Sunday, May 28, 2006

chintha - cinema, television and media :: മര്‍ദ്ധിതരുടെ ചലചിത്രമേള

Author: thariqramadan
Subject: മര്‍ദ്ധിതരുടെ ചലചിത്രമേള
Posted: Sun May 28, 2006 8:11 pm (GMT 5.5)

അധികാരികളുടെ ഇഷ്ടപ്രയോഗങ്ങള്‍ക്കും മനുഷ്യവിരുദ്ധവികാരങ്ങളുടെ ആവിഷ്കാരരീതികള്‍ക്കും വിധേയമായി കല ഇന്ന് ഇരുട്ട്‌ മാത്രം പ്രസരിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. പ്രത്യേകിച്ച്‌ ദൃശ്യകലാവിഷ്കാരങ്ങള്‍. നമ്മുടെ കാലത്ത്‌ സിനിമ പോലെ സ്വാധീന സാധ്യതയുള്ള മറ്റൊരു കലയുമില്ല. ഇവിടെ നിര്‍മിക്കപ്പെടുന്നതാകട്ടെ അശ്ളീലതയും രണോത്സുകതയും ഒരു സമൂഹത്തിന്റെ സാംസ്കാരിക ചിഹ്നമാകണമെന്ന വൃത്തികെട്ട ബോധത്തില്‍ നിന്നുള്ള ഉല്‍പന്നങ്ങളും.

ഇസ്‌ലാമിക സമൂഹവും സംസ്കാരവും ഈ വാര്‍പ്പുമാതൃകാ സിനിമകളില്‍ വിഷയീകരിക്കപ്പെടുകയും വിഷം വമിക്കുന്ന സന്ദേശങ്ങള്‍ പുറം ലോകത്തിനു പകര്‍ന്നു നല്‍കുകയും ചെയ്തു വരുന്നു. സാമ്രാജ്യത്വ അധിനിവേശവിരുദ്ധസമരങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ഇടുങ്ങിയ മനോഘടനയോടെ ഇസ്‌ലാമിക സംസ്കൃതികളെ വിശകലനം ചെയ്യുന്നതുമായ സിനിമകളാണ്‌ ഇന്ന് ലോകത്ത്‌ ഘോഷിക്കപ്പെടുന്നത്‌.

ഈ വിശേഷ സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ നിലപാട്‌ തറകളില്‍ നിന്ന് കൊണ്ട്‌ സിനിമയേയും സിനിമാലോകത്തേയും വിശകലനം ചെയ്യാനും, ഇസ്‌ലാമിക മൂല്യങ്ങളില്‍ നിന്നു കൊണ്ടുള്ള സിനിമകളെ പരിചയപ്പെടാനും വേണ്ടി എസ്‌. ഐ. ഒ. സംവേദനവേദി മെയ്‌ ൫, ൬, ൭ തീയതികളില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ചലചിത്രമേളയും അനുബന്ധ ചര്‍ച്ചകളും ഏറെ ശ്രദ്ധേയമായി.

മേളയില്‍ പ്രദര്‍ശിക്കപ്പെട്ട സിനിമകളുടെ രാഷ്ട്രീയവും ഉള്ളടക്കവും നടപ്പു പ്രദര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്ഥമായിരുന്നു. യുദ്ധത്തടവുകാരോട്‌ അമേരിക്കന്‍ സേന ഗ്വാണ്ടനാമോ തടവറയില്‍ നടത്തിയ ആഘോഷങ്ങളെ ചിത്രീകരിക്കുന്ന 'റോഡ്‌ റ്റു ഗ്വാണ്ടനാമോ'യാണ്‌ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്‌. നിരപരാധികളായ മൂന്ന്‌ ബ്രിട്ടീഷ്‌ യുവാക്കളുടെ അനുഭവങ്ങള്‍ തുന്നിച്ചേര്‍ത്ത ഈ ചിത്രം അമേരിക്കന്‍ പീഢനമുറകളുടെ ശരിയായ പരിച്ച്ഛേദം പ്രേക്ഷകര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. ദുര്‍ബലവും ദുര്‍ഗ്രാഹ്യവുമായ ആരോപണങ്ങള്‍ കെട്ടിച്ചമച്ച്‌ ക്രൂരമായ പീഢനങ്ങള്‍ നടത്തുകയാണ്‌ അമേരിക്കന്‍ സേന. നമസ്കരിക്കുന്നതോ ഖുര്‍ആന്‍ പാരായണം നടത്തുന്നതോ തടവറയില്‍ ആശാസ്യമല്ല. ഖുര്‍ആന്റെ കോപ്പികള്‍ വാങ്ങി വലിച്ചെറിയുന്നതും ക്രൂരമായ പീഢനമുറകള്‍ നടത്തുന്നതും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. ൨൦൦൬ ആദ്യത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രം ഇന്ത്യയില്‍ ആദ്യമായാണ്‌ പ്രദര്‍ശനത്തിന്‌ എത്തിയത്‌. മേളയില്‍ പ്രദര്‍ശിക്കപ്പെട്ട 'പാരഡൈസ്‌ നൌവ്'‌, 'റേച്ചല്‍ ആന്‍ അമേരിക്കന്‍ കോണ്‍ഷെന്‍സ്‌', 'നോ മാന്‍സ്‌ ലാന്റ്‌' തുടങ്ങിയ വിദേശചിത്രങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

ഫലസ്തീനികളോടുള്ള അന്തര്‍ ദേശീയ ഐക്യദാര്‍ഢ്യപ്രസ്ഥാനത്തിന്റെ ഭാഗമായി ഫലസ്തീനിലെത്തിയ അമേരിക്കന്‍ പെണ്‍കുട്ടിയായ റേച്ചല്‍ കൊറിയെ ഇസ്രയേല്‍ ബുള്‍ഡോസര്‍ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ നിര്‍മിക്കപ്പെട്ട ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'റേച്ചല്‍ ആന്‍ അമേരിക്കന്‍ കോണ്‍ഷെന്‍സ്‌' എന്ന യഹ്‌യാ ബറകാത്തിന്റെ ചിത്രം ശ്രദ്ധേയമായിരുന്നു. ബോസ്നിയന്‍ അധിനിവേശ പശ്ചാത്തലത്തില്‍ നിര്‍മിക്കപ്പെട്ട ഡാനിഷ്‌ ടണോവിക്കിന്റെ 'നോ മാന്‍സ്‌ ലാന്റ്‌' യുദ്ധം എത്ര വലിയ അസംബന്ധമാണെന്ന്‌ കറുത്ത ഫലിതത്തിന്റെ അകമ്പടിയോടെ ബോധ്യപ്പെടുത്തുന്ന ഒരു നല്ല ചിത്രമായിരുന്നു. ഇറാന്‍ സംവിധായകന്‍ മുഹ്സിന്‍ മഖ്ബല്‍ ബഫിന്റെ 'ബോയ്ക്കോട്ട്'‌ ഇസ്‌ലാമിക വിപ്ളവത്തിന്‌ മുമ്പുള്ള ഇറാനിലെ ഒരു കമ്മ്യൂണിസ്റ്റ്‌ വിപ്ളവകാരിയുടെ ദുരന്തജീവിതം വിശദീകരിക്കുന്നു. ബത്‌ലഹേമിലെ നാറ്റിവിറ്റി ചര്‍ച്ച്‌ ഇസ്രയേല്‍ ഉപരോധിച്ചതിനെത്തുടര്‍ന്നുണ്ടായ ദുരന്തങ്ങളെക്കുരിച്ച്‌ യഹ്‌യാ ബറകാത്ത്‌ സംവിധാനിച്ച 'ദ ഹൌസ്‌ ഓഫ്‌ ഗോഡ്‌', പ്രസിദ്ധ സംവിധായകന്‍ അകിറാ കുറുസോവയുടെ 'ഡ്രീംസ്‌', ജബ്ബാര്‍ പട്ടേലിന്റെ 'ബാബാ സാഹിബ്‌ അംബേദ്കര്‍', എന്‍ഡോ സള്‍ഫാന്‍ ദുരന്തമേറ്റ ശ്രുതി എന്ന ബാലികയുടെ കഥ പറയുന്ന 'പുനര്‍ജനിക്കായ്‌' തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടു. ഇസ്രയേലീ സൈനിക കേന്ദ്രത്തിലേക്ക്‌ ചാവേര്‍ ആക്രമണത്തിന്‌ പുറപ്പെടുന്ന രണ്ട്‌ ഫലസ്തീനീ യുവാക്കളുടെ കഥ പറയുന്ന 'പാരഡൈസ്‌ നൌവ്‌' ആയിരുന്നു സമാപന ചിത്രം. ഫലസ്തീനീ ജീവിതത്തിന്റെ വേദനയും പശ്ചാത്തലവും എങ്ങനെ രക്തസാക്ഷിപോരാട്ടം അനിവാര്യമാക്കുന്നു എന്ന് ഈ ചിത്രം വിശദീകരിക്കുന്നു. ചിത്രമേളയോട്‌ അനുബന്ധിച്ച്‌ 'സിനിമ, സാമ്രാജ്യത്വം, വംശീയത' ,'സിനിമ, സംസ്കാരം, അശ്ളീലത' ,'മുസ്ളിം നാടുകളിലെ സിനിമയും ആഗോളസിനിമയിലെ മുസ്‌ലിം പ്രാതിനിധ്യവും' തുടങ്ങിയ വിഷയങ്ങളില്‍ ഓപ്പണ്‍ ഫോറങ്ങള്‍ നടന്നു. ഡോ. ഉമര്‍ തറമേല്‍, വി.എ.കബീര്‍, പ്രേം ചന്ദ്‌, ഡോ.കെ.ഗോപിനാധ്‌, ഷിബു മുഹമ്മദ്‌, പി.എ.എം ഹനീഫ്‌, ജി.ബി.വത്സന്‍, റഹ്മാന്‍ മുന്നൂര്‌, ടി.പി.മുഹമ്മദ്‌ ശമീം തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീഃ പി.ടി.കുഞ്ഞുമുഹമ്മദാണ്‌ മേളയുടെ ഉല്‍ഘാടനം നിര്‍വഹിച്ചത്‌. കെ.ജെ തോമസ്‌ സംസാരിച്ചു. എസ്‌.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ പി.ഐ നൌഷാദ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി.ദാവൂദ്‌ സ്വാഗതവും എ.കെ.അസീസ്‌ നന്ദിയും പറഞ്ഞു. ചലചിത്രലോകത്ത്‌ മൂല്യാധിഷ്ഠിതമായ പുതിയ ചുവട്‌വെപ്പുകള്‍ക്ക്‌ തുടക്കമിടുകയായിരുന്നു ഈ അന്താരാഷ്ട്ര ചലചിത്രമേളയിലൂടെ എസ്‌.ഐ.ഒ. സംവേദനത്തിന്റെ പാരമ്പര്യ രീതികള്‍ക്ക്‌ പകരം പുതിയ സംവേദനശീലങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്‍പില്‍ എത്തിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞുകൊണ്ടാണ്‌ മൂന്നു ദിവസം നീണ്ട മേള സമാപിച്ചത്‌

Visit the Squeet Publisher "Promote" page to generate HTML that will Squeet-Enable your blog. Give your blog's visitors a chance to subscribe via email and watch your new subscriptions zoom! Then, be sure to visit Squeet Publisher to register your feed and gain access to your feed's aggregate Squeet statistics. Your new, loyal Squeet readers will be able to "Buzz" your articles and help you gain even more reach.

It's Free. It's Smart. And it's Right Here.

posted by സ്വാര്‍ത്ഥന്‍ at 4:48 PM

0 Comments:

Post a Comment

<< Home