളൊക്കെയും വെല്ലുവാന്‍
നേരിടാനുഗ്രമാം സര്‍വ്വനാശം
പോര നാമെന്നൊക്കെ വീരവാദം ചെയ്തു
പാരം പുളച്ചവരെങ്ങു പോയി?

(താനാരോ തന്നാരോ...

ക്ഷുദ്രമവരുടെ കാലടിപ്പാടുകള്‍
ഭദ്രമീ ഭൂമിയില്‍ച്ചേര്‍ത്ത പങ്കം
അക്കൂട്ടര്‍ തന്നുടെ ചോരയില്‍ത്തന്നെ നാം
മുക്കിക്കഴുകിക്കളഞ്ഞുവല്ലോ.

(താനാരോ തന്നാരോ...

യുദ്ധത്തിന്‍ ഭീതിയില്‍ നിന്നും ചുടലതന്‍
മുക്തിയില്ലാത്ത ശോകത്തില്‍ നിന്നും
കൂലിപ്പടകളെക്കാക്കുവാനായില്ല
ചാലെയൊളിയിടങ്ങള്‍ക്കുമേതും.

(താനാരോ തന്നാരോ...

നക്ഷത്രം മിന്നും പതാകയിതിപ്പോഴു-
മിക്ഷിതിതന്മേലെ പാറിടുന്നൂ
പാര്‍ക്ക, സ്വതന്ത്രര്‍ തന്‍ നാടിനു മേല്‍, ധീരര്‍
പാര്‍ക്കുന്ന വീടിന്‍ മുകളിലായി

(താനാരോ തന്നാരോ...

സ്വാതന്ത്ര്യകാംക്ഷികളെന്നാളും യുദ്ധത്തിന്‍
ഭീതി പതിയാതെ ജന്മദേശം
കാക്കുവാന്‍ സന്നദ്ധരാകുന്ന വേളയി-
ലോര്‍ക്കുവിനെന്നുമിതാവര്‍ത്തിക്കും

(താനാരോ തന്നാരോ...

വിണ്ണിന്‍ കൃപയാല്‍ വിജയം വരിച്ചൊരു
മണ്ണിതു ശാന്തിയോടെന്നുമെന്നും
തങ്ങളെ നിര്‍മ്മിച്ചു പാലിക്കും ശക്തിയെ
തിങ്ങുന്ന ഭക്തിയില്‍ വാഴ്ത്തിടട്ടെ

(താനാരോ തന്നാരോ...

"ദൈവത്തിലാണു നാമര്‍പ്പിപ്പൂ വിശ്വസ"-
മീവണ്ണം ചേതസ്സിലോര്‍ക്കുന്നാകില്‍
നീതിയ്ക്കു വേണ്ടിപ്പൊരുതുകില്‍ നമ്മള്‍ക്കു
സാധിക്കും വെറ്റിവരിയ്ക്കാനെന്നും

(താനാരോ തന്നാരോ...

നക്ഷത്രം മിന്നും പതാകയിതുതന്നെ-
യിക്ഷിതിതന്മേലെ പാറുമെന്നും
ഊക്കേറും സ്വതന്ത്ര്യഭൂമി തന്‍ മേല്‍, ധീരര്‍
പാര്‍ക്കുന്ന വീടിന്‍ മുകളിലായി

താനാരോ തന്നാരോ തന
താനാരോ തന്നാരോ

posted by സ്വാര്‍ത്ഥന്‍ at 1:26 PM

0 Comments:

Post a Comment

<< Home