നെടുമങ്ങാടീയം - തിരിച്ചിട്ടപ്പാറ.
http://nedumangad.blogspot.com/2006/04/blog-post_20.html | Date: 4/20/2006 5:16 PM |
Author: kuma® |
നെടുമങ്ങാട് ടൌണില്‍ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റര്‍ ദൂരത്താണ് തിരിച്ചിട്ടപ്പാറ.
തിരിച്ചിട്ടു എന്നുതന്നെയാണ് അമ്മുമ്മക്കഥയുടെ പുരാണത്തില്‍.
രാമരാവണയുദ്ധസമയത്ത്, ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രത്തില്‍ ലക്ഷ്മണന്‍ പോര്‍ക്കളത്തില്‍ വീണപ്പോള്‍ ശ്രീമാന്‍ ഹനുമാന്‍ മരുത്വാമല തപ്പി ഈ ലോകം മുഴുവനും പറന്നു നടന്നു. പുള്ളിക്കാരന്‍ കണ്ടതും കയ്യില്‍ കിട്ടിയതുമായ മലകളൊക്കെ സംശയത്തിന്റെ പേരില്‍ നുള്ളിയെടുത്തു കൊണ്ട് പോയി. അങ്ങനെ പൊക്കിയെടുത്തുകൊണ്ട് പോയതാണത്രേ മേല്‍പ്പറഞ്ഞ പാറയും.
ഇതും ഉള്ളം കയ്യില്‍ താങ്ങിപ്പിടിച്ച് പറന്ന് യുദ്ധഭൂവിലെത്തിയ ഹനുമാനോട്, വിഭീഷണന്‍ അലറി,
“ഹനുമാന്‍, എന്താണിത്? കണ്ണില്‍ കണ്ട പാറയൊക്കെ എടുത്തുകൊണ്ട് വരുന്നത്? ഇതിനെ തിരിച്ചുകൊണ്ടുപോയി നാട്ടിലാക്കു.“
അങ്ങനെ ആഞ്ജനേയന്‍ തിരിച്ചുകൊണ്ടുവന്നിട്ട പാറയാണ്, തിരിച്ചിട്ട പാറ. വാക്‌മൊഴിയുടെ നിരന്തരമായ തള്ളലില്‍ അത് ചേര്‍ന്ന് തിരിച്ചിട്ടപ്പാറയായി. ഒരു നിയോഗം പോലെ പുരാണത്തിലൂന്നി ഞങ്ങളുടെ നാട്ടിലെ വെറും പാറ, തിരിച്ചിട്ടപ്പാറയായി.
മയ്യഴിയിലെ “ആടിനെ പോറ്റുന്ന ചാത്തു“ തന്റെ പുന്നാരമകന്‍ ഫ്രാന്‍സില്‍ നിന്നും വന്ന് ആടിനെ വിറ്റപ്പോള്‍ “ആടിനെ പോറ്റാത്ത ചാത്തു“ ആയപോലെ.
ഈ പാറയുടെ അടിവാരത്തില്‍ ഒരു ശിവക്ഷേത്രം ഉണ്ട്. ഒരു താഴ്വാരത്തിലെ ക്ഷേത്രത്തിന്റെ എല്ലാ ഭംഗികളും ചേര്‍ത്തുവരച്ചപോലെ.
അവിടെ കല്ലില്‍ കൊത്തിയ, കഴുത്തില്‍ മണികെട്ടിയ ഒരുപാട് കുഞ്ഞിക്കാളകള്‍ ഉണ്ട്. ആള്‍ക്കാര്‍ നേര്‍ച്ചയായി കൊണ്ടുവച്ചാതാവാം അത്.
വേറൊരു ഐതീഹ്യത്തിന്റെ വേലിക്കെട്ടിനുള്ളില്‍, അമ്പലം പണ്ട് പാറയുടെ മുകളില്‍ ആയിരുന്നു.
എന്നും അമ്പലം
അടിച്ചുവാരാന്‍ മലകയറി പോകുമായിരുന്നു ഒരു സ്ത്രീ. അവര്‍ക്ക് തീരെ സുഖമില്ലാതിരുന്ന ഒരു രാത്രിയില്‍ ഉള്ളുരുകി
പ്രാര്‍ത്ഥിച്ചു,
“ശിവനേ, എന്നക്കൊണ്ട് വയ്യ ശിവനേ, നാളെ ന്യാരം വെള്ക്ക്മ്പം ആ പാറേലൂടെ ക്യാറാന്‍”
നേരം പുലര്‍ന്നപ്പോള്‍, അടിവാരത്തിലെത്തിയ അവരുടെ കണ്ണില്‍ പരമമായ ദൈവത്തിന്റെ കനിവ് പൂത്തുവിരിഞ്ഞു.
അമ്പലം പാറയുടെ താഴെ എത്തിയിരിക്കുന്നു. ഓം ശിവായ! കനിവായ!.
പണ്ട് പാറയുടെ മുകളില്‍ ഉണ്ടായിരുന്നത് ചില “സാമി’മാരുടെ ആശ്രമവും, സാമിമാരും, പിന്നെ
എണ്ണിയാലൊടുങ്ങാത്ത കുരങ്ങന്മാരും, കാറ്റത്തു പൊഴിയുന്ന നെല്ലിക്കകളും മാത്രം.
അവിടെ നിന്ന് തെക്ക് പടിഞ്ഞാറ് (ദിക്ക് ശരിയല്ലേ?) നോക്കിയാല്‍ ശംഖുംമുഖം കടപ്പുറവും ദൂരദര്‍ശന്റെ ടവറും
കാണാം. കാശുചെലവില്ലാത്ത ഒരു തിര്വന്തരം കാഴ്ച.
ഞങ്ങളൊക്കെ ആദ്യമായി സിഗരറ്റ് വലിക്കാന്‍ അഞ്ചുകിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഇവിടെയെത്തി,
താഴ്വാരത്തില്‍ സൈക്കിള്‍ പൂട്ടിവച്ച്, കഷ്ടപ്പെട്ട് ഇതിന്റെ മുകളില്‍ വലിഞ്ഞുകയറുമായിരുന്നു.
പാറമുകളില്‍
എത്തിയാല്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ മനോഹരയണ്ണന്റെ കടയില്‍ നിന്നും ആരുംകാണാതെ വാങ്ങിസൂക്ഷിച്ച ചാംസ്
സിഗരറ്റ് ഓരരുത്തരായി പുറത്തെടുക്കും. ചെറുപ്പത്തിന്റെ ആദ്യപുക ആവേശത്തോടെ സൂര്യനെനോക്കി ഊതും.
സഹ്യന്റെ മലനിരകള്‍ ചുറ്റി നെടുമങ്ങാട് നഗരസഭ തൊടാതെ വരുന്ന കാറ്റില്‍ ആ പുക പടിഞ്ഞാറേക്ക് പോകും.
തന്നിലും തനിക്കു ചുറ്റും നടക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും തിരിച്ചറിയുവാനുമാകാതെ തിരിച്ചിട്ടപ്പാറ, നെടുമങ്ങാട്
പട്ടണത്തിന്റെ അതിരുകാത്തിരിക്കുന്നു.
ഇന്ന് പാറയുടെ പിന്നിലൂടെ കയറാവുന്ന രീതിയില്‍ ഒരു പുതിയ ആഞ്ജനേയ ക്ഷേത്രം ഉണ്ട്.
മറ്റൊരുവശത്തുകൂടെ
പുരോഗതിയുടെ റബ്ബര്‍ കാട് മലകയറിവരുന്നു.
പാറ എല്ലം കണ്ടുകൊണ്ടിരിക്കുന്നു.
മറ്റൊരു ഹനുമാന്‍ വഴിതെറ്റിവരുന്നതും കാത്ത്.
0 Comments:
Post a Comment
<< Home