Sunday, May 28, 2006

നെടുമങ്ങാടീയം - തിരിച്ചടിയുടെ ‘അണ്ണന്‍ സ്റ്റ്‌റാറ്റജി’

"ടേയ്‌ ഇത്തിരി അച്ചാറും കൂടെ കൊണ്ടുവരീം"

ഓര്‍ഡറും എടുത്ത്‌ വെയ്റ്റര്‍ തിരിച്ചുപോകാനൊരുങ്ങുമ്പോള്‍ ഓര്‍ത്തിട്ടെന്ന പോലെ ഗോപാലകിഷയണ്ണന്‍ പറഞ്ഞു.
ആദ്യ പെഗ്‌ അടിക്കുമ്പോള്‍ വാലായ്‌ തൊട്ടുതേയ്ക്കുന്ന അച്ചാറിന്റെ എരിവ്‌ അയാളുടെ മനോമുകുളങ്ങളില്‍ ഒരുനിമിഷം ഒരു കൊതിയായ്‌ നിറഞ്ഞു.

"അപ്പഴ്‌, ടേയ്‌ പിള്ളരെ നമ്മള്‌ പറഞ്ഞുവന്ന കാര്യം എന്തരായിരിന്ന്?"

"കോവാലേഷണ്ണാ, നമ്മള്‌ തിരിച്ചടിക്കന കാര്യമാണ്‌ പറഞ്ഞോണ്ടിരിന്നത്‌. വെളപ്പെറത്തെ മോഹനനെ തിരിച്ച്‌ അടിക്കണ കാര്യം." തിരിച്ചടിയുടെ സ്പിരിറ്റ്‌ ഉള്‍ക്കൊണ്ട്‌ പപ്പന്‍ പറഞ്ഞു. വാചകത്തില്‍ തിരിച്ചടിയുടെ വിഷയത്തിലേക്ക്‌ എത്തിയപ്പോള്‍ത്തന്നെ ഓര്‍ഡര്‍ എടുക്കാന്‍ വെയ്റ്റര്‍ വന്നതു തന്നെ മദ്യപാനിയല്ലാത്ത പപ്പനു തീരെ ഇഷ്ടമായില്ല. വറുത്തതും കരിച്ചതും മനുഷ്യനെ കൊണ്ട്‌ തീറ്റിക്കുന്നത്‌ മദ്യമാണ്‌ എന്ന ഒരു ശക്തമായ ധാരണയാണ്‌ പപ്പന്‌. പപ്പന്റെ ചോരയില്‍ അലിയാതെ കിടക്കുന്ന അല്‍പ്പം കൊളസ്റ്റ്രോള്‍ ആണ്‌ ഈ ധാരണകള്‍ക്കൊക്കെ കാരണം.


"അപ്പഴ്‌ തിരിച്ചടിക്ക്‍ന കാര്യം." ഗോപാലകിഷയണ്ണന്‍ തുടര്‍ന്നു. "ടേയ്‌ പിള്ളരെ നമ്മള്‌ ഇങ്ങനെ ഒതുങ്ങിയിരിക്കുംത്വോറും അവന്മാരു പയലുകള്‌ നമ്മളെ മേലേ ക്യാറിയിരുന്നു നെരങ്ങും. കാര്യങ്ങളെ പോക്ക്‌ ഇങ്ങനെയാണങ്കി നമ്മള പാര്‍ട്ടി ഒരു പുല്ലും അവൂലടെ ഇവടെ. അതുവൊണ്ട്‌ തിരിച്ചടിക്കിനം"

"ഈ തിരിച്ചടിക്ക്‍ണം തിരിച്ചടിക്ക്‍ണം എന്ന് പറഞ്ഞോണ്ടിരിക്കാതെ എങ്ങനെ അടിക്ക്‍ണം എന്ന് അണ്ണന്‍ പറ. ഈ കാര്യത്തില്‌ വൊരു തീരുമാനമായിറ്റ്‌ വേണം എനിക്കിപ്പം രണ്ടെണ്ണം അടിക്കാന്‍" സഹിച്ചിരുന്ന ദീപു തുറന്നടിച്ചു.

"ഒരു പൊടിക്ക്‌ അടങ്ങെടെ ദീവൂ. അപ്പഴ്‌ നമ്മള്‌ പറഞ്ഞുവന്ന കാര്യം...."

ഗോപാലകിഷയണ്ണന്‍ തുടര്‍ന്നു. കറകളഞ്ഞ ഒരു ഡെഡിക്കേറ്റട്‌ രാഷ്ടീയക്കാരന്‍ അല്ലെങ്കിലും അങ്ങനെ ഒരാള്‍ക്കുവേണ്ട എല്ലാ സ്പിരിറ്റും ഗോപാലകിഷയണ്ണനുണ്ട്‌. ഗോപാല കിഷയണ്ണന്‍ സെക്രട്ടറിയേറ്റിലെ ജോലിക്കാരനാണ്‌. രാഷ്ട്രീയം ഒരു ഹരവും. തിരഞ്ഞെടുപ്പ്‌ മുന്നിലെത്തുമ്പോള്‍ അത്‌ ഒന്നുകൂടി മൂക്കും.
ഇനി വിഷയത്തിലേക്ക്‌. ഇലക്ഷനുമായി ബന്ധപ്പെട്ട്‌ ഒരു പോസ്റ്റര്‍ ഒട്ടിക്കുന്ന പ്രശ്നത്തില്‍ ഗോപാലകിഷയണ്ണന്റെ മരുമകനു തല്ലുകിട്ടി. അതിനു എങ്ങനെ തിരിച്ചടിക്കും എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയാണ്‌ ഇവിടെ ഞങ്ങളുടെ ആസ്ഥാന ബാര്‍ ആയ സഫാരിയില്‍ നടക്കുന്നത്‌. മേശമേല്‍ നിരക്കാന്‍ പോകുന്ന ബ്രാണ്ടിയുടെ കൊതിപ്പിക്കുന്ന കത്തല്‍ ചര്‍ച്ചയെ ചൂടായി മുന്നോട്ട്‌ കൊണ്ട്‌ പോയി. വെയ്റ്റര്‍ ഗ്ലാസുകളും കുറേ സോഡയും കൊണ്ടുവന്നു മേശമേല്‍ ഇടിച്ചുവച്ചിട്ടു പോയി.


"ഞായ്‌ പറയാം വൊരു വഴി."

ഗോപലകിഷയണ്ണന്‍ മേശമേല്‍ അടിച്ച്‌ ഉറക്കെ പറഞ്ഞു. അവിടെയിരുന്ന സോഡാക്കുപ്പികള്‍ വിറച്ചു. അടുത്ത ടേബിളില്‍ ഇരുന്നവരൊക്കെ ഇവനിതാരെടാ വെള്ളം അടിക്കും മുന്‍പു ഫിറ്റായവന്‍ എന്ന അര്‍ഥത്തില്‍ തിരിഞ്ഞുനോക്കി.
കൂടിയാലോചനയില്‍ ഒപ്പമുണ്ടായിരുന്നവന്‍ ആകാംഷയോടെ ഗോപാലകിഷയണ്ണനെ നോക്കി.
കാര്യത്തിന്റെ ഗൌരവം മനസിലാക്കിക്കൊടുക്കാന്‍ ഒരു നിമിഷം ആ മഹാനുഭാവന്‍ അനന്തതയില്‍ നോക്കിയിരുന്നു.

വെയ്റ്റര്‍ അച്ചാറും ബ്രാണ്ടിയും കൊണ്ടുമേശപ്പുറത്ത്‌ വച്ചിട്ടു പോയി. ഗോപാലകിഷയണ്ണന്‍ സിനിമയില്‍ സി. ഐ. ഡിമാര്‍ പ്ലാന്‍ ചെയ്യുംപോലെ തല ചെറുതായി കുനിച്ച്‌ ശംബ്ദം താഴ്ത്തിപ്പറഞ്ഞു.
"ടേയ്‌ ലവയ്‌ യെന്നും ഉച്ചയ്ക്ക്‌ പപ്പനാവഅണ്ണന്റെ കടയില്‌ ഉണ്ണാന്‍ വരും എന്നാണ്‌ അറിഞ്ഞത്‌. അതിന്റെ താഴെമുക്കില്‌ നാലുവഴിക്കും കൂടി നമുക്കവനെ പൂട്ടണം. എന്നിട്ട്‌ അവിടെ ഇട്ടു കൊടുക്കാം അടി" ഗോപാലകിഷയണ്ണന്‍ ആക്രമണത്തിന്റെ സ്റ്റ്രാറ്റജി വ്യക്തമാക്കിതുടങ്ങി

"അതുകൊണ്ട്‌ പപ്പാ, നീയും ശശിയും മൊരളീം കൂടെ ബാങ്ക്‌ മുക്കീന്ന് വരണം, വന്ന് ആ തേരി ക്യാറി നില്‍ക്കണം. നിങ്ങള്‌ മൂന്നുവര്‌ സ്കൂളിന്റെ താഴേന്ന് വരണം. സെല്‍വനും, ദീവുവും, സതീശനും കൂടെ ബസ്റ്റാന്റീന്ന് വരണം. രായപ്പനും, കരീമും, ഗുണ്ട്‌ രായനും കൂടെ പോസ്റ്റാപ്പീസിന്റെ അവിടന്നും വരണം.

പിടി കിട്ടിയാ?" ഒരു ചാണക്യചിരിയോടെ ഗോപാലകിഷയണ്ണന്‍ പറഞ്ഞവസാനിപ്പിച്ചു.


"അപ്പഴ്‌ അണ്ണനാ? അണ്ണയ്‌ എവിട്‌ന്ന് വരും?" സംശയത്തോടെ ദീപു ഗോപാലകിഷയണ്ണനോട്‌ ചോദിച്ചു.


ചൂണ്ട്‌ വിരല്‍ അച്ചാറില്‍ മുക്കി നാക്കില്‍ തേച്ച്‌ നാവ്‌ വച്ചൊരു ശബ്ദം പുറപ്പെടുവിച്ച്‌ അതിന്റെ അനുബന്ധ പ്രകൃയയായ വായു അകത്തേയ്ക്ക്‌ വലിച്ചുകയറ്റലും കഴിഞ്ഞ്‌ ഇടതു കൈകൊണ്ട്‌ ദീപുവിന്റെ ചെവിയില്‍ സ്നേഹത്തോടെ നുള്ളി ഒന്നു കൊഞ്ചിക്കൊണ്ട്‌ ഗോപാലകിഷയണ്ണന്‍ മൊഴിഞ്ഞു

"അയ്യൊ, അണ്ണന്‌ നാളെ അപ്പീസില്‌ പോവാനുള്ളതല്ലീ.."

Visit the Squeet Publisher "Promote" page to generate HTML that will Squeet-Enable your blog. Give your blog's visitors a chance to subscribe via email and watch your new subscriptions zoom! Then, be sure to visit Squeet Publisher to register your feed and gain access to your feed's aggregate Squeet statistics. Your new, loyal Squeet readers will be able to "Buzz" your articles and help you gain even more reach.

It's Free. It's Smart. And it's Right Here.

posted by സ്വാര്‍ത്ഥന്‍ at 11:35 PM

0 Comments:

Post a Comment

<< Home