Wednesday, May 24, 2006

കൊടകര പുരാണം - പൂടമ്മാന്‍

URL:http://kodakarapuranams.blogsp....com/2006/05/blog-post_24.htmlPublished: 5/25/2006 10:53 AM
 Author: വിശാല മനസ്കൻ
മീനച്ചൂടേറ്റ്‌ പുഞ്ചപ്പാടത്തെ നെല്ലും പുല്ലും തൈതെങ്ങുകളും ശിവരാത്രിക്ക്‌ പോയി ഉറക്കമൊഴിച്ചെത്തിയവരെപ്പോലെ തളര്‍ന്ന് നിന്നു.

'പൂടമ്മാന്‍ അന്നും എന്റെ ചേട്ടന്റെ അപ്പന്‌ വിളിച്ചു!'

രാത്രി ഒരുപോള കണ്ണടക്കാതെ കെടക്ക്‌ കാവല്‍ കിടന്ന്, പുഞ്ചകണ്ടത്തില്‍ വെള്ളം തുപ്പെ, തുപ്പെ നിറച്ച്‌ വീട്ടിലേക്ക്‌ പോയ ടൈമില്‍, വരമ്പിന്‌ ഓട്ടകുത്തി വെള്ളം ഊറ്റാന്‍ നോക്കിയാല്‍ ആര്‍ക്കാ സഹിക്ക്യാ?? ഇക്കേസില്‍ പൂടമ്മാനെ ഒരുനിലക്കും തെറ്റ്‌ പറഞ്ഞുകൂടാ. ആരായാലും വിളിച്ചുപോവും.

'എടാ തൊരപ്പാ..വെള്ളമൂറ്റാന്‍, ഇത്‌ നിന്റെ അപ്പന്റെ കണ്ടമാണോടാ?'

എന്നു പൂടമ്മാന്റെ ചോദ്യത്തിന്‌ പ്രതിഭാഗം കക്ഷി

'പൂടമ്മാന്റെ അപ്പന്റെയാണോ'

എന്ന് മറുചോദ്യമുന്നയിച്ചെന്നും ആ ഡയലോഗില്‍ പൂടമ്മാന്‍ സ്തംബ്ദനായി ഉത്തരം മുട്ടിപ്പോയെന്നെന്നുമാണ്‌ കേള്‍വി. കാരണം ആള്‍ടെ അപ്പന്റെയല്ല, പൂടമ്മാന്റെ സ്വന്തം കണ്ടമായിരുന്നല്ലോ!

എന്തായാലും പൂടമ്മാന്റെ രീതി വച്ച്‌, അത്രേം കൊണ്ട്‌ ആള്‍ അവസാനിപ്പിക്കാത്തതാണ്‌. ആരെയൊക്കെ എന്തൊക്കെ പറഞ്ഞെന്നാര്‍ക്കറിയാം. എനിവേ, ചേട്ടനും പൂടമ്മാന്‍ ക്വോട്ട്‌ ചെയ്ത ടി അപ്പനും എന്റെയും കൂടെ പ്രൈവറ്റ്‌ പ്രോപ്പര്‍ട്ടിയാവുമ്പോള്‍, നമ്മള്‍ പ്രതിഭാഗത്തെ ന്യായീകരിക്കുവാനും വിശദാശംങ്ങള്‍ അന്വേഷിപ്പാനും പാടില്ലല്ലോ?

ആക്ച്വലി, പൂടമ്മാന്‍ ഇത്തിരി പിശകാണ്‌. പൂടമ്മാന്റെ വായിന്ന് അപ്പന്‌ വിളി കേള്‍ക്കാത്തവര്‍ ചുരുക്കാണ്‌. മൂക്കിന്റെ തുമ്പിന്റെ അറ്റത്താണ്‌ ആള്‍ക്ക്‌ ദേഷ്യം. ബാലമേനോന്‍ കൊടകര പാടത്തെ ദൈവം എന്നറിയിപ്പെട്ടിരുന്നപ്പോള്‍, പൂടമ്മാനെ കോടകരപ്പാടത്തെ പിശാച്‌ എന്ന് വിളിച്ചതിന്റെ കാരണവും ഇതാണ്‌.

കാതില്‍, ചുവന്ന കല്ലുവച്ച സിങ്കിള്‍ സ്വര്‍ണ്ണകടുക്കനിട്ട്‌, പൂടാവൃതമായ ബോഡിയിയില്‍ 'അഭിലാഷ'യെപ്പോലെ പൊക്കിളിന്‌ ഒരു ചാണ്‍ താഴെയായി ഒറ്റമുണ്ടുടുത്ത്‌, ഒരു കൈകൊണ്ട്‌ തുണിപൊക്കി ചന്തിയില്‍ ചൊറിഞ്ഞ്‌, കുഷ്ഠരോഗനിവാരണത്തിന്റെ പരസ്യബോര്‍ഡിലെ ആളെപ്പോലെ ഒരു ചന്തി കാണിച്ച്‌ നടക്കുന്ന, സദാസമയവും പാടത്ത്‌ കാണപ്പെട്ടിരുന്ന പരമകാരുണ്യവാനായ കാര്‍ന്നോരായിരുന്നു ശ്രീ. പൂടമ്മാന്‍.

ശരീരത്തില്‍ ഹിമക്കരടിയുടെ പോലെ രോമമുണ്ടായിരുന്ന ഇദ്ദേഹത്തെ കരക്കാര്‍ സ്നേഹത്തോടെ 'പൂടമ്മാന്‍, രോമേശ്വരന്‍, രോമകുണ്ടന്‍, സര്‍വ്വാംഗ രോമന്‍ എന്നൊക്കെ മലയാളത്തിലും തമിഴ്‌ കലര്‍ത്തിയും ബഹുമാനം തുളുമ്പുന്ന പല പേരുകളും സിറ്റുവേഷനനുസരിച്ച്‌ വിളിച്ചു പോന്നു. ഇങ്ങിനെയൊക്കെയാണെങ്കിലും ആള്‍ടെ ചെവിയിന്മേല്‍ ഉള്ള രോമം തനിക്ക് മീശയായുണ്ടായെങ്കില്‍ എന്ന് കൊതിച്ചവരും കുറവല്ലായിരുന്നു.

ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്‍ എന്താണെന്ന് തായ്‌ വയ തന്ത വയ ഉള്‍പ്പെട്ട ഭൂരിഭാഗത്തിനുമറിയില്ലെന്ന് മാത്രമല്ല, ആളുടെ സന്താനങ്ങളും സഹോദരങ്ങളും വരെ, 'പൂടമ്മാന്റെ ചെക്കന്‍, പൂടമ്മാന്റെ മോള്‌ അല്ലെങ്കില്‍ പൂടമ്മാന്റെ അനിയന്‍..' ഇങ്ങിനെയൊക്കെ അറിയപ്പെട്ടിരുന്നു.

സ്വന്തമായി, ഉദ്ദ്യോഗസ്ഥന്മാരായ മക്കളും മരുമക്കളും നല്ല സാമ്പത്തിക ശേഷിയുമുള്ള പൂടമ്മാന്‌ കൊടകരപ്പാടത്തുണ്ടായിരുന്ന മൊത്തം ആറ്‌ പറക്കുള്ള കണ്ടങ്ങളിലെ കൃഷി, ഒരു വരമാനോപാധിയൊന്നുമായിരുന്നില്ല, ഒരു ജ്വരം, ഒരു ടൈമ്പാസ്‌. സായിപ്പന്മാര്‌ ചൂണ്ടാന്‍ പോണപോലെ!

വീട്ടിലും ഇതേ സ്വഭാവമായിരുന്നതുകൊണ്ട്‌, കുടുമ്മത്തുള്ളവര്‍ക്ക്‌ ഒരു ത്വയിരം കിട്ടുമല്ലോന്ന്‌ കരുതിയിട്ടാവണം, മക്കളും മരുമക്കളും 65 വയസ്സ്‌ കഴിഞ്ഞ പൂടമ്മാന്റെ പാടത്തുപണി നിരുത്സാഹപ്പെടുത്താതിരുന്നത്‌. അതുകൊണ്ട്‌, ത്വയിരക്കേട്‌ മുഴുക്കന്‍ അടുത്തുള്ള കണ്ടക്കാര്‍ക്കായി.

നമ്മുടെ മൂന്നുപറയുടെ തൊട്ടടുത്തായിരുന്നതുകൊണ്ടും, ചില അത്യാവശ്യഘട്ടങ്ങളില്‍ വരമ്പിന്‌ ഓട്ട കുത്തി വെള്ളം ചോര്‍ത്തേണ്ടിവരികയും അതിനെത്തുടര്‍ന്ന് ചെറിയ ചെറിയ ഉടക്കുകളും നിലനില്‍ക്കുമ്പോള്‍, പൂടമ്മാന്റെ തൈതെങ്ങിന്റെ ആദ്യത്തെ ചൊട്ട ഒടിച്ചത്‌ എന്റെ ചേട്ടനാണെന്നും സംശയം ആരോപിപ്പിക്കപ്പെട്ടിരുന്നു.

അക്കാലത്ത്‌ വീട്ടില്‍ ഒരു പുത്തന്‍ റാലി സൈക്കിളുണ്ട്‌.

വെല്‍വെറ്റിന്റെ സീറ്റുകവറും തണ്ടുകവറും ബാര്‍ബി കളറില്‍ വീലിന്റെ നടുക്കിടുന്ന പൂവ്‌ ആറെണ്ണവും, കമ്പികളില്‍ 'മണി മണി'യും, 'ഐ ലവ്‌ യു' എന്നെഴുതിയ രണ്ട്‌ റിയര്‍ വ്യൂ മിററും, കാസറ്റിന്റെ വള്ളിയിട്ട ഹാന്റില്‍ പിടുത്തവും, ഉടുപ്പിട്ട ഡൈനാമോയും എപ്പോഴും 'റ്റാറ്റാ' കൊടുന്ന രണ്ട്‌ കൈപത്തികളും ഞെക്കുമ്പോള്‍ 'പൈ പൈ' എന്ന് ശബ്ദമുണ്ടാക്കുന്ന ഒരു ഹോണുമെല്ലാം വച്ച, അണ്ണാമലയില്‍ രജനീകാന്തിന്റെ പോലെയൊരു സൈക്കിള്‍.

ഒരു ദിവസം, കൊയ്ത്തിന്‌ ആളെ വീളിക്കാന്‍, ചക്കിക്കുട്ടി ചേടത്തിയെയും ആന കാര്‍ത്ത്യേച്ചിയേയും അയ്യപ്പന്‍ കാര്‍ത്ത്യേച്ചിയെയും വിളിക്കാന്‍ ഞാനും ചേട്ടനും കൂടെ മനക്കുളങ്ങരക്ക്‌ ഡബ്ല് വച്ച്‌ പോയി. തിരിച്ചുവരുമ്പോള്‍ സമയം ഒരാറ്‌ ആറേമുക്കാലായിട്ടുണ്ടായിരുന്നു.

ചില ദിവസങ്ങളില്‍ പൂടമ്മാന്‍ ശശിയേട്ടന്റെ ചാരായഷാപ്പീന്ന്‌ ഒരു നൂറ്റമ്പത്‌ പതിവുണ്ട്‌. അന്നേ ദിവസം ആള്‍ അടിച്ചേന്റെയൊരു ഇമ്പത്തില്‍ മനക്കുളങ്ങര കേറ്റം കയറുമ്പോള്‍, പൂടമ്മാന്‌ വഴിയില്‍ കുറച്ച്‌ മൂത്രം ഡെഡിക്കേറ്റ്‌ ചെയ്യാന്‍ ടെന്റന്‍സിയുണ്ടാവുകയും, ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന സ്റ്റെയിലായ, ഇരുന്നുകൊണ്ടുള്ള പാസിന്‌ തയ്യാറാവുകയും ചെയ്തു.

മനക്കുളങ്ങര നിന്ന്, കുതിരാന്‍ പോലെയുള്ള ആ ഇറക്കം ഇറങ്ങി നൂറേ നൂറില്‌ വരുമ്പോളായിരുന്നു അത് സംഭവിച്ചത്. ഞങ്ങളുടെ റാലിക്ക്‌ കുറുകെ ഒരു ആട്ടിങ്കുട്ടി ക്രോസ്‌ ചെയ്തു.

അതോടെ ചേട്ടന്റെയും സൈക്കിളിന്റെയും കണ്ട്രോളിലുള്ള അണ്ടര്‍സ്റ്റാന്റിങ്ങ്‌ കമ്പ്ലീറ്റ്‌ നഷ്ടമായി പിന്നെയൊരു ഒരുപ്പോക്കായിരുന്നു!
വണ്ടിക്കാള റോഡില്‍ മുള്ളിയപോലെ പോയ ആ പോക്കില്‍, സൈഡിലെ കാനയിലേ ഒരുപോയിന്റിലേക്ക്‌ യൂറിന്‍, ടാര്‍ഗറ്റ്‌ ചെയ്ത്‌, ടാര്‍ഗറ്റില്‍ നിന്ന് കണ്ണെടുക്കാതെ എന്തോ ആലോചിച്ചിരുന്ന പൂടമ്മാന്റെ മേല്‍ കണ്ട്രോള്‍ പോയ നമ്മുടെ റാലി ചെന്നെ ചെറുങ്ങനെയൊന്നിടിച്ച്‌, സൈക്കിള്‍ അപ്പുറത്തായി മറിഞ്ഞ്‌ വീണു.

തൊട്ടാല്‍ മറഞ്ഞുവീഴാവുന്ന തരം ബാലന്‍സിങ്ങില്‍ ഇരുന്നിരുന്ന പൂടമ്മാന്‍ ആ ഇടിയില്‍ മുന്നോട്‌ കാനയിലേക്ക്‌, അല്‌പം മുന്‍പ്‌ വരെ തന്റെ തന്നെ ശരീരത്തിന്റെ ഭാഗമായിരുന്ന മൂത്രത്തിലേക്ക്‌ കമിഴന്നടിച്ച്‌ വീണു!!!!

'എവിടെക്കാ അമ്മാനേ ഈ നേരത്ത്‌ പോണേ' എന്ന് സ്നേഹത്തോടെ ചോദിച്ചാല്‍ 'നിന്റെ അമ്മാമ്മേനെ കെട്ടിക്കാന്‍' എന്ന് പറയുന്ന മൊതലായ പൂടമ്മാനെ സൈക്കിളിച്ച്‌ മൂത്രത്തില്‍ മറിച്ചിട്ട എന്റെ ചേട്ടന്റെ എന്തൊക്കെ പറഞ്ഞിരിക്കും എന്നൂഹിക്കാമല്ലോ!!

ഹോ! പൂടമ്മാന്റെ തെറികളുടെ കളക്ഷന്‍ എത്രത്തോളമുണ്ടെന്ന് അന്ന് ഞങ്ങളറിഞ്ഞു.

സൈക്കിളിന്റെ തിരിഞ്ഞുപോയ ഹാന്റില്‍ ശരിയാക്കി വേഗത്തില്‍ ഒന്നും മിണ്ടാതെ പോരുമ്പോള്‍, കേട്ടുകൊണ്ടിരുന്ന തെറികളുടെ അര്‍ത്ഥം എത്ര ആലോചിച്ചിട്ടും അന്നേരം എനിക്ക്‌ മനസ്സിലായില്ലെങ്കിലും, പിന്നീട്‌ അര്‍ത്ഥമറിഞ്ഞ്‌ വന്നപ്പോള്‍ 'ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌' എന്ന് പറയുന്നത്‌ വളരെ സത്യമാണ്‌ എന്ന് മനസ്സിലായി!

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 11:17 PM

0 Comments:

Post a Comment

<< Home